കുടുംബങ്ങളില്‍ ഇമ്പത്തിനു പകരം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

കുടുംബങ്ങളില്‍ ഇമ്പത്തിനു പകരം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ.
ധര്‍മ്മാരാം വിദ്യാക്ഷേത്രം, ബംഗ്‌ളൂര്‍

നമ്മുടെ സമൂഹത്തില്‍ ദാമ്പത്യബന്ധങ്ങള്‍ അതിവേഗം രോഗശയ്യയിലാകുന്നത് എന്തുകൊണ്ടാ ണ്? വ്യത്യസ്ത സ്വഭാവരീതികളും ഇഷ്ടാനിഷ്ടങ്ങളുമുള്ള രണ്ടു പേര്‍ ദാമ്പത്യജീവിതത്തില്‍ ഒന്നാകുമ്പോള്‍ ഈ ജീവിതത്തിന്റെ വിജയത്തിന് അത്യാവശ്യം വേണ്ട ക്രിയാത്മകമായ വിട്ടുവീഴ്ചകള്‍ ക്കുള്ള മനോഭാവം പ്രകടമാക്കാത്തതാണ് ഇവിടെ നമുക്ക് ഇക്കാര്യത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന പ്രധാനപ്പെട്ട കാരണം. ദമ്പതികള്‍ സ്വന്തം പക്ഷം മാത്രം ന്യായീകരിക്കുകയും മറുപക്ഷം മനഃപൂര്‍വ്വം കാണാതിരിക്കുകയും ചെയ്യുമ്പോള്‍ ദാമ്പത്യജീവിതത്തിലേക്ക് അപസ്വരങ്ങള്‍ കടന്നു വരുവാനുള്ള സാധ്യത പതിന്മടങ്ങ് കൂടുന്നു.
വ്യക്തിബ ന്ധങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും വിലയിടിയും വിധമുള്ള സാമൂഹിക മാറ്റങ്ങള്‍ക്ക് നമ്മള്‍ അനുദിനം വിധേയരായിക്കൊണ്ടിരിക്കുകയാണ്. കുടുംബങ്ങില്‍ ദമ്പതികള്‍ തമ്മില്‍ നിസ്വാര്‍ത്ഥമായ സ്‌നേഹവും പൊരുത്തവും ഉണ്ടെങ്കില്‍ മാത്രമേ ഈ സാമൂഹ്യമാറ്റങ്ങളുടെ കാറ്റില്‍ ദാമ്പത്യബന്ധങ്ങള്‍ ആടിയുലഞ്ഞ് തകരാതിരിക്കുകയുള്ളൂ.
വേര്‍പിരിയലിന്റെ വക്കോളം എത്തിനില്‍ക്കുന്ന അല്ലെങ്കില്‍ വേര്‍പിരിഞ്ഞു കഴിഞ്ഞ പല ദാമ്പ ത്യബന്ധങ്ങളുടെ കാര്യത്തിലും അതിലേക്ക് നയിച്ച കാര്യങ്ങളെന്തായിരുന്നു എന്നന്വേഷിച്ചുപോയാല്‍, അല്പം വിട്ടുവീഴ്ചാ മനോഭാവവും തങ്ങളുടെ ഇടയില്‍ ഉയര്‍ ന്നുവന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തലുകളും ഉണ്ടായിരുന്നുവെങ്കില്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാമായിരുന്ന അല്ലെങ്കില്‍ പരിഹാരം കാണാമായിരുന്ന പ്രശ്‌നങ്ങളായിരുന്നു അവയില്‍ പലതുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
വിവാഹമോചനത്തിനായി ദമ്പതികള്‍ മുന്നോട്ടു വയ്ക്കുന്ന കാരണങ്ങളില്‍ പലതും വിചിത്രങ്ങളാണ്. കേരളത്തിനു വെളിയില്‍ ഒരു ഐടി സ്ഥാപനത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഭാര്യ. ഭര്‍ത്താവ് മദ്ധ്യ കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഒരുമിച്ചു ജീവിക്കാനുള്ള അവസരങ്ങള്‍ കുറ ഞ്ഞപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ മുന്നില്‍ ഒരു നിര്‍ദ്ദേശം വച്ചു. ഭാര്യ ജോലി ഉപേക്ഷിക്കുക. ഭര്‍ത്താവിന്റെയും തന്റെ കുടുംബജീവിതത്തെയും തൂക്കിനോക്കിയ ഭാര്യയുടെ തീരുമാനം പക്ഷേ, വിവാഹമോചനം തന്നെയാണ് ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ജോലി നഷ്ടപ്പെടുത്തുന്നതിനെക്കാള്‍ നല്ലത് എന്നായിരുന്നു. ഒടുവില്‍ കുടുംബക്കോടതിയിലെത്തി ജോയിന്റ് പെറ്റീഷനില്‍ ഒപ്പിട്ട് തങ്ങളുടെ ദാമ്പത്യത്തിന് ഗുഡ്‌ബൈ പറഞ്ഞ് രണ്ടുപേരും രണ്ടു വഴിക്ക് പിരി ഞ്ഞുപോയി.
