ഒരു കെടാവിളക്കിന്റെ സമ്മാനം

ഒരു കെടാവിളക്കിന്റെ സമ്മാനം

ചതിക്കുഴികളില്‍ നിപതിച്ചു, ദീര്‍ഘ നിശ്വാസങ്ങളോടെ, വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളുമായി നില്‍ക്കുന്ന മാതാപിതാക്കന്മാരും, പുത്തന്‍ സംസ്‌കാരത്തിന്റെ ഹരംപിടിക്കുന്ന താളങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന യുവാക്കളും ഒരു പോലെ ശ്രദ്ധിക്കാന്‍ ചില മര്‍മ്മ പ്രധാന കാര്യങ്ങള്‍!

ജോസ് വഴുതനപ്പിള്ളി

പല തരത്തിലുമുള്ള വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന കുട്ടികള്‍ക്കിടയിലേക്കാണ് നമ്മുടെ കുട്ടികള്‍ പഠിക്കാന്‍ എത്തുക. അവര്‍ക്കിടയില്‍ പലമതങ്ങളില്‍ വിശ്വസിക്കുന്നവരും, മതമേ വേണ്ട എന്ന് തീരുമാനിച്ചവരും ഒക്കെ കാണും. ഒരു നല്ല ജീവിതം നയിക്കാന്‍ ഒരു മതത്തിന്റെയും പിന്‍ബലം വേണ്ടാ എന്ന് പറയുന്നവരുമുണ്ട്. ഇത്തരം ചിന്തകളൊക്കെ വലിയൊരു അളവില്‍ നമ്മുടെ കുട്ടികളെ സ്വാധീനികരിച്ചേക്കാം.

ബുദ്ധിമാനായ ഫ്രോസ്റ്റിന്റെ കഥ

സ്വന്തം ആത്മീയ ചൈതന്യം ചെകുത്താന് അടിയറവു വെച്ച് പകരം അറിവിന്റെയും ബുദ്ധിയുടെയും ഭണ്ഡാരം തേടുന്ന ഫ്രോസ്റ്റിന്റെ കഥ കേട്ടിട്ടുണ്ടോ നിങ്ങള്‍? മഹാപണ്ഡിതനും ജ്ഞാനിയും ചിന്താശീലനുമായിരുന്ന ഫ്രോസ്റ്റിനു പെട്ടെന്ന് ജീവിതത്തോട് ഒരു വിരസത തോന്നി. വലിയ ആഹ്‌ളാദതിമിര്‍പ്പുകളില്ല. അപ്പോഴാണ് അവന്‍ ചെകുത്താനുമായി ഒരു സൗഹൃദത്തിന് പോകുന്നത്. അയാള്‍ക്ക് കൂടുതല്‍ വശീകരണ ശക്തിയും പ്രഭാവവും വേണം. ചെകുത്താന്‍ എല്ലാ സുഖങ്ങളും വെച്ച് നീട്ടി പകരം ചോദിച്ചത് വെറുതെ അവന്റെ ആത്മാവ് മാത്രം. ഒടുവില്‍ എല്ലാം നഷ്ടമാക്കി അവന്‍ നരകത്തിലേക്ക് പോകുന്നതാണ് കഥ.

ആധുനിക സംസ്‌കാരത്തിന്റെ വക്താക്കളായി സ്വയം പ്രഘോഷിച്ചു നിലയുറപ്പിച്ച ചില വ്യക്തികളും കുട്ടികളില്‍ സ്വാധീനം ഉറപ്പിക്കുന്നു. ഭോഗാസക്തി നിറഞ്ഞ അവരുടെ ചിന്തകള്‍ നമ്മുടെ മത വിശ്വാസത്തിനും, രാഷ്ട്രീയ നിലപാടുകള്‍ക്കും, ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ക്കുമൊക്കെ കടക വിരുദ്ധമായേക്കാം.

