പ്രണയം കൊണ്ടേല്ക്കുന്ന മുറിവുകള്‍!

നിബിന്‍ കുരിശിങ്കല്‍

ഒരു ആണ്‍കുട്ടിക്ക് ഇഷ്ടം തോന്നുന്ന പെണ്ണ് അത് ഏതു ഐശ്വര്യറായ് ആയാലും അവന് അത് അവളോട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ അവന്‍റെ ആ ഇഷ്ടത്തെ വേണ്ടെന്നു വയ്ക്കാനും അത് അവന്‍റെ മുഖത്തു നോക്കി പറയാനുമുള്ള അവകാശം ആ പെണ്ണിനും ഉണ്ടെന്ന കാര്യം മറക്കരുത്. ആ അവകാശത്തെയാണ് അവന്‍ മാനിക്കേണ്ടതും ആദരിക്കേണ്ടതും. പ്രണയം പറയാനുള്ള ആണിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പതാക 'നോ' പറയാനുള്ള പെണ്ണിന്‍റെ അവകാശത്തിനു മുകളില്‍ അല്ല പറപ്പിക്കേണ്ടത്!

ഒരാളുടെ മനസ്സില്‍ നമുക്കിടമില്ലെന്നറിഞ്ഞാല്‍ നമുക്കു മുന്നില്‍ ആകെ രണ്ടു വഴികളെ അവശേഷിക്കുന്നുള്ളൂ. പിന്മാറാതെ… ശല്യമാകാതെ കാത്തിരിക്കുക, പ്രയത്നിക്കുക. രണ്ട്, ഞാന്‍ ആഗ്രഹിക്കുന്ന പെണ്ണ് എന്നെ ആഗ്രഹിക്കുന്നില്ല എന്ന് സൂചന തന്നു കഴിഞ്ഞാല്‍ അന്തസ്സോടെ പിന്മാറുക… ആശീര്‍വദിച്ചു കൊണ്ട് അകന്നു നില്‍ക്കുക. അല്ലാതെ ഒരു കയ്യില്‍ പ്രണയത്തിന്‍റെ പൂക്കളും, മറുകയ്യില്‍ പ്രതികാരത്തിന്‍റെ പെട്രോളും വച്ചുകൊണ്ട് പെണ്ണിനെ സമീപിക്കുമ്പോള്‍ അങ്ങനെയുള്ളവന്‍, കയ്യൂക്കുകൊണ്ട് കാര്യം കാണുന്ന കാടിന്‍റെ കാട്ടാളനായി മാറുകയാണ്. അവനു മുന്നില്‍ പെണ്ണില്ല… അവന്‍റെ വിശപ്പടക്കാനുള്ള ഇര മാത്രം.

പെണ്ണിനേക്കാള്‍ ഏറെ ഇവിടെ പ്രതിക്കൂട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത് ആണ്‍കുട്ടികള്‍ ആണെന്നത് നമ്മളെ ഭയപ്പെടുത്തേണ്ടതാണ്. എന്തുകൊണ്ടാണ് അവന്‍ മാത്രം അവളെ ഇങ്ങനെ കത്തിക്കുന്നത്… എന്തുകൊണ്ടാണ് അവന്‍ മാത്രം അവള്‍ക്കു മേല്‍ ആസിഡൊഴിക്കുന്നത്… എന്തുകൊണ്ടാണ് അവന്‍ അവളുടെ കഴുത്തറുക്കുന്നത്?

