Latest News
|^| Home -> Suppliments -> Familiya -> കുരുന്നുകളുടെ ഓണ്‍ലൈനില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത്…

കുരുന്നുകളുടെ ഓണ്‍ലൈനില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത്…

Sathyadeepam

അജി മേലേടത്ത്

ലോക്ക്ഡൗണ്‍ ഇളവ് മുതലെടുത്ത് പരിസരത്തുള്ള ഗ്രാമീണ ബാങ്കിലേക്ക് പോയതായിരുന്നു. കോവിഡിന്റെ അതിവ്യാപനവും അസഹ്യമായ ചൂടും വകവക്കാതെ നീണ്ടവരി തന്നെയാണ് ബാങ്കിന് മുമ്പില്‍. തിരിച്ചടക്കാനും തിരിച്ചെടുക്കാനുമുള്ള പ്രതീക്ഷയിലാണ് ഓരോരുത്തരും. അതിനിടയിലാണ് അവിചാരിതമായി പ്രായമായ ഒരു മാതാവ് കുറച്ചകലെ ഒഴിഞ്ഞിരുന്ന് കണ്ണീര്‍ പൊഴിക്കുന്നത് ദൃഷ്ടിയില്‍ പതിഞ്ഞത്. ഏകദേശം പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന മകന്‍ അരികെയുമുണ്ട്. ചൂടിന്റെ തീക്ഷ്ണത താങ്ങാനാവാതെ കുഴങ്ങിയതാണെന്ന് എല്ലാവരും പ്രാഥമികമായി വിലയിരുത്തിയെങ്കിലും സമീപത്തു നില്‍ക്കുന്ന ആളുകള്‍ ആ മാതാവിനോട് പ്രശ്‌നം അന്വേഷിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ഒരു മധ്യവയസ്‌കന്‍ വന്ന് മാതാവിനടുത്ത് നില്‍ക്കുന്ന മകനെ ശകാരിക്കുന്നതും ചെറിയ രീതിയില്‍ വേദനിപ്പിക്കുകയും ചെയ്തത്. പ്രശ്‌ന മെന്തെന്നറിയാതെ നൂറുമുഖങ്ങള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു.

അപ്പോഴാണ് ആ മധ്യവയസ്‌കന്‍ പറഞ്ഞത് ഈ ചുട്ടുപൊള്ളുന്ന വെയിലത്തും ഇവിടെ ഇരുന്ന് കണ്ണീര്‍ പൊഴിക്കുന്നത് തന്റെ വിധവയായ സഹോദരിയാണ്. ഒരുപാട് കഷ്ടപ്പെട്ട് എല്ലാം ഒരു മിച്ചുകൂട്ടിയാണവള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു വേണ്ടി തന്റെ മകന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തത്. ഇന്നവള്‍ ബാങ്കില്‍ വന്ന് അക്കൗണ്ട് ബുക്ക് നോക്കുമ്പോള്‍ വീടു നിര്‍മ്മാണത്തിനു വേണ്ടി ലോണെടുത്ത അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിരിക്കുന്നു. കാരണം അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് മകന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് തീര്‍ത്തതാണ്. ഞാന്‍ ഇപ്പോള്‍ അവന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മാസങ്ങളായിട്ടവന്‍ ഒരു ക്ലാസ്സിലും പങ്കെടുത്തിട്ടുമില്ല.

സമാനമായ ദുരന്തങ്ങള്‍ പത്ര കോളങ്ങളിലൂടെ വായിച്ചെടുക്കുകയും മൊബൈല്‍ ഫോണിലൂടെ ദൃഷ്ടിയില്‍ പതിഞ്ഞിട്ടുമുണ്ടെങ്കിലും ഇരകളുടെ നിസ്സഹായത ആദ്യമായിട്ടാണ് കണ്ടറിയുന്നത്.

