തകര്‍ന്ന പ്രണയങ്ങള്‍ ജീവിതം തകര്‍ക്കുമോ?

തകര്‍ന്ന പ്രണയങ്ങള്‍ ജീവിതം തകര്‍ക്കുമോ?

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍, സ്മാര്‍ട്ടാക്കാന്‍
ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

"തേച്ചില്ലേ പെണ്ണേ… തേച്ചില്ലേ പെണ്ണേ" എന്ന ഹിറ്റായ ഒരു സിനിമാ ഗാനം കേള്‍ക്കാത്തവരുണ്ടാകില്ല. 'തേയ്ക്കല്‍' ഒരു ന്യൂജെന്‍ പദപ്രയോഗമാണെങ്കിലും അതുകൊണ്ട് അര്‍ത്ഥമാക്കുന്ന വിഷയം പണ്ടേ പ്രസക്തമാണ്. സ്വന്തമാക്കിക്കൊള്ളാമെന്ന് വാക്കുകൊടുക്കുകയും, ഒരുമിച്ചു ജീവിക്കേണ്ടവരാണ് നമ്മളെന്നതിനാല്‍ ചല 'കൊടുക്കല്‍ വാങ്ങലുക'ളൊക്കെ നടത്തണം എന്ന് പരസ്പരം പറഞ്ഞുറപ്പിക്കുകയും, അവയൊക്കെ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ഒരാത്മാവും ഒരു ശരീരവും, ഒരു പ്ലേറ്റില്‍ ഭക്ഷണവും, ഒരുമിച്ചു കറക്കവും, ഒരുപാട് സ്വപ്നങ്ങള്‍ ചേര്‍ത്തുവച്ച് സ്വപ്നകൊട്ടാരങ്ങള്‍ പണിയുകയും ചെയ്ത കമിതാക്കളിലൊരാള്‍ പതിയെയോ പൊടുന്നനെയോ ബന്ധം അറുത്തുമുറിച്ച് കാന്താരിമുളക് കണ്ണിലും ചങ്കിലും തേച്ചുപിടിപ്പിച്ചിട്ട് സേയ്ഫ് ആയിട്ട് 'സ്കൂട്ടാ'കുന്ന തിനെ കാലുവാരല്‍ എന്നോ, 'തേയ്ക്കല്‍' എന്നോ വിളിക്കാം. എപ്പടീ? ഡെഫിനിഷന്‍ സൂപ്പര്‍ അല്ലേ?

നഷ്ടപ്പെട്ടവരും ചതിക്കപ്പെട്ടവരും
നിന്നനില്പില്‍ ഒരാള്‍ നിലയില്ലാക്കയത്തില്‍ തള്ളിയിട്ടാലെന്തു ചെയ്യും?… നീന്തലുമറിയില്ല… കൂറ്റാകൂറ്റിരിട്ടും. ഇത്തരം അവസ്ഥയില്‍ കാമുകനെയോ കാമുകിയെയോ പെടുത്തിയിട്ടും കുടുക്കിയിട്ടും മുങ്ങുന്ന 'ലെവനും ലെവളും' ആത്മാര്‍ത്ഥമായി പ്രണയിച്ചവര്‍ക്കു സമ്മാനിക്കുന്നത് തീരാവേദനയാണ്. വേദന കണ്ണീരണിയും, ചിലപ്പോള്‍ അലറിക്കരിച്ചിലാകും. 'നഷ്ടപ്പെട്ടവരും ചതിക്കപ്പെട്ടവരും' എന്ന തോന്നല്‍ കൂടി മനസ്സിനെ കുത്തിനോവിക്കുമ്പോള്‍, ഊണില്ല, ഉറക്കമില്ല, കുളിയില്ല, നനയില്ല, മിണ്ടാട്ടമില്ല, പുറത്തിറക്കമില്ല എന്ന അവസ്ഥയിലേക്ക് കഥാനായകനും കഥാനായികയും നിപതിക്കും. സങ്കടാവസ്ഥ രണ്ടാഴ്ച കൂടുതലായാല്‍ അതു വിഷാദക്കാറ്റാവും, ബന്ധം തകര്‍ന്ന വേദന, Post-Breakup Depression ആകും.

