യേശു പറഞ്ഞ ‘കള്ളം’

യേശു പറഞ്ഞ ‘കള്ളം’

 (കഴിഞ്ഞ ലക്കം തുടര്‍ച്ച)

സജീവ് പാറേക്കാട്ടില്‍

സജീവ് പാറേക്കാട്ടിൽ
സജീവ് പാറേക്കാട്ടിൽ

"ദിവ്യകാരുണ്യത്തെക്കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല എന്ന് ഈശോ പറഞ്ഞത് കള്ളമല്ലെന്നും വിഷം കലര്‍ന്ന അവിയല്‍ എലീഷാ പ്രവാചകന്‍ മാവ് ചേര്‍ത്ത് ശുദ്ധീകരിച്ചതുപോലെ പരിശുദ്ധ കുര്‍ബാന നമ്മെ ശുദ്ധീകരിക്കുകയും ദൈവീകജീവന്‍ കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു എന്നാണ് നാം കണ്ടത്. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ നിന്നുള്ള മറ്റൊരു മനോഹരമായ സംഭവമാണ് ഇന്ന് പറയുന്നത്."

"ശരി; വേഗമാകട്ടെ. കാത്തിരുന്നു മടുത്തു."

"നാമാന്‍ ആരാണെന്നറിയാമോ?"

"ഇല്ല."

"എലീഷാ പ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല എന്ന് (ലൂക്കാ 4:27) യേശു പറയുന്നുണ്ട്."

"ഉവ്വ്, ഓര്‍ക്കുന്നുണ്ട്. നസറത്തിലെ സിനഗോഗില്‍ വച്ച് ഈശോയുടെ ആദ്യപ്രഭാഷണം അവസാനിക്കുന്നത് ആ വാചകത്തോടെയാണല്ലോ."

"അതെ. അതോടെയാണ് കോപാകുലരായ യഹൂദര്‍ മലയുടെ ശൃംഗത്തില്‍ നിന്ന് യേശുവിനെ താഴേക്കു തള്ളിയിടാനായി ശ്രമിക്കുന്നത്."

"നാമാനും കുര്‍ബാനയുമായുള്ള ബന്ധമെന്താണ്?"

"അതാണ് പറയാന്‍ പോകുന്നത്. സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍. രാജാവിന് അവനോടു പ്രീതിയായിരുന്നു. കാരണം, അവന്‍ മുഖാന്തരം കര്‍ത്താവ് സിറിയായ്ക്കു വിജയം നല്കി. ധീരനും പരാക്രമിയുമായിരുന്നെങ്കിലും നാമാന്‍ കുഷ്ഠരോഗിയായിരുന്നു. നാമാന്റെ ഭാര്യയുടെ പരിചാരിക ഒരു ഇസ്രായേല്‍ക്കാരി പെണ്‍ കുട്ടിയായിരുന്നു. അത്ഭുതസിദ്ധിയുള്ള എലീഷാ പ്രവാചകനെക്കുറിച്ച് അവളില്‍നിന്ന് കേട്ട നാമാന്‍ രാജാവിനെ വിവരം അറിയിച്ചു. തന്റെ ദാസനായ നാമാനെ കുഷ്ഠരോഗത്തില്‍ നിന്ന് സുഖപ്പെടുത്തണമെന്ന കത്തുമായി സിറിയാ രാജാവ് നാമാനെ ഇസ്രായല്‍ രാജാവിന്റെ പക്കലേക്കയച്ചു. പത്തു താലന്ത് വെള്ളിയും ആറായിരം ഷെക്കല്‍ സ്വര്‍ണ്ണവും രഥങ്ങളും കുതിരകളുമൊക്കെയായി നാമാന്‍ യാത്ര തിരിച്ചു. കത്ത് വായിച്ച ഇസ്രായേല്‍ രാജാവ് വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: കുഷ്ഠരോഗിയെ സുഖപ്പെടുത്താന്‍ എന്നോടാവശ്യപ്പെടുന്നു! ജീവന്‍ എടുക്കാനും കൊടുക്കാനും ഞാന്‍ ദൈവമാണോ?"