ആവര്‍ത്തിക്കുന്ന സംഭവ പരമ്പരകള്‍

കണ്‍മുമ്പില്‍ നടന്ന ഈ ദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയുന്നതിനു മുമ്പാണ് തൊട്ടടുത്ത ദിവസം പത്രക്കോളത്തില്‍ മറ്റൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണി വരെ മൊബൈല്‍ ഫോണില്‍ ഫ്രീ ഫയര്‍ ഗെയിം കളിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി രണ്ടായിരം രൂപയ്ക്ക് റീ ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ഞൂറു രൂപയ്ക്ക് റീചാര്‍ജ് ചെയ്തു കൊടുത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തതിന്റെ ദുരന്തവാര്‍ത്ത. രണ്ടു സംഭവങ്ങളിലും സ്ഥലവും സംഭവവും വ്യക്തികളും വ്യത്യാസമുണ്ടെങ്കിലും രണ്ടു ദുരന്തങ്ങളുടെയും നിമിത്തം ഓണ്‍ലൈന്‍ ഗെയിമെന്ന വിഷമുള്ള കരിനാഗങ്ങള്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്മയുടെ മൂന്നരലക്ഷം തട്ടിയ മകന്റെയും മൊബൈല്‍ റീചാര്‍ജ് ചെയ്യുവാന്‍ വിസമ്മതിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെയും ദുരന്തങ്ങളുടെ തുടര്‍ക്കഥകള്‍…

മാതാപിതാക്കളെ പറ്റിക്കുന്ന വിദ്യാര്‍ത്ഥികള്‍

വിദ്യാഭ്യാസം ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്ക് മാറിയതോടെ ഓരോ വിദ്യാര്‍ത്ഥിക്കും മൊബൈല്‍ ഫോണ്‍ നിര്‍ബന്ധമായിരിക്കുകയാണ്. ഇതുവരെ സ്മാര്‍ട്ട് ഫോണുകള്‍ കൈയ്യിലെടുക്കാത്ത സാധുക്കളുടെ മക്കളടക്കം ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ ലഭിച്ച സ്മാര്‍ട്ട് ഫോണുകള്‍ ഗെയിമുകള്‍ക്കും മറ്റു പല അനാവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളും കുറവല്ല.

വിഷപ്പാമ്പുണ്ടെന്നറിഞ്ഞിട്ടും മാളത്തിലേക്ക് വിരലിടുന്നവര്‍

ട്രെന്റുകളുടെ അതിപ്രസരത്തിന്റെ അഭിനവകാലത്ത് ഓണ്‍ലൈന്‍ ഗെയിമുകളും ട്രെന്റായി മാറിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ തീര്‍ത്ത മാനസികസമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ നമ്മുടെ ബാല്യങ്ങള്‍ ഇത്തരം ഗെയിമുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഫ്രീ ഫയര്‍, പബ്ജി, മിനി മില്‍ട്രി, പെസ്സ്, ഡ്രീം ലീഗ് എന്നെല്ലാം ഓമനപ്പേരിട്ട് നമ്മുടെ ഓമനമക്കള്‍ വിളിക്കുന്ന ഈ ഗെയിമുകളെല്ലാം അവശ്യബന്ധങ്ങളുടെയും സമയ മോഷണത്തിന്റെയും ലക്ഷങ്ങളുടെ തട്ടിപ്പിന്റെയും സ്ഥിരം പ്രതികളാണ്. ഇത്രയധികം ഭവിഷ്യത്തുകള്‍ ഈ ഭീതിജനകമായ ഗെയിമുകളില്‍ ഉണ്ടെന്നറിഞ്ഞിട്ടും അതില്‍ അഭിരമിച്ച് ആനന്ദം കണ്ടെത്തുന്ന നമ്മുടെ യുവത വിഷപ്പാമ്പുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും മാളത്തിലേക്ക് വിരലിടുന്ന പമ്പര വിഡ്ഢികളെപ്പോലെയാണ്.

അഡിക്ഷന്‍ ലക്ഷ്യം

ഓഫ്‌ലൈന്‍ കളികളേക്കാള്‍ അപകടകാരിയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍. ഓഫ്‌ലൈന്‍ കളികള്‍ അവസാനമുണ്ടായതിനാലും മറ്റുള്ളവര്‍ കൂടെയുണ്ടാവുന്നതിനാലും കൂടുതല്‍ സുരക്ഷിതമാകുന്നു. എന്നാല്‍ ഏകാന്തമായിരുന്നുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ അനന്തവും കൂടുതല്‍ അപകടകാരിയുമാണ്. അഡിക്ഷന്‍ ആക്കുകയെന്നതിന്റെ ലക്ഷ്യത്തോടെയാണ് ഇത്തരം ഗെയിമുകളുടെയെല്ലാം ആവിര്‍ഭാവം. എങ്കില്‍ മാത്രമേ ഇത്തരം ഗെയിമുകള്‍ കൂടുതലാളുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും അവര്‍ക്ക് മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുമുള്ളൂ. ഒരു ദിവസം രണ്ടുമണിക്കൂര്‍ സമയം നമ്മുടെ മക്കള്‍ ഇത്തരം ഗെയിമുകള്‍ക്കു വേണ്ടി ചെലവഴിക്കുന്നുണ്ടെങ്കില്‍ അവര്‍ ഈ ഗെയിമുകളില്‍ അഡിക്ഷനായെന്ന് നാം മനസ്സിലാക്കണം. എന്നാല്‍ സ്ഥല കാല വ്യത്യാസമില്ലാതെ രണ്ടു മണിക്കൂര്‍ മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഊണും ഉറക്കവുമൊഴിച്ച് നമ്മുടെ ബാല്യങ്ങള്‍ ഇത്തരം ഗെയിമുകളില്‍ മുഴുകിയിരിക്കുകയാണ്.