കുടുംബത്തു പറയാന്‍ കൊള്ളാത്ത കാര്യം

ഇന്ന് കൊക്കയ്ന്‍ പോലുള്ള പദാര്‍ഥങ്ങള്‍ നമ്മുടെ സ്‌കൂളുകളില്‍ പോലും സുലഭമായിരിക്കുന്നു. ഇതൊക്കെ കണ്ടിട്ടു കണ്ണുമടച്ചു 'ഓ അതൊക്കെ അങ്ങനെ കിടക്കും' എന്നും പറഞ്ഞു നിസ്സംഗരാകുന്ന കുട്ടികളുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒന്നിനോടും പ്രതികരിക്കാന്‍ പ്രാപ്തരാകാതെ ഭയപ്പാടില്‍ കഴിയുന്ന, കാറ്റിന്റെ ഗതിക്ക് നീങ്ങുന്ന പായക്കപ്പലുകളാവണോ നമ്മുടെ കുട്ടികള്‍? ആരെയും അന്ധമായി വിശ്വസിക്കുന്നവരാണോ അവര്‍? ഓ ഇതൊന്നും എന്റെ കുടുംബത്തില്‍ പറയാന്‍ കൊള്ളുന്ന കാര്യമല്ല എന്നും പറഞ്ഞു സ്വയം കുറെ ഏറെ രഹസ്യങ്ങളുടെ ഭാണ്ഡക്കെട്ടു തലയില്‍ പേറി നടക്കുന്ന കുട്ടികള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഒന്നുകില്‍ അവര്‍ക്കു എല്ലാം തുറന്നു പറയാനുള്ള അന്തരീക്ഷം മാതാപിതാക്കന്മാര്‍ സൃഷ്ടിച്ചുകൊടുത്തിട്ടില്ല. അതല്ല എങ്കില്‍ മനഃപൂര്‍വം തന്നെ അവസരങ്ങള്‍ ഉണ്ടായിട്ടും എല്ലാം മറച്ചു വെച്ച് ഒരു രഹസ്യപൂട്ടു ഇട്ടു പൂട്ടാന്‍ കുട്ടികള്‍ ശ്രമിക്കുന്നു. ഇത് രണ്ടും അപകടകരമായ അവസ്ഥകളാണ്.

വേറിട്ട അഭിപ്രായങ്ങള്‍

പുത്തന്‍ അറിവുകളും ധാരാളം മീഡിയ സ്വാധീനങ്ങളും തുറന്നു കിട്ടുന്ന യുവ തലമുറയ്ക്ക് പല കാര്യങ്ങളെക്കുറിച്ചും മാതാപിതാക്കന്മാരില്‍ നിന്ന് വിഭിന്നമായ അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.' ഞാനൊരു ഇതര മതസ്ഥനെ കെട്ടിയാല്‍ എന്താ ആകാശം ഇടിഞ്ഞു വീഴുമോ' എന്ന് പോലും ചില കുട്ടികള്‍ ചോദിക്കുന്നു.

വിശ്വാസത്തില്‍ ശരിക്കും അടിയുറച്ചവരാണോ നമ്മള്‍? ഈ ചോദ്യം പ്രായ ഭേദമന്യേ നാമെല്ലാവരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. വിശ്വാസപ്രമാണം നാം ഏറ്റു ചൊല്ലുന്നുണ്ട് പലവുരു; പക്ഷെ അതിന്റെ അര്‍ഥതലങ്ങളിലേക്കു നാം മനസ്സ് ചേര്‍ക്കാറുണ്ടോ? അതിലെ ഓരോ വരികളുടെയും പ്രാധാന്യം തിരിച്ചറിയുന്നുണ്ടോ?

ഏതായാലും ഭവനങ്ങളില്‍ എല്ലാം തുറന്നു പറയുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മാതാ പിതാക്കന്മാരും കുട്ടികളും ഒരുപോലെ ശ്രദ്ധിക്കണം. ഒരുപക്ഷെ ചില ഞെട്ടലുകള്‍ സംഭവിച്ചേക്കാം. ഉദാഹരണത്തിന് 'താനൊരു നിരീശ്വരവാദിയാണ്' എന്ന് ഒരു മകന്‍ വിളംബരം ചെയ്താല്‍ അത് സത്യവിശ്വാസികളായ അപ്പനോ അമ്മയ്‌ക്കോ സഹിക്കാനാകുമോ? അത്തരം സന്ദര്‍ഭങ്ങള്‍ ഒരുവേള വന്നാല്‍, ഉടനടി പ്രതികരിക്കാതെ വളരെ സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.

