എറൈസ് 2022 : ദൗത്യബോധത്തോടെ ലോകത്തിന്റെ അതിരുകളിലേയ്ക്ക്

സീറോ മലബാര്‍ പ്രവാസി യുവജനസമ്മേളനം
എറൈസ് 2022 : ദൗത്യബോധത്തോടെ ലോകത്തിന്റെ അതിരുകളിലേയ്ക്ക്
Published on

എറൈസ് 2022 നു വേണ്ടി റോമിലെത്തിയെ സീറോ മലബാര്‍ യുവജന പ്രതിനിധികള്‍ക്ക് ഫ്രാന്‍ സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യവും വാക്കുകളും സമ്മാനിച്ചത് സമാനതകളില്ലാത്ത അനുഭവങ്ങളായിരുന്നു. സഭയുടെ ആസ്ഥാനനഗരത്തിലെ ചരിത്രപ്രസിദ്ധമായ തീര്‍ത്ഥകേന്ദ്രങ്ങളിലേയ്ക്കുള്ള സന്ദര്‍ശനവും അവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും സഭാസ്‌നേഹത്തിനു അഗ്നി പകരുകയും ചെയ്തു. സീറോ മലബാര്‍ സഭയുടെ ആഗോള യുവജനപ്രേഷിതത്വത്തിന് എറൈസ് 2022 പുതിയ സ്വപ്നങ്ങളും ചൈതന്യവും സമ്മാനിച്ചു.

മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ആഘോഷിക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് ആശംസകള്‍ അറിയിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ പോര്‍ട്ടുഗലിലെ ലിസ്ബണില്‍ നടക്കുന്ന അടുത്ത ആഗോള യുവജനദിനാഘോഷത്തിന്റെ പ്രമേയം ഉദ്ധരിച്ചു യുവജനങ്ങളോടു പറഞ്ഞു, ''പരി. മറിയം തനിക്കു കിട്ടിയ സവിശേഷാനുകൂല്യം സ്വീകരിച്ച് അതേ കുറിച്ചാലോചിച്ചും സന്തോഷിച്ചും വെറുതെ ഇരുന്നുവെങ്കില്‍ ഭയം കൊണ്ടും അഹങ്കാരം കൊണ്ടും മരവിച്ചു പോകുമായിരുന്നു. പകരം മാതാവ് ഏലീശ്വാമ്മയെ ശുശ്രൂഷിക്കാന്‍ തിടുക്കപ്പെട്ടു പോകുകയായിരുന്നു.''

ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു മണിക്കൂറോളം നമ്മുടെ യുവജനങ്ങളോടൊപ്പം ചെലവഴിച്ചതു വലിയ നേട്ടമായി. പാപ്പ എല്ലാവരോടും സംസാരിക്കുകയും വ്യക്തിപരമായി പരിചയപ്പെടുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. പ്രായമായ ബന്ധുക്കളെ കാണാന്‍ പോകാറുണ്ടോ എന്നു യുവജനങ്ങളോടാരാഞ്ഞ മാര്‍ പാപ്പ വയോധികരെ കാണുകയും അവരുടെ അനുഭവസമ്പത്തും ജ്ഞാനവും ആര്‍ജിക്കാന്‍ പരി. മാതാവിനെ പോലെ ശ്രമിക്കുകയും വേണമെന്നു യുവജനങ്ങളോട് ആവശ്യപ്പെട്ടു. മറിയത്തിന്റെ സ്‌തോത്രഗീതം ആലപിക്കാന്‍ യുവജനങ്ങള്‍ സദാ തയ്യാറാകണം. കുമ്പസാരത്തിലൂടെയും കുര്‍ബാനയിലൂടെയും അനുദിനം ജീവിതത്തെ നവീകരിച്ചു ശക്തി പ്രാപിക്കണമെന്നും ലഭിച്ച അനുഗ്രഹങ്ങളെയോര്‍ത്ത് എപ്പോഴും നന്ദിയുള്ളവരായിരിക്കണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയ്ക്കു പുറത്തു നാലു രൂപതകളിലും ഒരു അപ്പസ്‌തോലിക് വിസിറ്റേഷനിലും നിന്നുള്ള സീറോ മലബാര്‍ യുവജന പ്രതിനിധികളാണു റോമില്‍ എറൈസ് 2022 എന്ന പേരില്‍ സമ്മേളിച്ചത്. ഈ അഞ്ച് അജപാലനസംവിധാനങ്ങളിലെ യൂത്ത് മൂവ്‌മെന്റ് യൂണിറ്റുകള്‍ ഒരുമിച്ച് കംബൈന്‍ഡ് മിഷന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള, വിദേശരാജ്യങ്ങളിലേയ്ക്കു കുടിയേറുകയും അവിടെ ജനിച്ചു വളരുകയും ചെയ്ത യുവജനങ്ങളുടെ സാദ്ധ്യതകളും വെല്ലുവിളികളും നന്മകളും പ്രശ്‌നങ്ങളും ഏറെക്കുറെ സമാനമായതുകൊണ്ട്, ഒരുമിച്ച്, ഒരേ രീതിയിലുള്ള അജപാലനശുശ്രൂഷ നടത്താമെന്ന ലക്ഷ്യത്തോടെയാണ് കംബൈന്‍ഡ് മിഷന്‍ ആരംഭിച്ചത്.

