ക്രിസ്തു മണക്കുന്ന മനുഷ്യന്‍

ക്രിസ്തു മണക്കുന്ന മനുഷ്യന്‍

ബ്ര. ജെറില്‍ കുരിശിങ്കല്‍

വൈകുന്നേരം അത്താഴത്തിനു ശേഷം സെമിനാരിയുടെ മുന്‍വശത്തെ തോട്ടത്തിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് റോമില്‍തന്നെ പഠിക്കുന്ന ഒരു സുഹൃത്തിന്റെ ഫോണ്‍കോള്‍ എന്നെ തേടിയെത്തിയത്. കുശലാന്വേഷണങ്ങള്‍ക്കിടയില്‍, കഴിഞ്ഞ ബുധനാഴ്ച മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരത്തെപ്പറ്റിയും അവന്‍ വാചാലനായി. മുറിയില്‍ ചെന്നശേഷം പാപ്പായുടെ ബുധനാഴ്ചത്തെ പതിവുള്ള പൊതുദര്‍ശനത്തിന്റെ യൂട്യൂബിലുള്ള തത്സമയ സംപ്രേക്ഷ ണത്തിന്റെ വീഡിയോ കണ്ടതിനുശേഷം ഒന്ന് തീരുമാനിച്ചു. പലതവണ അടുത്തും അകലെയുമായി 'ക്രിസ്തുവിന്റെ വികാരി'യെ നേരില്‍ കണ്ടിട്ടുണ്ട്. എങ്കിലും, അടുത്ത ബുധനാഴ്ച ഒന്നുകൂടി പാപ്പായെ കാണണം, നാട്ടിലേക്ക് തിരികെ പോകുംമുന്‍പ് മറക്കാനാകാത്ത എന്തെങ്കിലും ഒരോര്‍മ്മ സ്വന്തമാക്കണം. ഫിലിപ്പൈന്‍സ്‌കാരനായ സുഹൃത്തും കൂടെക്കൂടി.

ക്രിയാത്മകമായി എന്ത് ചെയ്യാന്‍ പറ്റും എന്ന് ഒരുപാട് ആലോചിച്ചു. അപ്പോഴാണ് പഴയൊരോര്‍മ ഓടിയെത്തിയത്. മൈനര്‍ സെമിനാരിയിലായിരി ക്കുമ്പോള്‍ കയ്യെഴുത്ത് മാസികയുടെ താളുകളില്‍ ചിലപ്പോഴൊക്കെ ഒരു ചെറുപെന്‍സിലെടുത്ത് വിശുദ്ധരുടെയും മറ്റും ചിത്രങ്ങളൊക്കെ വരയ്ക്കുക പതിവായിരുന്നു. ഒരു തവണ മാര്‍പാപ്പയെയും വരച്ചതായി ഓര്‍മയിലുണ്ട്.

അങ്ങനെ, ഒരു പരിധിവരെ വിജയിപ്പിച്ചെടുക്കാം എന്ന പ്രതീക്ഷയില്‍ കുറെനാളായി ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ചിത്രകാരന്‍ ഉണര്‍ന്നു. അടുത്തുള്ള ചൈനീസ് കടയില്‍ പോയി ഒരു ചാര്‍ട്ട് പേപ്പറും അത്ര ചെറുതല്ലാത്ത ഫ്രെയിംമും വാങ്ങി. ആദ്യം വരച്ച ചിത്രം അധികമൊന്നും സംതൃപ്തി നല്‍കാതിരുന്നതിനാല്‍ അതിന്റെ ചില ഭാഗങ്ങളൊക്കെ മായിച്ചു വീണ്ടും വരച്ചു. വരച്ചു, മായിച്ചു, വീണ്ടും വരച്ചു. ഫോട്ടോയുടെ ഭംഗിയേക്കാള്‍, നാളെ കിട്ടാന്‍ പോകുന്ന മാര്‍പാപ്പയുടെ 'autograph' ആയിരുന്നു മനസ്സ് മുഴുവനും.