ഗെയിമുകള്‍ സൃഷ്ടിക്കുന്ന ക്രിമിനല്‍ പട്ടിക

ഗെയിം സൗജന്യമായതിനാലും കളിക്കാന്‍ എളുപ്പം ആയതിനാലും വളരെ താഴ്ന്ന നിലവാരത്തിലുള്ള ഫോണുകളില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നതും കൊണ്ടാണ് പലരെയും ഫ്രീ ഫയറെന്ന തീക്കളിയിലേക്ക് ആകര്‍ഷിക്കുന്നത്. വെട്ടും കുത്തും വെടിവെപ്പുമായി ആയിരങ്ങളെ ഒളിഞ്ഞിരുന്നു കൊല്ലുകയാണ് ഇത്തരം ഗെയിമുകളുടെ രീതി. തന്മൂലം തന്നെ ഗെയിമുകളില്‍ അഡിക്ഷനായ പത്തും പതിനഞ്ചും വയസ്സുള്ള കുഞ്ഞുമക്കളുടെ നിഷ്‌കളങ്കമനസ്സുകളില്‍ പോലും ക്രിമിനല്‍ സ്വഭാവം പരക്കുന്നു. അടിയും തല്ലും മുതല്‍ കൊലപാതകം വരെയും മോഷണം മുതല്‍ ആത്മഹത്യവരെയും ഈ ഗെയിമുകള്‍ മുഖേനയുള്ള ക്രിമിനല്‍ പട്ടിക ഇത്തരം ഗെയിമുകളില്‍ പരന്നു കിടക്കുന്നു.

74 മിനിറ്റുകളോളം ഫ്രീ ഫയര്‍ കളിക്കുന്നു

അതോടൊപ്പം ഇത്തരം ഗെയിമുകള്‍ കളിക്കുന്ന അവസരത്തില്‍ സ്ത്രീ-പുരുഷഭേദമന്യേ അപരിചിതമായ പലരോടും ചാറ്റ് ചെയ്യാന്‍ അവസരമുണ്ട്. ഇത്തരം ചാറ്റുകളിലാണ് പലപ്പോഴും ലൈംഗിക ചൂഷണങ്ങളുടെയും ഡാറ്റാ മോഷ്ടാക്കളുടെയും വലകളില്‍ നമ്മുടെ കൗമാരം ചെന്നുവീഴുന്നത്. ഇത്തരം സൗഹൃദങ്ങളിലൂടെ നമ്മുടെ പല വ്യക്തിഗതവിവരങ്ങളും ജീവിതരഹസ്യങ്ങളും ചോദിച്ചറിഞ്ഞ ശേഷമുള്ള വ്യക്തിഗത ആക്ഷേപവും ചൂഷണവുമാണ് പലപ്പോഴും നമ്മുടെ ബാല്യങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. 2021-ലെ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം നാലു വയസ്സിനും പതിനഞ്ചുയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയര്‍ കളിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ മാത്രം എട്ടു കോടിയിലധികം പേര്‍ ഈ ഗെയിം കളിക്കുന്നുണ്ടെന്നുമാണ് പറയുന്നത്.

പ്രതിമാസം അഞ്ഞൂറു മുതല്‍ അയ്യായിരം രൂപ വരെ റീച്ചാര്‍ജ്ജ് ചെയ്യുന്നു

സൗജന്യമായി കളിക്കാം എന്ന ധ്വനി കളിയുടെ പേരില്‍ തന്നെ ഉണ്ടെങ്കിലും കളിക്കാരില്‍ നിന്നും പണം പിരിയാന്‍ പ്രലോഭനങ്ങള്‍ ധാരാളമുണ്ട്. സ്‌റ്റൈലന്‍ വസ്ത്രങ്ങളും ഹെയര്‍ സ്‌റ്റൈലും വളര്‍ത്തുമൃഗങ്ങളുമെല്ലാം വാങ്ങാന്‍ പണം ഈടാക്കുന്നുണ്ട്.