മാറുന്ന സങ്കല്പങ്ങള്‍

ഇന്നത്തെ കുട്ടികള്‍ക്കുള്ളില്‍ ചില പുതിയ ചിന്തകള്‍ കടന്നു കൂടിയിട്ടുണ്ടാകാം. ഉദാഹരണത്തിന് അവര്‍ക്കു സ്വവര്‍ഗ വിവാഹത്തെക്കുറിച്ചും. വിവാഹേതര ബന്ധങ്ങളെക്കുറിച്ചും, ലിവിങ് ടുഗദറിനെക്കുറിച്ചും, നേരത്തെ പറഞ്ഞ നാര്‍ക്കോട്ടിക് ലഹരി വസ്തുക്കള്‍, മദ്യം തുടങ്ങിയവയുടെ ഉപയോഗത്തെക്കുറിച്ചുമൊക്കെ നിറം പിടിച്ച, പക്ഷപാതപരമായ സമീപനം കണ്ടേക്കാം. ബുദ്ധിയും ജ്ഞാനവും വര്‍ദ്ധിക്കുമ്പോള്‍ ചിലപ്പോള്‍ നേരത്തെ പറഞ്ഞ ഫ്രോസ്റ്റിനെപോലെ മനസ്സ് മോദങ്ങള്‍ക്കും ആഹ്‌ളാദ തിമിര്‍പ്പുകള്‍ക്കും പിന്നാലെ പോയേക്കാം. അത്തരം ചിന്തകളുമായി മാതാപിതാക്കന്മാര്‍ക്കു പൊരുത്തപ്പെടാനായി എന്ന് വരില്ല. അപ്പോള്‍ എന്താണ് വേണ്ടത്? ഒരു അങ്കംവെട്ടിനു ഒരുങ്ങണോ?

അവിടെയൊക്കെ കുടുംബത്തിനുള്ളിലെ തുറന്ന സംഭാഷണങ്ങള്‍ക്കു വേദി ഒരുക്കുകയാണ് പ്രഥമമായി ചെയ്യേണ്ടുന്ന കാര്യം. മാതാപിതാക്കന്മാര്‍ തുറന്നു പറയുമ്പോള്‍ മക്കള്‍ കയര്‍ത്തു കയറാന്‍ പാടില്ല. ക്ഷമയോടെ ശ്രവിക്കണം; ശാന്തമായി പ്രതികരിക്കണം. മക്കള്‍ക്ക് യേശുവിലേക്കുള്ള വഴി തുറന്നു കൊടുക്കുക മാത്രമാണ് മാതാപിതാക്കന്മാര്‍ക്കു കരണീയമായ കാര്യം. അവര്‍ക്കു വിവേകത്തിന്റെ വഴികള്‍ കാട്ടി കൊടുക്കണം. പക്ഷെ അതിനുള്ള മാര്‍ഗംദ്വേഷത്തിലൂടെ അല്ല. മക്കളുടെ മുന്‍പില്‍ ഒരു വിധികര്‍ത്താവാകാന്‍ ശ്രമിക്കാതെ സൗമനസ്യമുള്ള ഒരു നല്ല സുഹൃത്താവുകയാണ് ആവശ്യം. കൂടുതല്‍ വാദ പ്രതിവാദങ്ങള്‍ ഒരിക്കലും ഫലം കാണാന്‍ പോകുന്നില്ല.

ശാന്തമായ അന്തരീക്ഷത്തില്‍ മാതാപിതാക്കന്മാര്‍ അവരുടെ അഭിപ്രായങ്ങളും അതിന്റെ ലോജിക്കും പറഞ്ഞു മനസ്സിലാക്കണം. നാം തലമുറകളായി കാത്ത് സൂക്ഷിക്കുന്ന മൂല്യങ്ങളെക്കുറിച്ച് അവരെ ബോദ്ധ്യവാന്മാര്‍ ആക്കണം. പറയുന്ന കാര്യങ്ങള്‍ മക്കള്‍ എളുപ്പത്തില്‍ സ്വീകരിച്ചു എന്ന് വരികയില്ല. ചില മൂല്യങ്ങളും മത വിശ്വാസവുമൊക്കെ മക്കളില്‍ സൃഷ്ടിക്കുവാന്‍ ബാല്യകാലം മുതല്‍ക്കേ പണിപ്പെടുന്ന മാതാപിതാക്കന്മാര്‍ക്കു മക്കളുടെ പുതിയ സമീപനങ്ങള്‍ അത്ര എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനായി എന്ന് വരികയില്ല. അപ്പോഴൊക്കെ കടുത്ത വാക്കുകള്‍ യാതൊന്നും വായില്‍ നിന്ന് വീണു പോകാതെ ശ്രദ്ധിക്കണം. സ്‌നേഹമസൃണമായ പെരുമാറ്റം പരസ്പരം തുടരുമ്പോള്‍ സന്ധ്യ പ്രാര്‍ത്ഥനകള്‍ സജീവമാകുമ്പോള്‍, ദൈവസ്‌നേഹം അവര്‍ക്കിടയില്‍ ഒരു മാജിക്ക് പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. യേശു അവര്‍ക്കു വഴികാട്ടിയാകും.

