സ്വയം അംഗീകരിക്കുക

സ്വയം അംഗീകരിക്കുക

ഹെലന്‍റെ കുട്ടിക്കാലം സാധാരണപോലെയായിരുന്നു. ഒന്നരവയസ്സുള്ളപ്പോള്‍ മസ്തിഷ്കജ്വരം ബാധിച്ച് ഹെലന്‍ കിടപ്പിലായി. നീണ്ട ചികിത്സയ്ക്കുശേഷം രോഗം ഭേദമായപ്പോഴേയ്ക്കും കാഴ്ചയുടെയും കേള്‍വിയുടെയും ലോകത്തുനിന്നു ഹെലന്‍ അകന്നു കഴിഞ്ഞിരുന്നു. കാഴ്ചയും കേള്‍വിയും ഒരിക്കലും തിരിച്ചു കിട്ടില്ലയെന്ന് അറിഞ്ഞിട്ടും ഹെലനെ പഠിപ്പിക്കുവാനുള്ള സാധ്യതകള്‍ അമ്മ അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ആനി സള്ളിവനുമായി പരിചയത്തിലാകുന്നതും ലോകചരിത്രത്തിലെ മഹത്തായ ഗുരുശിഷ്യബന്ധങ്ങളിലൊന്ന് പിറവികൊള്ളുകയും ചെയ്യുന്നത്. ഹെലനെ വിരലുകള്‍കൊണ്ട് അക്ഷരങ്ങള്‍ പഠിപ്പിക്കുകയായിരുന്നു ആനി തുടക്കത്തില്‍ ചെയ്തത്. ആനി കൈകളില്‍ വരച്ചുതന്ന അക്ഷരങ്ങള്‍ ചേരുമ്പോള്‍ വാക്കുകളുണ്ടാകുമെന്നും അവയ്ക്ക് അതിവിപുലമായ അര്‍ത്ഥമുണ്ടെന്നും ഹെലന്‍ കെല്ലര്‍ തിരിച്ചറിഞ്ഞു. ഹെലന്‍റെ ഒരു കൈയിലേക്ക് വെള്ളം ഒഴിച്ചുകൊണ്ട് മറുകൈയില്‍ water എന്ന് ആനി എഴുതിക്കൊടുത്തു. അങ്ങനെ ജലമെന്ന വാക്കിനെ ഹെലന്‍ അനുഭവിച്ചറിഞ്ഞു. അങ്ങനെ തൊട്ടതിനെയൊക്കെ അറിയാന്‍ ഹെലന്‍ ആഗ്രഹിച്ചു. ബ്രെയ്ലി ലിപിയിലും സാധാരണ ടൈപ്പ് റൈറ്ററിലും ഹെലന്‍ എഴുതാന്‍ പഠിച്ചു. ജീവിതത്തോടുള്ള ഹെലന്‍റെ അഭിവാഞ്ഛ അവളെ പ്രശസ്തയാക്കിക്കൊണ്ടിരുന്നു.
'ദി ഫ്രോസ്റ്റ് കിങ്' എന്ന തന്‍റെ ആദ്യകഥ പ്രസിദ്ധീകരിക്കപ്പെട്ടു. പഠിക്കുകയെന്ന അടങ്ങാത്ത ആഗ്രഹവുമായി ഹെലന്‍ പെണ്‍കുട്ടികള്‍ക്കായുള്ള കേംബ്രിഡ്ജ് സ്കൂളില്‍ ചേര്‍ന്നു. പിന്നീട് റാഡ്ക്ലിഫ് കോളേജില്‍ നിന്ന് ഉന്നത ബിരുദം നേടുന്ന ആദ്യത്തെ അന്ധ-ബധിര വിദ്യാര്‍ത്ഥിയായിത്തീര്‍ന്നു ഹെലന്‍ കെല്ലര്‍. വിഖ്യാതമായി മാറിയ ഹെലന്‍ കെല്ലറുടെ ആത്മകഥ 'ദ സ്റ്റോറി ഓഫ് മൈ ലൈഫ്' 1903-ല്‍ പുറത്തിറങ്ങി.
