ധ്യാനത്തിലാകേണ്ട കാലം

ധ്യാനത്തിലാകേണ്ട കാലം

ടോം ജോസ് തഴുവംകുന്ന്

മനുഷ്യരുടെ ആരോഗ്യത്തിനും ആയുസ്സിനും ഭീഷണിയുയരുന്ന ആധുനിക നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. എന്തു ചെയ്യും എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകും എന്നൊക്കെ ഭയാശങ്കയോടെ വിലയിരുത്തുന്ന കാലം എല്ലാം മിഥ്യയില്‍ മിഥ്യയെന്നു ചരുക്കിപ്പറയാന്‍ മനസ്സു പാകപ്പെടുന്ന കാലം. ആരോഗ്യപ്രശ്‌നങ്ങള്‍ മനുഷ്യരെയാകമാനം അലട്ടുന്നുവെന്നത് ഇന്നിന്റെ നേര്‍ക്കാഴ്ചകള്‍ തന്നെ! ഇത്തരം ആധുനിക ആരോഗ്യപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇന്നിന്റെ നൊമ്പരമാണ് സര്‍വ്വസാധാരണമാകുന്ന ഹൃദ്രോഗവും അതിനനുബന്ധമാകുന്ന സങ്കീര്‍ണ്ണ ജീവിതക്ലേശങ്ങളും. 'എഞ്ചിന്‍ പ്രോബ്‌ളം' സാധാരണമാകുന്ന 'വാഹനങ്ങള്‍' ജീവിതയാത്രയെ വികലമോ വിഫലമോ ആക്കുന്നില്ലേയെന്നു നാം ചിന്തിക്കണം. വാഹനങ്ങളുടെ എല്ലാ 'ഭാരവും' ആത്യന്തികമായി ബാധിക്കുന്നത് 'എഞ്ചിനെ' ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ! മനുഷ്യനെന്ന 'മഹാത്ഭുത'ത്തെ സര്‍വ്വതാ നിയന്ത്രിക്കാന്‍ നിയുക്തമാക്കിയിരിക്കുന്നത് 'ഹൃദയ'മെന്ന ശക്തികേന്ദ്രത്തെയാണ്. നമുക്കിടയിലിന്ന് ഹൃദയഭാരം ഏറുന്ന തരത്തിലാണ് 'കഥാഗതി' മുന്നോട്ടു പോകുന്നത്! മനുഷ്യരിലെ ഹൃദ്രോഗവും അതിലേക്കു നയിക്കുന്ന സാധ്യതകളും അനിയന്ത്രിതമാംവിധം വര്‍ദ്ധിക്കുകയാണെന്ന് വിദഗ്ദ്ധര്‍ കെണ്ടത്തിക്കഴിഞ്ഞു. രോഗാതുരമായ ഹൃദയവുമായി മരിക്കാതെ ജീവിക്കുന്നവര്‍ക്ക് ജീവിതമെന്നത് മറ്റൊരു ഭാരമല്ലെ? കണ്ടെത്തലുകള്‍ക്കു നടുവിലും നാമെല്ലാം മണ്ടന്മാരെപോലെ എന്തിന്റെയൊക്കെയോ പിന്നാലെ നിരര്‍ത്ഥകമായി ഓടുകയാണോ? ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും നഷ്ടമാകുകയാണോ? ബന്ധങ്ങള്‍ ശിഥിലമാകുകയാണോ?

ഏറ്റം പുതിയ കണ്ടെത്തല്‍

കുടുംബാധിഷ്ഠിതമായ ഇടപെടലുകള്‍ ഓരോ വ്യക്തിയിലും ഹൃദ്രോഗസാധ്യതകള്‍ കുറയ്ക്കുന്നതില്‍ മറ്റെന്തിനേക്കാളും ഫലപ്രദമാണെന്ന ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട് കാലികമായി ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഹൃദയ രക്ത ധമനീ രോഗത്തിന്റെ സാധ്യതകളും സൗഖ്യങ്ങളും കുടുംബാധിഷ്ഠിത ഇടപെടലുകളിലൂടെ മാറി മറിയുമെന്നു തന്നെയാണ് പഠനങ്ങള്‍. ഹൃദ്രോഗ പ്രതിരോധത്തിലേയ്ക്കും മനുഷ്യരുടെ ഭാവി ആരോഗ്യ സുരക്ഷയ്ക്കും കുടുംബാധിഷ്ഠിത ഇടപെടലുകള്‍ വഴി നയിക്കുമെന്നു തന്നെയാണ് പഠനങ്ങള്‍ പറയുന്നത്. ഇത് പൊതുജനാരോഗ്യരംഗത്തെ വിജയത്തിലേയ്ക്ക് എത്തിക്കുന്നതിന് കുടുംബമെന്ന മഹായാഥാര്‍ത്ഥ്യം ഊട്ടിയുറപ്പിക്കപ്പെടണം. കൂടുമ്പോഴുള്ള ഇമ്പം കുടുംബത്തിന്റെ 'ഹൃദയം' ബലവത്താക്കും. പ്രതിസന്ധികളെ തരണം ചെയ്യാന്‍ മനുഷ്യരെ പ്രാപ്തരുമാക്കും.