കൗണ്‍സലിങ് റൂമില്‍ വിവാഹമോചനത്തെപ്പറ്റി സംസാരിക്കാനെത്തിയ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി വിവാഹമോചനം ആ വശ്യപ്പെടുവാനുള്ള കാരണമായി പറഞ്ഞ കാര്യം വളരെ വിചിത്രമായിരുന്നു. ഭര്‍ത്താവ് വെളിയില്‍ നിന്ന് കുളിക്കുന്ന സ്വഭാവക്കാരനാ ണ്. പോരാത്തതിന് അടിവസ്ത്ര ങ്ങള്‍ വീടിനു മുറ്റത്തുള്ള അയയില്‍ ഉണക്കാനിടുകയും ചെയ്യുന്നു.
വിവാഹമോചനം തേടിയെത്തിയ മറ്റൊരു യുവാവിന്റെ പരാതി ഭാര്യയുടെ വേലിചാട്ടത്തെക്കുറിച്ചായിരുന്നു. കൗണ്‍സലിങ് റൂമിലിരു ന്ന് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഭയങ്കര തര്‍ക്കം. നീ മൂന്നു തവണ പോയില്ലേയെന്ന ഭര്‍ത്താവിന്റെ ചോദ്യം തീരുന്നതിനു മുമ്പേ പോയി, പക്ഷേ, നിങ്ങളോട് പറഞ്ഞതല്ലേ എന്ന ഉത്തരം ഭാ ര്യയില്‍നിന്ന് വന്നു.

എഞ്ചിനീയറായ യുവാവും വിദ്യാസമ്പന്നയായ യുവതിയും വിവാഹശേഷം ഭര്‍ത്താവിന്റെ ജോലി സ്ഥലത്ത് താമസമാക്കി. അവിടെ നിന്ന് ഒരാഴ്ച വീട്ടില്‍ നിര്‍ത്താനാണെന്നും പറഞ്ഞ് പെണ്‍കുട്ടിയെ അവളുടെ മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുപോയി. ഒരാഴ്ച കഴിഞ്ഞു, ഒരു മാസം കഴിഞ്ഞു. ഭാര്യയെ കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയ ഭര്‍ത്താവിനോട് തങ്ങളുടെ ഏക മകളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അവളുടെ മാതാപിതാക്കള്‍ മോന്‍ വെറെ പെണ്ണിനെ നോക്കിക്കൊള്ളൂ എന്ന് വളരെ ശാന്തമായി പറഞ്ഞു. ഒടുവില്‍ വിവാഹമോചനം തേടി ഈ ദമ്പതികളും കോടതി വരാന്തയില്‍ കാത്തുനില്പായി.
നമ്മുടെ ഈ കൊച്ചുകേരളത്തില്‍, അങ്ങോളമിങ്ങോളമുള്ള കുടുംബക്കോടതികളിലും അനുബന്ധ സ്ഥാപനങ്ങളിലും നടക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടിന് നാണക്കേടു വരുത്തുന്ന സംഭവങ്ങളാണിതൊക്കെ.
