വണക്കമാസാചരണങ്ങളുടെ പ്രസക്തി

വണക്കമാസാചരണങ്ങളുടെ പ്രസക്തി


വി.എം. ഉലഹന്നാന്‍

നവയുഗ, ഇലക്ട്രോണിക് മാധ്യമങ്ങളുടെ മാസ്മരിക പ്രപഞ്ചം ഇന്നത്തെ തലമുറയെ അറിഞ്ഞോ അറിയാതെയോ പല തെറ്റുകളിലും കൊണ്ടെത്തിക്കുന്നു. പല അവസരങ്ങളിലും ശരിയും തെറ്റും വിവേചിച്ചറിയുന്നതില്‍ അവര്‍ വളരെ വൈകിപ്പോകുന്നു. തിരക്കേറിയ ജീവിതവ്യാപാരത്തില്‍ മാതാപിതാക്കള്‍ക്ക് സമ്മാനമായി ദൈവം നല്കിയ മക്കളെ ശ്രദ്ധിക്കുവാനോ സ്നേഹിക്കുവാനോ സമയം തികയാതെ വരുന്നു. ഈശ്വരചിന്തയിലും സഭയോടുള്ള സ്നേഹത്തിലും ക്രിസ്തുവില്‍ ആഴത്തിലുള്ള വിശ്വാസത്തിലും മക്കളെ വാര്‍ത്തെടുക്കുവാന്‍ സര്‍വസ്വവും വെട്ടിപ്പിടിക്കുവാന്‍ പാഞ്ഞു നടക്കുന്ന നമുക്കെവിടെ സമയം?

ഈ അവസരത്തിലാണു വണക്കമാസാചരണത്തിന്‍റെ പ്രസക്തിയെക്കുറിച്ചു നാം മനസ്സിലാക്കേണ്ടത്. കത്തോലിക്കാ തിരുസഭയുടെ സന്താനങ്ങളില്‍ പുരാതനകാലം മുതല്‍ തന്നെ കൂട്ടായ്മയും ദിവസേന വൈകുന്നേരം കുടുംബാംഗങ്ങളെല്ലാവരും കൂടി ഒരുമിച്ചുള്ള കുടുംബപ്രാര്‍ത്ഥനാരീതിയും നിലനിന്നിരുന്നു. ഈ കുടുംബപ്രാര്‍ത്ഥനാ സമ്പ്രദായം കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര സ്നേഹവും ബഹുമാനവും ആദരവും വര്‍ദ്ധിപ്പിക്കുകയും കത്തോലിക്കാവിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെട്ടു വളരുവാന്‍ വളരെയേറെ സഹായിക്കുകയും ചെയ്തു.

ഒരു കാലത്തു ബൈബിള്‍ വളരെ കുറച്ചു മാത്രം പ്രചാരത്തിലിരുന്നതിനാലും എല്ലാവര്‍ക്കും അതു വായിക്കുവാന്‍ അനുവാദം ഇല്ലാതിരുന്നതിനാലും ബൈബിള്‍ പാരായണം ക്രിസ്ത്യാനികള്‍ക്കിടയില്‍ വളരെ കുറവായിരുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ വിശ്വാസികളെ ദൈവഭക്തിയില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ചാവറ പിതാവു മുതലുള്ള വേദപണ്ഡിതന്മാര്‍ ദൈവശാസ്ത്രപരമായും ബൗദ്ധികമായും പ്രാര്‍ത്ഥനാപൂര്‍വ്വം രേഖപ്പെടുത്തി, ക്രോഡീകരിച്ച്, വിശ്വാസികളെ വിശ്വാസത്തിലും സന്മാര്‍ഗത്തിലും പുണ്യവഴിയിലും ഉറപ്പിച്ചു നിര്‍ത്തുവാന്‍ തക്കവിധത്തില്‍ രൂപപ്പെടുത്തി തന്നതാണു "വണക്കമാസം" പുസ്തകങ്ങള്‍.

പ്രധാനമായും നാലു വണക്കമാസങ്ങളാണു നാം ആചരിക്കുന്നത്: 1) വി. യൗസേപ്പിതാവിന്‍റെ വണക്കമാസം (മാര്‍ച്ച്). 2) പരി. ദൈവമാതാവിന്‍റെ വണക്കമാസം (മേയ്, ഇടവം). 3) ഈശോയുടെ തിരുഹൃദയ വണക്കം (ജൂണ്‍). 4) ശുദ്ധീകരണാത്മാക്കളുടെ വണക്കം (നവംബര്‍).