അവസാനം രണ്ടും കല്‍പ്പിച്ച് 11 മണിയോടെ ഉറങ്ങാന്‍ കിടന്നു.

സത്യത്തില്‍ ഞങ്ങള്‍ അധികമാരോടും ഇക്കാര്യത്തെപ്പറ്റി സംസാരിച്ചിരുന്നില്ല. കാരണം നിര്‍ഭാഗ്യവശാല്‍ ഒരുപക്ഷേ മാര്‍പാപ്പയെ കാണാന്‍ സാധിക്കാതെ വന്നാല്‍ എല്ലാ പദ്ധതികളും പൊളിഞ്ഞു പോകുമെന്ന ആശങ്ക ഉള്ളിലുണ്ടായിരുന്നു.

ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു. സെമിനാരിയിലെ പ്രഭാതപ്രാര്‍ത്ഥനയ്ക്ക് ശേഷം വളരെ പ്രതീക്ഷയോടെ ഞങ്ങള്‍ വത്തിക്കാന്‍ ലക്ഷ്യമാക്കി നടന്നു നീങ്ങി. ഏകദേശം ഏഴരയോടെയാണ് ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നത്. എന്നാല്‍, അവിടെ കണ്ട കാഴ്ച ഞങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തി. കാരണം ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള വലിയ ജനക്കൂട്ടത്തെയാണ് വെളുപ്പിന് ഏഴര നേരത്ത് ഞങ്ങള്‍ അവിടെ കണ്ടത്. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്ന് ആരംഭിച്ച ജനക്കൂട്ടത്തിന്റെ ആ വലിയ നിര വിശുദ്ധ അന്ന പുണ്യവതിയുടെ നാമത്തിലുള്ള ബസിലിക്കയുടെ (porta sant'anna) മുമ്പില്‍ വരെ എത്തിയിരുന്നു. വെളുപ്പിന് ആറ് മണിക്ക് മുന്‍പേ തന്നെ വന്ന് അവിടെ ഇടംപിടിച്ച ഒരുപാട് വൈദികരും സിസ്റ്റേഴ്‌സും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഉള്ളിലൊരാശങ്ക. 'ഇനിയെങ്ങാനും അകത്തോട്ടു കടത്തിവിട്ടില്ലെങ്കിലോ?' എങ്കിലും ഇനിയും കാത്തിരിക്കാമെന്നു പറഞ്ഞു ഞാന്‍ എന്നെത്തന്നെ ശക്തിപ്പെടുത്തി. ഏകദേശം ഒരു മണിക്കൂറോളം പ്രവേശ നം കാത്തു വരിയില്‍ നില്‍ക്കേ ണ്ടിവന്നു. പതിവില്‍ കവിഞ്ഞ് അത്രമാത്രം ജനങ്ങള്‍ അന്നു ണ്ടായിരുന്നു. വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാര ത്തോട് (Palazzo apostolico) ചേര്‍ന്നുള്ള സാന്‍ ദമാസോ അങ്കണത്തിലാണ് (Cortile di San Damaso) ഈ ദിവസങ്ങളില്‍ മാര്‍പാപ്പയുടെ പൊതുദര്‍ശനം (General Audience) നടക്കുന്നത്.