ചിക്കാഗോ (യു.എസ്.), മിസ്സിസാഗാ (കാനഡ), മെല്‍ബണ്‍ (ആസ്‌ത്രേലിയ), ഗ്രേറ്റ് ബ്രിട്ടന്‍, അപ്പസ്‌തോലിക് വിസിറ്റേഷന്‍-യൂറോപ്പ് എന്നിവയാണ് കംബൈന്‍ഡ് മിഷനില്‍ വരുന്ന പ്രദേശങ്ങള്‍. ഇതില്‍ ഏറ്റവും മുമ്പ് രൂപതയായി മാറിയത് ചിക്കാഗോ ആണ്. അതുകൊണ്ട് യുഎസ്എ യില്‍ തന്നെയാണ് സീറോ മലബാര്‍ യുവജനങ്ങള്‍ ഏറ്റവുമധികം സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതും. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങ ളിലും എസ് എം വൈ എം നല്ല രീതിയില്‍ പ്രവര്‍ത്തനം തുടരുന്നു.

പ്രവാസികളായ യുവജനങ്ങള്‍ക്കു സീ റോ മലബാര്‍ സഭയോടുള്ള ബന്ധം മൂന്നു കാര്യങ്ങളെ ആസ്പദമാക്കിയാണിരിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ഒന്ന്, ഇടവകസമൂഹം. സജീവമായ ഇടവകസമൂഹമുള്ളയിട ങ്ങളില്‍ യുവജനങ്ങളും സജീവമായി പ്രവര്‍ത്തനരംഗത്തേക്കു വരുന്നത് സ്വാഭാവികമാണ്.

രണ്ടാമത്തെ കാര്യം മാതാപിതാക്കളുടെ താത്പര്യമാണ്. മക്കളെ സീറോമലബാര്‍ പാരമ്പര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലും വളര്‍ത്തിക്കൊണ്ടുവരണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാതാപിതാക്കള്‍ക്കുണ്ടെങ്കില്‍ മക്കളും ആ പാതയിലേയ്ക്കു വരാനുള്ള സാധ്യതകള്‍ വളരെയേറെയാണ്.

മൂന്ന്, ഇടവകസമൂഹത്തില്‍ യുവജനങ്ങള്‍ക്ക് എത്ര ത്തോളം അവസരങ്ങള്‍ ലഭിക്കുന്നുവെന്നതാണ്. ഓരോ ഇടവകസമൂഹവും യുവജനങ്ങളെ എത്രത്തോളം മനസ്സിലാക്കുന്നു, ഉള്‍ക്കൊള്ളുന്നു എന്നത് അവരുടെ സഭാപങ്കാളിത്തത്തെ സ്വാഭാവികമായും സ്വാധീനിക്കും.