മരണത്തെ തകര്‍ത്ത് നന്ദിനി
ഈയൊരു സ്റ്റേജിലാണ് ഞാന്‍ നന്ദിനിയെ (പേര് വ്യാജം) പരിചയപ്പെടുന്നത്. ഒന്നിനോടും താത്പര്യമില്ലാതെ സദാസമയവും ജയേഷ് (പേര് വ്യാജം) എന്ന തന്‍റെ കാമുകനെ വിളിച്ചു കരയുന്ന 22 വയസ്സുകാരി പെണ്‍കുട്ടിയെ ജീവിതത്തിന്‍റെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാനാണ് കൊച്ചിയിലുള്ള എന്‍റെ ബിഹേവിയര്‍ സ്റ്റുഡിയോയിലേക്ക് മാതാപിതാക്കളും ഏറ്റവുമടുത്ത സുഹൃത്തുക്കളുമെത്തിച്ചത്. കണ്ണീരടക്കാന്‍ പാടുപെടുന്ന, സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ വിതുമ്പിപ്പോകുന്ന, മനസ്സുനിറയെ സങ്കടം പേറുന്ന, ജീവിതം തകര്‍ന്നുപോയി എന്നു വിശ്വസിച്ച് 'മരിക്കണം' എന്നു മന്ത്രിച്ചുകൊണ്ടേയിരിക്കുന്ന അവളെ ശാന്തതയിലേയ്ക്കെത്തിക്കുക എന്നത് 'ഒരൊന്നൊന്നര' പണിയായിരുന്നു. പല സെഷനുകളിലൂടെ നന്ദിനിയുടെ ചിന്തകളിലും ജീവിതശൈലികളിലും മാറ്റം വരുത്തി ജീവിതത്തിന്‍റെ വസന്തങ്ങളെ തിരികെ പുല്കുവാന്‍ എന്നോടൊപ്പം എന്‍റെ സംഘാംഗങ്ങളായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുമൊക്കെ തങ്ങളുടേതായ സാന്ത്വന സാന്നിദ്ധ്യം നല്കിയപ്പോള്‍ അവള്‍ സ്മാര്‍ട്ടായി. തകര്‍ന്ന പ്രണയം സമ്മാനിച്ച ദുരന്ത സമാനമായ അനുഭവങ്ങളുടെ തടവറയില്‍ നിന്ന് മോചിതയായി.

സങ്കടത്തിന് മറുമരുന്നു തേടുന്നവര്‍
മേല്‍പറഞ്ഞത് ഒരു പെണ്‍കുട്ടിയുടെ അനുഭവമാണെങ്കില്‍ ഇതേപോലെയോ ഇതിലും ശക്തമായോ പ്രണയദുരന്തത്തിന്‍റെ വേദനയില്‍ വിഷാദത്തിന് അടിമപ്പെട്ടുപോയ ഒരുപാട് ആണ്‍കുട്ടികളും യുവാക്കളുമുണ്ട്. 'വെറുത്തുപോയി ഞാനെന്‍റെ ജീവിതം' എന്നു പറഞ്ഞ ഒരു യുവ IT proffesional-നെ ഓര്‍ത്തുപോകുന്നു. താടി നീട്ടിവളര്‍ത്തുന്നവരും, മുടി ചീകിയൊതുക്കാതെ, കുളിക്കാതെ ആള്‍ക്കൂട്ടങ്ങളില്‍നിന്ന് ഒതുങ്ങി ഇരിക്കുന്നവരും, സങ്കടത്തിന് 'മറുമരുന്ന്' തേടി മദ്യക്കുപ്പിക്കുളില്‍ സമാധാനം തിരയുന്നവരും, വിഷാദനൊമ്പരങ്ങള്‍, കഞ്ചാവ് കാറ്റാക്കി പറത്തിയാല്‍ എല്ലാം പമ്പകടക്കും എന്ന മിഥ്യാധാരണയില്‍ അവയ്ക്കൊക്കെ അടിമകളാകുന്നവരും യഥേഷ്ടം.

