വാർ​ദ്ധക്യത്തെ ഭയപ്പെടണോ?

വാർ​ദ്ധക്യത്തെ ഭയപ്പെടണോ?


ഏ.കെ. പുതുശ്ശേരി

വാര്‍ധക്യം ഒരു കാലമാണ്; രോഗമോ അവസ്ഥയോ അല്ല. ശൈശവം ബാല്യം യൗവനം എന്ന പോലെതന്നെ വാര്‍ധക്യവും. നരച്ചതല ജ്ഞാനത്തിന്‍റെ പ്രതീകമാണ്; വാര്‍ധക്യത്തിന്‍റെ ലക്ഷണമല്ല. സദാകര്‍മനിരതനാകുന്നവനെ വാര്‍ധക്യം ബാധിക്കുകയില്ല. എനിക്ക് വയസ്സായി ഒന്നിനും ത്രാണിയില്ല എന്ന ചിന്ത ഇല്ലാത്തിടത്തോളം വാര്‍ധക്യവും യൗവനവും ഒരു പോലെയാണ്.

വിശപ്പില്ലാത്തവന്‍റെ മുമ്പില്‍ വിളമ്പിയ വിഭവങ്ങള്‍ ശവകുടീരത്തില്‍ നിവേദിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പോലെയാണെന്ന് വി. ബൈബിളില്‍ ഒരു വാക്യമുണ്ട്. അതുപോലെ എനിക്ക് വയസ്സായി വയസ്സായി എന്നു ജല്പിക്കുന്ന വ്യക്തിയില്‍ നിന്നും ആരോഗ്യം അകന്നുപോകും, അവശത ആക്രമിക്കും.

ചിന്തയാണ് എല്ലാ പ്രവൃത്തികളുടെയും ആരംഭവും, ഉദ്യമങ്ങളുടെ ആലോചനയും തുടര്‍ച്ചയും. ശുഭചിന്ത സന്തോഷത്തെയും അശുഭചിന്ത ദുഃഖത്തെയും വിലയ്ക്ക് വാങ്ങുന്നു. സൗഹൃദവും സ്നേഹവുമില്ലാത്ത മനസ്സ് പിശാചിന്‍റെ പണിപ്പുരയാണ്. അത് സമാധാനം നശിപ്പിക്കുന്നു, ആരോഗ്യത്തെ കാര്‍ന്നു തിന്നുന്നു.

കഠിനമായ ശാരീരിക വേദനയനുഭവിക്കുന്ന ധനികനെക്കാള്‍ ആരോഗ്യദൃഢ ഗാത്രനായ ദരിദ്രന്‍ ഭാഗ്യവാനെന്നു വിശുദ്ധ ബൈബിള്‍ ഉദ്ഘോഷിക്കുന്നു.

ഈശ്വരന്‍ മനുഷ്യന് നല്‍കിയിട്ടുള്ള കഴിവുകള്‍ വളര്‍ത്താനും തളര്‍ത്താനും ഇല്ലാതാക്കാനും മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ കാരണഭൂതമാകുന്നു.

ദൈവഭക്തന്‍റെ ആത്മാവ് അനുഗ്രഹീതമാണ്. അത് നന്മയുടെ നൂറുമേനികള്‍ വിളയുന്ന വിളനിലവമാണ്. ജീവിതവിശു ദ്ധി പ്രായത്തെ നിഷ്പ്രഭമാക്കും സ്വഭാവ ശുദ്ധി അതിന് ഊര്‍ജം നല്‍കും. യൗവന കാലത്തെ അശുദ്ധി വാര്‍ധക്യത്തെ മലീമസമാക്കാതെ ശ്രദ്ധിക്കുക. ഔദാര്യ ശീലന് സന്തോഷം ലഭിക്കും, അശരണരേയും ആലംബരഹിതരേയും സ്നേഹിക്കുക, അവനോടു കരുണ കാണിക്കുക. കാരുണ്യം അനുഗ്രഹത്തിന്‍റെ പൂന്തോട്ടമാണ്.

കോപം, അസൂയ, ആകുലത, അസ്വസ്ഥത, കാമം, ക്രോധം, മരണഭീതി ഇവ ഉപേക്ഷിക്കുക. ജനിച്ചാല്‍ മരിക്കുമെന്നതു സത്യം. പിന്നെന്തിനു മരണത്തെ ഭയപ്പെടണം?

