‘പ്രഫ. ഡോ. ജീസസ് ആബാ’  (ഭാഗം 2)

‘പ്രഫ. ഡോ. ജീസസ് ആബാ’  (ഭാഗം 2)

സജീവ് പാറേക്കാട്ടില്‍

"ശരിക്കും യേശുവിന് നല്കാവുന്ന ഫുള്‍ നെയിം 'പ്രഫ. ഡോ. ജീസസ് ആബാ' എന്നാണല്ലേ?"

"യേശു നല്ലൊരു ഗുരുവായതിനാല്‍ പ്രൊഫസര്‍, ഒട്ടേറെ രോഗികളെ സുഖപ്പെടുത്തിയതിനാല്‍ ഡോക്ടര്‍, പിതാവിനെ ആബാ എന്നു വിളിച്ചതിനാല്‍ ജീസസ് ആബാ എന്നതാണല്ലോ ഉന്നയിച്ച ചോദ്യത്തിന്റെ സാംഗത്യം. യേശു ഒരു വിശ്വഗുരു ആകുന്നത് എങ്ങനെയെന്ന് കഴിഞ്ഞ ലക്കത്തില്‍ വിശദീകരിച്ചല്ലോ. യേശു എപ്രകാരമുള്ള ഡോക്ടര്‍ ആണെന്നാണ് ഇന്ന് പറയുന്നത്. ആട്ടെ, എപ്പോഴാണ് നമ്മള്‍ ഡോക്ടറെ കാണുന്നത്?"
"അസുഖം വരുമ്പോള്‍."
"അതെ. അസുഖം അഥവാ രോഗം വരുമ്പോഴാണ് നമ്മള്‍ ഡോക്ടറെ കാണുന്നത്. ദേഹത്തെ ചീത്തയാക്കിത്തീര്‍ക്കുന്നത് എന്താണോ അതാണ് രോഗം. സത്യത്തില്‍ രോഗം വരാതിരിക്കാനുള്ള ഒട്ടേറെ സ്വാഭാവികമായ സംവിധാനങ്ങള്‍ നമ്മുടെ ശരീരത്തിലുണ്ട്. അതില്‍ പ്രധാനമാണ് രോഗപ്രതിരോധ ശക്തി അഥവാ ഇമ്യൂണിറ്റി. അത് കുറയുമ്പോഴാണ് രോഗം നമ്മെ ആക്രമിച്ചു കീഴടക്കുന്നത്. ഇതേ മാതൃകയിലാണ് നമ്മുടെ ആത്മാവും രോഗബാധിതമാകുന്നത്."
"ആത്മാവിനെയും രോഗം ബാധിക്കുമോ?"
"ഉവ്വല്ലോ! ആത്മാവിനെ ബാധിക്കുന്ന രോഗത്തിന്റെ പേരാണ് പാപം. ശരീരത്തിനെന്നതുപോലെ ആത്മാവിനുള്ള രോഗപ്രതിരോധശക്തി അഥവാ ഇമ്യൂണിറ്റിയാണ് വരപ്രസാദം. നാം പാപം ചെയ്യുന്നില്ലെങ്കില്‍ അത് നമ്മുടെ മിടുക്കല്ല; ദൈവകൃപയുടെ മിടുക്കാണ്. പാപത്തില്‍ വീഴാതെ നമ്മെ കാക്കുന്നത് ദൈവം നല്കുന്ന പ്രസാദവരമാണ്. പല കാരണങ്ങളാല്‍ പ്രസാദവരത്തില്‍ നാം വളരാതിരിക്കുമ്പോള്‍ നമ്മുടെ ആത്മാവിന്റെ ഇമ്യൂണിറ്റി ദുര്‍ബലമാകുന്നു. 'നമ്മില്‍ താത്പര്യം വച്ച്, വാതില്‍ക്കല്‍ത്തന്നെ പതിയിരിക്കുന്ന പാപം' (ഉല്പ. 4:7) അപ്പോള്‍ എളുപ്പത്തില്‍ നമ്മെ കീഴടക്കുന്നു. അതുവഴി ദൈവൈക്യവും ദൈവികജീവനും നമുക്ക് നഷ്ടമാകുന്നു. പാപം ദൈവത്തില്‍ നിന്നും സഹോദരരില്‍ നിന്നും നമ്മെ അകറ്റുന്നു. നമ്മുടെ സമാധാനവും സന്തോഷവും തകര്‍ക്കുന്നു. ആത്മാവിലും ഹൃദയത്തിലും ബന്ധങ്ങളിലും മുറിവുകളും കറകളും നിറയ്ക്കുന്നു. ശരീരത്തെപ്പോലും രോഗാതുരമാക്കുന്നു. 'രോഗിയുടെ രോദനം' എന്ന സങ്കീര്‍ത്തനത്തില്‍ ദാവീദ് കുറിക്കുന്നത് നോക്കൂ: "അങ്ങയുടെ രോഷം മൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപം നിമിത്തം എന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല" (38:3). പാപം നമ്മെ സമ്പൂര്‍ണ്ണമായി തകര്‍ക്കുന്നു. നമ്മുടെ സമഗ്രതയെ ശിഥിലമാക്കുന്നു. 'പാപം ചെയ്യുന്നവന്‍ സ്വന്തം ജീവന്റെ ശത്രുവാണ്' എന്ന് വേദപുസ്തകത്തില്‍ നാം വായിക്കുന്നുണ്ടല്ലോ (തോബിത് 12:10).