ഓണ്‍ലൈന്‍ കാലമായതുകൊണ്ട് തന്നെ കുട്ടികളെ മുഴുവന്‍ മൊബൈലിലേക്ക് മാറ്റിപ്പാര്‍പ്പിക്കാതെ അവരോടൊപ്പം ഒന്നിച്ചിരുന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തുകയും കുട്ടികളെ മറ്റു താല്പര്യമുള്ള പ്രവര്‍ത്തന ങ്ങള്‍ ചെയ്യാനും നല്ല രീതിയില്‍ പഠനകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനും പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും വേണം. എന്നാല്‍ സദാ സമയവും പഠിക്കാന്‍ നിര്‍ബന്ധിക്കരുത്. പഠനത്തിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കും ഒരു നിശ്ചിതമായ സമയം നിശ്ചയിക്കണം.

റേഷനരി കഴിക്കുന്ന ബാല്യങ്ങള്‍ പോലും ഇത്തരം ഗെയിമുകളിലെ മൂല്യമുള്ള അക്കൗണ്ടുകള്‍ സ്വന്തമാക്കാന്‍ ആയിരങ്ങള്‍ മുതല്‍ അരലക്ഷം വരെ ചെലവഴിച്ചവരുടെ കഥ ഈയ്യിടെയാണ് സുഹൃത്ത് സൂചിപ്പിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകളിലെ മുടിചൂടാമന്നന്മാരോടൊപ്പം മത്സരിക്കാന്‍ അവരുടെ യൂട്യൂബ് ലൈവിലെ ലൈവ് ചാറ്റ് ബോക്‌സില്‍ നൂറുകള്‍ മുതല്‍ ആയിരങ്ങള്‍ വരെ ഓഫര്‍ പ്രഖ്യാപിക്കുന്നവരും നമുക്കിടയില്‍ വ്യാപകമാണ്. അതിലുപരി പണം വെച്ച് കളിക്കുന്നവരും സ്ഥിരമാണ്. പണംവെച്ച് കളിച്ചതിന്റെ സങ്കടങ്ങളാണ് നടേ സൂചിപ്പിച്ച് പതിനഞ്ചു വയസ്സുകാരന്റെയും ആലുവയിലെ മകന്റെയും ദുരന്ത കഥകള്‍.

നെറ്റ് എം.ബി.യും ജി.ബി.യുമായി കാര്‍ന്നു തിന്നുന്ന ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ പതിവായി കളിക്കുന്നവരും നമുക്കിടയിലും ആണ്ട്. ഒരു മാസത്തില്‍ അഞ്ഞൂറു മുതല്‍ അയ്യായിരം രൂപ വരെയാണ് പലപ്പോഴും അവര്‍ മൊബൈലിലേക്ക് റീചാര്‍ജ് ചെയ്യുന്നത്.

വീഡിയോ ഗെയിമേഴ്‌സ് തമ്പ് എന്ന രോഗം

ഗെയിമുകളുടെ ഓഫറുകളും അറിയിപ്പുകളും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയുള്ള വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളും വ്യാപകമാണ്. നിരന്തരമായുള്ള ഇത്തരം ഗെയിമുകള്‍ നമ്മുടെ കണ്ണിനെയും വേണ്ട രീതിയില്‍ തന്നെ ബാധിക്കുന്നുണ്ട്. അതോടൊപ്പം നിരന്തരമായ ഗെയിം കളിയുടെ പാര്‍ശ്വഫലമായി കൈവിരലില്‍ നീര്‍ക്കെട്ടും വേദനയും ഉണ്ടാകുന്ന ഒരു രോഗമാണ് വീഡിയോ ഗെയിമേഴ്‌സ് തമ്പ്. അതോടൊപ്പം ഇത്തരം ഗെയിമുകളില്‍ സായൂജ്യമടഞ്ഞവര്‍ക്ക് പഠന കാര്യങ്ങളിലോ വീട്ടുകാര്യങ്ങളിലോ അതിലപ്പുറം വ്യക്തിഗത കാര്യങ്ങളില്‍ പോലും വേണ്ട രീതിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.