1) വി. യൗസേപ്പിതാവിന്‍റെ വണക്കമാസം
പലസ്തീനായില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു കൂട്ടമായി ജീവിച്ചിരുന്ന കര്‍മ്മലീത്ത സഭക്കാര്‍ "നീതിമാനായ" യൗസേപ്പ് പുണ്യവാന്‍റെ ഭക്തി പ്രചരിപ്പിക്കുവാന്‍ വളരെ ശ്രദ്ധിച്ചു. ബൊലാന്തീസ്തി, എറിക്കോ, ജെര്‍സോന്‍ തുടങ്ങിയ ഭക്തരായ വേദപണ്ഡിതന്മാര്‍ മാര്‍ യൗസേപ്പ് പുണ്യവാനോടുള്ള ഭക്തി, വണക്കമാസ പ്രാര്‍ത്ഥനയിലൂടെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വളരെ യത്നിച്ചു. വി. അമ്മത്രേസ്യ യൗസേപ്പ് പിതാവിന്‍റെ ഭക്തയായിരുന്നു. മാര്‍ യൗസേഫ് പുണ്യവാനോടുള്ള ഭക്തിയും വണക്കവും പ്രചരിപ്പിക്കുവാന്‍ അമ്മ ത്രേസ്യ പ്രത്യേകം ശ്രദ്ധിക്കുകയും പുണ്യവതി സ്ഥാപിച്ച ആശ്രമങ്ങളില്‍ 13 എണ്ണം യൗസേപ്പിതാവിന്‍റെ നാമധേയത്തിലുമായിരുന്നു.

2) പരി. ദൈവമാതാവിന്‍റെ വണക്കമാസം
മെയ് മാസത്തിലാണു പരി. ദൈവമാതാവിന്‍റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇറ്റലിയില്‍ ആരംഭിച്ച ഈ ഭക്തകൃത്യം സഭയില്‍ ഇന്ന് എല്ലായിടത്തുംതന്നെ ആചരിക്കുന്നു. കേരള കത്തോലിക്കരുടെയിടയില്‍ പുരാതനകാലം മുതല്‍ തന്നെ നിലനിന്നിരുന്നതാണു മെയ് മാസ ഭക്തി.

ഇതിനുപയുക്തമായ ഗ്രന്ഥങ്ങള്‍ മിക്കവാറും എല്ലാ കുടുംബങ്ങളിലുമുണ്ടായിരുന്നു. ദൈവമാതാവായ പരി. കന്യകാമറിയത്തോടുള്ള ഭക്തി എല്ലാവിധത്തിലും നമുക്ക് അനുഗ്രഹദായകമാണ്.

3) ഈശോയുടെ തിരുഹൃദയ വണക്കം
തിരുഹൃദയ വണക്കം ജൂണ്‍ മാസത്തില്‍ നാം ആചരിക്കുന്നു. വി. ളൂയീസ്, ഭാഗ്യപ്പെട്ട മര്‍ഗരീത്ത, വി. ജെല്‍ത്രൂദാമ്മ മുതലായ പുണ്യാത്മാക്കള്‍ ദിവ്യഹൃദയഭക്തി പ്രചരിപ്പിക്കുവാന്‍ വളരെ പരിശ്രമിക്കുകയും തിരുഹൃദയാനുഗ്രഹങ്ങള്‍ ഏറെ അനുഭവിച്ചറിയുകയും ചെയ്തവരാണ്. ചോദിക്കുവിന്‍ നല്കപ്പെടും, അന്വേഷിക്കുവിന്‍ കണ്ടെത്തും, മുട്ടുവിന്‍ തുറക്കപ്പെടും എന്നു നമ്മെ ഉദ്ബോധിപ്പിച്ചുകൊണ്ട് ഓരോ ദിനവും എത്രയോ അനുഗ്രഹങ്ങളാണു നമ്മിലേക്കു തിരുഹൃദയം വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.

4) ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
നവംബര്‍ മാസം പരേതാത്മാക്കളുടെ ഓര്‍മയ്ക്കായി പ്രത്യേകം നിയോഗിക്കപ്പെട്ടിരിക്കുന്നു. ഭാരതത്തില്‍ ഇതര മതസ്ഥരും പരേതരുടെ ഓര്‍മ്മ പലവിധത്തില്‍ ആചരിക്കുന്നു. മരണാനന്തരജീവിതത്തെക്കുറിച്ചു യഥാര്‍ത്ഥവും പ്രത്യാശാപൂര്‍ണവുമായ ഒരു വ്യക്തമായ അറിവ് മനുഷ്യകുലത്തിനു പ്രദാനം ചെയ്യുന്നതു കത്തോലിക്കാ തിരുസഭയാണ്. സകല പുണ്യവാന്മാരുടെയും സകല മരിച്ചവരുടെയും ഓര്‍മ്മ കൊണ്ടാടണമെന്നു സഭാമാതാവ് നമ്മോട് ആഹ്വാനം ചെയ്തിരിക്കുന്നു. അതിന്‍പ്രകാരം ശുദ്ധീകരണസ്ഥലത്തില്‍ അകപ്പെട്ടിരിക്കുന്നവരുടെ മോചനത്തിനുവേണ്ടി, അവരുടെ ആത്മാക്കളുടെ സഹനത്തിന് ആശ്വാസം ലഭിക്കുന്നതിനുവേണ്ടി നവംബര്‍ മാസം മുഴുവന്‍ നാം നീക്കിവച്ചിരിക്കുന്നു.