"ശരി! യേശു എങ്ങനെയാണ് ഡോക്ടര്‍ ആകുന്നതെന്ന് പറയൂ."
"അതാണ് പറഞ്ഞു വരുന്നത്. ചുങ്കസ്ഥലത്തുനിന്ന് മത്തായിയെ 'പിടികൂടിയ'ശേഷം അയാളുടെ വീട്ടില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ഫരിസേയര്‍ ശിഷ്യന്മാരോട് ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്: "നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്?" അതിന് ഉത്തരം നല്കിയത് യേശുവാണ്. "ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്" (മത്താ. 9:12-13). പാപം ആത്മാവിന്റെ രോഗമാണെന്ന് പറഞ്ഞല്ലോ. അങ്ങനെയെങ്കില്‍ ആ രോഗത്തിന് സമഗ്രമായ സൗഖ്യം നല്കുന്ന വൈദ്യന്‍ അഥവാ ഡോക്ടറാണ് യേശു. രോഗികള്‍ക്ക് സൗഖ്യം നല്കിയതാണ് യേശു ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ച അടയാളമായി സുവിശേഷങ്ങളില്‍ നാം കാണുന്നത്. സൗഖ്യം രോഗികള്‍ക്ക് വലിയ അത്ഭുതമായിരുന്നെങ്കിലും യേശുവിന് അതെല്ലാം ദൈവരാജ്യത്തിന്റെ സുവിശേഷത്തിന്റെ അടയാളങ്ങള്‍ മാത്രമായിരുന്നു. സത്യത്തില്‍ യേശു പ്രവര്‍ത്തിച്ച ഏറ്റവും വലിയ അത്ഭുതമെന്നത് പാപത്തില്‍നിന്ന് ആത്മാവിന് നല്കിയ സൗഖ്യവും വിമോചനവുമാണ്. യേശു എന്ന ഡോക്ടര്‍ക്കു മാത്രമേ ആത്മാവിനെ ചികിത്സിക്കാനും സൗഖ്യം നല്കാനും കഴിയുകയുള്ളൂ. മറ്റു ഡോക്ടര്‍മാരില്‍ നിന്ന് യേശു എന്ന ഡോക്ടറെ വ്യത്യസ്തനാക്കുന്ന വേറെ കാര്യങ്ങളുമുണ്ട്. സാധാരണയായി രോഗികളാണ് ഡോക്ടറെ തേടിപ്പോകുന്നത്. എന്നാല്‍ യേശു എന്ന ഡോക്ടര്‍ രോഗികളെ തേടിപ്പോകുന്നതാണ് നാം കാണുന്നത്. പാപിനിയായ ഒരു സമരിയാക്കാരിക്ക് സൗഖ്യമേകാന്‍ നട്ടുച്ചയ്ക്ക് യാക്കോബിന്റെ കിണറിന്റെ കര കണ്‍സള്‍ട്ടേഷന്‍ റൂമാക്കി അവന്‍ കാത്തിരുന്നില്ലേ? എല്ലാവരാലും വെറുക്കപ്പെട്ട ഒരു ചുങ്കക്കാരന് സൗഖ്യമേകാന്‍ സിക്കമൂര്‍ മരച്ചോട് അവന്റെ കണ്‍സള്‍ട്ടേഷന്‍ റൂമായില്ലേ? ബുദ്ധിമാനും തീക്ഷ്ണമതിയുമായ സാവൂളിനെ പിടികൂടി സൗഖ്യം നല്കി തന്റെ ഏറ്റവും ശക്തനായ അപ്പസ്‌തോലനാക്കാന്‍ ജറുസലെം ദമാസ്‌ക്കസ് ഹൈവേയില്‍ കണ്‍സള്‍ട്ടേഷന്‍ മുറിയൊരുക്കി അവന്‍ കാത്തുനിന്നില്ലേ? കടല്‍ത്തീരവും സിനഗോഗും തെരുവോരങ്ങളും വിരുന്നുശാലകളുമെല്ലാം ഈ ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ റൂമുകളായത് പാപികള്‍ക്കു വേണ്ടിയായിരുന്നു. 