കേരളത്തിലെ യുവജനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവാസി യുവജനങ്ങള്‍ 'അതെ, അല്ലെങ്കില്‍ അല്ല' എന്നു തീര്‍ത്തു പറയുന്നവരാണ്. കേരളത്തിലാകുമ്പോള്‍ മാതാപിതാക്കളുടെ നിര്‍ബന്ധം കൊണ്ടോ, സാമൂഹ്യസമ്മര്‍ദ്ദം കൊണ്ടോ കുറെ പേര്‍ വിശ്വാസജീവിതത്തിന്റെ ഭാഗമായി നീങ്ങുന്നുണ്ടാകാം. വിദേശങ്ങളിലും മാതാപിതാക്കളുടെ താത്പര്യം ഒരു ഘടകമാണെങ്കില്‍ കൂടിയും, ഒരു യുവാവ് പള്ളിയില്‍ വരുന്നുണ്ടെങ്കില്‍ അത് അയാളുടെ വ്യക്തിപരമായ തീരുമാനത്തിന്റെയും താത്പര്യത്തിന്റെയും ബോദ്ധ്യത്തിന്റെയും ഫലമാണെന്നു നമുക്കു കണക്കാക്കാന്‍ കഴിയും. യുവജനപ്രസ്ഥാനങ്ങളില്‍ പങ്കെടുക്കുന്നവര്‍ നൂറു ശതമാനവും അതിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരും ഹൃദയം കൊണ്ട് ഇതിനോടു ചേര്‍ന്നു നില്‍ക്കുന്നവരുമാണ്. അത്രയും താത്പര്യമില്ലാത്തവര്‍ക്ക് ഇതില്‍ നിന്നെല്ലാം മാറി നില്‍ക്കാന്‍ എളുപ്പമാണ്.

ക്രിസ്തുവിന്റെ മുഖവും ഹൃദയവും ഭാവവും സ്വഭാവവും അതിന്റെ മൂല്യവും ഭംഗിയും ചോര്‍ന്നുപോകാതെ യുവജനങ്ങള്‍ ക്കു പകര്‍ത്തിക്കൊടുക്കേണ്ടവരാണ് മാതാപിതാക്കളും വൈദികരും യുവജനശുശ്രൂഷകരും. സഭയുടെ മുഖം ക്രിസ്തുവിന്റെ മുഖം തന്നെയാണ്. പല കാരണങ്ങള്‍ കൊണ്ടും ക്രിസ്തുവിന്റെ വളരെ ആകര്‍ഷകമായ, ഹീറോയിസമുള്ള, ഫ്രീക്കനായ കൂട്ടുകാരനെ പോലെയുള്ള, എല്ലാ സ്വാതന്ത്ര്യത്തിലേയ്ക്കും യുവജനങ്ങളെ നയിക്കുന്ന, വലിയൊരു ലോകത്തിലേയ്ക്കു ക്ഷണിക്കുന്ന ആ മുഖം വരയ്ക്കുന്നതില്‍ പലപ്പോഴും യുവജനശുശ്രൂഷകരും മുതിര്‍ന്നവരും പരാജയപ്പെടാറുണ്ട്. നമ്മുടെ യുവജനശുശ്രൂഷയില്‍ ക്രിസ്തുവിന്റെ മുഖം ഏറ്റവും ആകര്‍ഷകമായി വരയ്ക്കുക, ഏറ്റവും സ്‌നേഹവാനായ വ്യക്തിയായി അവതരിപ്പിക്കുക എന്നതാണു സഭ ചെയ്യേണ്ടത്.