യുദ്ധത്തിനു പകരം കളി വിനോദങ്ങളില്‍ ലയിപ്പിച്ച് ആത്മീയമായി ഇല്ലാതാക്കാനുള്ള ഗൂഢശ്രമം

ഒരു മനുഷ്യനെന്ന നിലയില്‍ ദുര്‍ഗന്ധം വമിക്കുന്ന ദുരാചാരങ്ങളും ചീഞ്ഞളിഞ്ഞ സംസ്‌കാരങ്ങളും കലുഷിതമായ പ്രത്യാഘാതങ്ങളും ഓണ്‍ലൈന്‍ നിറഞ്ഞ ഇത്തരം മൈതാനങ്ങളോട് പ്രഥമമായി വിട ചൊല്ലേണ്ടത് നമ്മളാണ്. വ്യാപകമായ ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ നടത്തുന്നതിന് പിന്നില്‍ ചിലരുടെ കൊണ്ടു പിടിച്ച ശ്രമമാണ്. ഒരു സമൂഹത്തെ യുദ്ധത്തിലൂടെ ഇല്ലാതാക്കുന്നതിന് പരിമിതിയുണ്ടെന്ന് മനസ്സിലാക്കി കളി വിനോദങ്ങളില്‍ ലയിപ്പിച്ച് അവരെ ആത്മീയമായി ഇല്ലാതാക്കാനുള്ള അവരുടെ ഗൂഢാലോചനകളുടെ പരിണിത ഫലങ്ങളാണ് ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍. പക്ഷേ. ഈ ഒരു നഗ്‌നസത്യം നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നുള്ളത് തന്നെയാണ് യാഥാര്‍ഥ്യം. പാശ്ചാത്യരുടെ ഈ നീരാളിപ്പിടുത്തത്തിന് മുമ്പില്‍ ഇനിയും നമ്മള്‍ ബുദ്ധിശൂന്യരായി നില്‍ക്കരുത്.

സദാസമയ നിരീക്ഷകരായി അവരുടെ കൂടെ ഇരിക്കണം

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു വേണ്ടി മക്കള്‍ക്ക് മൊബൈല്‍ കൈമാറുമ്പോഴും കയര്‍ അഴിച്ചു വിട്ടതു പോലെ അവരെ ഒഴിച്ചുവിടാതെ സദാസമയനിരീക്ഷകരായി നമ്മളും അവരുടെ കൂടെ ഇരിക്കണം. അതിനു സാധ്യമല്ലെങ്കില്‍ ഇടക്കൊക്കെ അവിചാരിതമായ രീതിയില്‍ നാം അവരെ നിരീക്ഷിക്കുകയും ചെയ്യണം. പഠനേതര സമയത്തുള്ള മൊബൈല്‍ ഉപയോഗത്തിന് നിശ്ചിതമായ സമയ പരിധി നിര്‍ണയിക്കണം. ഏതൊക്കെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാമെന്നും ഏതെല്ലാം ഉപയോഗിക്കരുതെന്നും മുന്‍കൂട്ടി തന്നെ നമ്മള്‍ തീരുമാനിക്കണം.

കുടുംബത്തിന്റെ അത്താണിയും നാടിന്റെ പ്രതീക്ഷകളും

ഓണ്‍ലൈന്‍ കാലമായതുകൊണ്ട് തന്നെ കുട്ടികളെ മുഴുവന്‍ മൊ ബൈലിലേക്ക് മാറ്റിപ്പാര്‍പ്പിക്കാതെ അവരോടൊപ്പം ഒന്നിച്ചിരുന്ന് സം സാരിക്കാന്‍ സമയം കണ്ടെത്തുകയും കുട്ടികളെ മറ്റു താല്പര്യമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും നല്ല രീതിയില്‍ പഠനകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനും പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും വേണം. എന്നാല്‍ സദാ സമയവും പഠിക്കാന്‍ നിര്‍ബന്ധിക്കരുത്. പഠനത്തിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കും ഒരു നിശ്ചിതമായ സമയം നിശ്ചയിക്കണം. മൊബൈല്‍ ഉപയോഗം കാരണം കുട്ടികളില്‍ സ്വഭാവവൈകല്യങ്ങ ളോ മാനസികാവസ്ഥകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കൗണ്‍സിലര്‍മാരെ കാണിക്കാനും മടിക്കരുത്. നമ്മുടെ മക്കള്‍ നാളെയുടെ തലമുറകളാണ്. അവരാണ് നമ്മുടെ കുടുംബത്തിന്റെ അത്താണികള്‍. അവര്‍ തന്നെയാണ് നമ്മുടെ നാടിന്റെ പ്രതീക്ഷകള്‍. ഡിജിറ്റല്‍ യുഗത്തിലെ ടെക്കുകളായിത്തന്നെ അവര്‍ വളര്‍ന്നുവരട്ടെ…

Leave a Comment

*
*