'എന്റെ കരുണയാല്‍ ഞാന്‍ പാപികളെ അവരുടെ വഴികളില്‍ പിന്തുടരുന്നു' എന്ന് വിശുദ്ധ ഫൗസ്റ്റീനയോട് ഈ ഡോക്ടര്‍ പറയുന്നുണ്ട്. അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ഈ ഡോക്ടര്‍ സന്തോഷിക്കുന്നു (ലൂക്കാ 15:7). നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തി ഈ ഡോക്ടര്‍ രക്ഷിക്കുന്നു (ലൂക്കാ 19:10). സ്വന്തം ജീവന്‍ നല്കി രോഗികളെ ശുശ്രൂഷിച്ച് സൗഖ്യം നല്കാനാണ് ഈ ഡോക്ടര്‍ വന്നിരിക്കുന്നത് തന്നെ (മത്താ. 20:28). സാധാരണ ഡോക്ടര്‍മാരെ കാണുന്നതിന് കണ്‍സള്‍ട്ടേഷന്‍ ഫീസുണ്ട്. പരിശോധനകള്‍ക്കും മരുന്നിനും ഓപ്പറേഷനുമെല്ലാം പ്രത്യേകമായി പണം നല്കണം. എന്നാല്‍ യേശു എന്ന ഡോക്ടറുടെ എല്ലാ സേവനങ്ങളും തീര്‍ത്തും സൗജന്യമാണ്. ധനം, രോഗസ്ഥിതിയെ ധരിപ്പിക്കാനുള്ള സാമര്‍ത്ഥ്യം, വൈദ്യവിധിയെ അനുസരിക്കല്‍, മനോബലം എന്നിവയാണ് രോഗിക്ക് ഗുണം ചെയ്യുന്ന നാലു കാര്യങ്ങള്‍ അഥവാ രോഗിഗുണചതുഷ്ടയം. ഇതില്‍ ധനം ഒഴികെ മറ്റെല്ലാം യേശു എന്ന ഡോക്ടറുടെ ചികിത്സയിലും അനിവാര്യമാണ്. അനുതാപത്തോടെ രോഗസ്ഥിതി ഡോക്ടറെ ധരിപ്പിക്കുന്നതാണ് കുമ്പസാരം. വിശുദ്ധ കുര്‍ബാനയിലൂടെയും ദൈവവചനത്തിലൂടെയും ഡോക്ടര്‍ നല്കുന്ന ഇമ്യൂണിറ്റിയില്‍ വളരുന്നതാണ് വൈദ്യവിധി അനുസരിക്കല്‍. മേലില്‍ രോഗത്തില്‍ (പാപത്തില്‍) വീഴാതെ പ്രസാദവരത്തില്‍ വളരുന്നതാണ് മനോബലം അല്ലെങ്കില്‍ ആത്മബലം. അതെ, യേശു ഒരു സമ്പൂര്‍ണ്ണ ഡോക്ടര്‍ തന്നെ. അവന്‍ മികച്ച ഒരു ജനറല്‍ ഫിസിഷ്യനാണ്. അവന്റെ പൂര്‍ണതയില്‍ നിന്നാണ് നാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നത് (യോഹ. 1:16). അവന്‍ നല്ലൊരു ജനറല്‍ സര്‍ജനാണ്. നമ്മുടെ അകതാരില്‍ വളരുന്ന പാപത്തിന്റെ അശുദ്ധ വ്രണങ്ങള്‍ അവന്‍ മുറിച്ചു നീക്കുന്നു. അവന്‍ നമുക്ക് പുതിയ കണ്ണും കാഴ്ചയും നല്കുന്ന പ്രഗത്ഭനായ ഒരു ഒഫ്താല്‍മോളജിസ്റ്റാണ്. അവന്‍ നല്ലൊരു ഇ.എന്‍.ടി. വിദഗ്ദ്ധനാണ്. നമ്മുടെ ആത്മാവിന്റെ കാതുകളോട് എഫ്ഫാത്ത എന്നവന്‍ പറയുന്നു. അവന്‍ ഒന്നാന്തരമൊരു പീഡിയാട്രിഷനാണ്. ഹൃദയനൈര്‍ മല്ല്യമുള്ള ശിശുക്കളായി അവന്‍ നമ്മെ രൂപന്താരെപ്പടുത്തുന്നു. അവന്‍ നല്ല കരവിരുതുള്ള ഒരു കാര്‍ഡിയാക് സര്‍ജനാണ്. അവന്‍ നമുക്ക് പുതിയ ഹൃദയം നല്കുന്നു. യേശുക്രിസ്തു ആത്മാവിന്റെ എല്ലാ സ്‌പെഷ്യാല്‍റ്റികളും സൂപ്പര്‍ സ്‌പെഷ്യാല്‍റ്റികളും പ്രാക്ടീസ് ചെയ്യുന്ന ഒരു സമ്പൂര്‍ണ്ണ ഡോക്ടര്‍തന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org