സംസ്ഥാന ബജറ്റിലെ കുരുന്നുസാന്നിദ്ധ്യങ്ങള്‍

സംസ്ഥാന ബജറ്റിലെ കുരുന്നുസാന്നിദ്ധ്യങ്ങള്‍

അജി മേലേടത്ത്‌

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യമെന്നു നമ്മള്‍ ചോദിക്കാറുണ്ടല്ലോ. എന്നാല്‍ സംസ്ഥാനത്തിന്റെ ബജറ്റില്‍ കുട്ടികള്‍ക്ക് എന്താണ് കാര്യം എന്ന് ചോദിക്കരുത്. അവര്‍ക്കും ചില കാര്യങ്ങളുണ്ട് മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റില്‍. സ്‌കൂള്‍ കുട്ടികളുടെ കവിതകളും വരകളുമാണ് തോമസ് ഐസക്ക് ബജറ്റിനെ മനോഹരമാക്കാന്‍ ഉപയോഗിച്ചത്. ബജറ്റ് പ്രസംഗത്തിന്റെ കവര്‍ ചിത്രം മുതല്‍ തുടക്കവും ഒടുക്കവും വരെ കൊച്ചു മിടുക്കരുടെ സൃഷ്ടികളാല്‍ സമ്പന്നമാണ്. 15 കുട്ടികളുടെ കവിതകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നറിയുമ്പോള്‍ നാം തിരിച്ചറിയും എന്താണ് കാര്യമെന്ന്.

ആരംഭം കുരുന്നുഭാവനയോടെ

കുട്ടിക്കവിതകളും ചിത്രങ്ങളുമായാണ് ഇത്തവണ സംസ്ഥാന ബജറ്റ്. പ്രമുഖരെയെല്ലാം മാറ്റിനിര്‍ത്തി വികസന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കൂട്ടുപിടിച്ചത് സംസ്ഥാനത്തെ കുട്ടിക്കവികളെയും ചിത്രകാരന്മാരേയും..
പാലക്കാട് കുഴല്‍മന്ദം ജി എച്ച് എസിലെ ഏഴാം ക്ലാസുകാരി കെ. സ്‌നേഹയുടെ കവിതയോടെ തുടങ്ങിയ ബജറ്റ് അവസാനിക്കുന്നത്, ഇടുക്കി കണ്ണമ്പാടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വിദ്യാര്‍ഥി അമല്‍ കെ.പി.യുടെ കവിതയാടെയാണ്. അതിജീവനത്തിന്റേയും പ്രതീക്ഷയുടേയും പ്രകാശം പരത്തുന്ന കവിതകള്‍ക്കൊപ്പം സാമൂഹിക യാഥാര്‍ഥ്യ ങ്ങളുടെ ഉള്‍ക്കാഴ്ചകളും കുട്ടിക്കവിതകളില്‍ നിറയുന്നു. ബജറ്റ് പ്രസംഗത്തിന്റെ പുറംചട്ടയിലും ബജറ്റ് രേഖകളുടെ പുറംചട്ടകങ്ങളിലും കുട്ടികളുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മിടുക്കികള്‍…മിടുക്കന്മാര്‍

വയനാട് കണിയാമ്പറ്റ എച്ച്.എസ.്എസിലെ കെ.എച്ച്.അളകനന്ദ, അയ്യന്‍കോയിക്കല്‍ എച്ച.്എസ്.എസിലെ കനിഹ, കൊല്ലം കോയിക്കല്‍ ഗവ.എച്ച.്എസ്.എസിലെ അലക്‌സ് റോബിന്‍ റോയ്, മടവൂര്‍ എന്‍.എസ്.എസ് എച്ച്.എസ.്എസിലെ ആര്‍.എസ.്കാര്‍ത്തിക, തിരുവനന്തപുരം സെന്റ് ജോസഫ് എച്ച.്എസ.്എസിലെ എസ.് എസ.്ജാക്‌സന്‍, തോട്ടട ഗവ. ടെക്‌നിക്കല്‍ സ്‌കൂളിലെ നവാലുര്‍ റഹ്മാന്‍, കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച.്എസ്.എസിലെ അരുന്ധതി ജയകുമാര്‍, കണ്ണൂര്‍ പാച്ചേനി ഗവ ഹൈസ്‌കൂളിലെ ഇനാര അലി, കണ്ണൂര്‍ കണ്ണാടിപറമ്പ് ജി.എച്ച്.എസ.്എസിലെ ഷിനാസ് അശ്‌റഫ്, മലപ്പുറം മലഞ്ചേരി ജി.യു.പി. എസിലെ ദേവനന്ദ, മലപ്പുറം കരിങ്ങപ്പാറ ജി.യു.പി.എസിലെ അഫ്‌റ മറിയം, ഇടുക്കി ഇരട്ടയാര്‍ എസ.്ടി. എച്ച്.എസ.്എസിലെ ആദിത്യ രവി, കണ്ണമ്പാടി ഗവ. ട്രൈബല്‍ സ്‌കൂളിലെ അമല്‍ കെ.പി.എന്നിവരുടേതാണ് ബജറ്റില്‍ ചേര്‍ത്തിട്ടുള്ള കവിതകള്‍.
ജീവന്‍, അമല്‍ ഷാസിയ അജയ്, ശ്രീനന്ദന, ജഹാന്‍, കാസര്‍കോട് ജ്യോതിര്‍ഭവന്‍ സ്‌പെഷ്യല്‍ സ്്കൂളിലെ അനുഗ്രഹ വിജിത്, ജഹാന്‍ ജോബി, തൃശൂര്‍ എടക്കഴിയൂര്‍ എസ.്എസ്.എം.വി.എച്ച്.എസിലെ മര്‍വ കെ.എം.നിയാ മുനീര്‍ എന്നിവരുടെചിത്രങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തി.

