മലയാളിക്കും വേണ്ട, മാതാപിതാക്കള്‍

മലയാളിക്കും വേണ്ട, മാതാപിതാക്കള്‍

സണ്ണി ചെറിയാന്‍

ജീപ്പുകാരനു പെട്ടെന്നു നിര്‍ത്തേണ്ടി വന്നു; നിരത്തില്‍ കന്നുകാലികള്‍. ഡ്രൈവര്‍ ശകാരിക്കുന്നുണ്ട്. രണ്ടു ചെറുക്കന്മാര്‍ ചാട്ട വീശിയടിച്ച് അവയെ ഓരത്തേയ്ക്ക് ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നു. എല്ലുന്തിയ ശരീരങ്ങളില്‍ ചാട്ടവാര്‍ പുളഞ്ഞു. ചായം തേച്ച പാടുള്ള കൊമ്പുകള്‍.

"എവടയ്ക്കാ ഇക്കണ്ട എണ്ണത്തിനെ കൊണ്ടാവ്ണ്?"

"അറക്കാന്‍!"

"ഹ്?"

"അറക്കാന്‍… വയസ്സായി പണിയെടുക്കാന്‍ വയ്യാന്നാവുമ്പോള്‍ അറക്കാന്‍ കൊടുക്കും" – എം.ടി.യുടെ വാനപ്രസ്ഥത്തില്‍നിന്ന്.

രാമേശ്വരത്തെ അഗ്നിതീര്‍ത്ഥത്തില്‍ വച്ചാണു നാളുകള്‍ക്കുമുമ്പ് ആ മനുഷ്യനെ കണ്ടുമുട്ടിയത്. ആരും നോക്കുന്ന മുഖം. വെള്ള മേഘച്ചാര്‍ത്തുപോലെ പിന്നോക്കമൊഴുകി തോളറ്റം തഴുകുന്ന നേര്‍മുടിക്കെട്ടും. സുതാര്യമായ കോടമഞ്ഞിന്‍ ചുരുളൊത്ത താടിമീശയുള്ള മുഖം ഏതോ ജാതകകഥയുടെ ശാന്തിമന്ത്രം ഓതുന്നതായി തോന്നി.

പരിചയപ്പെട്ടപ്പോള്‍ പറഞ്ഞു, "ക്ഷേത്രദര്‍ശനത്തിനായി മകന്‍റെയും കുടുംബത്തിന്‍റെയും കൂടെ എത്തിയതാണ്. തിര്യേ പോയപ്പോള്‍ അവര്‍ കൂട്ടിയില്ല. എല്ലാം ഭഗവാന്‍റെ ലീലാവിലാസങ്ങള്‍…"

അയാള്‍ ചിരിച്ചു. കണ്ണുനീരിന്‍റെ നനവുള്ള ചിരി. എത്ര കണ്ടു ശ്രമിച്ചിട്ടും അയാള്‍ പേരോ സ്ഥലമോ പറഞ്ഞില്ല. "മകന് അതൊരു സങ്കടമായാലോ…?" – ആ വൃദ്ധന്‍ വീണ്ടും എന്നെ കരയിപ്പിച്ചുകളഞ്ഞു.

സ്നേഹത്തിന്‍റെ ചുവരുകളും കരുതലിന്‍റെ വാതിലുകളും വേണ്ട പ്രായത്തില്‍, ഒരിക്കല്‍ യൗവ്വനവേഗത്തിന്‍റെ കുതിപ്പും ഓജസ്സുമായി ഓടി നടന്ന ഒരാള്‍… അഴുക്കും കരിയും പടര്‍ന്ന കാവിമുണ്ടും ധരിച്ചു ക്ഷേത്രനഗരിയുടെ ധൃതികളിലേക്കു നടന്നകന്നു. കുറേനാള്‍ കഴിയുമ്പോള്‍ രാമേശ്വരത്തെ സമുദ്രത്തില്‍ ചാരമായി ഒഴുകിനടക്കാന്‍ വിധിക്കപ്പെട്ട ജന്മം…

പ്രശസ്തയായ ഹോളിവുഡ് നടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മകനെക്കുറിച്ച് ഒരു നിമിഷം ഞാനോര്‍ത്തു. 'പക്കീസ, റസിയ സുല്‍ത്താന തുടങ്ങിയ നൂറോളം സിനിമികളിലൂടെ ബോളിവുഡിനു പ്രിയങ്കരിയായിരുന്ന നടി ഗീത കപൂറിനെയാണു മുംബൈയിലെ എസ്.ആര്‍.വി. ആശുപത്രിയില്‍ ഉപേക്ഷിച്ചു മകന്‍ കടന്നുകളഞ്ഞത്. എ.ടി.എമ്മില്‍നിന്നു പണമെടുക്കാനാണെന്നു പറഞ്ഞു കടന്നുകളഞ്ഞ അയാള്‍ പിന്നീടു മടങ്ങി വന്നില്ല. വൃദ്ധസദനത്തില്‍ കഴിയുമ്പോഴും തന്‍റെ പ്രിയപ്പെട്ട മകന്‍ കൂട്ടിക്കൊണ്ടുപോകുമെന്ന വൃഥാ വിശ്വാസത്തിലായിരുന്നു ഗീത കപൂര്‍. എയര്‍ഹോസറ്റസ് ആയ മകളും തിരിഞ്ഞുനോക്കിയില്ല.

