‘ചിത്രത്തില്‍ കണ്ടത് ‘

‘ചിത്രത്തില്‍ കണ്ടത് ‘

വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കളുടെ നൃത്തപഠന വിദ്യാര്‍ത്ഥിയായ മകളാണ് സിനിമയിലെ നായിക. ആചാരാനുഷ്ടാനങ്ങളില്‍ കടുകിട മാറ്റമില്ലാത്ത 'തറവാടികളായ' മാതാപിതാക്കളുടെ സല്‍സ്വഭാവിയും അദ്ധ്യാപകനുമായ മകനാണ് നായകന്‍.
കെട്ടിക്കയറി വരുന്ന വീട്ടിലെ ശീലങ്ങളോടും ആചാരങ്ങളോടും തന്നാല്‍ കഴിയുംവിധം ഇണങ്ങിച്ചേരാന്‍ നായിക പരിശ്രമിക്കു ന്നുണ്ട്. ഭക്ഷണത്തിനും ഉറക്കത്തിനും മാത്രമായി ഉമ്മറത്തെ ചാരുകസേര വിട്ടെഴുന്നേല്‍ക്കുന്ന അച്ഛനില്‍ നിന്ന് വ്യത്യസ്തനായി മകന്‍ തുടക്കത്തില്‍ പരിഷ്‌ക്കാരിയാകുന്നുമുണ്ട്. വിവാഹപിറ്റേന്ന് അടുക്കളയിലെത്തി ചായ കുടിക്കുകയും, ഭക്ഷണത്തിന് ഭാര്യയെ ഒപ്പമിരിക്കാനും ക്ഷണിക്കുന്നു.
ഈ വീട്ടിലെ മകള്‍ ദൂരത്തെവിടെയോ ഫ്‌ളാറ്റിലാണ്. അവളുടെ ഗര്‍ഭശുശ്രൂഷയ്ക്കായി അമ്മായിയമ്മ പോകുന്നതോടെ അണുവിട തെറ്റാതെ പാലിക്കേണ്ട ഭക്ഷണശീലങ്ങളുടെയും ആചാരങ്ങളുടെയും വലിയ ബാധ്യത പുതുപ്പെണ്ണിന്റെ ചുമലിലേക്കെത്തുന്നു. പരാതികളില്ലാതെ അവളത് പരമാവധി നിറവേറ്റുന്നുമുണ്ട്. ഭര്‍ത്താവിന്റെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൂര്‍ണ്ണ ആരോഗ്യവാനായ അമ്മായിയച്ചന് പല്ലുതേയ്ക്കാനുള്ള ബ്രഷ് എടുത്ത് കൊടുത്തും, പൊതിച്ചോറ് കെട്ടിയുമെല്ലാം ഉത്തമ ഭാര്യാപട്ടം നിറവേറ്റാന്‍ അവള്‍ കിണഞ്ഞു പരിശ്രമിക്കുന്നു. കുടുംബമെന്ന സംവിധാനത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുമ്പോഴും അതിരാവിലെ മുതല്‍ പാതിരാ വരെയുള്ള ഭാര്യയുടെ ജോലികളില്‍ ചെറുസഹായം നല്‍കാന്‍ നായകന്‍ തയ്യാറല്ല. വളരെ പ്രണയത്തോടെ ജീവിക്കുന്ന ഒരു ദമ്പതികളും ഇടയില്‍ സ്‌ക്രീനിലെത്തുന്നുണ്ട്.
ഭക്ഷണ സമയത്ത് എച്ചിലുകള്‍ തീന്‍മേശയില്‍ വിതറിയിടുന്ന നായകന്‍, റസ്റ്റോറന്റില്‍ വച്ച് എല്ലാ മര്യാദകളോടുംകൂടി ഭക്ഷണം കഴിക്കുന്നത് അത്ഭുതത്തോടെ നോക്കിക്കാണുന്ന നായികയുടെ 'ഇത്തരം മര്യാദകളെല്ലാമറിയാ മല്ലേ' എന്ന ചെറു പരാമര്‍ശം നായകനെ വല്ലാതെ ചൊടിപ്പിക്കുന്നു.
