എന്നെ അസ്വസ്ഥപ്പെടുത്തിയ മതാദ്ധ്യാപിക

എന്നെ അസ്വസ്ഥപ്പെടുത്തിയ മതാദ്ധ്യാപിക

സി. അഞ്ജലി ജോസ് എസ്.ഡി.
മതബോധന സെക്രട്ടറി, സെ. ജോണ്‍ നെപുംസ്യാന്‍ ചര്‍ച്ച്, കോന്തുരുത്തി

നല്ല മാസ് ജീവിതങ്ങള്‍

നിര്‍ബന്ധിക്കപ്പെട്ട് ഞായറാഴ്ചകളില്‍ വേദപാഠക്ലാസ്സുകളില്‍ പോയിരുന്ന കാലം. അപ്പച്ചന്റെയും അമ്മച്ചിയുടെയും വിശ്വാസത്തിന്റെ സ്തുതിപ്പുകള്‍ കണ്ടും കേട്ടുമാണ് വളര്‍ന്നതെങ്കിലും അത് സ്വന്തം ജീവിതത്തിന്റെ അനുഭവമായി തീരാതിരുന്ന സമയം. ഇടയ്‌ക്കെപ്പോഴൊക്കെയോ ഈശോയുടെ രൂപം ഒരു മിന്നല്‍ പോലെ മനസ്സിലൂടെ കടന്നുപോകുമായിരുന്നു.

ആറാം ക്ലാസ് കഴിഞ്ഞ് ആദ്യകുര്‍ബാന സ്വീകരണത്തിന് എന്നെ ഒരുക്കിയവരില്‍ മതാദ്ധ്യാപികയായിരുന്ന സി. പോള്‍സിയും ഉണ്ടായിരുന്നു. അന്ന് മതബോധനക്ലാസ്സുകളിലെ പുസ്തകതാളുകളില്‍ നിന്നും പഠിപ്പിച്ച ഒരുപിടികാര്യങ്ങളെക്കാളുപരി മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു കൊച്ചു സംഭവമുണ്ട്.

പതിവുപോലെ ഒരു ഞായറാഴ്ച മൂത്തചേച്ചിമാര്‍ നില്‍ക്കു ന്ന നിരയില്‍ വളരെ ഉദാസീനയായി നില്‍ക്കുകയായിരുന്ന എന്നെ ആരോ കൈക്കുപിടിച്ചു മുന്നിലേയ്ക്ക് കൊണ്ടുപോകുന്നു. ചെറിയൊരു ചമ്മലോടെ മുഖത്തേയ്ക്കു നോക്കുമ്പോള്‍ സി. പോള്‍സിയാണ് അതെന്ന് മനസ്സിലായി. സ്‌നേഹത്തോടെ എന്നെ അരികില്‍ നിര്‍ത്തി. സിസ്റ്റര്‍ എന്നെ നോക്കുകയോ ഒന്നും പറയുകയോ ചെയ്തില്ല. ചമ്മലൊക്കെ മാറ്റി ഞാന്‍ ഇടയ്ക്ക് സി. പോള്‍സിയെ ശ്രദ്ധിച്ചു. കൈകള്‍ കൂപ്പി അള്‍ ത്താരയിലേയ്ക്ക് ഇമവെട്ടാതെ നില്‍ക്കുന്ന രൂപം. കുര്‍ബാന സ്വീകരണം കഴിഞ്ഞ് സിസ്റ്റര്‍ വീണ്ടും എന്റെ അരികില്‍ വന്നു മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ ഹൃദയത്തില്‍ ആരോ എന്നെ അസ്വസ്ഥതപ്പെടുത്തുന്നതുപോലെ. അന്ന് സിസ്റ്റര്‍ എനിക്കുവേണ്ടിയാണോ പ്രാര്‍ത്ഥിച്ചത്! അറിയില്ല. ഒന്നിനെയും കൂസാതിരുന്ന മനസ്സ് അസ്വസ്ഥതയിലേയ്ക്ക് നീങ്ങി. ഈ അസ്വസ്ഥത ഈശോയിലേയ്ക്ക് എന്നെ അടുപ്പിക്കുകയായിരുന്നു. വേദപാഠം പഠിപ്പിച്ചപ്പോഴും ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുക്കി അയയ്ക്കുമ്പോഴും ആ മനസ്സില്‍ എനിക്കുവേണ്ടി ഒരു പ്രാര്‍ത്ഥനാനിയോഗം ഉണ്ടായിരുന്നിരിക്കാം. എന്തായാലും ആദ്യകുര്‍ബാന സ്വീകരണ ദിനത്തിലെ ആഘോഷങ്ങളൊന്നുമല്ല, അതിനേക്കാളുപരി ഈശോയെ ആദ്യമായ് സ്വീകരിച്ച് ഞാന്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ച സമയം മാത്രം എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു.

അന്നൊരു ഞായറാഴ്ച സി. പോള്‍സി എന്റെ അരികെ മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ സിസ്റ്റര്‍ അനുഭവിച്ച ഈശോയെ ഞാനും അനുഭവിച്ചു. പിന്നീട് വി. കുര്‍ബാനയിലെ ഈശോയെ ഒഴിവാക്കാന്‍ പറ്റാത്തവിധം ദിവസവും ഞാന്‍ വിശുദ്ധ ബലിക്ക് പോയിരുന്നു. തനിയെ പോകുന്ന വഴി തെരുവുനായ്ക്കളുടെ ശല്യമുണ്ടായിരുന്നുവെങ്കിലും അന്ന് അതൊന്നും തടസ്സമായിരുന്നില്ല. ഇതൊരു നിമിത്തമായിരുന്നു. ഒരു മതാദ്ധ്യാപികയുടെ ജീവിതത്തിലൂടെ ഈശോയിലേയ്ക്ക് എന്നെ നയിക്കണമെന്നുള്ളത്.

നല്ലവരെന്നു നമ്മുടെ ദൃഷ്ടിയില്‍ തോന്നുന്നവരെ മാത്രമല്ല, ഏറ്റവും വികൃതിയായി ക്ലാസിലിരുന്നു ഉഴപ്പുന്നവരെയും പ്രശ്‌നക്കാരെയും ചേര്‍ത്തുപിടിക്കാന്‍ സാധിക്കുമ്പോള്‍ മതാദ്ധ്യാപകരെന്ന നിലയില്‍ അനേകം കുഞ്ഞുങ്ങളെ ഈശോയിലേ യ്ക്ക് അടുപ്പിക്കുവാന്‍ നമുക്കു സാധിക്കും. ഓരോ കുഞ്ഞിനെയും കുറിച്ചുള്ള സ്വര്‍ഗ്ഗത്തിന്റെ സ്വപ്നം നിറവേറ്റാന്‍ നമ്മുടെ ജീവിതത്തിലൂടെ സാധിക്കട്ടെ. നമ്മുടെ കരങ്ങളും കാതുകളുമൊക്കെ ദൈവസ്പര്‍ശനമുള്ളതാകട്ടെ. ജീവിതത്തെ സ്വാധീനിച്ചിട്ടുള്ള ചില വ്യക്തികളില്‍ ഒരുവളായി എന്റെ അദ്ധ്യാപികയും മതാദ്ധ്യാപികയുമായിരുന്ന സി. പോള്‍സി നിലകൊള്ളുന്നു. സ്വര്‍ഗ്ഗംപൂകിയ ആ ധന്യ ജീവിതത്തിന് പ്രണാമം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org