'ഞാന്‍ ജീവിച്ചലോകം' എഴുതിയതോടെ 22-ാം വയസ്സില്‍ത്തന്നെ ഹെലന്‍ കെല്ലര്‍ അമേരിക്കയില്‍ പ്രശസ്തയായിക്കഴിഞ്ഞിരുന്നു. അന്ധര്‍ക്കായുള്ള അമേരിക്കന്‍ ഫൗണ്ടേഷന്‍റെ ധനശേഖരണാര്‍ത്ഥം ലോകം മുഴുവന്‍ സഞ്ചരിച്ചു. അങ്ങനെ ഇന്ത്യയിലുമെത്തി. പ്രധാനമന്ത്രി നെഹ്രുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ ഹെലന്‍റെ അമ്മ മരിച്ചു. ആശ്രയമായിരുന്ന ആനി രോഗക്കിടക്കയിലായി. ഏതാനും വിര്‍ഷങ്ങള്‍ക്കു ശേഷം ആനി മരിച്ചു. 1953-ല്‍ ഹെലന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ദി അണ്‍കോണ്‍ക്വേഡ്' എന്ന ഡോക്യുമെന്‍ററിക്ക് മികച്ച ഡോക്യുമെന്‍ററിക്കുള്ള ഒസ്കാര്‍ അവാര്‍ഡ് കിട്ടി. ഹെലന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകളും പുറത്തിറങ്ങി. എഴുത്തിലൂടെയും താന്‍ നടത്തിയ യാത്രകളിലൂടെയും തന്‍റെ പ്രകാശമാനമായ ജീവിതം ഹെലന്‍ ലോകത്തിനു വരച്ചുകാട്ടി. 1964-ല്‍ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്കി അമേരിക്ക ഹെലനെ ആദരിച്ചു. 1968 ജൂണ്‍ ഒന്നിന് ഹെലന്‍ ജീവിതത്തോടു വിടപറഞ്ഞു. വൈകല്യം ജീവിതത്തിന്‍റെ അവസാനമല്ല എന്നു ലോകത്തിനു തെളിയിച്ചുകൊടുത്ത മഹാവ്യക്തിത്വമാണ് ഹെലന്‍ കെല്ലറുടേത്.
ഞാന്‍ എന്നെത്തന്നെ അംഗീകരിക്കുകയും ഞാന്‍ എന്തായിരിക്കുന്നുവോ അതിനെ വിലമതിക്കുകയും ചെയ്യുന്നതാണ് സ്വയാദരവ്. ഹെലന്‍ കെല്ലര്‍ ബധിരയും അന്ധയുമായിരുന്നിട്ടും തന്‍റെ വൈകല്യം ഒരു ശാപമായിക്കരുതുകയോ നിരാശയില്‍ കഴിയുകയോ ചെയ്തില്ല. തന്‍റെ ശാരീരിക വൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് ലോകചരിത്രത്തിലെ മഹത് വ്യക്തികളിലൊരാളായിത്തീര്‍ന്നു.
ഇന്ന് പലരും തങ്ങളുടെ ശരീര വലിപ്പത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും നിറത്തെക്കുറിച്ചുമൊക്കെ വളരെ ആകുലരാണ്. അതിനുവേണ്ടി ധാരാളം പണവും സമയവും ചെലവഴിക്കുന്നു. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് തന്നെത്തന്നെ കാണുന്നതുകൊണ്ടും തന്നെ പരിപൂര്‍ണ്ണമായും അംഗീകരിക്കാത്തതുകൊണ്ടുമാണിത്. ഞാന്‍ എന്നെ മറ്റാരുമായും താരതമ്യം ചെയ്തു കാണരുത്. ഞാന്‍ ഞാനാണ്; എന്നെ ഞാനായിരിക്കുന്ന രീതിയില്‍ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യാന്‍ പഠിക്കണം. അപ്പോള്‍ മാത്രമാണ് എന്‍റെ തന്നെ ഉള്‍ശക്തിയെക്കുറിച്ച് അറിയാനും ജീവിതവിജയത്തിന് ലക്ഷ്യബോധത്തോടുകൂടി ശ്രമിക്കുന്നതിനും എനിക്കാവുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org