മനസ്സ്

മനഃശാസ്ത്രം ശാഖോപശാഖകളായി വികാസം പ്രാപിക്കുമ്പോഴും മനസ്സെന്നത് നിര്‍വ്വചനമില്ലാത്തതും 'ഇരിപ്പിടം' കണ്ടെത്താനാകാത്തതുമായ "സത്യമുള്ള ഒരു മിഥ്യയാണ്." മനുഷ്യമനസ്സിനെ വിശകലനം ചെയ്യാനും, വൈകല്യങ്ങളെ കണ്ടെത്തി നേര്‍വഴിയിലെത്തിക്കാനും മനുഷ്യരെ 'നോര്‍മ്മല്‍' ആക്കി നിലനിര്‍ത്താനും മനഃശാസ്ത്രജ്ഞര്‍ ആവതു ശ്രമിക്കുന്നു. എന്നാല്‍ കാലികമായി വിലയിരുത്തുമ്പോള്‍ മനസ്സിന്റെ പാളം തെറ്റിയുള്ള ഓട്ടം എവിടെയും ദൃശ്യമാകുന്നു. എന്തുപറ്റി? എന്ന് ആശ്ചര്യത്തോടെ പല സംഭവങ്ങളോടും പ്രതികരിക്കേണ്ടി വരുന്ന ആ ധുനികത നമ്മെ ചിന്തി പ്പിക്കണം. പല രോഗാവസ്ഥകളുടേയും അടിസ്ഥാന സഞ്ചാരം മനസ്സെന്ന മാ ന്ത്രികച്ചെപ്പിനെ ആശ്രയിച്ചാെണന്നതും തര്‍ക്കമറ്റ വസ്തുതയാണ്. മനുഷ്യനെന്ന വാക്കും മനസ്സെന്ന പദവും തമ്മില്‍ ഒന്നു ചേര്‍ന്നു പോകുന്നതാണ്. മറ്റൊരു ജീവിയെക്കുറിച്ചുള്ള പ്രതിപാദനത്തിലും മനസ്സെന്ന പദം കടന്നുവരാറില്ല ല്ലൊ! മനസ്സും മനഃസാക്ഷിയും ദൈവോന്മുഖമായ സഞ്ചാരത്തിലാകുമ്പോഴാണ് ഹൃദയമെന്ന കേന്ദ്രം പ്രബലമായ പ്രവര്‍ത്തനക്ഷമത നേടുന്നതെന്നറിയണം. ഇതൊക്കെ നേര്‍ സഞ്ചാരത്തിലാകണമെങ്കില്‍ ദൈവം തന്നെ നല്ല സാധ്യതകളെ മനസ്സോട് ചേര്‍ത്തുവച്ച് ക്രമപ്പെടുത്താനും ഉപയുക്തമാക്കാനുമാകണം. പ്രതിസന്ധികളെ ചോദിച്ചു വാങ്ങാന്‍ ഇറങ്ങിപ്പുറപ്പെടരുത്. മനസ്സാണ് ഏറ്റവും വലിയ കോട്ട. മനസ്സു തകര്‍ന്നാല്‍ യുദ്ധത്തില്‍ തോറ്റുവെന്നാണ് മഹാത്മാക്കള്‍ പറഞ്ഞുവെയ്ക്കുക. മനസ്സെന്ന കോട്ട സുശക്തമായി നിലകൊള്ളണമെങ്കില്‍ മനുഷ്യന്റെ ജീവിതസാഹചര്യം മനസ്സോട് ഇഴചേരും വിധം സുഖദായകമാകണം. സുഖദായകമായ മനസ്സിന്റെ ഉടമയ്ക്ക് സുദൃഢമായ ഒരു ഹൃദയവും ഉണ്ടാകും.

…ഇനി മനുഷ്യരാണോ യന്ത്രമാണോ വിജയിക്കുന്നതെന്ന് നോക്കി ദൈവം നിസ്സംഗനാകുകയാണോ? മനുഷ്യര്‍ ഉറക്കത്തിലാകുമ്പോഴും ദൈവം ഉണര്‍ന്നിരിക്കുകയാണെന്ന വിശ്വാസം ഔട്ട് ഓഫ് റേഞ്ചായോ? ഈ കാലത്തെ ഒരു വല്ലാത്ത കാലമെന്നു തിരിച്ചറിഞ്ഞ് ധ്യാനത്തിലാകുന്നത് ഉചിതമാണെന്ന് തോന്നിപ്പോകുന്നു… ശരിയല്ലേ?