കേരളത്തില്‍ നിന്നു വ്യത്യസ്തമായി ധാരാളം വെല്ലുവിളികളുള്ള ഒരു സാഹചര്യത്തിലാണ് കേരളത്തിനു പുറത്തെ യുവജനങ്ങള്‍ കഴിയുന്നത്. ദൈവത്തെ അറിയാത്തവരും ദൈവത്തെ നിഷേധിക്കുന്നവരുമായ ആളുകള്‍ക്കിടയില്‍ ജീവിക്കേണ്ടി വരുന്നവരാണ് അവര്‍. വിശ്വാസത്തില്‍ വളരാന്‍ ഒട്ടും അനുകൂലമായ സാഹചര്യങ്ങളല്ല നമ്മുടെ യുവജനങ്ങള്‍ക്കു വിദേശരാജ്യ ങ്ങളിലുള്ളത്. കൂട്ടുകാര്‍ പള്ളിയില്‍ പോകുന്നവരോ പ്രാര്‍ത്ഥിക്കുന്നവരോ അല്ല. ഒരു പ്രായം കഴിഞ്ഞാല്‍ മുതിര്‍ന്നവര്‍ പറയുന്നതെല്ലാം ഉപദേശവും കൂട്ടുകാര്‍ പറയുന്നതു വേദവുമാണല്ലോ. അതുകൊണ്ട് ഒരേ വിശ്വാസവും മൂല്യവുമുള്ളവരെ യുവജനങ്ങള്‍ക്കു സുഹൃത്തുക്കളായി നല്‍കുക എന്നതാണ് യുവജനങ്ങളെ വിശ്വാസത്തില്‍ കൊണ്ടുപോകുന്നതിനുള്ള എളുപ്പവഴി. പള്ളിയില്‍ പോകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന യുവജനങ്ങളുടെ സൗഹൃദക്കൂട്ടങ്ങള്‍ രൂപീകരിക്കുക ആവശ്യമാണ്. വിദേശരാജ്യങ്ങളിലെ എസ്.എം.വൈ.എം. ചെയ്യാന്‍ ശ്രമിക്കുന്നതും അതു തന്നെയാണ്.

റോമിലെ എറൈസ് 2022 ല്‍ യുവജനങ്ങളെ കേള്‍ക്കാന്‍ മെത്രാന്മാരും ഡയറക്ടര്‍മാരും തയ്യാറായി എന്നതാണ് അവരെ ഏറ്റവും ആകര്‍ഷിച്ചത്. മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന സിനഡാലിറ്റിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു എറൈസ് 2022 സംഘടിപ്പിക്കപ്പെട്ടത്. പങ്കെടുത്ത യുവജനപ്രതിനിധികളുടെയെല്ലാം ആഗ്രഹങ്ങളും ആശയങ്ങളും കേള്‍ക്കാന്‍ സഭാനേതൃത്വം തയ്യാറായി. സീറോ മലബാര്‍ തനിമ എന്താണെന്നും അത് എങ്ങനെ ആഘോഷിക്കണമെന്നും ഉള്ള ധാരാളം ചര്‍ച്ചകള്‍ നടന്നു. ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിലും കത്തോലി ക്കാസഭാംഗമായിരിക്കുന്നതിലുമുള്ള അഭിമാനത്തോടെയാണ് എല്ലാവരും മടങ്ങിപ്പോയത്.

കംബൈന്‍ഡ് മിഷന്‍ ഒരുമിച്ച് കുറെ യാത്രകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ലിസ്ബണിലെ ആഗോളയുവജനദിനാഘോഷത്തില്‍ പരമാവധി പേര്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. അതിനൊരുക്കമായി ലിസ്ബണില്‍ ഒരു സീറോ മലബാര്‍ യുവജനാഘോഷം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ധാരാളം യുവാക്കള്‍ ഇന്നും ക്രിസ്തുവിനെയും സഭയെയും സ്‌നേഹിക്കുന്നുണ്ട്, സഭയോടു പ്രതിബദ്ധത പുലര്‍ത്തുന്നുണ്ട് എന്ന തിരിച്ചറിവു സഭാനേതൃത്വത്തിനു നല്‍കിയ ഒരനുഭവമായിരുന്നു എറൈസ് 2022. ഒരുകാലത്ത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നു മിഷണറിമാര്‍ ഇവിടെ വന്നു. ഇന്നു അവിടെ വിശ്വാസചൈതന്യം പകരാന്‍ ചുമതലപ്പെട്ടവരാണെന്ന നാമെന്ന ബോദ്ധ്യം നമ്മുടെ യുവജനങ്ങള്‍ക്കു പുതിയ ദൗത്യബോധം പകരുമെന്നതില്‍ തര്‍ക്കമില്ല.

(യൂറോപ്പിലെ സീറോ മലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടറാണ് ലേഖകന്‍)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org