മണ്ണില്‍ വിളഞ്ഞ കനവ്

മണ്ണില്‍ വിളഞ്ഞ കനവ്

തയ്യാറാക്കിയത്: സ്മിതാ കെ സെബാസ്റ്റിയന്‍

സ്മിതാ കെ സെബാസ്റ്റിയന്‍
സ്മിതാ കെ സെബാസ്റ്റിയന്‍

മനസ്സില്‍ മുളപൊട്ടിയ സ്വപ്നങ്ങള്‍ മണ്ണില്‍ നട്ട്, നൂറുമേനി വിളവിന്റെ സമൃദ്ധി സ്വന്തമാക്കിയിരിക്കുകയാണ് തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ റിയ ജോസ്. പച്ചപ്പും പ്രകൃതി സൗന്ദര്യവും എല്ലാവരേയും മോഹിപ്പിക്കു മെങ്കിലും കയ്യില്‍ പുരളുന്ന മണ്ണ് അഴുക്കായി കാണുന്ന ഇക്കാലത്ത്, കൃഷി ചെയ്യണമെന്ന സ്വപ്നം സ്വന്തം വീട്ടുമുറ്റത്ത് നടപ്പിലാക്കിയിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥിനി. വീടിനോട് ചേര്‍ന്നുള്ള ആറു സെന്റു സ്ഥലവും ടെറസ്സുമാണ് കൃഷിക്കായി മാറ്റി വച്ചത്.
എല്ലാക്കാലത്തും അനുയോജ്യമായ വ്യത്യസ്ത തരം പച്ചക്കറികളാണ് നട്ടു വളര്‍ത്തിയത്. മണ്ണൊരുക്കല്‍ മുതല്‍ എല്ലാ കാര്യവും റിയയുടെ മേല്‍നോട്ടത്തിലായിരുന്നു. മഴ മറയും പ്രത്യേകമായ ജലസേചന സൗകര്യവും ഉപയോഗപ്പെടുത്തി. ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കാനായി തിരിനനയാണ് തെരഞ്ഞെടുത്തത്. കൃഷിയോടുള്ള താത്പര്യവും ഓണ്‍ലൈന്‍ പഠനത്തോടൊപ്പം ലഭിച്ച അധിക സമയവും മുതല്‍ക്കൂട്ടായി, ഫലമോ അടുക്കളയിലും അയല്‍ വീടുകളിലും ജൈവഗുണം നിറഞ്ഞ പച്ചക്കറികള്‍.
മാര്‍ക്കറ്റില്‍ നിന്നും വില കൊടുത്തു വാങ്ങുന്ന പച്ചക്കറികള്‍ എന്തുകൊണ്ടു വീട്ടില്‍ കൃഷി ചെയ്തു കൂടാ, എന്ന ചിന്തയില്‍ നിന്നാണ് വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ആശയം റിയയുടെ മനസ്സിലുദിച്ചത്. അതിനു വേണ്ടി വീട്ടില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന പച്ചക്കറികളെക്കുറിച്ച് വിശദമായി പഠിക്കുകയും അങ്ങനെ ലഭിച്ച അറിവ് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. അഞ്ചു വര്‍ഷത്തെ അദ്ധ്വാനമാണ് വീട്ടിലാകെ വിളഞ്ഞു നില്‍ക്കുന്നത്. പച്ചക്കറികള്‍ മാത്രമല്ല, പഴവര്‍ഗ്ഗങ്ങളും ഔഷധസസ്യങ്ങളും തൊടിയിലുണ്ട്.
പാഷന്‍ ഫ്രൂട്ടും, ജലം വളരെക്കുറച്ചു മാത്രം ഉപയോഗപ്പെടുത്തുന്ന ഡ്രാഗണ്‍ ഫൂട്ടുമെല്ലാം തോട്ടത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. അടുക്കളയിലെ അവശിഷ്ടങ്ങള്‍ വളമാക്കി മാറ്റുന്നു. മാത്രമല്ല ജൈവ കീടനാശിനികളാണ് ഉപയോഗപ്പെടുത്തുന്നത്. റിയയുടെ കൃഷിക്കമ്പം അയല്‍ ക്കാര്‍ക്കും ബന്ധുക്കള്‍ക്കും പ്രചോദനമായിത്തീര്‍ന്നിട്ടുണ്ട്. കൃഷി രീതികളെക്കുറിച്ച് ചോദിച്ചു മനസിലാക്കാനും വിത്തു ശേഖരിച്ച് കൃഷി ചെയ്യാനും അവര്‍ താത്പര്യം കാണിക്കുന്നു. നേടിയ അറിവ് പങ്കുവയ്ക്കാന്‍ റിയയ്ക്ക് അതിയായ ഉത്സാഹമാണ്.
പാഠപുസ്തകങ്ങളില്‍ നിന്നും നേടുന്ന അറിവുകളേക്കാള്‍ എത്രയോ മികച്ചതാണ് കൃഷിയില്‍ നിന്ന് നേടാന്‍ കഴിയുന്നതെന്ന് ഈ കൊച്ചു കര്‍ഷക എല്ലാവരേയും ബോധ്യപ്പെടുത്തി ക്കൊടുക്കുന്നു. സസ്യജാലങ്ങളുടെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ സാധിച്ചു എന്നതു മാത്രമല്ല, ആരോഗ്യം നിറയുന്ന ശരീരവും സന്തോഷം നിറയുന്ന മനസ്സും സ്വന്തമാക്കാന്‍ സാധിച്ചു. തോട്ടത്തില്‍ വിരുന്നെത്തുന്ന പക്ഷികളും പ്രാണികളും മറ്റൊരു കൗതുകക്കാഴ്ചയും സമ്മാനിക്കുന്നു. ലഭ്യമായ സമയം എങ്ങനെ യെല്ലാം ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്ന തിരിച്ചറിവും നേടി. കാര്‍ഷിക മേഖലയില്‍ സ്വാശ്രയ ശീലം വളര്‍ത്തിയെടു ക്കുക എന്ന സന്ദേശമാണ് ഈ കൃഷിപാഠം നമുക്ക് തരുന്നത്. മാതാപിതാക്കളായ രൂപയും ജിമ്മി ജോസും സഹോദരി റെയ്‌നയും എല്ലാവിധ പ്രോത്സാഹനങ്ങളുമായി കൂടെത്തന്നെയുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും പ്രശംസകളും കൂടെച്ചേര്‍ന്നപ്പോള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിയയ്ക്ക് നൂറുമേനി സന്തോഷം മനസ്സിലും. ഓണ്‍ലൈന്‍ പഠന രീതിയെല്ലാം മാറിയാലും കൃഷിയില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് ഇവരുടെ ഉറച്ച തീരുമാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org