കരുത്തേകുന്ന അവധിക്കാലം

കരുത്തേകുന്ന അവധിക്കാലം

ഷാജി മാലിപ്പാറ

ഏഴാം ക്ലാസുകാരനായ റോണി തിരക്കിട്ടു പള്ളിയിലേക്കു നടന്നു. ഒമ്പതുമണിക്കാണ് ഞായറാഴ്ചത്തെ രണ്ടാമത്തെ കുര്‍ബാന. എട്ടേമുക്കാലിനു അസംബ്ലി തുടങ്ങും. അതിനുമുമ്പ് കുട്ടികള്‍ എത്തണമെന്നാണ് നിയമം. അവധിക്കാലമായതിനാല്‍ അസംബ്ലിയില്ല. എന്നാലും കുര്‍ബാന തുടങ്ങുംമുമ്പ് എത്താനാണ് റോണിയുടെ ആഗ്രഹം.

പള്ളിയില്‍ കയറി, കുരിശുവരച്ച് പ്രാര്‍ത്ഥിച്ച് ഇരുന്നിട്ട് റോണി ക്ലോക്കില്‍ നോക്കി. ഇനി അഞ്ചുമിനിട്ടുകൂടിയുണ്ട്. ഏതായാലും വൈകാതെ എത്തിയതില്‍ അവനു സന്തോഷം തോന്നി. കുട്ടികളും മുതിര്‍ന്നവരും വന്നുകൊണ്ടിരിക്കുന്നു.

മണി മുഴങ്ങി. കുര്‍ബാനയ്ക്ക് ഒരുക്കമായുള്ള പ്രവേശനഗാനം തുടങ്ങി. റോണി എഴുന്നേറ്റുനിന്നു. പക്ഷെ മറ്റാരും എഴുന്നേറ്റിട്ടില്ല. അവന്‍ ചുറ്റിലും നോക്കി. കുട്ടികളും യുവാക്കളും മുതിര്‍ന്നവരും വൃദ്ധരുമൊക്കെയുണ്ട്. എല്ലാവരും നിലത്തും ബഞ്ചിലും കസേരയിലുമൊക്കെയായി ഇരുപ്പുതന്നെ. വേദപാഠം ഉള്ളപ്പോഴാണെങ്കില്‍ അതാത് ക്ലാസിലെ കുട്ടികള്‍ക്കടുത്തു അധ്യാപകര്‍ കാണും. അവര്‍ വേഗം എഴുന്നേറ്റു നില്‍ക്കാന്‍ ആവശ്യപ്പെടും. അവധിക്കാലത്ത് അങ്ങനെ പറയാന്‍ ആരുമില്ല. ആരും പറഞ്ഞില്ലെങ്കിലും എഴുന്നേല്‍ക്കേണ്ടതല്ലേ? ഇരിക്കണോ നില്‍ക്കണോ എന്ന സന്ദേഹത്തിലായി റോണി. ഏതായാലും അച്ചനും ശുശ്രൂഷികളും അള്‍ത്താരയിലേക്കു വന്നതു ഭാഗ്യം. അപ്പോള്‍ മടിച്ചുമടിച്ച് ഓരോരുത്തരായി എഴുന്നേറ്റുനിന്നു.

കുര്‍ബാന തുടങ്ങി. ഇടയ്ക്ക് മുറ്റത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച അവനെ അത്ഭുതപ്പെടുത്തി. ഏഴാംക്ലാസില്‍ വേദപാഠം പഠിപ്പിച്ച ജോണ്‍ സാര്‍ ഇപ്പോഴാണ് കുര്‍ബാനയ്ക്ക് വരുന്നത്. സങ്കീര്‍ത്തനം ചൊല്ലിക്കഴിയാറായി. പലവിചാരം വിട്ട് കുര്‍ബാനപുസ്തകം നോക്കി റോണി പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ തുടങ്ങി.
……………………………………..
പന്ത്രണ്ടുവര്‍ഷത്തെ വിശ്വാസപരിശീലനം കഴിഞ്ഞ് കുട്ടികള്‍ പരിശീലിച്ചതൊക്കെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പലരും പറയാറുണ്ട്. ഒരു അധ്യയനവര്‍ഷം കഴിഞ്ഞ് അവധിക്കാലത്ത് അധ്യാപകരും മാതാപിതാക്കളും കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? പരിശീലനകാലത്തിനുവേണ്ടി മാത്രമാണോ ഓരോ കാര്യങ്ങള്‍ പഠിപ്പിക്കുന്നതും നിഷ്കര്‍ഷിക്കുന്നതും? കുര്‍ബാനയ്ക്ക് വൈകി വരിക, ആദരവില്ലാതെ പള്ളിക്കകത്ത് പെരുമാറുക, കുട്ടികളോടു നിര്‍ബന്ധിക്കുന്ന കാര്യങ്ങള്‍ മുതിര്‍ന്നവര്‍ കൃത്യമായി വേണ്ടെന്നുവയ്ക്കുക, പള്ളിമുറ്റത്തും പരിസരത്തും നിന്നു കുര്‍ബാനയില്‍ പങ്കെടുക്കുക തുടങ്ങിയ അരുതായ്കകള്‍ ആരാണ് കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്?

അവധിക്കാലം കുട്ടികള്‍ക്ക് സ്വതന്ത്രവും ആഹ്ലാദകരവുമായി കാര്യങ്ങള്‍ ചെയ്യാനുള്ള അവസരമായി മാറണം. പക്ഷെ, അത് ഒരു വര്‍ഷം പഠിച്ചതും പ്രയോഗിച്ചതും നിരാകരിക്കാനും ഉപേക്ഷിക്കാനുമാകരുത്. ക്ലാസ്മുറിയിലും പ്രസംഗപീഠത്തിലും പറയുന്ന കാര്യങ്ങള്‍, പറയുന്നവര്‍ തന്നെ അവഗണിക്കുന്നുവെങ്കില്‍ കുട്ടികള്‍ക്കു ഇടര്‍ച്ചയ്ക്കു കാരണമുണ്ടാക്കുകയല്ലേ ചെയ്യുന്നത്? നമ്മുടെ കുഞ്ഞുങ്ങളെപ്രതി നമുക്കു കുറച്ചുകൂടി കരുതലുള്ളവരാകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org