കുടുംബം

ഹൃദയമെവിടെയോ അവിടെയാണ് ഭവനം എന്നാണ് സാധാരണ പറയുക. സ്വന്തം കുടുംബസങ്കല്പം ഹൃദയത്തില്‍ സംവഹിയ്ക്കുന്നവരാണ് മനുഷ്യര്‍. മുത്തച്ഛന്‍ മുത്തശ്ശി, മക്കള്‍ കൊച്ചുമക്കള്‍ അങ്ങനെ സ്‌നേഹവും വാത്സല്യവും ഇഴചേര്‍ന്ന ദൈവത്താല്‍ ഒന്നിപ്പിക്കപ്പെട്ട അതുല്യ ഹൃദയ ഒരുമയുടെ ഇടമാണ് കുടുംബം. കുറവുകളിലും നിറവുകളിലും കൂടാരം വിടാത്ത ഒരു ബന്ധത്തിന്റെ ഊഷ്മളത കുടുംബത്തില്‍ നിലനിന്നിരുന്നു. ദാരിദ്ര്യമെന്നതിലും 'സമൃദ്ധി' കണ്ടെത്തിയിരുന്ന നല്ല മനുഷ്യരുടെ ചേര്‍ന്നിരിപ്പായിരുന്നു കുടുംബങ്ങളുടെ ബലം. ആശയും ആശ്രയവും പാരസ്പരികതയുടെ നൂലിഴയില്‍ കോര്‍ത്ത് മുന്നേറിയിരുന്ന മനുഷ്യര്‍. ദുഃഖമെന്നതിന് അഗ്നി പര്‍വ്വത ഭാവത്തേക്കാള്‍ തുറവിയുടെ തുറന്നിട്ട ഹൃദയ ജാലകങ്ങള്‍ തണുപ്പും ശാന്തതയും പകര്‍ന്നു നല്കിയിരുന്നു. സ്‌നേഹമെന്നത് തനിക്കൊപ്പമുള്ളവരുടെ കൂടാരത്തിലാകണമെന്നത് ഹൃദയവിചാരവും മനസ്സിന്റെ ഇച്ഛകളുമാണ്. ഒന്നിച്ചുള്ള വാസം മനുഷ്യരില്‍ ഹൃദയവിശാലതയും സഹിഷ്ണുതയും ഒപ്പം സമാധാനവും കൊണ്ടെത്തിച്ചിരുന്നു. ദുഃഖം പങ്കുവെച്ച് കുറയ്ക്കുകയും സന്തോഷം പങ്കിട്ട് വളര്‍ത്തുകയും ചെയ്തിരുന്ന ദൈവസ്‌നേഹനിറവുള്ള കുടുംബ പശ്ചാത്തലം ഹൃദയ ധമനികളില്‍ പിരിമുറുക്കം ഇല്ലാതാക്കിയിരുന്നു. പ്രതിസന്ധികളെ തരണം ചെയ്തിരുന്നത് ധീരത കൊണ്ടായിരുന്നില്ല; ഒരുമയും ദൈവകൃപയും ഒന്നു കൊണ്ടു മാത്രമായിരുന്നു. അടുത്തുള്ളവരെ അറിയാനും അറിഞ്ഞവരെ അകമഴിഞ്ഞ് സ്‌നേഹിക്കാനുമാകുമ്പോള്‍ മനസ്സിന് ആശ്വാസത്തിന്റെ നിര്‍വൃതി ലഭിച്ചിരുന്നു. കുടുംബാധിഷ്ഠിത ജീവിതക്രമം ഒരുവനെ 'ടെന്‍ഷന്‍ ഫ്രീ' ആക്കുന്നുവെന്നത് രോഗാതുര സാഹചര്യങ്ങളെ മാറ്റിനിര്‍ത്തും. ആകുലതയുടെ ആശങ്കവിട്ട് പരസ്പര സ്‌നേഹം ആവോളം ആസ്വദിക്കുന്ന മനുഷ്യരുടെ ഹൃദയ വിചാരങ്ങള്‍ എല്ലാത്തിനേയും മൃദുവായി കാണുന്നു. ഒന്നിച്ചുള്ള 'യാത്ര' ഓരോരുത്തര്‍ക്കും ഒരു വിനോദയാത്രയോ ഒരുപക്ഷേ, ഒരു തീര്‍ത്ഥയാത്രയോ ആയി അനുഭവപ്പെടും. ഔട്ടിംഗും ട്രിപ്പുമൊക്കെ കുടുംബത്തിന്റെ 'കൂട്ടില്‍' സ്വാര്‍ത്ഥകമായേക്കും; ഒരുപക്ഷേ, സകല സമ്മര്‍ദ്ദങ്ങളേയും ഒരുമയുടെ ഇടത്തില്‍ അലിഞ്ഞില്ലാതാകും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ഒഴിവാകുമ്പോള്‍ മനുഷ്യരുടെ ഹൃദയം സര്‍വ്വശക്തനോടു ചേര്‍ന്ന് സകല ശക്തിയോടെയും പ്രവര്‍ത്തനക്ഷമമാകും. സ്‌നേഹമുള്ളവരുടെ സാമീപ്യം സകല രോഗങ്ങള്‍ക്കും ഒരു ഔഷധമാണെന്നത് പഠനങ്ങള്‍ തെളിയിക്കുന്നു.

