കുട്ടികള്‍ കരഞ്ഞ് കാര്യം കാണുമ്പോള്‍

കുട്ടികള്‍ കരഞ്ഞ് കാര്യം കാണുമ്പോള്‍

സി. ഡോ. പ്രീത സി.എസ്.എന്‍.

കുട്ടികള്‍ കരയാനുള്ള കഴിവോടെയാണ് ജനിക്കുന്നത്. കരച്ചിലില്‍കൂടി കാര്യങ്ങള്‍ നേടിയെടുക്കാനും അവര്‍ക്ക് കഴിയുന്നു. വളരുന്നതിനനുസരിച്ച് വാക്കുകള്‍ പറയാന്‍ പഠിക്കുന്നതോടെ ഈ കരഞ്ഞ് കാര്യം നേടുന്ന പ്രവണത കുറയും. വാക്കുകളിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചുകൊണ്ട് പ്രായത്തിനടുത്ത പക്വതയില്‍ കുട്ടികള്‍ വളരുന്നു. സാധാരണ കുട്ടികള്‍ കരയുന്നത് അവര്‍ക്ക് വിശക്കുമ്പോഴും ക്ഷീണം തോന്നുമ്പോഴും അസുഖങ്ങള്‍ നേരിടുമ്പോഴും അസ്വസ്ഥരാകുമ്പോഴും അസൗകര്യങ്ങള്‍ വരുമ്പോഴും ആഗ്രഹിച്ച വസ്തുക്കള്‍ സ്വന്തമാക്കാന്‍ പറ്റാത്തപ്പോഴുമാണ്. ചില കുട്ടികള്‍ മാതാപിതാക്കളുടെ സ്‌നേഹവും ശ്രദ്ധയും പരിഗണനയും പിടിച്ചുപറ്റാന്‍ കരയുന്നു. എന്നാല്‍ കുട്ടികളുടെ കരച്ചിലും കാര്യംകാണല്‍ പ്രകടനങ്ങളും വളരെ വ്യത്യസ്തമായ രീതിയിലാണ്. ചില കുട്ടികള്‍ വീട്ടില്‍ വിരുന്നുകാര്‍ വരുന്ന സമയത്ത് ആ കരച്ചില്‍ കൂടുതല്‍ ശക്തമാക്കിയാല്‍ വിരുന്നുകാരുടെ മുമ്പില്‍ അവരെ അധികം വഴക്കുപറയാത്ത മാതാപിതാക്കളുടെ ദുര്‍ബലത അവര്‍ മുതലെടുക്കാന്‍ പറ്റിയ അവസരമാക്കി മാറ്റുന്നു. കുട്ടികളുടെ കരച്ചില്‍ പ്രകടനം പലവിധത്തിലാണ്.

ഭക്ഷണസമയത്താണ് അവര്‍ കരഞ്ഞ് കാര്യംനേടാന്‍ ശ്രമിക്കുന്നതെങ്കില്‍ മേശപ്പുറത്തിരിക്കുന്ന ഭക്ഷണം വലിച്ച് താഴേക്കെറിയും.

കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കരഞ്ഞ് കാര്യം സാധിക്കേണ്ടതെങ്കില്‍ കളിപ്പാട്ടങ്ങള്‍ വലിച്ചെറിയുന്നു നശിപ്പിക്കും.

ചില അവസരങ്ങളില്‍ അവര്‍ കരഞ്ഞ് കാര്യം നേടുക മാത്രമല്ല, തനി സ്വാര്‍ത്ഥതയുടെ ചില സ്വഭാവപ്രകടനങ്ങള്‍ കാട്ടുന്നു. അഹങ്കാരിയും അനുസരണയില്ലാത്തവരുമായി സഹോദരങ്ങളോടുള്ള അസൂയമൂത്ത് അക്രമാസക്തരാകുകയും ചെയ്യുന്നു.

മറ്റു ചില അവസരങ്ങളില്‍ എതിര്‍ക്കുകയും ധിക്കാരം കാണിക്കുകയും ചീത്തവാക്കുകള്‍ പറയുകയും വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്യുന്നു. അവരുടെ കരച്ചിലും സ്വാര്‍ത്ഥപ്രകടനങ്ങളും കാണാന്‍ കാഴ്ചക്കാര്‍ കൂടുന്നതനുസരിച്ച് പ്രകടനങ്ങളില്‍ വ്യത്യാസം വരുത്തുന്നു, ദൈര്‍ഘ്യം കൂട്ടുന്നു.

മാതാപിതാക്കള്‍ക്ക് മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടു തോന്നുന്ന ഇത്തരം സ്വഭാവവൈകല്യങ്ങളും വാശിയും കാണിക്കുന്ന, കരഞ്ഞ് കാര്യങ്ങള്‍ നേടിയെടുക്കുന്ന, സ്വാര്‍ത്ഥസ്വഭാവം കാട്ടുന്ന പല കുട്ടികളും ഭാവിയിലെ ചില സ്വഭാവവൈകല്യങ്ങളിലേക്ക് വഴുതി വീഴുന്നതിന്റെ സൂചന നല്കുന്നു. ഇത്തരത്തിലുള്ള സ്വാര്‍ത്ഥകാര്യംകാണല്‍ പ്രകടനങ്ങള്‍ കുട്ടിയുടെ സ്വഭാവത്തിലെ നല്ല ഗുണങ്ങളെ തടസ്സപ്പെടുത്തുന്നു. കരഞ്ഞുകാര്യം നേടാന്‍ വാശിപിടിച്ചിരുക്കുന്ന കുട്ടിക്കു നേരെ ദേഷ്യപ്പെട്ടും അടിച്ചും സ്വാഭാവവൈകല്യങ്ങള്‍ തിരുത്താന്‍ ശ്രമിക്കാതെ താഴെപ്പറയുന്ന ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള സ്വഭാവവികലതകളെ ചെറുപ്രായത്തില്‍ തിരുത്താനും നിയന്ത്രിക്കാനും പരിഹരിക്കാനും സാധിക്കും.

