പ്രണയത്തെ വിഴുങ്ങുന്ന പ്രതികാരം: യുവതലമുറ പ്രതികരിക്കുന്നു

പ്രണയിക്കാനില്ലെന്നു പറഞ്ഞാല്‍ പ്രതികാരം ചെയ്യാന്‍ പുറപ്പെടുന്ന കുറെ യുവാക്കള്‍. എന്നെ പ്രേമിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നതാണവരുടെ മുദ്രാവാക്യം. സമകാലികകേരളം പലയാവര്‍ത്തി കണ്ടുകഴിഞ്ഞ ഒരു വിചിത്രക്കാഴ്ചയാണിത്. എന്തു കൊണ്ടിങ്ങനെ? ഇതിനോടു പ്രതികരിക്കുകയാണു യുവതലമുറയുടെ ഏതാനും പ്രതിനിധികള്‍ ഇവിടെ:

നമ്മുടെ ക്ലാസുകളിലും മറ്റും എപ്പോഴും വിജയത്തെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. ഇതു മാറണം. വിജയങ്ങളെ പോലെ പരാജയങ്ങളും ജീവിതത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവു പുതിയ തലമുറയ്ക്കു നല്‍കണം. പരാജയങ്ങളെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു മായാലോകത്തിലാണു നമ്മുടെ യുവജനങ്ങള്‍. പ്രണയം തോന്നുന്നയാള്‍ വിട്ടുപോകുകയാണെങ്കില്‍, മറ്റൊരാള്‍ക്കാണ് ആ സ്ഥാനത്തിനു യോഗ്യത എന്നു കരുതി മുന്നോട്ടു പോകുക. ജീവിതം അത്രയും സുന്ദരമാണ്.
അനീറ്റ എസ് ചീരന്‍
സ്കൂള്‍ ഓഫ് ലെറ്റേഴ്സ്
എം.ജി. യൂണിവേഴ്സിറ്റി

'അമ്മയുടെ അഭിപ്രായങ്ങളെ വല്ലാതെ വിലമതിക്കുന്ന ഒരു അപ്പനെ കണ്ടു വളരുന്ന ആണ്‍കുട്ടികള്‍ ഒരിക്കലും ഒരു പെണ്ണിനെയും മുറിവേല്‍പ്പിക്കില്ല.' വീടിനകത്തെ പെണ്ണിനും അവളുടെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും പുല്ലുവില കല്‍പ്പിക്കാത്ത കാരണവന്മാരുടെ പിന്‍തലമുറയിലെ ആണ്‍കുട്ടികള്‍ അവനു മുന്നില്‍ വരുന്ന പെണ്ണിനും പുല്ലുവിലയെ കല്‍പ്പിക്കാന്‍ സാധ്യത ഉള്ളൂ.
RJ അരുണ്‍, ക്ലബ് എഫ്.എം.

സ്വാര്‍ത്ഥലാഭം നോക്കി പ്രണയ ത്തെ സമീപിക്കുന്നതുകൊണ്ടാണ് അവഗണനയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നത്. ഇതു പിന്നീടു പ്രതികാരത്തിലേയ്ക്കു നയിക്കുന്നു. തകര്‍ന്ന കുടുംബബന്ധങ്ങളും ലഹരി ഉപയോഗവും ഇതിന് ആക്കം കൂട്ടുന്നു. നഷ്ടപ്പെടലിനെയും അവഗണനയേയും ചെറുപുഞ്ചിരിയോടെ നോക്കിക്കാണാന്‍ നമുക്കു കഴിയണം.
-അഗസ്റ്റിന അഗസ്റ്റിന്‍
MA ലിറ്ററേച്ചര്‍, എം.ജി. യൂണിവേഴ്സിറ്റി

ആസിഡ് ആക്രമണം പോലുള്ള കാര്യങ്ങള്‍ ഏറ്റവും അധികം കണ്ടിരുന്നത് കടുത്ത പുരുഷാധിപത്യവ്യവസ്ഥിതി നിലനില്‍ക്കുന്ന പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലായിരുന്നു. ഇന്ത്യയിലും ഇതു വര്‍ദ്ധിച്ചിരിക്കുന്നു. നിയമങ്ങള്‍ ഉണ്ട്. പക്ഷേ അതു പ്രയോഗത്തിലെത്തിക്കാന്‍ ഒരുപാടു സമയമെടുക്കുന്നു. കുറ്റവാളികള്‍ സ്വതന്ത്രമായി നടക്കുന്ന സാഹചര്യം. നിയമനടപടികള്‍ കാര്‍ക്കശ്യവും വേഗവുമുള്ളതുമാക്കുക, ആക്രമണത്തിനുപയോഗിക്കുന്ന രാസവസ്തുക്കളുടെ വിപണനം നിയന്ത്രിക്കുക എന്നിവ ആവശ്യമാണ്.
ശ്രുതി സെബാസ്റ്റ്യന്‍, കക്കാട്ടില്‍
M.Phil, കാലടി ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാല

സ്നേഹിക്കുന്നവരെ കൊല്ലാന്‍ പോയിട്ട് നോവിക്കാന്‍ പോലും സാധിക്കില്ല. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തേയും അഭിപ്രായങ്ങളേയും സ്വകാര്യതയേയും മാനിച്ചുകൊണ്ടു മാത്രമേ യഥാര്‍ത്ഥ സ്നേഹം പ്രകടമാക്കാന്‍ കഴിയൂ. ഒരാളുടെ ചിന്തകളുടേയും ആശയങ്ങളുടേയും ഇഷ്ടാനിഷ്ടങ്ങളുടേയും ലോകത്ത് മറ്റൊരാളെ തളച്ചിടുന്നത് ഒരിക്കലും യഥാര്‍ത്ഥ സ്നേഹപ്രകാശനമല്ല. പുറമെ പ്രകടമാകുന്നതിനപ്പുറമുള്ള യഥാര്‍ത്ഥസ്നേഹം തിരിച്ചറിയാന്‍ യുവതീയുവാക്കള്‍ക്കു സാധിക്കണം.
റോഷന്‍ ഷാജി, ത്രിത്വം ലൊജിസ്റ്റിക്സ്, കൊച്ചി

മാനസീകമായി ആരോഗ്യമുള്ള ഒരു വ്യക്തിക്കും പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. മറ്റുള്ളവരെ വേദനിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്നത് ഒരുതരം സാഡിസമാണ്. ഒരാള്‍ക്ക് മറ്റൊരാളോടു തന്‍റെ ഇഷ്ടം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തന്‍റെ ഇഷ്ടം മറ്റേയാള്‍ സ്വീകരിക്കണം എന്നു ശാഠ്യം പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രണയം തോന്നി എന്നത് രണ്ടു പേരുടെയും ജീവിതം നശിപ്പിക്കുന്നതിലേയ്ക്ക് എത്തിച്ചേരേണ്ടതല്ല.
ആതിര പി.കെ.
BSW, സെ. ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട

തേപ്പു കിട്ടിയാല്‍ താടി വളര്‍ത്തുക എന്നതില്‍ തീര്‍ന്നിരുന്നു പഴയ കാലത്തെ ചെറുപ്പക്കാരുടെ പ്രതിഷേധവും നിരാശയും. എനിക്കൊരു വേദന തന്നവരെ ഞാന്‍ തിരിച്ചു ദ്രോഹിച്ചാല്‍ ഞാന്‍ വിജയിച്ചു എന്ന ചിന്തയാണ് ഇന്ന്. അപരനെ മനസ്സിലാക്കാനും സ്വന്തം ജീവിതത്തില്‍ മാറ്റം വരുത്താനുമാണ് പ്രണയനഷ്ടമുണ്ടാകുമ്പോള്‍ യുവജനങ്ങള്‍ ശ്രമിക്കേണ്ടത്. ഒരു വ്യക്തിയെ അറിയുകയും മനസ്സിലാക്കുകയും ചെയ്യാതെ ചാടിക്കയറി പ്രണയമാണെന്നു പ്രഖ്യാപിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങളുടെ ആരംഭം.
അലന്‍ ജോസ്, കച്ചിറയ്ക്കല്‍
എന്‍ജിനീയര്‍, മേലൂര്‍

പ്രണയിക്കേണ്ടതു ശരീരത്തെയല്ല. ശരീരത്തെ പ്രണയിക്കുന്നതു കൊണ്ടാണല്ലോ പ്രണയനഷ്ടമുണ്ടാകുമ്പോള്‍ ശരീരത്തെ വികലമാക്കുന്നത്. ആ ശരീരം മറ്റാരും സ്വന്തമാക്കാതിരിക്കാനുള്ള മുന്‍കരുതല്‍. അതായത്,
അവിടെ ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായിരുന്നതേയില്ല.
അനറ്റ് സെബാസ്റ്റ്യന്‍
ബി എ ഇംഗ്ലീഷ്,
എസ് എച്ച് കോളേജ്, തേവര.

ഇന്നത്തെ കാലത്തെ പ്രണയത്തിനെന്തു പറ്റി എന്നു ചോദിക്കാത്തവരില്ല. എന്നാല്‍ ഇതു പ്രണയത്തിന്‍റെ മാത്രം പ്രശ്നമാണോ? പത്രത്തിന്‍റെ താള്‍ ഒന്നു കൂടെ മറിച്ചു നോക്കൂ. അമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു എന്ന വാര്‍ത്ത കാണുന്നില്ലേ? ഇത് സ്നേഹം എന്ന ഉദാത്ത വികാരത്തില്‍ സ്വാര്‍ത്ഥത കലര്‍ത്തി അതിനെ മലിനമാക്കിയതിന്‍റെ പ്രശ്നമാണ്.
റോസ്ന പോള്‍
ജവ.ഉ. മാത്സ്, ചകഠ കാലിക്കറ്റ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org