സിനഗോഗുകളുടെ പ്രസക്തി

സിനഗോഗുകളുടെ പ്രസക്തി

യേശു മതകേന്ദ്രമായ ജറുസലേമിലേക്ക് വരുന്നതും സിനഗോഗുകളില്‍ പഠിപ്പിക്കുന്നതും സുവിശേഷങ്ങളിലുണ്ട് (മര്‍ക്കോ. 1:39; 21, 3:1). യഹൂദ മതജീവിതത്തിന്‍റെ സിരാകേന്ദ്രം സിനഗോഗുകളാണ്. യേശുവിന്‍റെ കാലത്തെ ജറുസലേം മഹാദേവാലയം ഹേറോദ് രാജാവ് പണികഴിപ്പിച്ചതായിരുന്നു. ഇതിനെക്കുറിച്ച് മര്‍ക്കോസ് വിശദമായി വിവരിക്കുന്നുണ്ട് (13:1-2). ഹേറോദ് ഇതിന്‍റെ പണി ആരംഭിക്കുന്നത് ബി.സി. 19-ലാണ്. പ്രധാന ഭാഗങ്ങള്‍ ബി.സി. 9-ല്‍ പൂര്‍ത്തിയായി എങ്കിലും എ.ഡി. 64 വരെ ഇതിന്‍റെ പണികള്‍ തുടര്‍ന്നു കൊണ്ടിരുന്നു.
സിനഗോഗുകളായിരുന്നു മതജീവിതത്തിന്‍റെ കേന്ദ്രം. പുരോഹിതന്മാര്‍ക്കായിരുന്നു സിനഗോഗുകളില്‍ ആധിപത്യം. 24 ഗണമായി തിരിക്കപ്പെട്ട് അവര്‍ ഓരോ ആഴ്ചയും മാറി മാറി ദേവാലയ ശുശ്രൂഷകള്‍ നടത്തിയിരുന്നു (ലൂക്കാ 1:9). യേശുവിന്‍റെ കാലത്തെ പ്രധാന പുരോഹിതര്‍ കയ്യഫാസും അന്നാസുമായിരുന്നു. യഹൂദന്മാര്‍ ഒത്തു കൂടുന്ന സിനഗോഗുകളില്‍ തോറ വായനക്കായിരുന്നു പ്രാമുഖ്യം. തോറ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവര്‍ "മോശയുടെ സിംഹാസന"ത്തിലാണ് ഇരിക്കുന്നത്.
യേശുവിന്‍റെ കാലത്തെ ഏറ്റവും അധികാരമുള്ള മതനേതൃത്വം സെന്‍ഹെദ്രിന്‍ ആയിരുന്നു. പ്രധാന പുരോഹിതനടക്കമുള്ള എഴുപത് പേരുടെ സംഘമായിരുന്നു ഇത്. ഇതില്‍ മൂന്നു തരം അംഗങ്ങളുണ്ട്. പ്രധാന പുരോഹിതര്‍. മൂപ്പന്മാര്‍, നിയമജ്ഞര്‍. സെന്‍ഹെദ്രിന്‍ സംഘമാണ് യേശുവിനെ കുരിശിലേറ്റാന്‍ വിധിക്കുന്നത്.
തോറ പഠനത്തിനും വ്യാഖ്യാനത്തിനുമായി ജീവിതം അര്‍പ്പിച്ചവരാണ് നിയമജ്ഞര്‍. ഇവരെ റബ്ബിമാരെന്ന് വിളിച്ചിരുന്നു. ഇവരെ ധിക്കരിച്ചാണ് യേശു സിനഗോഗുകളില്‍ വേദം പഠിപ്പിക്കുകയും ശിഷ്യരെ വിളിച്ചുകൂട്ടുകയും കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ചെയ്തത്. നിയമജ്ഞര്‍ യേശുവിനെ വൈരാഗ്യത്തോടെ വീക്ഷിച്ചിരുന്നത് ഈ സംഘടനാപാടവം മൂലമാണ്.
സാബത്ത് ദിനത്തില്‍ ഒരു സിനഗോഗില്‍ വച്ച് യേശു രോഗിയായ സ്ത്രീയെ സുഖപ്പെടുത്തുന്നുണ്ട്. സിനഗോഗിലെ പ്രധാന പുരോഹിതന്‍ ഇതിനെതിരെ യേശുവിനോട് പരസ്യമായി തര്‍ക്കിക്കുകയും യേശു ജയിക്കുകയും ചെയ്യുന്നു (ലൂക്കാ 13:11-17).
ആദ്യകാലത്ത് സ്ത്രീകളും തോറ വായനയില്‍ പങ്കെടുത്തിരുന്നു. കുട്ടികള്‍ക്ക് അഞ്ചു വയസ്സാകുമ്പോള്‍ തോറ അഭ്യസനം തുടങ്ങുമായിരുന്നു. ക്രിസ്തുവിന്‍റെ കാലത്തു സിനഗോഗുകളോടനുബന്ധിച്ചു തന്നെ പാഠശാലകള്‍ ഉണ്ടായിരുന്നു. സാബത്ത് ദിനത്തില്‍ പോലും ഇവിടെ പഠനമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ വീട്ടിലിരുന്നാണ് തോറ പഠനം നടത്തിയിരുന്നത്. അവരെ പരിശീലിപ്പിച്ചിരുന്നത് മാതാപിതാക്കളായിരുന്നു.
മതവിഭാഗങ്ങളില്‍ സദ്ദുക്കായരും ഫരിസേയരും ഉള്‍പ്പെട്ടിരുന്നു. പുരോഹിത വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് സദ്ദുക്കായര്‍. തോറ മാത്രമേ ഇവര്‍ അംഗീകരിച്ചിരുന്നുള്ളൂ. ഇവര്‍ മരണാനന്തര ജീവിതത്തിലോ ഉത്ഥാനത്തിലോ വിശ്വസിച്ചിരുന്നില്ല. ഫരിസേയര്‍ എന്ന ഗണം തോറയോടൊപ്പം പാരമ്പര്യത്തിനും പ്രാധാന്യം കൊടുത്തിരുന്നു. രണ്ടും ഒരുപോലെ ആധികാരികമാണെന്ന് പുരോഗമനവാദികളായ അവര്‍ വിശ്വസിച്ചിരുന്നു. യേശു ഫരിസേയരെ വിമര്‍ശിക്കുന്നുണ്ട്. മനുഷ്യപാരമ്പര്യങ്ങള്‍ പാലിക്കാന്‍ ദൈവപ്രമാണങ്ങള്‍ ലംഘിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നുണ്ട് (മര്‍ക്കോ 7:8). ഇതു കൂടാതെ ഹേറോദേസ് പക്ഷക്കാരും എസ്സീന്‍കാരും ഗണത്തിലുണ്ടായിരുന്നു. എസ്സീന്‍കാര്‍ താപസന്മാരും ഖുംമ്റാന്‍ ഗുഹകളില്‍ പഠനത്തില്‍ ഏര്‍പ്പെട്ടിരുന്നവരുമായിരുന്നു. തോറയിലെ പല ഭാഗങ്ങളും ഇവര്‍ എഴുതിച്ചേര്‍ത്തതാണ്. സ്നാപക യോഹന്നാന്‍ എസ്സീന്‍ ഗണത്തിലാണ് ഉള്‍പ്പെട്ടിരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org