ആത്മാര്‍ത്ഥ സ്നേഹം പ്രതികാരം ചെയ്യില്ല
'കലിപ്പു ഡാ'… 'ഞെരിപ്പു ഡാ'… മൂഡില്‍ കണ്ണുചുവന്ന്, ഞാഡി ഞരമ്പുകള്‍ വലിഞ്ഞു മുറുക്കി പ്രതികാരാഗ്നിയില്‍ തന്‍റെ പ്രണയക്കോട്ടയില്‍ നിന്നും പുറത്തുചാടിപ്പോയവളോടും അവനോടും പകതീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന 'സുബോധ രഹിത മണ്ടന്‍സ് & മണ്ടീസ്' ആണ് ഏറ്റവും വലിയ ട്രാജഡിയും കോമഡിയും. ട്രാജഡി അവര്‍ കാണിച്ചുകൂട്ടുന്ന പരാക്രമങ്ങളും, വെട്ടും കുത്തും, ഭീഷണിയും, മണ്ണെണ്ണയൊഴിച്ചു കത്തിക്കലും, ഏറ്റവുമൊടുവില്‍ ആത്മഹത്യയുമൊക്കെത്തന്നെ. കോമഡിയും അതുതന്നെ. താന്‍ സ്നേഹിച്ച ഒരാള്‍ പിണങ്ങി അകലുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച ഒരാള്‍ക്ക് എങ്ങനെയാണ് മറ്റേയാളെ ശത്രുവിനെപ്പോലെ കണ്ട് ദ്രോഹിക്കാനാകുക. അത്തരം വിചിത്ര, ക്രൂര പെരുമാറ്റം പുലര്‍ത്തുന്നയാളോടുള്ള ഇഷ്ടം ഒഴിവാക്കി മറ്റേയാള്‍ മുന്നേ ഓടി രക്ഷപ്പെട്ടതാണെന്ന് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എളുപ്പം മനസ്സിലാവും ഒരുവന്‍/ഒരുവള്‍ പ്രതികാരപ്രവര്‍ത്തനങ്ങളുമായി ഇറങ്ങിയാല്‍. ആത്മാര്‍ത്ഥസ്നേഹം പ്രതികാരം ചെയ്യില്ല, മറിച്ച് ക്ഷമിക്കും, പ്രാര്‍ത്ഥനാപൂര്‍വ്വം മറ്റേയാള്‍ക്ക് നന്മനേരും, തളര്‍ന്നുപോയ മനസ്സിനെ പതിയെ പറഞ്ഞു മനസ്സിലാക്കി ജീവിതത്തിലേക്കു തിരികെ വരും.

പ്രണയത്തില്‍ NO ഗ്യാരണ്ടി
പ്രണയിക്കുന്നവര്‍ സ്വയം മനസ്സിലാക്കുകയും തിരുത്തുകയും ചെയ്യേണ്ട കാര്യങ്ങള്‍ അനവധിയാണ്. ഇഷ്ടപ്പെട്ടു എന്നതും, ഒരുപാട് നാള്‍ ഒരുമിച്ച് സ്നേഹിച്ചു നടന്നു എന്നതുകൊണ്ടും ബന്ധങ്ങള്‍ പൊട്ടില്ല, തകരില്ല എന്ന് ഒരു ഗ്യാരണ്ടിയും പറയാനാകില്ല. അതുകൊണ്ടുതന്നെ പ്രണയകാലം 'വിവാഹം കഴിച്ചവരെപ്പോലെ'യും കഴിക്കാന്‍ പോകുന്നവരെപ്പോലെയും കൊണ്ടാടാതിരിക്കുന്നതാണ് നല്ലത്. മറ്റേയാളിന്‍റെ ജീവിതത്തിലേക്ക് കൊടുക്കുന്ന over possessness ഉം, പരസ്പരമുള്ള ദേഷ്യപ്രകടനങ്ങളും, അധികാരം സ്ഥാപിക്കലുകളുമെല്ലാം കാര്യത്തോടടുക്കുമ്പോള്‍ 'scene' ആകും. ലൈംഗിക താത്പര്യങ്ങളുണ്ടെങ്കിലും വിവാഹപൂര്‍വ്വ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെട്ടവര്‍ ബഹുഭൂരിപക്ഷവും വിവാഹത്തിലേയ്ക്കെത്തിയിട്ടില്ല. ഇനി എത്തിയവരില്‍ത്തന്നെ വിവാഹാനന്തര ലൈംഗികജീവിതത്തില്‍ അതൃപ്തികളിലേക്ക് premarital sexual experiences നയിക്കുന്നുണ്ട്. അത്തരം കേസുകള്‍ ആരും പുറത്തു പറയാറില്ല. മനഃശാസ്ത്രരോടല്ലാതെ. ഇനി പ്രണയകാലം സ്വന്തം 'കയ്യിലിരുപ്പുകള്‍' കൊണ്ട് കുളം തോണ്ടുന്നവരും, തന്‍റേതല്ലാത്ത കാരണങ്ങളാല്‍ കുളം തോണ്ടപ്പെട്ടവരും ഒരു സത്യം തിരിച്ചറിഞ്ഞോളൂ. വിവാഹം എന്ന സാമൂഹ്യാധിഷ്ഠിത പരസ്യപ്രഖ്യാപനം വരെ ഏതൊരു വ്യക്തിക്കും തന്‍റെ താല്പര്യങ്ങള്‍ മാറ്റാനും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും പരമാധികാരമുണ്ട്. നമ്മുടെ വ്യക്തിത്വത്തിലെ ഏതോ ചില ഘടകങ്ങള്‍, നിരന്തരം അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കിയിട്ടും, മറ്റേയാള്‍ക്ക് പറ്റാതെ വന്നിട്ടാകാം, കൂടുതല്‍ മെച്ചപ്പെട്ട ബന്ധങ്ങള്‍ വന്നതുകൊണ്ടാകാം, തീരുമാനങ്ങള്‍ എടുക്കാനും, ഉറച്ചുനില്‍ക്കാനുമുള്ള കഴിവില്ലായ്മ കൊണ്ടാകാം, മറ്റു പല കാരണങ്ങള്‍കൊണ്ടുമാകാം, പ്രണയം നഷ്ടമാകുന്നത്.

യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പറ്റണം, പഠിക്കണം
ഏതു കാരണത്താലായാലും ബന്ധം മുറിക്കാന്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ട ആശയവിനിമയങ്ങള്‍ നേരിട്ടും, ഇടനിലക്കാര്‍ വഴിയും ഒക്കെ നല്കുക. സാധിക്കുമെങ്കില്‍ നേരിട്ടുതന്നെ സംസാരിച്ച് കണ്‍ഫ്യൂഷന്‍സ് തീര്‍ക്കുക. ആലോചിക്കാനും തീരുമാനം പുനപരിശോധിക്കാനും കുറച്ച് നാളുകള്‍ സാവകാശം കൊടുക്കുക. എന്നിട്ടുമെന്നിട്ടും ആ ബന്ധം അങ്ങ് 'set' ആകുന്നില്ലെങ്കില്‍ അത് പ്രകൃതിയുടെ ചില ശരികളാണ്. പ്രപഞ്ചം ചേര്‍ക്കേണ്ടതേ ചേര്‍ക്കൂ. സങ്കടത്തോടുകൂടിയാണെങ്കിലും പ്രകൃതി നിയമം അംഗീകരിക്കുക. പ്രണയം തകരുമ്പോള്‍ ചങ്കുതകരുമെങ്കിലും കാലം മുന്നോട്ടു പോയിക്കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍ 'എല്ലാം എന്‍റെയും എന്‍റെ പൂര്‍വ്വസുഹൃത്തിന്‍റെയും നന്മയ്ക്കുവേണ്ടിയായിരുന്നു' എന്ന് മനസ്സിലാകും. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യ ബോധത്തോടെ, പ്രണയം തകര്‍ന്ന സാഹചര്യങ്ങളോടും വ്യക്തിയോടും ക്ഷമിച്ച്, അവര്‍ക്ക് നന്മ വരണമെന്ന് പ്രാര്‍ത്ഥിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയാല്‍ സന്തോഷഭരിതമായ ജീവിതത്തിലേയ്ക്ക് നാമെത്തും. ഈ സന്തോഷം സ്വയം ലഭിക്കുന്നില്ലെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്‍റെ സഹായത്തോടെ അതിലേയ്ക്കെത്തിച്ചേരുക. ഓര്‍ക്കുക, ജീവിതം നിങ്ങളുടേതാണ്. മറ്റൊരാള്‍ക്കുവേണ്ടി ഹോമിക്കേണ്ടതോ കരിച്ചുകളയേണ്ടതോ അല്ല. സംഭവാമിയുഗേയുഗേ.

പ്രണയിക്കുന്നവര്‍ അറിയാന്‍
1) നിങ്ങളുമറിയണം LAW OF 50:50
കണ്ണുമടച്ച് വണ്ടി ഓടിക്കല്ലേ. പ്രണയം തകരാനും തകരാതിരിക്കാനും ഉള്ള ചാന്‍സ് 50:50 ആണ്. മനസ്സുകൊണ്ട് രണ്ടിനും തയ്യാറെടുത്തിരുന്നാല്‍ കണ്ണീര്‍നഷ്ടം കുറയ്ക്കാം. പ്രണയകാലത്ത് പണനഷ്ടവും മാനഹാനിയും കുറയ്ക്കാം.

2) ചാടിയിറങ്ങല്ലേ, കാലുളുക്കും
പ്രണയബന്ധത്തിലേക്ക് കണ്ണുമടച്ച് ചാടിവീഴും മുന്‍പ് യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിക്കുക. മതവും ജാതിയുമൊക്കെ കാര്യത്തോടടുക്കുമ്പോള്‍ 'കലിപ്പാവും.' പിന്നീട് പിന്മാറേണ്ടി വരുമെന്ന് അറിയാവുന്ന സാധ്യതാ കേസുകള്‍ സൗഹൃദത്തിനപ്പുറം പോകാതിരിക്കട്ടെ. അങ്ങനെയെങ്കില്‍ സൗഹൃദമെങ്കിലുമുണ്ടാകും.

Mob:97440 75722
Email: vipinroldantofficial@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org