കുടുംബജീവിതത്തെ സാധാരണയായി നമ്മള്‍ വ്യാഖ്യാനിക്കുന്നത് കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന സ്ഥലം എന്നാണ്. എന്നാല്‍ ഇന്ന് സമൂഹത്തിന്റെ കേന്ദ്ര ബിന്ദുവായ കുടുംബങ്ങളില്‍ ഇമ്പത്തിനു പക രം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് നമ്മള്‍ വളരെ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പകര്‍ച്ചപ്പനിക്കാലത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പോലെ നമ്മുടെ കുടുംബക്കോടതികള്‍ – അത് സര്‍ക്കാര്‍ നിയന്ത്രണത്തിലു ള്ളതാകട്ടെ, ഏതെങ്കിലും മത വിഭാഗത്തിന്റേതാകട്ടെ – നിറഞ്ഞു കവിയുന്നത് എന്തുകൊണ്ടാണ്? മഴക്കാലത്ത് കടലെടുക്കുന്ന കരപോലെ കേരളത്തിന്റെ കുടുംബാരോഗ്യരം ഗം ഓരോ തിരയിലും തളരുകയാണെന്നല്ലേ ഇത് കാണിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ വിവാഹമോചന കേസുകളില്‍ മുന്നൂറ്റി അ മ്പത് ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധനയുണ്ടായതായി കണക്കു കള്‍ കാണിക്കുന്നു. അതുപോലെ തന്നെ ഓരോ വര്‍ഷവും ശരാശരി ഇരുപതു ശതമാനം കേസുകള്‍ വര്‍ദ്ധിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ വിവാഹമോചനം നേടു ന്ന ദമ്പതികളുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വിവാഹജീവിതത്തിന്റെ ആദ്യ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളിലാണ് അധിക വിവാഹമോചനങ്ങളും നടക്കുന്നത് എന്നതാണ് ഇക്കാലയളവില്‍ വിവാഹമോചനം തേടിയെത്തുന്നവരില്‍ അധികവും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.
സുഖം മാത്രം നല്കുന്ന ഒരനുഭൂതിയായി വിവാഹത്തെ ചെറുപ്പക്കാര്‍ കാണുന്നതാണോ വിവാഹമോചനങ്ങള്‍ പെരുകുവാനുള്ള കാരണമെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. തങ്ങള്‍ ഭാവനയില്‍ കണ്ടിരുന്ന സുഖത്തിനും സന്തോഷാനുഭവങ്ങള്‍ക്കും ഏതെങ്കിലും രീതിയില്‍ ഭംഗം സംഭവിച്ചാല്‍ മറിച്ചൊന്നു ചിന്തിക്കാതെ, പ്രശ്‌നപരിഹാരത്തിന് വഴികള്‍ തേടാതെ നേരെ വിവാഹമോചനമെന്ന ആവശ്യവുമായി മുന്നോട്ടിറങ്ങുകയാണിന്നിവര്‍. കുടുംബം, ദാമ്പത്യം, ബന്ധങ്ങള്‍ എന്നിങ്ങ നെയുള്ള ഉന്നത ആശയങ്ങളെ ക്കുറിച്ചുള്ള മലയാളികളുടെ കാ ഴ്ചപ്പാടുകളില്‍ കാര്യമായ മാറ്റ ങ്ങള്‍ ഇന്ന് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. സ്‌നേഹം, സഹാനുഭൂതി, ഒത്തുതീര്‍പ്പ്, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങളൊക്കെ ന മ്മുടെ കുടുംബബന്ധങ്ങളില്‍നിന്ന് കുടിയിറങ്ങിക്കഴിഞ്ഞില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവയുടെയൊക്കെ സ്ഥാനത്ത് സുഖാസ്വാദനത്തിന്റെ സ്വാര്‍ത്ഥചിന്തകള്‍ വേരുപിടിച്ചുകഴിഞ്ഞു.
വിവാഹമോചനങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുമ്പോഴും വിവാഹമോചിതരുടെ കുട്ടികള്‍ അനുഭവി ക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒരു പരിഗണനയും ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വന്തം വാദമുഖങ്ങളില്‍ ഉറച്ചുനിന്ന് ദമ്പതികള്‍ പിരിയുമ്പോള്‍ അവഗണിക്കപ്പെടുന്ന കുട്ടികള്‍ പലപ്പോഴും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരായി മാറാന്‍ ഇടയുണ്ട്.
മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും നിഷേധിക്കപ്പെട്ട് ബോര്‍ഡിംഗുകളുടെയും അനാഥാലയങ്ങളുടെയും ഇരുണ്ട കോണുകളില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന കുട്ടികള്‍ വിവാഹം കുടുംബം എന്നീ സാമൂഹിക സ്ഥാപനങ്ങളില്‍ വിശ്വാസമില്ലാതെ വളരുകയും കാലക്രമത്തില്‍ ഇവര്‍ വലിയ സാമൂഹ്യപ്രശ്‌നമായി മാറുകയും ചെയ്യുന്നു. ഇവര്‍ തങ്ങളുടെ സമപ്രായക്കാരില്‍ ചെലുത്തുന്ന സ്വാധീനം ഭാവി തലമുറയെ തെറ്റായി സ്വാധീനിച്ചുവെന്നും വരാം.
വിവാഹത്തെക്കുറിച്ചും, ദാമ്പത്യത്തെക്കുറിച്ചും കുടുംബജീവിതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും അവബോധമില്ലാത്തതും ലൈംഗിക വിദ്യാഭ്യാസത്തിന്റെയും പരിപക്വമായ ആശയവിസ്മയത്തിന്റെയും കുറവുമാണ് ദമ്പതികളെ വിവാഹമോചനത്തിലെത്തിക്കുന്നതിനുള്ള പൊതു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തിക, ആരോഗ്യ, ലൈംഗിക, വിദ്യഭ്യാസ കാര്യങ്ങളിലെ പൊരുത്തക്കുറവുകള്‍ യുവദമ്പതികളെപ്പോലും അവരുടെ മധുവിധു നാളുകളില്‍ത്തന്നെ കുടുംബക്കോടതികളെത്തിക്കാറുണ്ട്. കൂടാതെ മാതാപിതാക്കള്‍ കുട്ടികളെ അമിതമായി ലാളിക്കുന്നതും അതുമൂലം അവരില്‍ ആശ്രയത്വം കൂടുന്നതും ശ്ര ദ്ധിക്കപ്പെടേണ്ട കാര്യങ്ങളാണ്. പക്വതയില്ലാത്ത ഇത്തരക്കാര്‍ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ മാതാപിതാക്കളെ സമീപിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളും, ഉപദേശിക്കാനോ സാന്ത്വനിപ്പിക്കാനോ ആളില്ലാത്ത അണുകുടുംബങ്ങളുടെ വര്‍ദ്ധനയും വിവാഹമോചനങ്ങള്‍ കുത്തനെ ഉയര്‍ത്തുന്നതിനു വഴിയൊരുക്കുന്നുണ്ട്. മക്കളുടെ പഠനം, ജോലി, കല്യാണം എന്നതാണ് നിലവില്‍ മാതാപിതാക്കള്‍ക്ക് മക്കളോടുള്ള കടമ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മക്കള്‍ക്ക് ഭൗതിക സൗകര്യങ്ങളൊരുക്കി ക്കൊടുക്കാന്‍ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ മക്കളുടെ ആധ്യാത്മികവും മാനസികവുമായ പരിപക്വമാര്‍ന്ന വളര്‍ച്ചയില്‍ കൂടി ആ ത്മാര്‍ത്ഥമായി ശ്രദ്ധിച്ചാല്‍, അവരുടെ ജീവിതത്തിലെ ചില സുപ്രധാന നിമിഷങ്ങളിലെങ്കിലും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കഴിയും വിധം മക്കളെ വളര്‍ത്തി ജീവിതത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ശരിയായ കാഴ്ചപ്പാടുകളുണ്ടാക്കിയശേഷം വിവാഹജീവിതത്തിലേക്ക് അവരെ കടത്തിവിടുകയാണെങ്കില്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് കൂടി വരുന്ന വിവാഹമോചനങ്ങള്‍ ഒരു പരിധിവരെയെങ്കിലും കുറയ്ക്കുവാന്‍ കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org