വീടും – കെട്ടിടങ്ങളും

നമുക്കിടയില്‍ വീടുകള്‍ കുറയുകയും കെട്ടിടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. വീടിനെ ഭവനമാക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ട കുടിയേറ്റം നാടിന്റെ യുവത്വവും മാനുഷികതയെന്ന പുണ്യവും നഷ്ടമാക്കുന്നു. ആരോഗ്യം കൈമുതലായ ഒട്ടനവധി മാതാപിതാക്കളും വൃദ്ധജനങ്ങളും നാട്ടിലെ 'കെട്ടിട'ങ്ങളില്‍ ഒറ്റപ്പെടുന്നതിലെ ഭാവി ദുരന്തം നാം ഓര്‍ക്കാതെ പോകുന്നു. സകലര്‍ക്കും വേണ്ടി ജീവിച്ചവര്‍ക്ക് ശേഷിപ്പു കാലം ഏകാന്തതയുടേതാകുമ്പോള്‍ രക്തധമനികളില്‍ രക്തം കട്ടപിടിക്കുകയോ ഹൃദയത്തിന്റെ താളം തെറ്റുകയോ ചെയ്യുന്നതില്‍ അത്ഭുതമുണ്ടോ? കുടുംബാധിഷ്ഠിത ജീവിത സുഖം നഷ്ടമാകുന്നതിലെ രോഗാതുര കാലം നാം തിരിച്ചറിയാതെ പോകുന്നു. മുനുഷ്യരെന്നാല്‍ അവര്‍ ഹൃദയമുള്ളവരായിരിക്കണമെന്നു നാം പറയാറുണ്ട്; കാരണം ഹൃദയമാണ് മനുഷ്യപ്പറ്റിന്റെ മൂലഘടകമെന്നു സാരം. മനുഷ്യപ്പറ്റില്ലാത്തവര്‍ക്കിടയില്‍ ഹൃദയത്തിന് എന്തു സ്ഥാനം. കൂടുമ്പോഴുള്ള ഇമ്പം നഷ്ടപ്പെടുന്നതിലെ ഗൗരവം നാമറിയാതെ പോകുന്നു അല്ലെങ്കില്‍ എന്തിനോ വേണ്ടി അടിയറ വെയ്ക്കുന്നു! വിമാനത്താവളങ്ങളിലെ കുടിയേറ്റ (ശാാശഴൃമശേീി) കൗണ്ടറുകളിലെ യുവാക്കളുടേയും കൗമാരക്കാരുടേയും അഥവാ ഇവരുള്‍പ്പെട്ട കുടുംബാംഗങ്ങളുടേയും തിരക്ക് നമ്മെ ചിന്തിപ്പിക്കുന്നില്ലെങ്കില്‍ നമുക്കിടയിലെ വൃദ്ധരുടെ നെഞ്ചിടിപ്പിന്റെ താളഗതി അനാരോഗ്യത്തിലേക്കുള്ളതാകും. വേഴാമ്പല്‍ കാത്തിരിക്കുന്നത് വാട്ട്‌സാപ്പില്‍ പെയ്തിറങ്ങുന്ന മഴയെയല്ല, മറിച്ച് വേഴാമ്പലോടു കൂടി നനഞ്ഞിറങ്ങുന്ന 'ലൈവ് മഴ'യെയാണ്. ഉറ്റവരുടേയും ഉടയവരുടേയും സജീവ സാന്നിദ്ധ്യത്തിലാണ് സര്‍വ്വതിനേയും പ്രതിരോധിക്കുന്ന 'ഇമ്മ്യൂണിറ്റി' പവ്വര്‍ മനുഷ്യരില്‍ രൂപംകൊള്ളുന്നത്. ഏകാന്തതയുടെ 'തടവറ' രൂപം കൊടുക്കുന്നരോഗാതുരമായ 'സമൃദ്ധി' മനുഷ്യരില്‍ ചിരിക്കുന്ന മുഖമുള്ള കരയുന്ന ഹൃദയത്തെ വളര്‍ത്തിയെടുക്കും. അതുകൊണ്ട് ഇന്നത്തെ പ്രവാസ ജീവിതത്തെ പഴയകാല കവിത്വം ഇങ്ങനെ മാറ്റിയെഴുതിയെന്നു വരാം…

