ഔഷധ​ഗുണങ്ങൾ നിറഞ്ഞ വെളുത്തുള്ളി

ഔഷധ​ഗുണങ്ങൾ നിറഞ്ഞ വെളുത്തുള്ളി

വീ‌ടും തൊടിയും

ജോഷി മുഞ്ഞനാട്ട്

ഒരു സുഗന്ധവ്യഞ്ജന വിളയാണു വെളുത്തുള്ളി. നിരവധി ഔഷധഗുണങ്ങളുടെ ഉറവിടംകൂടിയാണ് ഇവ. ലില്ലിയേസി സസ്യകുടുംബത്തില്‍പ്പെട്ട വെളുത്തുള്ളി 'അലിയം സ്റ്റെവം' എന്ന ശാസ്ത്രസംജ്ഞയാല്‍ അറിയപ്പെടുന്നു. വെളുത്തുള്ളിയെ 'വെള്ളുള്ളി' എന്ന പേരിലും വിളിക്കാറുണ്ട്. ഇതിന് അതിരൂക്ഷമായ മണമുള്ളതുകൊണ്ടു സംസ്കൃതത്തില്‍ ഉഗ്രഗന്ധം, മ്ലേച്ഛാരഗന്ധം എന്നീ പേരുകളുമുണ്ട്. വെളുത്തുള്ളി അമൃതിനു തുല്യമാണെന്ന നിലയില്‍ വൈദ്യശാസ്ത്രം വരെ അംഗീകരിച്ചുവരുന്നു.

വെളുത്തുള്ളിയില്‍ പ്രോട്ടീന്‍, പൊട്ടാഷ്, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം, കാര്‍ബോ ഹൈഡ്രേറ്റ്, സള്‍ഫര്‍ എന്നിവ വിവിധ അളവില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

ബലത്തെ വര്‍ദ്ധിപ്പിക്കുകയും ദേഹത്തെ തടിപ്പിക്കുകയും ബുദ്ധിയെ നന്നാക്കുകയും മുറിവിനെ കൂട്ടിപിടിപ്പിക്കുകയും ചെയ്യുന്ന വെളുത്തുള്ളി ദേഹകാന്തിക്കും കണ്ഠശുദ്ധിക്കും, കണ്ണിനും വളരെ നല്ലതാണ്. ഗ്യാസ്ട്രബിളിനും ദഹനത്തിനും വളരെ നല്ലതാണിത്. വെളുത്തുള്ളി ഭക്ഷിക്കുന്നതു മുടിയെ നന്നാക്കുകയും മുടിക്കു നിറം വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുകയും ചെയ്യും. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും രക്തസമ്മര്‍ദ്ദത്തിനും വെളുത്തുള്ളിയെവിശിഷ്ടമായ ഔഷധമായി കരുതാറുണ്ട്.

ആഹാരസാധനങ്ങളില്‍ രുചിയും ഗുണവും വര്‍ദ്ധിപ്പിക്കുന്ന വെളുത്തുള്ളി കറിക്കൂട്ടായും അച്ചാറിടുവാനും ലേഹ്യം തുടങ്ങിയവ ഉണ്ടാക്കുന്നതിനും വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നു.

ആഹാരസാധനങ്ങളില്‍ വെളുത്തുള്ളികൂടി അരച്ചുചേര്‍ത്ത് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. പലവിധ രോഗങ്ങളെ തടഞ്ഞുനിര്‍ത്തുവാനും ഇത് ഉപകരിക്കും. സൗന്ദര്യം നിലനിര്‍ത്തുവാനും യൗവ്വനം കാത്തുസൂക്ഷിക്കുന്നതിനും സ്വരമാധുര്യത്തിനും വളരെ നല്ലതാണു വെളുത്തുള്ളി.

അച്ചാറുകളും മറ്റും ഗുണഹാനി ഉണ്ടാക്കാതെ സൂക്ഷിക്കുന്നതിനും വെളുത്തുള്ളി വളരെ നല്ലതാണ്. വെളുത്തള്ളി ഫലപ്രദമായ ഔഷധം എന്നതില്‍ ഉപരിയായി സാധാരണക്കാര്‍ക്കിടയില്‍ പച്ചക്കറിക്കൂട്ടുകളിലും സസ്യേതര ഭക്ഷണങ്ങളുടെ ആകര്‍ഷണീയമായ രുചിയും മണവും ഉണ്ടാക്കുവാനുമാണു വെളുത്തുള്ളി ഉപയോഗിക്കുന്നത്.

ജൈവകീടനാശിനികളുടെ നിര്‍മാണത്തിനു കര്‍ഷകര്‍ ഇന്നു വെളുത്തുള്ളികൂടി പരിഗണിച്ചുവരുന്നു. ഏതു തരത്തില്‍ നോക്കിയാലും മനുഷ്യന് ഏറ്റവുമധികം പ്രയോജനമുള്ള സുഗന്ധവ്യഞ്ജന വിളയാണു വെളുത്തുള്ളി എന്ന കാര്യം നാം മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org