ജുഹുവിലെ കൂപ്പര്‍ ആശുപത്രി മോര്‍ച്ചറിയില്‍ മക്കളെ കാത്തു മൃതദേഹം സൂക്ഷിക്കുകയും പിന്നീടു സംസ്കരിക്കുകയും ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്ര നഗരിയിലും മറ്റു തീര്‍ത്ഥാടന ക്ഷേത്രങ്ങളിലും മക്കള്‍ ഇറക്കിവിട്ട നിരവധി മാതാപിതാക്കളെ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. സ്വത്തെല്ലാം കൈവശപ്പെടുത്തി ഇറക്കിവിട്ട മക്കള്‍ക്കെതിരെ കേസ് കൊടുത്താല്‍ അവരുടെ മാനം പോകുമെന്നു കരുതുന്ന പാവം വൃദ്ധജനങ്ങള്‍!

ക്ഷേത്രനഗരികള്‍ക്കു പുറമേ മക്കള്‍ക്കു വേണ്ടാത്ത മാതാപിതാക്കള്‍ വൃദ്ധസദനങ്ങളിലും എത്തുന്നു. അഞ്ചു വര്‍ഷം മുമ്പു 15000 വൃദ്ധജനങ്ങള്‍ വൃദ്ധമന്ദിരങ്ങളില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് എണ്ണം ഇരട്ടിയായി. പ്ലേ സ്കൂളുകള്‍പോലെ വൃദ്ധസദനങ്ങളും മലയാളി ജീവിതത്തിന്‍റെ ഭാഗമായി മാറുന്ന കാലം വിദൂരമല്ല.

എന്നാല്‍ മദ്ധ്യവയസ്കരായ മാതാപിതാക്കള്‍ക്കു കേരളത്തിലും പുറത്തും ഡിമാന്‍ഡുണ്ട്. മക്കളുടെ കുട്ടികളെ പരിചരിക്കാന്‍ ചിരപരിചിത ഇടങ്ങള്‍ വിട്ട് ഒറ്റമുറി ഫ്ളാറ്റുകളിലേക്ക് അവരുടെ ജീവിതം പറിച്ചെറിയപ്പെടുന്നു.

നാട്ടിന്‍പുറത്തെ ചായക്കടകളിലും കള്ളുഷാപ്പിന്‍റെ മുഷിഞ്ഞ ബെഞ്ചിലും കലുങ്കിലും കവലകളിലും സമപ്രായക്കാരോടു കുശലം പറഞ്ഞിരുന്ന അപ്പച്ചന്മാരും തൊടിയിലും തോട്ടത്തിലും സദാ പണിയെടുത്തിരുന്ന അമ്മച്ചിമാരും നാടുകടത്തപ്പെടുന്നതോടെ പലപ്പോഴും ഒറ്റപ്പെടുന്നു. മാറുന്ന ശീലങ്ങള്‍ക്കൊപ്പം മാറാന്‍ പറ്റാതാകുന്നതോടെ പലരും രോഗികളാകുന്നു.

വെയില്‍മായുന്ന ജീവിതവേളയുടെ 'വാനപ്രസ്ഥത്തില്‍' വൃദ്ധമന്ദിരങ്ങളിലെ, ഫ്ളാറ്റുകളിലെ നരച്ച ഭിത്തികള്‍ക്കുള്ളില്‍ അവര്‍ തടവുപുള്ളികളാകുന്നു.

"വയസ്സായവര്‍ക്ക് എവിടെയും കഷ്ടം" എന്ന് എം.ടി. എഴുതിയത് എത്രയോ പ്രസക്തം. ജരാനര ബാധിച്ചാല്‍ നാം എങ്ങനെയായിരിക്കും എന്നു ഫെയ്സ് ആപ്പിലൂടെ കണ്ടെത്തുമ്പോള്‍ ജീവിതസന്ധ്യയില്‍ എത്തിയവര്‍ക്കു ശാന്തിയും സുരക്ഷയും നല്കുന്നതാണ് ഏറ്റവും വലിയ കടംവീട്ടലെന്നു സ്മരിക്കുക. അശരണരായ വയോജനങ്ങളെ ചേര്‍ത്തുപിടിക്കേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

ജീവിതത്തിന്‍റെ ആകുലതയും ആര്‍ദ്രതയും കണ്ണുനീരും ദൈന്യതയും ആവോളം കോരിക്കുടിച്ചവര്‍ക്കു തുണയാകേണ്ട ബാദ്ധ്യത സമൂഹത്തിനുണ്ട്.

പ്രായോഗിക അറിവിന്‍റെ പേശീബലമുള്ളവര്‍ റിട്ടേയര്‍ഡായാലും ടയേഡ് ആകാന്‍ അനുവദിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org