"നല്ല ബോധമുള്ള രാജാവാണല്ലോ!"

"അതെ. ഇസ്രായേല്‍ രാജാവ് വസ്ത്രം കീറിയെന്നു കേട്ട എലീഷാ പ്രവാചകന്‍ രാജാവിനെ അറിയിച്ചു: നീ എന്തിനാണ് വസ്ത്രം കീറിയത്? അവന്‍ എന്റെ അടുത്തു വരട്ടെ! ഇസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടെന്ന് അറിയട്ടെ!"

"ഹോ! എന്തൊരു കോണ്‍ഫിഡന്‍സ്!"

"വെറും കോണ്‍ഫിഡന്‍സല്ല. ദൈവവിശ്വാസവും ദൈവാശ്രയവുമാണ്! നാമാന്‍ രഥങ്ങളും കുതിരകളുമായി പ്രവാചകന്റെ വീട്ടുപടിക്കലെത്തി. എലീഷാ ദൂതനെ അയച്ച് അവനോടു പറഞ്ഞു: നീ ജോര്‍ദ്ദാനില്‍ പോയി ഏഴു പ്രാവശ്യം കുളിക്കുക; നീ ശുദ്ധനായി ശരീരം പൂര്‍വ്വസ്ഥിതിയെ പ്രാപിക്കും. എന്നാല്‍ നാമാന്‍ കുപിതനായി മടങ്ങിപ്പോയി."

"അയ്യേ! അയാള്‍ക്ക് കുഷ്ഠം മാറണ്ടേ?"

"നാമാന്റെ മറുപടി കേള്‍ക്കൂ: എലീഷാ എന്റെ അടുത്ത് ഇറങ്ങിവന്ന് തന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുമെന്നും കരംവീശി കുഷ്ഠം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു. ദമാസ്‌ക്കസിലെ അബാനയും ഫാര്‍പാറും ഇസ്രായേലിലെ നദികളേക്കാള്‍ ശ്രേഷ്ഠമല്ലേ? അവയില്‍ കുളിച്ച് എനിക്ക് ശുദ്ധി പ്രാപിച്ചുകൂടേ?"

"എന്തൊരു ഈഗോ ആണയാള്‍ക്ക്?"

"അതെ. നമ്മില്‍ പലരെയും പോലെ തന്നെ! തന്റെ പദവി, പ്രതാപം, നാട്, നാട്ടിലെ നദികള്‍ എന്നിങ്ങനെ എന്തിന്റെ പേരിലൊക്കെയാണ് അയാള്‍ മേനി നടിക്കുന്നതെന്നു നോക്കൂ. ഏതായാലും വിവേകമുള്ള ഭൃത്യന്മാര്‍ ഉണ്ടായിരുന്നത് നാമാന് അനുഗ്രഹമായി. അവര്‍ അടുത്തുചെന്നു പറഞ്ഞു: പിതാവേ, പ്രവാചകന്‍ ഭാരിച്ച ഒരു കാര്യമാണു കല്പിച്ചിരുന്നതെങ്കില്‍ അങ്ങ് ചെയ്യുമായിരുന്നില്ലേ? അപ്പോള്‍, കുളിച്ചു ശുദ്ധനാകുക എന്നു പറയുമ്പോള്‍ എത്രയോ കൂടുതല്‍ താത്പര്യത്തോടെ അങ്ങ് അത് ചെയ്യേണ്ടതാണ്. അങ്ങനെ നാമാന്‍ ജോര്‍ദ്ദാനിലിറങ്ങി ഏഴു പ്രാവശ്യം മുങ്ങി. അവന്‍ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി. ഭൂമിയില്‍ ഇസ്രായേലിന്റേതല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു എന്നാണ് നാമാന്‍ തിരിച്ചുചെന്ന് പ്രവാചകനോടു പറഞ്ഞത്. എന്ത് മനസ്സിലായി?"

