അടുക്കളയുടെ സുവിശേഷം

അടുക്കളയുടെ സുവിശേഷം

കരിപുരണ്ട അടുക്കള ചുമരുകളും, അരകല്ലും, വിറകടപ്പും, ചാരുകസേരയിലെ കാരണവരും കളമൊഴിഞ്ഞിട്ട് കാലം ഏറെ ആയി. 
എങ്കിലും ഇവയ്ക്കിടയില്‍ എരിഞ്ഞ് തീര്‍ന്ന ജീവിതങ്ങളോടുള്ള നോവ് മനസ്സില്‍ അമര്‍ഷമായി കൊണ്ട് നടക്കുന്ന ആയിരങ്ങളുണ്ട് എന്നോര്‍മ്മിപ്പിച്ച് "ഒരു മഹത്തായ ഭാരതീയ അടുക്കള"യെ കുറിച്ചുള്ള ചര്‍ച്ച നവ മാധ്യമങ്ങളില്‍ കൊഴുക്കുകയാണ്.
കവി ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ പോലും പ്രേക്ഷകര്‍ കല്‍പ്പിച്ച് നല്‍കുന്നത്, ജിയോ ബേബി എന്ന അടിമുടി സിനിമാക്കാരന്‍ സന്തോഷത്തോടെ ആസ്വദിക്കുന്നു.
വിജയ സിനിമയുടെ സൃഷ്ടാക്കള്‍ നിശ്ചയമായും കടന്നുപോകേണ്ട ദുരിതങ്ങളുടെ ഭൂതകാലത്തെക്കുറിച്ചും, അടുക്കളയില്‍ ഉരുവായ ഈ സിനിമയുടെ നാള്‍ വഴികളെ കുറിച്ചും, ചുരുങ്ങിയ സമയം കൊണ്ട് തന്നെ പലയാവര്‍ത്തി ജിയോ പറഞ്ഞു കഴിഞ്ഞു. കേട്ടിട്ടും കേട്ടിട്ടും മതിവരാതെ മലയാളി അടുക്കളപ്പുറത്തെ പിന്നാമ്പുറത്തിരുന്ന് വീണ്ടും വീണ്ടും ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരിക്കുന്നു…..

മരിയ റാന്‍സം

ഈ സിനിമയുടെ നെടുംതൂണ്, ഒന്നിനോ ടൊന്ന് ചേര്‍ന്ന തിരക്കഥയാണെന്ന് വ്യക്തം.
വീടിനകത്തെ സ്വാഭാവിക താളംപോലെ തന്നെ, സംഭാഷണത്തെക്കാള്‍ മുഖഭാവം കൊണ്ടാണല്ലോ കഥ പറഞ്ഞിരിക്കുന്നത്. തിരക്കഥാ രചനയ്ക്ക് സഹായകമായി സ്ത്രീകള്‍ ഉണ്ടായിരുന്നോ?

തിരക്കഥയുടെ രചനയിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കാള്‍, സ്ത്രീകളുമായുള്ള സംസാരങ്ങള്‍, അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. സിനിമയില്‍ അടുക്കളക്കകത്തെ ഓരോ രംഗങ്ങളും എന്റെ തന്നെ കണ്ടെത്തലുകളാണ്. പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടുള്ളത് പോലെ, അടുക്കള പണികള്‍ ഞാന്‍ ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ തന്നെയാണ് ഈ തിരക്കഥയുടെ കെട്ടുറപ്പെന്ന് പറയാം.

അഭിനേതാക്കളുടെ തിരഞ്ഞെടുപ്പുകള്‍ ഗംഭീരമായിരിക്കുന്നു.
കഥാപാത്രങ്ങളുടെ രൂപീകരണത്തിന് ശേഷം കണ്ടെത്തിയവരാണോ എല്ലാവരും?

ആദ്യഘട്ട ചര്‍ച്ചയില്‍ തന്നെ, നിമിഷയുടെ പേര് തന്നെയാണ് മനസ്സില്‍ കണ്ടത്. പിന്നീടാണ് സുരാജേട്ടനിലേക്ക് എത്തുന്നത്. ഞങ്ങളുടെ മനസ്സറിഞ്ഞ് കൂടെ നില്‍ക്കുകയും ചെയ്തു. സമൂഹത്തോടുള്ള ഉത്തരവാദിത്വം കൃത്യമായി മനസ്സിലാക്കി തന്നെയാണ് അദ്ദേഹം ഇത് ചെയ്യാമെന്നേറ്റത്.

പശ്ചാത്തല സംഗീതം വേണ്ട എന്നത് സിനിമ ആരംഭിക്കുമ്പോഴേ ഉള്ള തീരുമാനമായിരുന്നോ? അതോ സിനിമ പൂര്‍ത്തിയായ ശേഷം പശ്ചാത്തല സംഗീതത്തിന് പ്രസക്തി ഇല്ല എന്ന് തിരിച്ചറിഞ്ഞതാണോ?

