തൊട്ടുവിശ്വാസിയുടെ തൊടുകുറി

തൊട്ടുവിശ്വാസിയുടെ തൊടുകുറി

ഉയിര്‍ത്തെണീറ്റ ക്രിസ്തുവിനെ നേരിട്ടുകാണുകയും അനുഭവിക്കുകയും ചെയ്തല്ലാതെ വിശ്വസിക്കുകയില്ലെന്നു പറഞ്ഞ തോമാശ്ലീഹായുടെ അലങ്കാരം ശാഠ്യം തന്നെയായിരുന്നു; വിശ്വാസത്തിനുവേണ്ടിയുള്ള ശാഠ്യം. ഈ ഒരു ശാഠ്യത്തിലൂടെയാണ് ലോകത്തിലെ സകല ക്രൈസ്തവര്‍ക്കും നെഞ്ചോടു ചേര്‍ത്തുപിടിക്കാന്‍ ഒരു വിശ്വാസ പ്രഖ്യാപനം രൂപപ്പെട്ടത്: "എന്റെ കര്‍ത്താവേ എന്റെ ദൈവമേ" (യോഹ. 20:28). ഭാരതത്തിലെ ക്രൈസ്തവരായ നമ്മുടെ വിശ്വാസപാരമ്പര്യവും തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനവും തമ്മില്‍ പിരിയാത്ത ബന്ധമുണ്ട്. കേരളത്തില്‍ പാലയൂര്‍, കൊടുങ്ങല്ലൂര്‍, കോട്ടയ്ക്കാവ്, കോക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പുരാതന ക്രൈസ്തവ സമൂഹങ്ങള്‍ യേശുവിലുള്ള വിശ്വാസം വ്യാപിപ്പിക്കുന്നതിന് മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. തോമ്മാശ്ലീഹാ കപ്പലിറങ്ങിയ തുറമുഖവും സ്ഥാപിച്ച പള്ളികളും പ്രാര്‍ത്ഥിച്ച മലകളും സംസ്‌കരിക്കപ്പെട്ട കബറിടവും ഇന്നും സംപൂജ്യമായി കരുതപ്പെടുന്നു. അപ്രമാണിക രേഖകളില്‍ (apocryphal) ചില വിവരങ്ങള്‍ തോമ്മാശ്ലീഹായെപ്പറ്റിയുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ ശവസംസ്‌കാരം കഴിഞ്ഞ ശേഷമാണ് തോമ്മാശ്ലീഹാ ജറുസലേമിലേയ്‌ക്കെത്തിയത്. കല്ലറ തുറന്ന് മൃതദേഹം കാണാന്‍ അദ്ദേഹം ശാഠ്യം പിടിച്ചു. അതു തുറന്നപ്പോള്‍ മൃതദേഹം ഇല്ലായിരുന്നു. മറിയത്തിന്റെ ശരീരത്തോടുകൂടിയുള്ള സ്വര്‍ഗ്ഗാരോപണത്തിനു തോമ്മാശ്ലീഹാ ഉറപ്പുവരുത്തുന്നതങ്ങനെയെന്ന് രേഖ പറയുന്നു. യേശുവിന്റെ 12 അപ്പസ്‌തോലന്മാരില്‍ തോമ്മാശ്ലീഹായെ വ്യത്യസ്തനാക്കുന്നത് ഇത്തരുണത്തിലുള്ള ശാഠ്യമാണ്: വിശ്വാസജീവിത ത്തില്‍ പുലര്‍ ത്തുന്ന ദീര്‍ഘവീഷ ണത്തോടെയുള്ള നിര്‍ബന്ധം.

വി. ഗ്രന്ഥത്തില്‍ വി. യോഹന്നാന്റെ സുവിശേഷത്തില്‍ മൂന്നു സാഹചര്യങ്ങളില്‍ തോമ്മാശ്ലീഹായെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. യോഹ. 11 ല്‍ ലാസറിന്റെ മരണവുമായി ബന്ധപ്പെട്ട്, യോഹ. 14 ല്‍ യേശു പിതാവിലേയ്ക്കുള്ള വഴിയാണെന്ന് പ്രഖ്യാപിക്കുമ്പോള്‍, യോഹ. 20 ല്‍ ഉയിര്‍ത്തെണീറ്റ കര്‍ത്താവ് വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ ഈ മൂന്നു ഇടങ്ങളില്‍ വളരെ സവിശേഷമാര്‍ന്ന പ്രതികരണങ്ങളോടെയാണ് തോമ്മാശ്ലീഹാ അവതരിക്കുന്നത്. യോഹ. 20 ല്‍ ഉയിര്‍ത്തെണീറ്റ കര്‍ത്താവിനെ തങ്ങള്‍ കണ്ടു എന്നു മറ്റു ശിഷ്യന്മാര്‍ പറയുമ്പോള്‍ തോമ്മാശ്ലീഹായുടെ പ്രതികരണമിങ്ങനെയാണ്: "അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല" (യോഹ. 20:25). സ്പര്‍ശനത്തിലൂടെയും കാഴ്ചയിലൂടെയും നേരിട്ടനുഭവിക്കണമെന്നുള്ള തോമ്മാശ്ലീഹായുടെ ആവശ്യം യേശു വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ട് നിറവേറ്റുമ്പോള്‍ തോമ്മാശ്ലീഹാ ഏറ്റുപറയുന്നു: "എന്റെ കര്‍ത്താവേ എന്റെ ദൈവമേ" (യോഹ. 20:28).

വിശ്വാസത്തിന്റെ സുവിശേഷം എന്ന വിശേഷണം വി. യോഹന്നാന്റെ സുവിശേഷത്തിനു ലഭിക്കാന്‍ തോമ്മാശ്ലീഹായുടെ അനുഭവവിവരണം ഒരു പരിധിവരെ കാരണമായിട്ടുണ്ട്. വിശ്വാസത്തിനുവേണ്ടിയുള്ള ദാഹത്തോടെ വേണം തോമ്മാശ്ലീഹായുടെ വാശിപിടുത്തത്തെ നമ്മള്‍ സമീപിക്കാന്‍. ക്രിസ്തുവിന്റെ തിരുമുറിവുകളിലേയ്ക്കുള്ള ക്ഷണമായും, വലിയ വിശ്വാസപ്രഖ്യാപനത്തിനുവേണ്ട ധീരതയോടെയുള്ള മുന്നൊരുക്കമായും തോമ്മാശ്ലീഹായുടെ വാശി വ്യാഖ്യാനിക്കപ്പെടട്ടെ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org