മരണം കായുണ്ടാവാന്‍ വേണ്ടി കൊഴിയുന്ന പൂവിന് സമമാണ്. അതെപ്പോഴാണ് കൊഴിയുക എന്നു ചിന്തിച്ചാല്‍ ഒന്നും ചെയ്യാനാവില്ല.

മദ്യപാനം, അമിതഭോജനം, പുകവലി, വ്യഭിചാരാസക്തി, അധികാര ദുര്‍മോഹം, ധനാസക്തി, അമിതമായ ഉറക്കം എന്നിവ ഉപേക്ഷിക്കുക. മിതഭോജനം, അമിതമാകാത്ത വ്യായാമം, നിറഞ്ഞ മനസ്സ്, ദാനശീലം, പരോപകാര പ്രവൃത്തി, പ്രാര്‍ത്ഥന, മധുരമായ മൊഴി, സൗമ്യമായ ഇടപെടലുകള്‍, ഇത് വാര്‍ധക്യത്തെ തുരത്തും. യൗവ്വന കാലം മുതലേ ഇത് ജീവിതചര്യയാക്കുക.

ശ്രീമദ് ഭഗവദ്ഗീതയില്‍ ഇങ്ങനെ പറയുന്നു: ധാര്‍മികമായ പ്രവൃത്തി കുറച്ചു ചെയ്താല്‍ പോലും അനന്തമായ ഫലം നല്‍കും, ഒരിക്കലും വിപരീത ഫലമുണ്ടാക്കില്ല. മരണഭയത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്യും.

ഏത് പരിതസ്ഥിതിയിലും ക്ഷമാശീലവും വിനയവും കൈവിടാതെ കരുതുക. സംഭവിക്കുന്നതെന്തും തികഞ്ഞ മനഃസാന്നിദ്ധ്യത്തോടെ സ്വീകരിക്കുക. പ്രായത്തെ പരിഗണിക്കാതെ അനായാസം മുന്നോട്ടുപോവുക.

ജീവിതത്തിലെ ചിട്ടയും ആഹാരരീതിയും പെരുമാറ്റവും ആരോഗ്യപരിപാലനവുമെല്ലാം പ്രായത്തെ തോല്പിക്കുവാനുള്ള ഉപാധികളാണ്. തനിക്ക് വയസ്സായിട്ടില്ലെന്നു മനസ്സില്‍ ഉറപ്പിക്കുക, തനിക്കൊന്നും ചെയ്യാനില്ലെന്നും തന്നെ ആര്‍ക്കും ആവശ്യമില്ലെന്നുമുള്ള ചിന്തയെ ആട്ടി അകറ്റുക. തനിക്ക് ഒത്തിരിയേറെ സമസൃഷ്ടികള്‍ക്കു വേണ്ടി ചെയ്യാന്നുണ്ട്. താനതു ചെയ്യും എന്ന ദൃഢവിചാരത്തോടെ സദാകര്‍മ്മനിരതനാവുക.

എഴുപത്തെട്ടു വയസ്സു കഴിഞ്ഞൊരു കിഴവന്‍
കാമുകവേഷം കെട്ടീട്ടഴകന്‍
താനെന്ന വികലമോതീ-
ട്ടുലകം ചുറ്റിനടപ്പതു കേമം.

എന്ന കവിത സൂചിപ്പിക്കുന്നത് പ്രായം ശരീരത്തിനും മനസ്സിനും ബാധിക്കില്ല. വാര്‍ധക്യം ഒളിച്ചോടും എന്നാണ്.

ഉള്ളത് ഇല്ലാത്തതാവുകയില്ല, ഇല്ലാത്തതിന് ഉള്ള അവസ്ഥയുമില്ല. സ്വത്വമറിയുന്ന ജനം ഇതറിയുന്നു എന്ന ഭഗവദ്ഗീതാ വാക്യം അനുസ്മരിക്കുക. ആഹ്ലാദമുള്ള മനസ്സും ശുഭപ്രതീക്ഷയും പ്രായത്തെ വകഞ്ഞു മാറ്റും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org