പ്രാരംഭ ചര്‍ച്ചകളില്‍ തന്നെ സാധാരണ സിനിമകളില്‍ കേള്‍ക്കുന്ന അളവിലൊരു പശ്ചാത്തല സംഗീതം ആവശ്യമില്ല എന്ന് തീരുമാനിച്ചിരുന്നു. ചിത്രീകരണം തുടങ്ങിയ ശേഷമാണ് ചുറ്റുപാടുകളില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ മാത്രം മതി എന്ന തീരുമാനം വന്നത്.

ആസ്വദിച്ച് നൃത്തം പഠിക്കുന്ന ഒരു കുട്ടിയുടെ പെണ്ണുകാണല്‍ ചടങ്ങില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്.
അവസാനിക്കുന്നതാവട്ടെ, അവള്‍ വിവാഹത്തില്‍ നിന്ന് സ്വതന്ത്രയായ ശേഷം അഭിമാനത്തോടെ നൃത്തസംവിധാനം ചെയ്യുന്ന രംഗത്തിലും. നായകനാവട്ടെ മറ്റൊരു വിവാഹത്തിലൂടെ സ്ത്രീയുടെ പരിചരണം ഉറപ്പാക്കുന്നു.
ബന്ധന കാഞ്ചന കൂട്ടിലാണെങ്കിലും എന്ന വരികള്‍ ഓര്‍മ്മിപ്പിക്കാനുള്ള ശ്രമമായിരുന്നോ?

അതെ. സ്ത്രീ സ്വതന്ത്ര്യയാവണം എന്ന് തന്നെയാണ് ഈ സിനിമ പറയുന്നത്. അത് വിവാഹത്തിലാണെങ്കില്‍ പോലും. സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എവിടേയും അവള്‍ക്ക് ലഭിക്കണം.

അടുക്കളയിലും കിടപ്പറയിലും യാന്ത്രികമായി ജീവിക്കേണ്ടി വരുന്ന നായികയ്ക്ക് ചുറ്റുമാണല്ലോ ക്യാമറ അധിക സമയവും.
കൂട്ടത്തില്‍ ഗര്‍ഭകാലത്ത് അമ്മയുടെ ശുശ്രൂഷ ലഭിക്കുന്ന നായകന്റെ പെങ്ങളെയും, പാചക പരീക്ഷണങ്ങളുമായ് പ്രണയത്തോടെ ദാമ്പത്യമാസ്വദിക്കുന്ന ദമ്പതികളെയും ചിത്രീകരിച്ച് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ നിലനിര്‍ത്താന്‍ ചെറിയ ശ്രമം നടത്തിയിരുന്നോ?

അത് മാത്രമല്ല, അമ്മ പാരമ്പര്യ പാചക സാമഗ്രികളെല്ലാം കൊണ്ട് ചെന്നിട്ടും പരിചരിക്കാന്‍ മനസ്സുണ്ടായിട്ടും അവരുടെ ഭക്ഷ ണശീലങ്ങളും കൂടി ചിത്രീകരിച്ചിട്ടുണ്ടല്ലോ?
ഒരു ബ്രഡ് ടോസ്റ്റ് ചെയ്ത് ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം അവള്‍ വിശ്രമിക്കുന്നു. പുലരും മുതല്‍ പാതിരാ വരെ പുകയുന്ന അടു ക്കളകളും, പുകയ്ക്കുന്ന പെണ്ണുങ്ങളുമാണ് മാറേണ്ടത്. അടുക്കളപണിയില്‍ മാത്രമല്ല ജീവിതത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും പങ്കിടുന്നവരാകട്ടെ പങ്കാളികള്‍.

നടുവ് കുനിച്ചുള്ള മുറ്റമടി, നിലത്തിരുന്നുള്ള പാചകം, അരക്കല്‍, അലക്കല്‍ തുടങ്ങിയ കഠിനമായ ജോലികളില്‍ നിന്ന് സ്ത്രീകള്‍ക്ക് ശാരീരിക വിശ്രമം ലഭിക്കട്ടെ എന്ന നല്ല ഉദ്ദേശത്തോടെയാണ് ആര്‍ത്തവദിനങ്ങളുടെ 'മാറിയിരിപ്പ്' ആരംഭിച്ചതെന്നും പറയപ്പെടുന്നുണ്ട്. പിന്നീട് അസ്വാതന്ത്ര്യത്തിന്റെ പുതിയ ഒരു കുരുക്കായി അതും സ്ത്രീകളുടെ ചുമലിലേക്ക് വീഴുകയും ചെയ്തത്രെ.
അനാചാരങ്ങളുടെ നേര്‍ക്കുള്ള അഴുക്കുവെള്ളമൊഴി വെല്ലുവിളിയായി ചിത്രീകരിക്കപ്പെട്ട രംഗം കണ്ടിട്ട് ഭീഷണികളെന്തെങ്കിലും?