പ്രണയിക്കുവാനായി പുരുഷന്മാര്‍ ഇനിയും പാകപ്പെടേണ്ടതുണ്ടോ എന്ന് തോന്നിപ്പോകുകയാണ്. ഒരു പെണ്ണുടല്‍ കണ്ടു പ്രണയം തോന്നുന്നതിനേക്കാള്‍, ഒരു പുഞ്ചിരി കണ്ടു പ്രേമം പിറക്കാന്‍ അനുവദിക്കുന്നതിനേക്കാള്‍ നിന്‍റെ പൗരഷത്തിന്‍റെ അന്തസ്സ് കണ്ട്, ക്യാരക്ടറിന്‍റെ കുലീനത കണ്ട്… പെണ്ണിനോട് നീ സൂക്ഷിക്കുന്ന അകലവും നീ കൈക്കൊള്ളു ന്ന നിലപാടുകളുടെ നട്ടെല്ല് കണ്ടും പെണ്ണൊരുത്തി നിന്നിലേക്കു വരുന്നതല്ലേ യഥാര്‍ത്ഥ പൗരുഷം… അതല്ലേ ശരിക്കും ഹീറോയിസം! പ്രണയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ പെണ്ണിന്‍റെ കഴുത്തിന് കത്തി വച്ച് ആ ചോരപ്പാട് കൊണ്ട് ആത്മഹത്യാ കുറിപ്പെഴുതുന്നവന്‍റെ നെഞ്ചില്‍ ഉണ്ടായിരുന്നതല്ല പ്രണയം. പ്രണയത്തെ നിരസിച്ചതിന്‍റെ പേരില്‍ പക പൂണ്ടൊരു ഭ്രാന്തന്‍ പുകച്ചു കത്തിച്ചു കളഞ്ഞ മുഖവും പേറി നടക്കുന്ന ഒരു പെണ്ണിന്‍റെ മൂര്‍ദ്ധാവില്‍ ജീവിതകാലം മുഴുവന്‍ മുത്തം കൊടുത്തോളാം എന്ന് പറഞ്ഞു മുന്നോട്ടു വന്നവന്‍റെ നെഞ്ചിടിപ്പാണ് പ്രണയം.

ഇഷ്ടം തോന്നിയ പെണ്ണിന്‍റെ മുഖത്തു നോക്കി ചങ്കൂറ്റത്തോടത് തുറന്നു പറയുന്നതല്ല പൗരുഷം. അവള്‍ നല്‍കുന്ന ഉത്തരത്തെ ചിരിച്ചു കൊണ്ടേറ്റെടുക്കുന്നതാണ് പൗരുഷം.

പെണ്ണിന്‍റെ നെഞ്ചിലേക്ക് പൊള്ളിക്കുന്ന വെള്ളം കോരിയൊഴിക്കുന്നതല്ല ആണത്തം. ഒരു വാക്കു കൊണ്ടോ നോക്കുകൊണ്ടോ അവള്‍ക്കുള്ളില്‍ പൊള്ളലേല്‍ക്കാതെ കാക്കുന്നവനാണ് ആണ്‍കുട്ടി.

'എന്നെ വേണ്ടെന്നു വച്ചപ്പോള്‍ നിനക്കു നഷ്ടമായതൊരു നിധിയാണെന്ന്' അവള്‍ക്കു ബോധ്യം വരും വിധം പിന്നീട് ജീവിച്ചു കാണിക്കുന്നവനാണ് ആണ്‍കുട്ടി.

'അപ്പനെയും അമ്മയെയും വിട്ടിറങ്ങി പോരെ'ന്ന് പറഞ്ഞു ധൈര്യം കൊടുക്കുന്നവനല്ല, അപ്പന്‍റെയും അമ്മയുടെയും വീട്ടുകാരുടെയും മുന്നില്‍ ചെന്നുനിന്ന് പെണ്ണ് ചോദിക്കാന്‍ മാത്രം കുലീനതയും അവര്‍ ആ പെണ്‍കുട്ടിയെ പോറ്റിയതിനേക്കാള്‍ സ്നേഹവും കരുതലും സംരക്ഷണവും കൂടുതല്‍ കൊടുക്കാന്‍ പറ്റും എന്ന കോണ്‍ഫിഡന്‍സും ഉള്ളവന്‍ ആണ് ആണ്‍കുട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org