വണക്കമാസാചരണങ്ങള്‍ കൊണ്ടുള്ള ഫലങ്ങള്‍:
വണക്കമാസാചരണംകൊണ്ടു പ്രധാനമായും മൂന്നു ഫലങ്ങളാണു സഭയില്‍ ഉണ്ടായത്.

1. കൂട്ടായ്മ: വിശ്വാസികളുടെ എണ്ണവും കുടുംബങ്ങളുടെ എണ്ണവും ഒരുകാലത്ത് വളരെ കുറവായിരുന്നല്ലോ. അക്കാലങ്ങളില്‍ വിശ്വാസികള്‍ ഏതെങ്കിലും ഒരു ഭവനത്തില്‍ അല്ലെങ്കില്‍ ഒരു സ്ഥലത്തു വൈകുന്നേരങ്ങളില്‍ ഒരുമിച്ചുകൂടി ജപമാല ചൊല്ലി, വണക്കമാസം വായിച്ച്, ജപം ചൊല്ലി പാട്ടുപാടി സന്തോഷത്തോടുകൂടി പിരിഞ്ഞിരുന്നു. പ്രാര്‍ത്ഥനാനന്തരം അവര്‍ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവച്ചിരുന്നു.

2. ഭക്തിയിലും വിശ്വാസത്തിലുമുള്ള വളര്‍ച്ച: ഭക്തിയും വിശ്വാസത്തിലും കൂടുതല്‍ ആഴപ്പെട്ടു വളര്‍ന്നുവന്നു. കിലോമീറ്ററുകള്‍ താണ്ടി ഞായറാഴ്ചയാചരണം അവര്‍ നടത്തിയിരുന്നു. വളരെ ശുഷ്കാന്തിയോടെ കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ ആദ്യകാലത്തെ വിശ്വാസികളെ വണക്കാസാചരണം ഒരു പരിധിവരെ സഹായിച്ചു.

3. ദേവാലയങ്ങളുടെ രൂപീകരണം: ഏറ്റവും പ്രധാനപ്പെട്ട ഫലമാണു മൂന്നാമത്തേത്. തങ്ങള്‍ക്ക് ഒത്തുചേര്‍ന്നു വണക്കമാസാചരണത്തിനും പ്രാര്‍ത്ഥനയ്ക്കും "ഒരു ഇടം" വേണമെന്ന ചിന്ത സാവധാനം ആദ്യം ക്രൈസ്തവരില്‍ വളര്‍ന്നുവരുവാന്‍ തുടങ്ങിയതിന്‍റെ ഫലമായിട്ടാണ് ഇന്നത്തെ പ്രസിദ്ധമായ പല ദേവാലയങ്ങളും ഉയര്‍ ന്നുവന്നിട്ടുള്ളത്.

വണക്കമാസാചരണം കത്തോലിക്കാവിശ്വാസികളുടെ വിശ്വാസപരമായ വളര്‍ച്ചയ്ക്കും ആഴപ്പെടലിനും പണ്ടുമുതലേ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഓരോ വണക്കമാസ പുസ്തകങ്ങളിലും നല്കിയിട്ടുള്ള ദൈവാനുഭവ സംഭവങ്ങള്‍ ഒരു പുതുമയാണ്. ഈ ആധുനികയുഗത്തിലും വണക്കമാസാചരണത്തിനു വളരെ പ്രസക്തിയുണ്ട്. നമ്മുടെ വളര്‍ന്നുവരുന്ന കുട്ടികള്‍ക്കു വിശ്വാസവെളിച്ചം പകര്‍ന്നു നല്കുവാന്‍ ഇതു സഹായിക്കും. സ്വര്‍ഗ്ഗത്തിലെ പുണ്യവാന്മാരോടും പ്രത്യേകിച്ചു ശുദ്ധീകരണാത്മാക്കളോടുമുള്ള ഭക്തിയിലും അവര്‍ വളര്‍ന്നുവരട്ടെ. വണക്കമാസാചരണം ഇന്നത്തെയും വളര്‍ന്നുവരുന്ന തലമുറയുടെയും നന്മയെ പ്രതി ഓരോ കുടുംബത്തിലും നടത്തുവാന്‍ കത്തോലിക്കാ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org