അവിടം മുതല്‍ അയാളുടെ ആധിപത്യ മനോഭാവത്തെ അവള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നു. ജോലി ചെയ്യാനുള്ള അവളുടെ ആഗ്രഹത്തെ തടഞ്ഞു കൊണ്ട് അമ്മായി അച്ചന്‍ ആ വീടിന്റെ നിലപാട് അവള്‍ക്ക് മുന്നില്‍ വ്യക്തമാക്കുന്നതായി കാണാം. അടുത്ത തലമുറ നന്നാവണമെങ്കില്‍ പെണ്‍ജീവിതം വീടിന്റെ ചുമരുകള്‍ക്ക് അകത്ത് ഒതുങ്ങണം.
ആണാധിപത്യത്തിന്റെ കാണാചരട് പിടികിട്ടുന്നതോടെ, അടുക്കളയിലെ എച്ചിലവശിഷ്ടങ്ങള്‍ അവളെ അലോസരപ്പെടുത്തി തുടങ്ങുന്നു. ശാരീരിക ബന്ധത്തിന് പോലും പഴമയുടെ ചട്ടക്കൂട് നിശ്ചയിച്ചിട്ടുള്ള നായകനോട്, രതിക്കിടയില്‍ താനനുഭവിക്കുന്ന വേദനയെക്കുറിച്ച് തുറന്നു പറയുന്നതി നൊപ്പം, അതൊഴിവാക്കാന്‍ അവള്‍ക്കറിയാവുന്നതു പോലെ ഒരു മാര്‍ഗ്ഗവും നായിക നിര്‍ദ്ദേശിക്കുന്നു. ഇത്തരം ഒരു അനുഭവം ഒരിക്കലും പ്രതീക്ഷിക്കാത്ത നായകന്‍ അതോടെ വാക്കുകള്‍ കൊണ്ട് വീണ്ടും അവളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ആശ്വാസത്തിനായ് സ്വന്തം അമ്മയെ വിളിക്കുമ്പോഴും അവള്‍ക്ക് ലഭിക്കുന്നത്, 'കുലമഹിമയുടെ അന്തസ്സിനനുസരിച്ച് ജീവിക്കൂ മകളേ' എന്ന ഉപദേശമാണ്. ആചാരങ്ങളില്‍ അണുവിട തെറ്റരുതെന്ന ശാഠ്യം കുറെ കൂടി മുറുകയും ഭര്‍ത്താവിന്റെ അവഗണന കൂടുകയും ചെയ്യുന്നതോടെ, അമ്മായി അച്ചനും ഭര്‍ത്താവിനും നേര്‍ക്ക് അടുക്കളയിലെ മലിനജലം വലിച്ചെറിഞ്ഞ് അവള്‍ പടിയിറങ്ങുന്നു. വീട്ടിലെത്തിയ നായിക ആദ്യം തിരുത്തുന്നത് സ്വന്തം ആങ്ങളയെയും അമ്മയെയും അനുജത്തിയെയുമാണ്. ആണാധിപത്യം സഹിക്കേണ്ട വളല്ല പെണ്ണെന്നും, പരിപാലിക്കപ്പെടേണ്ടവനല്ല പുരുഷന്‍ എന്നും തിരിച്ചറിഞ്ഞ അവള്‍ സ്വന്തം ഇഷ്ട ഇടങ്ങളിലേക്ക് തല ഉയര്‍ത്തി നടന്നു കയറുന്നു. പരിചരിക്കപ്പെടാന്‍ പുതിയ ഒരിരയെ കിട്ടിയ ആനന്ദത്തോടെ നായകനും ഹാപ്പി… നായകന്റെ സഹപ്രവര്‍ത്തകന്‍ മുതല്‍ സഹായത്തിനെത്തുന്ന പെണ്ണും, പാല്‍ക്കാരിക്കൊച്ചും, അമ്മായിയും, വല്യച്ചന്റെ മകനും മരുമകളുമടക്കം എല്ലാവരുടേതും നല്ല പ്രകടനം തന്നെയാണ്.
ശുഭം.

മരിയ റാന്‍സം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org