കലാകാരന്മാരും കലാകാരികളും

ബജറ്റ് പ്രസംഗത്തിന്റെ കവര്‍ചിത്രം ഒരു കൊച്ചുമിടുക്കന്റെ സൃഷ്ടിയാണ്.
കാസര്‍കോട് ഇരിയണ്ണി പി.എ.എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍ വി.ജീവന്‍. ജെന്‍ഡര്‍ ബജറ്റിന്റെ ചിത്രവും ഈ മിടുക്കന്റേതു തന്നെ.
ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവര്‍ ഇടുക്കി കുടയത്തൂര്‍ ഗവ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശ്രീനന്ദന വരച്ച ചിത്രമാണ്.
ബാക്ക് കവര്‍ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരന്‍ ജഹാന്‍ ജോബിയുടേയും.
ബജറ്റ് ഇന്‍ ബ്രീഫിലെ കവര്‍ചിത്രങ്ങള്‍ തൃശൂര്‍ വടക്കാഞ്ചേരി ഗവ. ഗേള്‍സ് എല്‍പിഎസിലെ അമന്‍ ഷസിയ അജയ് വരച്ചതാണ്. എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കവര്‍ ചിത്രവും ഈ കുട്ടിയുടേതു തന്നെ.
തൃശൂര്‍ എടക്കഴിയൂര്‍ എസ്എംവി എച്ച്എസിലെ എട്ടാം ക്ലാസുകാരി കെ എം മര്‍വയും യുഎഇ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീറും വരച്ച ചിത്രങ്ങളാണ് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ബാക്ക് കവറില്‍.

കവിതകളുടെ അകമ്പടിയോടെ

ബജറ്റില്‍ പലയിടത്തായി കുട്ടികളുടെ കവിതകളും ഉള്‍പ്പെടുത്തിയിരുന്നു.
നേരം പുലരുകയും
സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും…
എന്ന കവിതയോടെയാണ് ബജറ്റ് പ്രസംഗം തുടങ്ങുന്നത്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയതാണ് ഈ കവിത. കൊവിഡ് അതിജീവനത്തിന്റെ പുതുവഴികളെ കുറിച്ച് പറയുന്നിടത്ത് മറ്റൊരു കവിത ഐസക് ഉദ്ധരിക്കുന്നു.
യുദ്ധം ജയിച്ചിടും
യുവസൂര്യനുദിച്ചിടും
മുന്നോട്ടു നടന്നിടും നാമിനിയും
വിജയഗാഥകള്‍ ചരിത്രമായി വാഴ്ത്തിടും
തിരുവനന്തപുരം മടവൂര്‍ എന്‍എസ്എസ് എച്ച്എസ്എസിലെ ആര്‍.എസ്. കാര്‍ത്തികയുടെതാണ് ഈ വരികള്‍.
ഇടുക്കി കണ്ണംപടി ജിടിഎച്ച്എസ് സ്‌കൂളിലെ കെ.പി.അമലിന്റെ വരികള്‍ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം അവസാനിപ്പിക്കുന്നത്. അമലിന്റെ വരികള്‍ ഇങ്ങനെ:
മെല്ലെയെന്‍ സ്വപ്നങ്ങള്‍ക്ക്
ചിറകുകള്‍ മുളയ്ക്കട്ടെ
ഉയരട്ടെ അതിലൊരു മനോജ്ഞമാം
നവയുഗത്തിന്റെ പ്രഭാത ശംഖൊലി
അയ്യന്‍ കോയിക്കല്‍ ഗവ. എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കനിഹ എഴുതിയ കവിതയും ബജറ്റില്‍ ഉദ്ധരിക്കുന്നു.
കൂടപ്പിറപ്പുകള്‍ക്കു കരുത്തു നല്‍കാന്‍
ഒപ്പമല്ല മുന്നില്‍ത്തന്നെയല്ലേ
നല്ല ലക്ഷ്യബോധമുള്ളൊരു
സര്‍ക്കാരുമുണ്ടുകൂടെ
ലോക് ഡൗണ്‍ കാലത്ത് കുട്ടികളുടെ സര്‍ഗശേഷിയുടെ പ്രകാശനത്തിനുവേണ്ടി അക്ഷരവൃക്ഷം എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അതിബൃഹത്തായ പങ്കാളിത്തമാണ് അതിനു ലഭിച്ചത്. കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി 4947 വിദ്യാലയങ്ങളില്‍ നിന്ന് 56399 സൃഷ്ടികള്‍ സ്‌കൂള്‍വിക്കിയുടെ പേജില്‍ വായിക്കാം. ഈ സൃഷ്ടികളില്‍നിന്നാണ് ചിത്രങ്ങളും കവിതകളും തിരഞ്ഞെടുത്തതെന്ന് അറിയിച്ച് മന്ത്രി എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങളുമറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org