"നാളികേരത്തിന്റെ നാട്ടിലെനിയ്‌ക്കൊരു
നാല്പതേക്കര്‍ മണ്ണുണ്ട്,
അതില്‍ നാട്ടാര്‍ കണ്ടാല്‍ ഞെട്ടും
നാലുമുഖമുള്ളൊരു വീടുണ്ട്…"

ഈ വീടുകളുടെ ഇന്നത്തെ അവസ്ഥ ദുരവസ്ഥയാണെന്നും കൂടി നാമറിയണം. സകലതിനും നടുവില്‍ ശൂന്യതാബോധം സൃഷ്ടിക്കുന്ന വൈകാരികതയില്‍ ബി പിയും ഷുഗറും കൊളസ്‌ട്രോളും… തുടങ്ങി അനുബന്ധ രോഗങ്ങളെല്ലാം കൂട്ടായെത്തും ചികിത്സയും മൃതസംസ്‌ക്കാരവും കെങ്കേമമാകും. ജീവിതം വെറുമൊരു മിഥ്യയും പാഴ്‌വേലയുമാകും.

ആരോഗ്യകരമായ കുടുംബാന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടണം. ബലവാനു മാത്രമല്ല ബലഹീനനും കൂടിയുള്ളതാണ് ഈ ലോകമെന്നു നാമറിയണം. സ്വന്തം വീടും നാടും രാജ്യവും മൂല്യമെന്നു മക്കളെ ബോധ്യപ്പെടുത്തണം. വിദേശങ്ങളെക്കുറിച്ചുള്ള ഭാഷണത്തിനു നൂറുനാവുള്ള നമുക്കും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും നമ്മുടെ നാട് വിദേശത്തെപോലുള്ള പുരോഗമന സിദ്ധാന്തങ്ങളിലേയ്ക്കു വളരാത്തതിനെക്കുറിച്ചു ചിന്തിച്ച് പരിഹാരം കണ്ടുകൂടെ?

സന്തോഷം

സന്തോഷവാനായ മനുഷ്യന്‍ ദീര്‍ഘകാലം ജീവിക്കുന്നുവെന്നാണ് മഹാനായ ഷേക്‌സ്പിയര്‍ പറയുന്നത്. സന്തോഷമെന്നത് ആ ബാല വൃദ്ധം ജനങ്ങള്‍ക്കുമവകാശപ്പെട്ടതാണ്. ആള്‍ക്കൂട്ടത്തിന്റെ നടുവിലെ ആരവമല്ല സന്തോഷമെന്നത്. വ്യക്തിപരമായ അനുഭവത്തിലെ ആനന്ദം നിറഞ്ഞ അനുഭൂതിയാണ് സന്തോഷം. നമുക്കൊപ്പമുള്ളവര്‍ നമ്മോടൊത്താകുമ്പോള്‍ ഹൃദയാനന്ദം വന്നു ചേരും. ഊന്നുവടി എത്ര ശാസ്ത്ര സാങ്കേതികവിദ്യകളാല്‍ സമൃദ്ധമെങ്കിലും അവയ്ക്ക് ഹൃദയമില്ല. ഉറ്റവരുടെ കൈത്താങ്ങിന് ഉയിരുള്ള ഹൃദയസ്പന്ദനമുണ്ട്; വീഴില്ലെന്നൊരു ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ടാണല്ലൊ പഴമക്കാര്‍ പറയുന്നത് സന്തോഷത്തോടെ വഹിക്കുന്ന ചുമടിന് ഭാരം കുറഞ്ഞിരിക്കുമെന്ന്. ഇന്ന് സന്തോഷമെന്ന് നാം കരുതുന്ന ചിരികള്‍ക്ക് ഹൃദയസുഖമില്ലെന്നത് കാലം സാക്ഷിക്കുന്നു. രാജ്യത്തിന്റെ സമ്പത്തും പുരോഗതിയുടെ അടിസ്ഥാനവുമാണ് യുവജനങ്ങള്‍. യുവത്വം നഷ്ടപ്പെടുമ്പോള്‍ കര്‍മ്മശേഷിയും വളര്‍ച്ചയും തകരാറിലാകുന്നു; താളം തെറ്റുന്നു. സമൂഹത്തിനു തന്നെ സന്തോഷവും ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. സകല മനുഷ്യരും ചേര്‍ന്ന സമൂഹത്തിനാണ് പുരോഗതിയും തദ്വാരയുള്ള സന്തോഷവും. ഇന്ന് ഭാവിയുടെ സന്തോഷത്തിനെന്നു പറഞ്ഞ് പഴമയെ ഉപേക്ഷിക്കുന്നു. ചിലര്‍ ജീവിക്കാനുള്ളവരും വേറെ ചിലര്‍ മരണത്തിലേയ്ക്കു നിശ്ചയിക്കപ്പെട്ടവരും എന്നതുപോലെയാണിന്ന്. ക്ലേശ പൂര്‍ണ്ണമായ അവസാനകാലവും വിദേശത്തുള്ള മരണവും ഇന്നു സര്‍വ്വസാധാരണമാകുന്ന നാടിന്റെ 'പ്രവാസത്വര' നല്ലതിനോ, സന്തോഷം കൊണ്ടെത്തിക്കുന്നതിനോ എന്നു ചിന്തിക്കേണ്ട കാലം വളരെ വൈകിയിരിക്കുന്നു.

