വായിച്ചു തീരാത്ത പുസ്തകങ്ങള്‍

വായിച്ചു തീരാത്ത പുസ്തകങ്ങള്‍

ഒരുപാട് പ്രതീക്ഷകളോടെയും തീരുമാനങ്ങളോടെയുമാണ് കണ്ണു തുറന്നത്. ഇന്നെങ്കിലും വിചാരിച്ചപോലെ കാര്യങ്ങള്‍ ചെയ്യണം. എല്ലാ ദിവസവും വെറുതെ കടന്നുപോവാണ്. ഇത്തിരികുഞ്ഞന്‍ വൈറസ് സമ്മാനിച്ച വെറുതെയിരിപ്പ് ജീവിതത്തിന്റെ ഭാഗമായതുപോലെ. രാത്രി കിടക്കാന്‍ വരുമ്പോള്‍ സങ്കടമാണ്: ഒന്നും ചെ യ്യാന്‍ പറ്റിയില്ലല്ലോ.

പക്ഷെ ഇന്നങ്ങനെയാകില്ല. ഉറപ്പ്. രാവിലെ എണീറ്റപാടേ മുറിയൊക്കെ വൃത്തിയാക്കി അത്യാവശ്യം കാര്യങ്ങളൊ ക്കെ ചെയ്ത് അമ്മയുടെ ചെടിത്തോട്ടത്തിലേയ്ക്കിറങ്ങി. എന്തു രസമാ!. ഇത്രയ്ക്കും കൊതിയോടെ ചെടികളെ നോക്കിയിട്ടില്ല. കുറേ നാള്‍ക്കുശേഷം സൂര്യപ്രകാശം തലയ്ക്കുകൊണ്ടതിന്റെ ഗുണമാണ്. ഉണങ്ങി നിന്നിരുന്ന ചെടികള്‍ക്കു കുറേശ്ശേ വെള്ളമൊക്കെ ഒഴിച്ചുകൊടുത്ത് നേരെ ചെന്ന് വായിക്കാനിരുന്നു.

വീട്ടിലിരുന്ന് പഠനമാരംഭിച്ചപ്പോള്‍ നേരമ്പോക്കിന് വായിക്കാനെടുത്ത പുസ്തകമാണ്. ഇതുവരെയായിട്ടും തീര്‍ന്നിട്ടില്ല. ഇന്നൊട്ട് തീരുമെന്ന് ഉറപ്പുമില്ല. അപ്പന്റെ പുസ്തകകൂട്ടത്തില്‍ നിന്ന് ചെറുതു നോക്കി എടുത്തതാ! വായിച്ചു തുടങ്ങിയപ്പോ മനസ്സിലായി അത്ര ചെറുതൊന്നുമല്ലാ എന്ന്. വായിക്കുന്തോ റും താളുകള്‍ ഇരട്ടിക്കുന്നതുപോലൊരു തോന്നല്‍. പി ന്നെ കണ്ണുകളില്‍ മയക്കം നിറഞ്ഞ് മനസ്സൊരു മന്ദഗതിയിലാകും. മിക്കവാറും പുസ്തകത്തിന്റെ മേലാണു കിടപ്പ്.

വളരെ പ്രസരിപ്പോടെയാണ് പുസ്തകം തുറന്നത്. അടയാളം വച്ചിരുന്ന കടലാസു കഷണം തല്‍സ്ഥാനത്തുനിന്നും മാറ്റാനൊരു വിശ്വാസക്കുറവ്; എങ്ങാനും ഉറങ്ങിപ്പോയാലോ!

സംശയിച്ചതുപോലെ തന്നെ സംഭവിച്ചു…

കഷ്ടിച്ച് 2 പേജുകള്‍ വായിച്ചു കാണും, പിന്നെ കണ്ണുകളിലൂടെ അക്ഷരങ്ങള്‍ ഒഴുകി നടന്നു. വള്ളി യും പുള്ളിയും ചന്ദ്രക്കലയുമെല്ലാം അക്ഷരങ്ങളില്‍ നിന്നും വേര്‍പ്പെട്ട് ഏതോ ഭീകരരൂപത്തിന്റെ കൈകളും കാലുകളുമൊക്കെയായി മാറിയതുപോലെ!

മനസ്സില്‍ ഒരു സന്ദേഹം ബാ ക്കിയായി: ഇനിയും വായിച്ചു തീര്‍ ന്നില്ലല്ലോ ഈ പുസ്തകം!

വായിച്ചു തീരാത്ത പസ്തകങ്ങളുടെ എണ്ണം കുമിഞ്ഞുകൂടുകയാണ്…

അപ്പന്റെ ക്രൂരവിനോദങ്ങളുടെ ബാക്കിപത്രമായ മകളും മനുഷ്യനായാട്ട് മൂലം മണ്‍മറഞ്ഞുപോയ നിരാലംബസ്ത്രീകളും നേരമ്പോക്കിന്റെ നേരം തെറ്റലിന് മൂകസാക്ഷികളാകേണ്ടിവന്ന കുരുന്നു ജീവനുകളുമെല്ലാം ഇനിയും വായിച്ചു തീരാത്ത പുസ്തകങ്ങളാണ്.

ദില്ലിയില്‍ അപ്പന്‍ കൂട്ടിരിക്കുന്ന അമ്മയുടെ പ്രാണവായു നിലയ്ക്കാതിരിക്കാന്‍ ആശുപത്രിവരാന്തകള്‍ കയറി ഇറങ്ങേണ്ടിവന്ന മകന്‍ ഇനിയും വായിച്ച് എങ്ങുമെത്താത്ത പുസ്തകമാണ്…

തിരിവെട്ടം: വെറുതെയിരിപ്പില്‍ ചുറ്റും കണ്ണോടിച്ച് വായിച്ചുതീരാത്ത പുസ്തകങ്ങളെ മനസ്സില്‍ കോറിയിടാം…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org