എന്നില്‍ ചലനമുണ്ടാക്കിയ മതാദ്ധ്യാപിക

എന്നില്‍ ചലനമുണ്ടാക്കിയ മതാദ്ധ്യാപിക

ഡോ. അനിത ജോസ്
മതാദ്ധ്യാപിക, ലൂര്‍ദ്ദ് മാതാ ചര്‍ച്ച്, പെരുമാനൂര്‍

കുട്ടികാലത്ത് ചേച്ചിയും കൂട്ടുകാരുമൊത്ത് വേദപാഠ ക്ലാസ്സുകളില്‍ പോയിരുന്ന കാലം. എന്നെ സംബന്ധിച്ചിടത്തോളം മധുരമുള്ള ഒത്തിരി ഓര്‍മ്മകള്‍ തലചായ്ച്ചുറങ്ങുന്ന കാലം. ചെറുപ്പം മുതല്‍ അമ്മയുടെ ആഴമേറിയ വിശ്വാസജീവിതം കണ്ടിട്ടാണ് ഞങ്ങള്‍ വളര്‍ന്നു വന്നത്. എഴുപതു വയസ്സു കഴിഞ്ഞിട്ടും അമ്മ ഇപ്പോഴും ഞങ്ങള്‍ക്കു കാണിച്ചു തരുന്ന വിശ്വാസം വളരെ വലുതാണ്. വെളുപ്പിന് 3 മണി എന്ന സമയം ഉണ്ടെങ്കില്‍ അമ്മ മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ മുഴുവന്‍ കൊന്ത യും എത്തിക്കുന്നത് ഞാന്‍ ഇപ്പോഴും കാണാറുള്ള കാഴ്ചയാണ്. മക്കളായ ഞങ്ങളെ 3 പേരേ യും അമ്മ വളര്‍ത്തികൊണ്ടുവന്നതും അങ്ങനെതന്നെ. കഴുത്തില്‍ കൊന്ത ഇടാതെ ഒരിടത്തും ഞങ്ങളെ പറഞ്ഞുവിടുമായിരുന്നില്ല.
രാത്രിയില്‍ 7 മണിയാകുമ്പോള്‍ മുട്ടിന്മേല്‍ നിന്ന് കുടുംബപ്രാര്‍ത്ഥന എത്തിക്കണം. ഒരു മണിക്കൂറോളം ഒക്കെ നീളുന്ന കുടുംബപ്രാര്‍ത്ഥനയില്‍ ചിലപ്പോള്‍ ഞങ്ങള്‍ അമ്മ കാണാതെ ഇരിക്കുവാന്‍ നോക്കും. ഉടനെ, എങ്ങനെയൊക്കെയാണെന്നറി യില്ല അമ്മ കണ്ടുപിടിക്കും. പിന്നെ ശകാരവര്‍ഷമായിരിക്കും. വേദപാഠത്തിനു പള്ളിയില്‍ പോകുമ്പോള്‍ ആദ്യ അരമണിക്കൂര്‍ പ്രാര്‍ത്ഥനയാണ്. അതിനുശേഷമാണ് കുര്‍ബാനയോടുകൂടി വേദപാഠം ആരംഭിക്കുക. പലപ്പോഴും അപ്പനെയും അമ്മയെ യും പേടിച്ച് നേരത്തെ വീട്ടില്‍ നിന്ന് ഇറങ്ങിയാലും താമസിച്ചേ പള്ളിയില്‍ ചെല്ലാറുള്ളൂ. അതിന്റെ കാരണം എന്താന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
അങ്ങനെയിരിക്കെയാണ് എനിക്കേറ്റവും ഇഷ്ടമുള്ള സി. തെരേ സാ ഏഴാം ക്ലാസ്സില്‍ ഞങ്ങളുടെ മതാദ്ധ്യാപികയായി വന്നത്. സിസ്റ്ററിന്റെ മധുരമേറിയ വാക്കുകളും ഉപദേശങ്ങളും എന്നില്‍ വേദപാഠക്ലാസ്സുകളിലേയ്ക്കുള്ള പോകലിന്റെ വേഗത വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കി. സിസ്റ്റര്‍ ഞങ്ങളെ സ്‌നേഹിക്കുക മാത്രമല്ല ചെയ്തത്. തെറ്റുകള്‍ തിരുത്തിതരും, കുറവുകള്‍ പരിഹരിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കാണിച്ചുതരും. താമസംവിന സിസ്റ്റര്‍ വലിയൊരു മാതൃകയായി സ്‌നേഹസാമീപ്യമായി അനുഭവപ്പെട്ടു. വിരസമായി മാറാമായിരുന്ന വേദപാഠ ക്ലാസ്സുകള്‍ താല്‍പര്യത്തിന്റെ പൂമുറ്റങ്ങളാകാന്‍ തുടങ്ങിയത് സി. തെരേസായുടെ ജീവിതഗന്ധിയായ അദ്ധ്യാപനത്തിലൂടെയാണ്.
മതബോധന ക്ലാസ്സുകളിലൂടെയുള്ള ജീവിതയാത്രയില്‍ പല അദ്ധ്യാപകരെയും കണ്ടുമുട്ടിയെങ്കിലും സിസ്റ്ററിനെപ്പോലെ ഒരു മാതൃകാദ്ധ്യാപികയെ പിന്നീട് കണ്ടുമുട്ടുവാന്‍ സാധിച്ചിട്ടില്ല. പള്ളിയില്‍ വരുന്നതില്‍ രണ്ടുമൂന്നു മിനിറ്റു താമസിച്ചാല്‍ കണ്ണുകളുരുട്ടിയിരുന്ന, പുറത്തു നിറുത്തിയിരുന്ന, പേടിസ്വപ്നമായിരുന്ന മറ്റ് അദ്ധ്യാപകരില്‍ നിന്നെ ല്ലാം വ്യത്യസ്തമായി സിസ്റ്റര്‍ ഞങ്ങളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു.
ഒരു മതാദ്ധ്യാപികയായിതീരുവാന്‍ എന്നെ സ്വാധീനിച്ചത് സി. തെരേസയാണ്. ദൈവം നമുക്ക് പഠിപ്പിക്കുവാനായി നല്‍കിയിരിക്കുന്ന ഓരോ കുട്ടിയും അമൂല്യമായ നിധികളാണെന്ന തിരിച്ചറിവോടെ അവരോട് ഇടപഴകുവാന്‍ നമുക്ക് സാധിക്കണം. അവരെ നമ്മോടു ചേര്‍ത്തു നിറുത്തി കുറ്റങ്ങളും കുറവുകളും സ്‌നേഹപൂര്‍വ്വം തിരുത്തിക്കൊടുത്ത് വിജയത്തിന്റെ പടികളിലേയ്ക്ക് അവരെ നയിക്കുവാനുള്ള ഉത്തരവാദിത്വപൂര്‍ണ്ണമായ ദൗത്യമാണ് മതാദ്ധ്യാപനം എന്നു ഞാന്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ സൃഷ്ടികളായ ഒരു കുഞ്ഞുപോലും മോശമായി പോകാതെ ദൈവത്തിനും സമൂഹത്തിനും പ്രിയപ്പെട്ട മക്കളായി അവരെ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമത്തില്‍ സ്വാര്‍ത്ഥത കലരാതെ വിദ്വേഷം പടരാതെ ശത്രുത പൊഴിയാതെ വിജയിക്കാന്‍ ദൈവം തന്നെ നമുക്കു തുണയായിരിക്കട്ടെ, ഒപ്പം നമ്മുടെ പൂര്‍വ്വികരായ നമ്മുടെ മാതൃകാ ദീപങ്ങളായ മതാദ്ധ്യാപകരും സഹായിക്കട്ടെ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org