പഠനം

ജീവിതത്തിനുള്ള പരിശീലനമാകണം വിദ്യാഭ്യാസമെന്ന ചിന്ത നമുക്കെവിടെയോ കൈ മോശം വന്നു കഴിഞ്ഞു. സാക്ഷരതയ്ക്കും സംസ്‌ക്കാരത്തിനും ഏറെ പേരുകേട്ട നമ്മുടെ നാട് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതില്‍ ഏറെ മുന്നിലാണ്. പേരുകേട്ട കേരളത്തിലെ പഠനംകൊണ്ട് ഈ നാട്ടിലോ മറുനാട്ടിലോ ജീവിതഗന്ധിയായ പുരോഗതിക്ക് അവസരമുണ്ടോയെന്നു ചിന്തിക്കണം. "പഠനമെങ്കില്‍ വിദേശപഠനം" എന്നുള്ള ആധുനിക യുവതയുടേയും കൗമാരക്കാരുടേയും ചിന്തയില്‍ ഒരു "സാമ്പത്തിക വിജയം" പതിയിരിക്കുന്നുവെന്നത് മറക്കരുത്. ഇവിടെ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് വൈറ്റ് കോളര്‍ ജോബ് തേടുന്ന യുവത വിദേശത്ത് പോയി വ്യക്തമായ 'തൊഴിലിട'ത്തിലേയ്ക്കുള്ള പഠനം സാധ്യമാക്കുന്നു ഒപ്പം എന്തു തൊഴില്‍ ചെയ്തും പണം നേടുന്നു; പഠനശേഷം സ്ഥിരം തൊഴിലും സ്വന്തമാക്കുന്നു. ഇവിടെ തൊഴിലില്ലെന്നു യുവത പറയുന്നു; എന്നാല്‍ പഠനം ചിലവേറിയതുമാകുന്നു. പഠനവും തൊഴിലും ഇഴചേരാത്തതുമൂലം വീട് വിട്ട് തൊഴില്‍തേടിയുള്ള യാത്രയില്‍ വീടും വീട്ടുകാരും 'തടവറ'യിലാകുന്നു. ഹൃദയത്തിന്റെ സുഖം നഷ്ടമായി പലവിധ രോഗങ്ങള്‍ക്കും അടിമകളാകുന്നു. കുടുംബാധിഷ്ഠിത ഇടപെടലുകള്‍ തീര്‍ത്തും നഷ്ടമായ നാട്ടില്‍ ഒറ്റപ്പെട്ട് 'മരിക്കാത്തതു കൊണ്ട് ജീവിക്കുന്ന'വരുടെ എണ്ണമേറുന്നു. ചിന്തിക്കണം നാമെന്തിനാണ് ജീവിക്കുന്നത് അഥവാ ജീവിക്കാന്‍ ചിലര്‍ക്കു മാത്രം അവകാശം വച്ചു നീട്ടിയിരിക്കുകയാണോ?

