തള്ളിപ്പറഞ്ഞവനും തള്ളിവീഴ്ത്തപ്പെട്ടവനും

തള്ളിപ്പറഞ്ഞവനും തള്ളിവീഴ്ത്തപ്പെട്ടവനും

ഗുരുവായിരുന്നു അവനെനിക്കും കൂടെ നടന്നവര്‍ക്കും. ഒരുപാട് കാതങ്ങള്‍ കണ്ണിമയ്ക്കാതെ താണ്ടിയിട്ടുണ്ട്. ഒരുപാട് സംശയങ്ങള്‍ ദുരീകരിച്ചിട്ടുണ്ട്. ഒരുപാട് ധൈര്യം തന്നിട്ടുണ്ട്. എന്നിട്ടും കൂട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ ഉറയിലെ വാളിന്റെ ധൈര്യം പോലും എന്റെ മനസ്സിനില്ലാതെ പോയി. ചിതറി ഓടിയവരില്‍ ഞാനും മുമ്പിലെത്തി. ദൂരെയാണെപ്പോഴും അവനില്‍ നിന്നും അവന്റെ വിളിപ്പാടില്‍ നിന്നും. അവന്റെ പ്രതീക്ഷയ്‌ക്കൊത്തുയരാത്ത എന്റെ പരാജയത്തെ മറച്ചുപിടിക്കാന്‍ പുറങ്കുപ്പായങ്ങളേറെയാണെനിയ്ക്ക്.

അവനില്‍ നിന്നും ഓടിമറഞ്ഞതിനെനിയ്ക്ക് പരിഹാരം ചെയ്യണം. അയാള്‍ തീര്‍പ്പുകല്‍പ്പിച്ച് ചാടി എണീറ്റു. കാണാമറയത്ത് അയാള്‍ പ്രിയ ഗുരുവിനെ അനുധാവനം ചെയ്തു. മറച്ചുപിടിച്ച മുഖത്തോടെ ഗുരുവിന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ അയാളാഗ്രഹിച്ചു.

എന്തൊരു തണുപ്പ്… കഴിഞ്ഞ രാത്രികളൊന്നും തണുപ്പിനെ ഇത്രയും അസഹനീയമാക്കിയിട്ടില്ല. അല്‍പം തീ കായണം. മനസ്സില്‍ ഭയപ്പാടോടെ ബന്ധിക്കപ്പെട്ട ഗുരുവിനെ കാണാവുന്ന വിധത്തില്‍ അയാള്‍ തീ കാഞ്ഞുകൊണ്ടിരുന്നു. ചുറ്റുമുള്ളവരുടെയെല്ലാം നോട്ടം വേദനയാകുന്നു, നിശബ്ദനായ ഗുരുവിന്റെ നോട്ടം നോവായി നെഞ്ചിലെരിയുന്നു. എന്തുമാത്രം കള്ളങ്ങളാണ് ഈ ക്രൂരന്മാര്‍ കുടിപകയോടെ പുലമ്പുന്നത്! ഗുരുവിനുവേണ്ടി ശബ്ദിക്കാനാരുമില്ലേ?

"നീയും അവന്റെ കൂടെയായിരുന്നില്ലേ?" പൊടുന്നനേ ഒരു സ്ത്രീയുടെ ശബ്ദം അയാളുടെ ചിന്തകളെ ചിതറിച്ചു. ശബ്ദങ്ങള്‍ ശക്തമായപ്പോള്‍ മനസ്സിനെ ആശ്വസിപ്പിച്ചു വാക്കുകളിലൂടെ അയാള്‍ ഗുരുവിനെ തള്ളിപ്പറഞ്ഞു: "ആ മനുഷ്യനെ ഞാനറിയുന്നില്ല."

കോഴികൂവല്‍ തീപ്പൊരിയായി അയാളുടെ ഉള്ളുരുക്കി…. ഇത് പത്രോസ്

യേശുവിനുവേണ്ടി എന്തിനാണിയാള്‍ ഇത്രയ്ക്കും വേദന തിന്നുന്നത്! അവനെ തള്ളിപ്പറഞ്ഞ് സ്വന്തം ജീവന്‍ രക്ഷിച്ചുകൂടെ. അല്ല. ഇയാള്‍ക്കിതുതന്നെ വരണം. യേശുവിനെ ദൈവമാക്കിയവനല്ലേ! ഇത്തരക്കാരെ ഇല്ലാതാക്കുന്നത് പുണ്യപ്രവൃത്തിയാണ്. ഈ വസ്ത്രങ്ങളെന്റെ ഒടുങ്ങാത്ത ഓര്‍മ്മകളാകട്ടെ…

സ്‌തേഫാനോസിന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കയ്യില്‍ കരുതി തീഷ്ണമതിയായ യഹൂദനായ അവന്‍ യാത്ര തിരിച്ചു. സിനഗോഗുകള്‍ തോറും കയറി ഇറങ്ങി പ്രഹരത്തിന്റെയും പ്രകമ്പനത്തിന്റെയും മാറ്റൊലികള്‍ തീര്‍ത്ത് ക്രിസ്തുമതവിശ്വാസികളെ ഇല്ലായ്മ ചെയ്യാന്‍ തുടങ്ങി.

ദമാസ്‌ക്കസിലേയ്ക്കുള്ള യാത്രയിലാണ് നിനച്ചിരിയ്ക്കാത്ത നേരത്താണ് അവന്റെ ജീവിതം മാറ്റിമറിക്കപ്പെട്ടത്. ഗര്‍വ്വോടും അതിരുകവിഞ്ഞ ആത്മാഭിമാനത്തോടും കൂടെ കുതിരപ്പുറത്തേറിവന്ന അവന്റെ മേല്‍ ആകാശം പിളര്‍ന്ന് ഒരു മിന്നലൊളി പതിച്ചു. അവന്‍ തള്ളിവീഴ്ത്തപ്പെട്ടു…

"സാവൂള്‍ സാവൂള്‍ നീ എന്തിനെന്നെ പീഡിപ്പിക്കുന്നു?" പ്രശോഭിതമായ പ്രശാന്ത ദൈവീക സ്വരം വീണുകിടന്ന അവന്റെ കാതുകളില്‍ വന്നു പതിച്ചു.

ഭയത്തോടെ അതുവരെ ഇല്ലാതിരുന്ന ആദരവോടെ അവന്‍ ചോദിച്ചു: "കര്‍ത്താവേ അങ്ങ് ആരാണ്?"

ദിഗന്തങ്ങള്‍ മുഴങ്ങി കേട്ട മറുപടി: "നീ പീഡിപ്പിക്കുന്ന നസറായനായ യേശുവാണ് ഞാന്‍."

അവന്‍ എഴുന്നേറ്റു. കാത്തിരിയ്ക്കാതെ യേശുനാമം വിളിച്ചപേക്ഷിച്ച് പാപം കഴുകികളഞ്ഞു. വിജാതീയരുടെ മനസുകളില്‍ ക്രിസ്തുവിനു പ്രിയപ്പെട്ട അപ്പസ്‌തോലനായി ജന്മമെടുത്തു… ഇത് പൗലോസ്.

തിരിവെട്ടം: തള്ളിപ്പറഞ്ഞവന്റെയും തള്ളിവീഴ്ത്തപ്പെട്ടവന്റെയും ജീവിതമാതൃക നമ്മെ സഹായിക്കട്ടെ….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org