പതിവുപോലെ രാവിലെ ഒമ്പതരയ്ക്കാണ് പൊതു സന്ദര്‍ശനം തുടങ്ങേണ്ടിയിരുന്നത്. പക്ഷേ ഒമ്പതുമണിക്ക് മുന്‍പേ മാര്‍പാപ്പാ പൊതു ദര്‍ശന വേദിയ്ക്കരുകില്‍ കാറില്‍ വന്നിറങ്ങി. ഏകദേശം അരമണിക്കൂറോളം ജനങ്ങളെ കാണുന്നതിനും അവരോട് സംസാരിക്കുന്നതിനും അവരുമായി ഇടപഴകുന്നതിനുമായി ഉപയോഗപ്പെടുത്തിയെന്നത് എടുത്തുപറയേണ്ട ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണെന്ന് തോന്നുന്നു.
ഒരു 84 കാരന്റെ ക്ഷീണമൊക്കെ ചിലപ്പോഴെങ്കിലും മുഖത്ത് പ്രതിഫലിക്കുമെങ്കിലും, വെറും മുപ്പതുകാരനായൊരു ചെറുപ്പക്കാരന്റെതുപോലുള്ള തീക്ഷ്ണമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റേത്. പ്രായത്തിന്റെതായ പക്വതയും കുട്ടികളുടെ നിഷ്‌കളങ്കതയും വാക്കുകളിലും ചിരിയിലും പ്രകടമായിരുന്നു. വലിയ പ്രതീക്ഷകളോടെ അരികിലെത്തുന്നവരെയാരെയും ഒട്ടും നിരാശപ്പെടുത്താതെ, സ്വതസിദ്ധമായ സുന്ദരമായൊരു മന്ദ സ്മിതത്തോടെ ഏവരെയും ശ്രവിക്കുകയും സ്‌നേഹിക്കുക യും ആശീര്‍വദിക്കുകയും വഴി, ഒരു ഇടയന്‍ എപ്രകാരമായിരിക്കണം എന്ന ചോദ്യത്തിനുത്ത രം നല്‍കുന്നൊരു ചൂണ്ടുപലകയായി ഫ്രാന്‍സിസ് പാപ്പാ ഉയരുന്നുണ്ട്. വേദിയ്ക്കരുകില്‍, മുന്‍പില്‍ തന്നെയായി കുറെയേറെ രോഗികള്‍ക്കും പ്രത്യേക സന്ദര്‍ശനം പതിവുപോലെ അനുവദിച്ചിരുന്നു. 'Viva Il Papa' (പാപ്പാ നീണാള്‍ വാഴട്ടെ) എന്ന ശബ്ദാരവം ചുറ്റുപാടുമെങ്ങും ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കാമായിരുന്നു.

പാപ്പ അടുത്തെത്തി. പറയാന്‍ സൂക്ഷിച്ചുവച്ച വാക്കുകളെല്ലാം വായുവില്‍ പറക്കും പോലെ തോന്നി. പെന്‍സിലുകൊണ്ട് തലേരാത്രിയില്‍ വരച്ചുതീര്‍ത്ത ആ ഫോട്ടോ കാണിച്ചുകൊടുത്തു, കൂടെ ഒരു ചെറുപേനയും. പാപ്പ അതെടുത്ത് ഫോട്ടോയുടെ വലതുവശത്തായി തന്റെ പേരെഴുതി ഒപ്പിട്ടു Francesco. ഇറ്റാലിയന്‍ ഭാഷയില്‍ ഒരൊറ്റ വാക്കില്‍ ഞാനൊരു നന്ദിയും പറഞ്ഞു: Grazie Mille! ശാന്തമായി ഞാനെന്റെ വലതു കയ്യൊന്നു നീട്ടി, പാപ്പാ തിരി ച്ചും… സൗമ്യമായ ചെറുപുഞ്ചിരിയും സമ്മാനിച്ചു പാപ്പ അകലേക്ക് നീങ്ങുമ്പോള്‍ വല്ലാത്തൊരു നിര്‍വൃതിയിലായിരുന്നു ഞാന്‍.

പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ചെറുപ്രഭാഷണ ശേഷം, വിവിധഭാഷകളില്‍ അതിന്റെ തര്‍ജിമയും മറ്റും ഉണ്ടായിരുന്നു.

തിരിച്ചിറങ്ങുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത വല്ലാത്തൊരു സന്തോഷമായിരുന്നു ഉള്ളിനുള്ളില്‍. കാരണം ചില മനുഷ്യര്‍ നടക്കുന്ന വഴികളില്‍ ഇന്നും ക്രിസ്തു മണക്കുന്നുണ്ട്.

(എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി റോമില്‍ വൈദികപരിശീലനം നടത്തുന്നു. മേലൂര്‍ ഇടവകാംഗമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org