വിശ്രമമെന്ന പേരിലുള്ള മാറ്റിയിരുത്തലിന് അശുദ്ധി എന്ന പദം ചാര്‍ത്തി കൊടുത്തതെന്തിനാണ്? നിങ്ങള്‍ക്ക് ശുദ്ധിയില്ലാത്ത ദിവസങ്ങളായതിനാല്‍ വിശ്രമിച്ചോളൂ എന്ന് പറയുന്നത് തെറ്റാണ്. എല്ലാ സൗകര്യത്തോടും കൂടിയ വിശ്രമമല്ലല്ലോ ഇത്? മാറാരോഗികളെ പോലെയാണ് ആര്‍ത്തവമുള്ള സ്ത്രീകളെ പരിഗണിച്ചിരുന്നത്. പ്രകൃതിയുടെ സൃഷ്ടിപരമായ ഒരു ജനിതക ഘടനയെ അശുദ്ധി എന്ന് പറയുന്നത് എങ്ങനെ ന്യായീകരിക്കാനാകും? നേരിട്ട് ഭീഷണിയില്ല എങ്കിലും ഫേസ്ബുക്കിലൂടെയും മെസേജുകളയച്ചും ധാരാളം ഭീഷണികളുണ്ട്.

വിവാഹ പിറ്റേന്ന് 'ദോശയ്‌ക്കൊപ്പം സാമ്പാറും ചട്ണിയും ആവശ്യമുണ്ടോ' എന്ന പുതുപ്പെണ്ണിന്റെ സംശയത്തെ 'ഓരോ വീട്ടിലും ഓരോ രീതിയല്ലേ' എന്ന്, പൊരുത്തപ്പെടുത്തുന്ന അമ്മ. ഈ അമ്മയുടെ അസാന്നിദ്ധ്യത്തില്‍ വീട് അവളുടെ ചുമലില്‍ വലിയ ഭാരമായി വന്ന് വീഴുന്നു. പിന്നീടും കാണാം, നായികയുടെ കണ്ണില്‍ അറപ്പുളവാക്കുന്ന അഴുക്കുകളെ, അതേ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഒരു മുതിര്‍ന്ന സ്ത്രീ വളരെ സരളമായി കൈകാര്യം ചെയ്യുന്നു.
വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലാണെങ്കിലും കുടുംബാംഗങ്ങളുടെ അവസരോചിതമായ ഇടപെടലുകളുടെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണല്ലേ?

അതെ. ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. അമ്മായിഅമ്മയും, ഇടയ്ക്ക് വരുന്ന അമ്മായിയും അവര്‍ ആ സിസ്റ്റത്തിന്റെ ഭാഗമായി കഴിഞ്ഞു. കടമയാണെന്ന് കരുതി ഇതെല്ലാം ചെയ്തു പോകുന്നുണ്ട്. പറയാന്‍ പറ്റില്ല, രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതാകുമ്പോള്‍ സ്വയം കീഴടങ്ങിയതാകാം. ശ്രദ്ധിച്ചാല്‍ കാണാം, ഇത്തരം മനുഷ്യരാണ് പുതിയ തലമുറയെ ഈ വ്യവസ്ഥിതിയുടെ ഭാഗമാക്കി മാറ്റുന്നതും.

ലൈറ്റ് ഓഫ് ചെയ്യട്ടേ എന്ന ചോദ്യം ശാരീരിക ബന്ധത്തിനുള്ള സൂചനയോ മുന്നറിയിപ്പോ ആയി നല്‍കുന്ന ഏതൊരു ശരാശരി ഇന്‍ഡ്യന്‍ ഭര്‍ത്താവും ചെയ്യുന്ന മറ്റൊരു ദുഷ്‌കര്‍മ്മം വാക്കുകള്‍ കൊണ്ടു കൂടി പങ്കാളിയെ കീഴ്‌പ്പെടുത്തുക എന്നത് കൂടി സുരാജിന്റെ കഥാപാത്രം ചെയ്യുന്നു.
അച്ഛനാവട്ടെ ഭാര്യയെ കൊണ്ട് പല്ലുരയ്ക്കുന്ന ബ്രഷും, കാലിലിടുന്ന ചെരിപ്പും വരെ ചുമപ്പിക്കുന്നു.
ആണ്‍ ആധിപത്യങ്ങളെ ആട്ടാന്‍ കിട്ടിയ അവസരങ്ങളൊന്നും നഷ്ടപ്പെടുത്തിയിട്ടില്ലല്ലേ?

സ്‌നേഹം, ബന്ധം, കടമ എന്നിങ്ങനെ മധുര വാക്കുകള്‍ കൊണ്ട് പൊതിഞ്ഞ് ആണിന്റെതോ പെണ്ണിന്റേതോ ആവട്ടെ ആരുടെയും വ്യക്തിത്വത്തെ ചൂഷണം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. വളര്‍ന്ന് വന്ന സാഹചര്യങ്ങളില്‍ നിന്ന് പിഴുതെടുത്ത് സ്വന്തം താല്‍പര്യങ്ങള്‍ക്കായ് ആരെയും ഉപയോഗപ്പെടുത്തുകയും ചെയ്യരുത്.
ആണ്‍ ആധിപത്യങ്ങളെ ആട്ടാന്‍ കിട്ടിയ അവസരങ്ങളെ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ലല്ലോ?
(ഉറക്കെയുള്ള പൊട്ടിച്ചിരിക്ക് ശേഷം…) ഇല്ല, നഷ്ടപ്പെടുത്തിയിട്ടില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org