വി. ലൂഡ്ഗെര്‍ (743809) മെത്രാന്‍

വി. ലൂഡ്ഗെര്‍ (743809) മെത്രാന്‍

സെയിന്‍റ്സ് കോര്‍ണര്‍

ഇന്നു ജര്‍മ്മനിയുടെ ഒരു ഭാഗമായ ഫ്രീസ്ലന്‍റില്‍ 743-ല്‍ ലുഡ്ഗെര്‍ ജനിച്ചു. വി. ബോനിഫസ്സിന്‍റെ ശിഷ്യനായ വി. ഗ്രിഗറിയുടെ ശിക്ഷണത്തിലാണ് ലൂഡ്ഗെര്‍ വളര്‍ന്നുവന്നത്. കുട്ടിയുടെ ആദ്ധ്യാത്മിക പുരോഗതി കണ്ട് വി. ഗ്രിഗറി അവന് ആസ്തപ്പാടു പട്ടം നല്കി. നാലര വര്‍ഷം ഇംഗ്ലണ്ടില്‍ അല്‍കൂയിന്‍റെ കീഴിലും അദ്ധ്യയനം ചെയ്തു. ഭക്ത്യാഭ്യാസങ്ങളിലും വിശുദ്ധ ഗ്രന്ഥ പഠനത്തിലും സഭാ പിതാക്കന്മാരുടെ കൃതികള്‍ പാരായണം ചെയ്യുന്നതിലുമായിരുന്നു യുവാവായ ലുഡ്ഗെറിന്‍റെ ശ്രദ്ധ.
ലുഡ്ഗെര്‍ പിന്നീട് ഇംഗ്ലണ്ടിലേക്കു തിരിച്ചുവന്ന് പൗരോഹിത്യം സ്വീകരിച്ചു. വൈദികനെന്ന നിലയില്‍ അനേകരെ മാനസാന്തരപ്പെടുത്താനും പല ആശ്രമങ്ങള്‍ സ്ഥാപിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അക്കാലത്ത് വിജാതീയരായ സാക്സന്മാര്‍ ഫ്രീസ്ലന്‍റ് പിടിച്ചടക്കുകയും ഫാദര്‍ ലുഡ്ഗെര്‍ ഇറ്റലിയില്‍ മോന്തെക്സീനോ ആശ്രമത്തില്‍ മൂന്നര വര്‍ഷം താമസിക്കുകയും ചെയ്തു. 787-ല്‍ കാര്‍ളമാന്‍ ചക്രവര്‍ത്തി സാക്സന്മാരെ തോല്പിച്ചു. ഉടനെ ലുഡ്ഗെര്‍ തിരിച്ചു വന്ന് തന്‍റെ മിഷനറി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 802-ല്‍ അദ്ദേഹം മുണ്‍സ്റ്റൈറിലെ മെത്രാനായി.
മെത്രാനായ ശേഷവും ഉപവാസവും ജാഗരണവും കുറയാതെ അഭ്യസിച്ചുകൊണ്ടിരുന്നു. രഹസ്യമായി അദ്ദേഹം ധരിച്ചിരുന്ന രോമവസ്ത്രത്തെപ്പറ്റി മരണത്തിനു സ്വല്പം മുമ്പേ പരിചിതര്‍ക്കുപോലും അറിവുണ്ടായിരുന്നുള്ളൂ. വേദപുസ്തകം വ്യാഖ്യാനിക്കുന്നതില്‍ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. ദരിദ്രരോട് സ്നേഹവും ധനികരോട് ദൃഢതയും അദ്ദേഹം പ്രകാശിപ്പിച്ചു വന്നു. തന്‍റെ ആദായമൊക്കെ നശിപ്പിക്കുകയാണെന്നും ദൈവാലയാലങ്കാരങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും കാര്‍ളമാന്‍ ചക്രവര്‍ത്തിയുടെ മുമ്പില്‍ ആരോപണമുണ്ടായി. ഈ ആരോപണത്തിന് സമാധാനം പറയുവാന്‍ ചക്രവര്‍ത്തി ദൂതന്മാരെ അയച്ചു. മറുപടി നല്കാന്‍ സ്വല്പം വൈകി. അതിന്‍റെ കാരണം ചോദിച്ചപ്പോള്‍ ബിഷപ് ലുഡ്ഗെര്‍ മറുപടി പറഞ്ഞു: "ചക്രവര്‍ത്തിയോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ ദൈവം അങ്ങേയ്ക്ക് ഉപരിയാണല്ലോ. ഞാന്‍ ദൈവത്തോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൈവത്തോടുള്ള കടപ്പാട് നിര്‍വ്വഹിച്ചുവേണമല്ലോ അങ്ങയുടെ കാര്യങ്ങളിലേര്‍പ്പെടാന്‍." ഈ മറുപടി ചക്രവര്‍ത്തിയെ അത്യധികം പ്രസാദിപ്പിച്ചു. ചക്രവര്‍ത്തിയുടെ ബഹുമാനാദരങ്ങളോടെ അദ്ദേഹം മടങ്ങി.
പ്രാര്‍ത്ഥനകളുടെയും തിരുക്കര്‍മ്മങ്ങളുടെയും സമയത്ത് പ്രത്യേക ശ്രദ്ധ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രര്‍ത്ഥനാ സമയത്ത് മറ്റു കാര്യങ്ങളില്‍ തലയിടുന്ന വൈദികരെ അദ്ദേഹം ശാസിക്കുമായിരുന്നു. ഓശാന ഞായറാഴ്ച പാതിരാത്രിക്കാണ് ബിഷപ്പു മരിച്ചത്. അന്നു രാവിലെയും കൂടി അദ്ദേഹം പ്രസംഗിക്കുകയും 9 മണിക്ക് ദിവ്യബലി സമര്‍പ്പിക്കുകയുമുണ്ടായി. മരണസമയം അദ്ദേഹം മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്.
വിചിന്തനം: "വി. കുര്‍ബാന സ്ഥാപിച്ചിരിക്കുന്ന ദേവാലയങ്ങള്‍ എത്ര അച്ചടക്കത്തോടെ നാം സൂക്ഷിക്കേണ്ടതാണ്. സക്രാരിയുടെ മുമ്പില്‍ അനാദരമായി സംസാരിക്കുന്നതും വ്യാപരിക്കുന്നതും എത്ര വലിയ ഉതപ്പാണ്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org