കാറ്റത്തുലയുന്ന സസ്യലത

വിശ്വാസത്തില്‍ ശരിക്കും അടിയുറച്ചവരാണോ നമ്മള്‍? ഈ ചോദ്യം പ്രായ ഭേദമന്യേ നാമെല്ലാവരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു, വിശ്വാസപ്രമാണം നാം ഏറ്റു ചൊല്ലുന്നുണ്ട് പലവുരു; പക്ഷെ അതിന്റെ അര്‍ഥതലങ്ങളിലേക്കു നാം മനസ്സ് ചേര്‍ക്കാറുണ്ടോ? അതിലെ ഓരോ വരികളുടെയും പ്രാധാന്യം തിരിച്ചറിയുന്നുണ്ടോ? നമ്മുടെ പാരമ്പര്യങ്ങളും കൂദാശയുടെ വിശുദ്ധിയുമൊക്കെ മനസ്സിലാക്കുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടും.

സ്വതന്ത്ര ചിന്തകള്‍ ഉള്ളവര്‍ ഇന്ന് ഏറിക്കൊണ്ടിരിക്കുകയാണ്. ഫെമിനിസ്റ്റ് വനിതാ പക്ഷവാദികള്‍ പുരുഷനാകുന്നതൊക്കെ സ്ത്രീക്കും ആയിക്കൂടെ എന്ന് ചോദിക്കുന്നു. എന്തിനേറെ സിഗരറ്റു വലിക്കുന്നതും, ബിയര്‍ അടിക്കുന്നതും, സ്വന്തം സൗന്ദര്യത്തിന്റെ അഹങ്കാരം പേറുന്നതുമൊക്കെ ഫാഷന്‍ ആയികൊണ്ടിരിക്കുന്ന കാലമാണ്. ഈ ലോകം മാറിയിരിക്കുന്നു എന്ന വസ്തുത നമുക്ക് അം ഗീകരിക്കാതെ വയ്യ. മാതാപിതാക്കന്മാര്‍ ചിന്തിക്കണം ഒരുകാലത്ത് അവരുടെ ചിന്തകളും സ്വന്തം മാതാപിതാക്കന്മാരില്‍നിന്നു വിഭിന്നമായിരുന്നിട്ടില്ലേ? അപ്പോള്‍ ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിനെ അംഗീകരിക്കണം. ഇതെല്ലാം സ്വീകരിക്കണം എന്നല്ല പറയുന്നത്. 'എന്റെ മുയലിനു കൊമ്പു രണ്ടു' എന്ന മട്ടില്‍ സ്വയം അഹന്തയില്‍ ആരും അടിയുറക്കരുത് എന്ന് സാരം.

നമ്മുടെ വിശ്വാസം നാം പരിരക്ഷിക്കണം; കാത്ത് സൂക്ഷിക്കണം. നന്മതിന്മകളെക്കുറിച്ചു മക്കള്‍ക്ക് വ്യക്തമായി മാതാപിതാക്കന്മാര്‍ ബോധ്യം വരുത്തി കൊടുക്കണം. എളിമയോടെയുള്ള സമീപനം പ്രാര്‍ത്ഥനാനിര്‍ഭരമായ ജീവിതം ഇതെല്ലാം കുട്ടികളില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കും. വിശ്വാസമാണ് ഇന്നത്തെ യുവതലമുറക്കും അവര്‍ക്കു പിന്നീട് അടുത്ത തലമുറക്കും പകര്‍ന്നു നല്‍കുവാനുള്ള നിത്യ സമ്മാനം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org