ഉത്തരവാദിത്വബോധം കുട്ടികളില്‍

ഉത്തരവാദിത്വബോധം കുട്ടികളില്‍

സി. ഡോ. പ്രീത സി.എസ്.എന്‍.

മനുവും മാത്യൂസും ഒരേ വീട്ടിലെ രണ്ടു കുട്ടികളാണ്. മാതാപിതാക്കളുടെ സ്‌നേഹവും കരുതലും ലാളനയും ആവശ്യത്തിന് കിട്ടി വളരുന്നവര്‍. ഒരേ വീട്ടില്‍ ഒരേ സാഹചര്യത്തില്‍ കഴിയുന്ന വരും രണ്ടു ശീലങ്ങള്‍ വളര്‍ത്തിയെടുത്തിട്ടുള്ളവരുമാണ് അവര്‍. മനുവിന് നേരം വെളുത്താല്‍ അ വന്റെ കണ്ണു തുറക്കേണ്ട താമസം അവന് ആദ്യം കാണേണ്ടതും അന്വേഷിക്കേണ്ടതും അവന്റെ മൊബൈല്‍ഫോണ്‍ അല്ലെങ്കില്‍ ടാബ് അതുമല്ലെങ്കില്‍ അവന്റെ കമ്പ്യൂട്ടര്‍. ഏതു സമയമെന്നില്ല, മൊബൈല്‍ ഉപയോഗത്തില്‍ അവനൊരു സമയക്രമമേയില്ല, അവന്റെ ഇഷ്ടങ്ങള്‍ക്കാണ് പ്രാധാന്യം. മനുവിന്റെ പിടിവാശിക്കും ദേഷ്യപ്രകൃതിക്കും മുമ്പില്‍ മാതാപിതാക്കള്‍ പലതും വിട്ടുകൊടുക്കുന്നു. എന്നാല്‍ അവന്റെ സഹോദരന്‍ മാത്യൂസ് എഴുന്നേറ്റാല്‍ ആരും നിര്‍ബന്ധിക്കാതെ പ്രാര്‍ത്ഥിക്കുന്നു, പഠിക്കുന്നു. കൂടാതെ കിട്ടുന്ന സമയം നന്നായി ഉപയോഗപ്പെടുത്തുന്നു. ഉത്തരവാദിത്വമുള്ള കുട്ടിയും എല്ലാവര്‍ക്കും നന്മ ചെയ്യുന്നുവനുമാണ് അവന്‍. എല്ലാവരെക്കൊണ്ടും നന്മ പറയിപ്പിക്കുന്ന രീതിയില്‍ പക്വമായി പെരുമാറാനും അവനറിയാം. ഈ കൊറോണ കാലഘട്ടത്തില്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ നിഷ്ഠയോടെ പഠിക്കുവാനും ഉത്തരവാദിത്വബോധത്തോടെ സമയം ഉപയോഗിക്കുവാനും കഴിവുള്ളവനാണ് മാത്യൂസ്. തന്റെ പഠനം കഴിഞ്ഞാല്‍ കടയില്‍ ചെന്ന് മാതാപിതാക്കളെ സഹായിക്കുവാനും അവന്‍ ഉത്സുകനായിരുന്നു. ഈ ചെറുപ്രായത്തില്‍ തന്നെ കടയിലെ കാര്യങ്ങള്‍ പലതും അവന് അറിയാം. ഒരു ജോലിക്കാരനേക്കാള്‍ ഭംഗിയായി, കിട്ടുന്ന സമയം കടയിലെ കാര്യങ്ങള്‍ പഠിച്ചെടുത്ത് ഉത്തരവാദിത്വത്തോടെ അവന്‍ ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് ഏറെ സന്തോഷവും അഭിമാന കരവുമാണ്. സമയത്തിന്റെ മൂല്യം മനസ്സിലാക്കി മാതാപിതാക്കളില്‍ നിന്നും നന്മ സ്വാംശീകരിച്ച് പ്രാവര്‍ത്തികമാക്കി മാതാപിതാക്കളുടെ അധ്വാനഭാരം പങ്കിടുന്ന നല്ല വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ് മാത്യൂസ്.

എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്ന കാര്യമാണ് തങ്ങളുടെ മക്കള്‍ ഉത്തരവാദിത്വമുള്ളവരായി പഠിച്ച് നല്ല നിലയില്‍ എത്തിച്ചേരണമെന്നത്. കുട്ടികളുടെ ശാരീരികാരോഗ്യത്തിലും മാനസികവും വൈകാരികവുമായ പക്വതയിലും ആത്മീയ ഉന്നമനത്തിലും ശ്രദ്ധിക്കുന്നതിനോടൊപ്പംതന്നെ, പ്രാധാന്യം കൊ ടുത്ത് പരിശീലിപ്പിക്കേണ്ട ഒന്നാണ് ഉത്തരവാദിത്വബോധം.

കുട്ടികള്‍ ചെയ്യുന്ന ചെറിയ കുറവുകള്‍ ക്ഷമയോടെ കണ്ട് തിരുത്താന്‍ ഇന്ന് പല മാതാപിതാക്കള്‍ക്കും കഴിയാതെ പോകുന്നുണ്ട്. പ്രത്യേകിച്ച് പഠനകാര്യങ്ങളില്‍ അശ്രദ്ധരായ കുട്ടികളുടെ കുറവുകള്‍ നികത്തി മറ്റുള്ള കുട്ടികളുടെ മുമ്പില്‍ അവരെ മിടുക്കനും മിടുക്കിയുമാക്കാന്‍ മാതാപിതാക്കള്‍ സ്വയം തയ്യാറാകുമ്പോള്‍ തങ്ങളുടെ കുട്ടികള്‍ സ്വന്തം ഉത്തരവാദിത്വനിര്‍വഹണത്തില്‍ അലസരായി മാറുന്നുവെന്ന് മാതാപിതാക്കള്‍ അറിയാതെ പോകുന്നു.

കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നും മാര്‍ഗ്ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും സ്‌നേഹവും പിന്തുണയും പ്രോത്സാഹനങ്ങളും ലഭിക്കുന്നതിനനുസരിച്ച് അവരില്‍ ഉത്തരവാദിത്വബോധം വളര്‍ന്നു വരുന്നു. കുട്ടികളോടുകൂടെ കൂടുതല്‍ സമയം ചെലവഴിക്കുന്ന മാതാപിതാക്കള്‍ സ്‌നേഹത്തോടും ക്ഷമയോടുംകൂടെ അവരെ പഠിപ്പിക്കുന്നതുവഴി പുതിയ കാര്യങ്ങള്‍ കണ്ടു പഠിക്കാനും പരീക്ഷിക്കാനും പ്രാവര്‍ത്തികമാക്കാനും ചെറിയപ്രായത്തില്‍ തന്നെ അവര്‍ പ്രാപ്തരാകുന്നു. ഉത്തരവാദിത്വത്തില്‍ വളരുന്ന കുട്ടികള്‍ സമയത്തിന്റെ വില മനസ്സിലാക്കി പലകാര്യങ്ങളും ചെയ്യാന്‍ പഠിക്കുകയും, ചെയ്യുന്ന കാര്യങ്ങള്‍ തുടരാനും പൂര്‍ത്തികരിക്കാനും പരിശ്രമിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ തങ്ങളുടെ ഉത്തരവാദിത്വനിര്‍വഹണത്തില്‍ വിശ്വസ്തത പുലര്‍ത്തുന്നത് കണ്ടു വളരുന്ന കുട്ടികള്‍, കൂടെയുള്ളവരെയും താഴെയുള്ളവരെയും പ്രചോദിപ്പിക്കാന്‍ കഴിവുള്ളവരാകുന്നു.

കുട്ടികള്‍ ഉത്തരവാദിത്വത്തില്‍ വളരുന്നതിനനുസരിച്ച് അവരുടെ ആത്മവിശ്വാസം വളരുകയും ഭാവി യില്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ മികവുതെളിയിക്കാനും, പ്രതിസന്ധികളെ തരണം ചെയ്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും പ്രാപ്തരാകുന്നു. അതുകൊണ്ട് അര്‍പ്പണബോധമുള്ള ഒരു തലമുറയുടെ രൂപവത്കരണത്തില്‍ മാതാപിതാക്കളോടും കുടുംബപശ്ചത്തലത്തോടും തുലനം ചെയ്യാന്‍ മറ്റൊന്നുമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org