എന്താണ് പരിഹാരം

ആരോഗ്യകരമായ കുടുംബാന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടണം. ബലവാനു മാത്രമല്ല ബലഹീനനും കൂടിയുള്ളതാണ് ഈ ലോകമെന്നു നാമറിയണം. സ്വന്തം വീടും നാടും രാജ്യവും മൂല്യമെന്നു മക്കളെ ബോധ്യപ്പെടുത്തണം. വിദേശങ്ങളെക്കുറിച്ചുള്ള ഭാഷണത്തിനു നൂറുനാവുള്ള നമുക്കും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും നമ്മുടെ നാട് വിദേശത്തെപോലുള്ള പുരോഗമന സിദ്ധാന്തങ്ങളിലേയ്ക്കു വളരാത്തതിനെക്കുറിച്ചു ചിന്തിച്ച് പരിഹാരം കണ്ടുകൂടെ? തൊഴില്‍ മേഖലയെക്കുറിച്ച് വിശാലമായ കര്‍മ്മപദ്ധതിയും ആസൂത്രണവും എന്തുകൊണ്ട് ഉണ്ടാകുന്നില്ല? രാജ്യത്തിന്റെ തെക്കു മുതല്‍ വടക്കുവരെ സകലവിധ വൈവിധ്യങ്ങളും കൊണ്ടു നിറഞ്ഞതാണ്; ഈ വൈവിധ്യങ്ങളെ പുരോഗതിയുടെ വൈവിധ്യങ്ങളിലേക്ക് ചിട്ടപ്പെടുത്തിയാല്‍ വിദേശരാജ്യങ്ങളെ ഞെട്ടിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉടലെടുക്കില്ലെ? കമ്പനികളുടേയും രാജ്യത്തിന്റെയാകമാനമുള്ള പുരോഗതിയിലേയ്ക്കും നമ്മുടെ മനുഷ്യവിഭവ ശേഷിയെ ഉപയുക്തമാക്കിയാല്‍ പഠനം കാലികവും പ്രായോഗികവും ചിലവു കുറഞ്ഞതും ആകില്ലെ? ഒപ്പം പഠനം കഴിഞ്ഞാല്‍ ഉടന്‍ ജോലിയും തരപ്പെടില്ലെ? സ്ഥിരജോലിയും ദിവസം മുഴുവനുമുള്ള ജോലിയുമെന്ന സങ്കല്പം വിട്ട് ദിവസത്തിലെ ഓരോ മണിക്കൂറും മത്സരിച്ച് ജോലിയെടുക്കാന്‍ ഓടി നടക്കുന്ന കര്‍മ്മോത്സുകരായ യുവതയെ രൂപപ്പെടുത്തണം. രാഷ്ട്രീയക്കാര്‍ രാജ്യത്തിനുവേണ്ടി യത്‌നിക്കണം. സ്വാതന്ത്ര്യാനന്തരഭാരതം വാര്‍ദ്ധക്യത്തിലേയ്ക്കു കാലൂന്നിയിട്ടും നമ്മുടെ മക്കളെ നമ്മുടെ രാജ്യത്തുതന്നെ നിലനിര്‍ത്തി നാടിന്റെ പുരോഗതിയില്‍ പങ്കാളികളാക്കാന്‍ സാധിക്കാത്തത് ചിന്തയ്ക്ക് വിധേയമാക്കണം. അധികാരഭ്രമവും സമ്പത്തിനോടുള്ള ആര്‍ത്തിയും അഴിമതിയും ധൂര്‍ത്തും പക്ഷപാതങ്ങളും അക്രമരാഷ്ട്രീയചിന്തകളും ജാതിമതവര്‍ഗ്ഗവര്‍ണ്ണ വൈജാത്യങ്ങളിലൂന്നിയുള്ള മുതലെടുപ്പുമൊക്കെ മാറണം. രാജ്യം ഓരോ പൗരന്റേയും സ്വന്തമാണെന്ന ബോധമുണ്ടാകണം. ഗാന്ധിജി വിഭാവനം ചെയ്ത സ്വാശ്രയ ഭാരതം ഇന്നെവിടെയെത്തി നില്‍ക്കുന്നു. ചരിത്രകാരന്മാരെ ഇകഴ്ത്താനും, രാജ്യത്തെ മുന്നില്‍ നിന്നു നയിച്ചവരെ അവഗണിക്കാനും പാടുപെടുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്; അവരുടെ ദീര്‍ഘവീക്ഷണത്തില്‍ ചവിട്ടി നിന്നാണ് നമ്മുടെ പാഴ് വാക്കുകള്‍ എന്നത്. "നമ്മുടെ മനോഭാവവും പ്രവര്‍ത്തനങ്ങളും ലോകഗതിക്കനുസരണം വ്യത്യാസപ്പെടുത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നാം ലോകത്തിന്റെ പിന്നിലാകുന്നുവെന്നാണ്" ഇതു പറഞ്ഞു വച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ! അധികാരം നിലനിര്‍ത്താനുള്ള തീ വ്രശ്രമത്തിനിടയില്‍ രാജ്യത്തിന്റെ മക്കള്‍ കുടിയേറ്റ (കാാശഴൃമശേീി) കൗണ്ടറില്‍ നിന്നും കുടിയേറിപ്പാര്‍ക്കുന്ന (ലാശഴൃമശേീി) കൗണ്ടറിലേക്ക് മാറുന്ന "കൂടുവിട്ടു കൂടുതേടുന്ന" പ്രക്രിയ ത്വരിതഗതിയിലാകുന്നത് അറിയുന്നുണ്ടോ? നാട്ടിലെ കൂട്ടുകാര്‍ ചില്ലയൊടിഞ്ഞ് നിലം പൊത്തുന്നതും തിരിച്ചറിയണം. മനുഷ്യര്‍ രോഗാതുര ജീവിത ചുറ്റുപാടിലാകുന്ന ദുരവസ്ഥ പരിഹരിക്കപ്പെടണം. കുടുംബാധിഷ്ഠിത ജീവിതസുഖം തിരിച്ചെത്തണം. ഹൃദയം സന്തോഷഭരിതമാകണം, മനസ്സിന്റെ നിലഭദ്രമാകണം. സ്വന്തം നാടും നാട്ടിലെ ജീവിതവും ഇനിയെങ്കിലും രാഷ്ട്രീയക്കാരുടെ ശ്രദ്ധയിലെത്തണം. യുവശക്തി കൈമോശം വന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പിന്നെന്തു വില? പ്രവാസിയുടെ 'നാലുമുഖമുള്ള വീട്ടില്‍' വാര്‍ദ്ധക്യത്തിന്റെ തേങ്ങലുറങ്ങുന്നുവെന്നറിയുക! ജാഗ്രതയിലാകുക!!