– കരഞ്ഞു കാര്യം കാണാന്‍ ശ്രമിക്കുന്ന കുട്ടിക്ക് കരച്ചില്‍ ഒഴിവാക്കാനും അസ്വസ്ഥ അന്തരീക്ഷം ശാന്തമാക്കാനും സമ്മാനങ്ങള്‍ നല്കിയോ ഇഷ്ടപ്പെട്ടസാധനങ്ങള്‍ എടുത്തുകൊടുത്തോ പ്രശ്‌നപരിഹാരം തത്ക്കാലത്തേക്കു നേടരുത്. അനാവശ്യ സ്വാര്‍ത്ഥകരച്ചിലുകള്‍ ഇതൊരു പ്രോത്സാഹനമായി അവര്‍ കാണുന്നു. അവസരം വരുമ്പോള്‍ വീണ്ടും ആവര്‍ത്തിക്കാനും കാരണമാകുന്നു.

മാതാപിതാക്കള്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്ക്കുക. തങ്ങളുടെ ഉറച്ച നിലപ്പാടില്‍ വീഴ്ച വരുത്തരുത്. മാതാപിതാക്കള്‍ വിലമതിക്കുന്ന, ആഗ്രഹിക്കുന്ന മൂല്യമാണ് കുട്ടികളില്‍ രൂപപ്പെടുത്തേണ്ടത്, അല്ലാതെ കുട്ടിയുടെ കരച്ചില്‍ കണ്ട് പതറി അവരുടെ താല്‍കാലിക സ്വാര്‍ത്ഥതാല്പര്യങ്ങളല്ല. ദേഷ്യപ്പെടാതെ സമചിത്തതയോടെ തീരുമാനത്തില്‍ ഉറച്ചുനിന്ന് ശാന്തമാകുമ്പോള്‍ കാര്യം പറഞ്ഞ് മനസ്സിലാക്കുക.

സ്വാര്‍ത്ഥരായ കുട്ടികള്‍ക്ക് നിസ്വാര്‍ത്ഥതയുടെ മൂല്യം മനസ്സിലാക്കികൊടുക്കുക. അതിനായി അവര്‍ ചെയ്യുന്ന സ്‌നേഹത്തിന്റെയും കരുണയുടെയും കരുതലിന്റെയും പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുക. മുതിര്‍ന്ന കുട്ടികള്‍ വീട്ടില്‍ സ്വാര്‍ത്ഥരായി പെരുമാറുന്നത് അനുകരിച്ചു കാണിക്കുന്നുവെങ്കില്‍ ആദ്യം അവരെ തിരുത്തി കുട്ടികള്‍ക്ക് നല്ല മാതൃക നല്കാനുള്ള അവസരം വീട്ടില്‍ തന്നെ വളര്‍ത്തുക.

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാന്‍ പഠിപ്പിക്കുക. കുട്ടികള്‍ ചെയ്യുന്ന ഇത്തരം നല്ല പ്രവര്‍ത്തികള്‍ മുതിര്‍ന്നവരുടെ മുമ്പില്‍ എടുത്തു പറഞ്ഞ് പ്രോത്സാഹിപ്പിക്കുക.

കുട്ടികളുടെ പ്രശ്‌നം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ അവസരം നല്കുക, അവരെ ശ്രവിക്കുക, പ്രശ്‌നപരിഹാരത്തിന് കൂടെ നിന്ന് സഹായിച്ചു കൊടുക്കുക.

കുട്ടിയുടെ നല്ല ശിലങ്ങളെ ശ്രദ്ധിക്കുക, പ്രോത്സാഹിപ്പിക്കുക, വാശിയും, ദേഷ്യവും, ആവശ്യമില്ലാത്ത സ്വാര്‍ത്ഥതാല്പര്യം വച്ചുള്ള കരച്ചില്‍ ശ്രദ്ധിക്കാതിരിക്കുക. അല്പം അവഗണിച്ച് നിങ്ങളുടെ കാര്യത്തില്‍ തല്പരരാകുക.

പരിധികളും പരിമിതികളും കുട്ടികള്‍ക്ക് നല്കണം. പല കുട്ടികളും സ്വാര്‍ത്ഥരാകുന്നതിന്റെ പിന്നിലെ പ്രധാന കാരണം അവര്‍ക്ക് തോന്നിയതുപോലെ അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തും സമയത്തും നടത്താനുള്ള സ്വാതന്ത്ര്യം നിയന്ത്രിക്കാത്തതാണ്. മൂല്യബോധം വളര്‍ത്താന്‍ ചില ബാലിശമായ പ്രവര്‍ത്തനങ്ങളെ കുട്ടിക്കാലം മുതല്‍ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. അല്ലെങ്കില്‍ കുട്ടികള്‍ വളരുന്നതിനനുസരിച്ച് മാതാപിതാക്കള്‍ പകര്‍ന്നുകൊടുക്കുന്ന മാനുഷിക, ക്രിസ്തീയ, ധാര്‍മ്മിക മൂല്യങ്ങള്‍ സ്വാംശീകരിക്കുന്നതിനു പകരം മാതാപിതാക്കളുടെ ദുര്‍ബലത മനസ്സിലാക്കി കുട്ടികളുടെ ഇഷ്ടങ്ങളുടെ നടത്തിപ്പുകാരായി അവര്‍ മാതാപിതാക്കളെ മാറ്റിയെടുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org