"അത്ഭുതമാണെന്ന് മനസ്സിലായി."

"അത്ഭുതമാണ്. ദിവ്യകാരുണ്യവുമായുള്ള ബന്ധം മനസ്സിലായോ?"

"ഇല്ല."

"ജോര്‍ദ്ദാന്‍ നദിയില്‍ കുളിച്ച നാമാന്റെ ശരീരം സൗഖ്യം പ്രാപിച്ച് ശിശുവിന്റേതുപോലെയായി എന്നാണ് വേദപുസ്തകം പറയുന്നത്. ശിശുവിന്റെ ശരീരത്തിന്റെ പ്രത്യേകതകള്‍ എന്താണ്? തേജസ്സും ശുദ്ധിയും നൈര്‍മ്മല്യവും അഴകുമുള്ളതാണ് ശിശുവിന്റെ ശരീരം. അതുപോലെ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുന്ന പുതിയ ജോര്‍ദ്ദാന്‍ ആണ് ദിവ്യകാരുണ്യം. ശിശുസഹജമായ ആദിമവിശുദ്ധിയിലേക്കും നൈര്‍മ്മല്യത്തിലേക്കും നമ്മെ വീണ്ടെടുക്കുന്ന ദൈവനദിയാണ് പരിശുദ്ധ കുര്‍ബാന. നമ്മുടെ അഹങ്കാരവും അശുദ്ധിയുമൊക്കെ ഉപേക്ഷിച്ച് ദിവ്യകാരുണ്യ നദിയില്‍ മുങ്ങിക്കുളിച്ചാല്‍ നാം സൗഖ്യ വും ശുദ്ധിയുമുള്ളവരാകും; ദൈവികജീവന്‍ കൊണ്ട് നിറയും. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ നാലും അഞ്ചും അധ്യായങ്ങളിലെ രണ്ടു സംഭവങ്ങള്‍ക്കും ദിവ്യകാരുണ്യവുമായുള്ള ബന്ധം മനസ്സിലായോ?"

"കൃത്യമായി മനസ്സിലായി!"

"എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ് എന്ന് (യോഹ. 6:55) യേശു പറയുന്നുണ്ട്. ദിവ്യകാരുണ്യത്തിനായി ദാഹിക്കാം. ജീവനും സൗഖ്യവും ശുദ്ധിയും തേജസ്സും അഴകും കൊണ്ട് ആത്മാവ് നിറയാന്‍ കൊതിക്കാം. 'യേശുക്രിസ്തുവിന്റെ മാംസമായ ദൈവത്തിന്റെ അപ്പത്തിനായി ഞാന്‍ വിശക്കുന്നു. അനന്തമായ സ്‌നേഹത്തിന്റെ ദാനമായ അവന്റെ രക്തം കുടിക്കാന്‍ ഞാന്‍ കൊതിക്കുന്നു' എന്ന് അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസും 'ദൈവത്തിന്റെ മഹത്തായ നന്മയില്‍ നിങ്ങളുടെ ആത്മാവിനെ പുഷ്ടിപ്പെടുത്തുക. പിതാവ് നിങ്ങളുടെ വിരുന്നുമേശയും പുത്രന്‍ നിങ്ങളുടെ ഭക്ഷണവുമാണ്. പരിശുദ്ധാത്മാവ് നിങ്ങളെ കാത്തിരിക്കുന്നു. തുടര്‍ന്ന് നിങ്ങളില്‍ ഗൃഹം ഒരുക്കി അതില്‍ വസിക്കുന്നു' എന്ന് സിയന്നയിലെ വിശുദ്ധ കാതറിനുമൊക്കെ പറഞ്ഞിട്ടുള്ളത് ഓര്‍ക്കാം. നമ്മുടെ ജീവിതം ചലിക്കുന്ന സക്രാരികള്‍ ആയി മാറാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org