സമയം

വിദേശത്തു കാലുകുത്തിയാല്‍ തൊഴിലെടുക്കാന്‍ സമയം തികയാത്ത നമുക്ക് നാട്ടില്‍ തൊഴിലെടുക്കാന്‍ തീരെ താല്പര്യമില്ല. അഥവാ തൊഴിലെന്തെങ്കിലും കിട്ടിയാലും അവധിയെടുക്കാനാണ് താല്പര്യം. സ്വന്തം നാട്ടില്‍ വിശ്രമം ഇഷ്ടപ്പെടുന്ന നാമെങ്ങനെ വിേദശത്തെത്തിയാല്‍ അവിരാമം തൊഴിലെടുക്കുന്നുവെന്നതും പഠനത്തിനു വിധേയമാക്കണം. നാട്ടില്‍ ഹൃദ്യമായും മനോഹരമായും ബന്ധങ്ങളുടെ ഊഷ്മളതയില്‍ ജീവിക്കാന്‍ പഠിക്കണം. അടുത്തിരുന്നാല്‍ ആത്മബലം വര്‍ദ്ധിക്കും.

ചുരുക്കം

സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുകയാണ് ജീവിതത്തിലെ ഏറ്റവും വലിയ കലയെന്നാണ് സങ്കല്പം. സ്‌നേഹത്തിന്റെ പാരസ്പര്യത്തിലാണ് ജീവതം മുന്നോട്ടു പോകേണ്ടത്. ബന്ധങ്ങളുടെ ബലം നഷ്ടപ്പെട്ടാല്‍ ബലഹീനരുടെ എണ്ണം വര്‍ദ്ധിക്കും. ആരോഗ്യജീവിതം താറുമാറാകും?! സമ്പാദ്യമെല്ലാം മരുന്നും ചികിത്സയ്ക്കും ഉള്ളതാകും. കുടുംബാധിഷ്ഠിതമായ ജീവിതതാളം പണാധിഷ്ടിത ജീവിതയാന്ത്രികതയിലേക്കു മാറുന്നതിലെ ദുരവസ്ഥ രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രതി സന്ധിയാണെന്ന് മറക്കരുത്! നാട്ടിലെയാളുകള്‍ നാട്ടിലില്ലാതാകുന്നു, വീടുകള്‍ അനാഥമാകുന്നു; അനാഥമന്ദിരങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. പകല്‍ വീടുകള്‍ പതിവാകുന്നു. സകലതിനും നടുവില്‍ 'യന്തിരന്മാര്‍' ജീവിക്കുന്നു; മനുഷ്യര്‍ പരാജയപ്പെടുന്നു. ആയുസ്സു കുറയുന്നു, ആരോഗ്യം ഓര്‍മ്മയാകുന്നു, കൂട്ടുകുടുംബവും അണുകുടുംബവും നഷ്ടമായി 'കെട്ടിടവും കാവലാളും" മാത്രമായി; ഹൃദയസ്പന്ദനം നിശ്ചലമാകുന്ന നേരവും കാത്ത് വാട്‌സാപ്പുകള്‍ ഇമവെട്ടാതെ കാത്തിരിക്കുകയാണ്… "ലൈവ് സ്ട്രീം" കാത്ത് "സൗരയൂഥ"മാകെ കണ്‍തുറന്നിരിക്കുന്നു. …ഇനി മനുഷ്യരാണോ യന്ത്രമാണോ വിജയിക്കുന്നതെന്ന് നോക്കി ദൈവം നിസ്സംഗനാകുകയാണോ? മനുഷ്യര്‍ ഉറക്കത്തിലാകുമ്പോഴും ദൈവം ഉണര്‍ന്നിരിക്കുകയാണെന്ന വിശ്വാസം ഔട്ട് ഓഫ് റേഞ്ചായോ? ഈ കാലത്തെ ഒരു വല്ലാത്ത കാലമെന്നു തിരിച്ചറിഞ്ഞ് ധ്യാനത്തിലാകുന്നത് ഉചിതമാണെന്ന് തോന്നിപ്പോകുന്നു… ശരിയല്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org