യൗവ്വനം എത്ര മനോഹരം

ബ്രദര്‍ ടോജോ വാഴയില്‍

ഒരു ചെടിയെ സംബന്ധിച്ചിടത്തോളം അതിന്‍റെ പൂവോ കായോ തണ്ടോ അല്ല പ്രധാനം; അതിനേക്കാള്‍ വേരാണ്. വേരിന് ആഴമുണ്ടെങ്കില്‍ വേരിന് ആരോഗ്യമുണ്ടെങ്കില്‍ ആ ചെടി വളരും, ഫലം നല്കും. ജീവിതത്തിന്‍റെ വേരാണ് യുവത്വം. അതിന് ആരോഗ്യം വേണം, ആഴം വേണം. ജീവിതം മധുരമുള്ളതാക്കാന്‍ സമൂഹത്തിനും നാടിനും നന്മയാകാന്‍ യുവത്വത്തെ നല്ലപോലെ പരിപാലിക്കുക.

പലപ്പോഴും കലക്കി തിമിര്‍ത്ത് പൊളിച്ചടക്കാന്‍ മാത്രം, ആഡംബരത്തിലും ആഘോഷത്തിലും ഒതുങ്ങാന്‍ യുവജനങ്ങള്‍ താല്പര്യപ്പെടുന്നു. യുവത്വം എന്ന നിധിയെ പലപ്പോഴും പലരും തിരിച്ചറിയുന്നില്ല. ചരിത്രം പരിശോധിച്ചാല്‍ ഈ ലോകത്തെ മാറ്റി മറിച്ചവരില്‍ അധികവും അവരുടെ യുവത്വത്തിലായിരുന്നു. യേശുക്രിസ്തു ഒരു യുവാവായിരുന്നു എന്ന കാര്യം മറക്കരുത്.

കഴിവുകളുടെ, സിദ്ധികളുടെ ഭണ്ഡാരമാണ് എല്ലാ യുവതീയുവാക്കളും. കഴിഞ്ഞ ദിവസം കേട്ട വാര്‍ത്ത ഇപ്രകാരമായിരുന്നു. കാക്കനാട് ഭാഗത്തെ വഴിയോര വിളക്കുകള്‍ കത്തുന്നില്ല. സ്ത്രീകളും കുട്ടികളുമടക്കം ഒരുപാടു പേര്‍ യാത്ര ചെയ്യുന്ന സ്ഥലം. പക്ഷേ, ദിവസങ്ങളായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇതേ തുടര്‍ന്ന് കുറച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വിളക്കുകള്‍ സ്ഥാപിച്ചു. ഒരു നാടിന് വെളിച്ചം പകരാന്‍ അവര്‍ക്ക് സാധിച്ചു. ഇതുപോലെ ചെറുതും വലുതുമായ അനേകം കാര്യങ്ങള്‍ ഓരോ യുവാവിനും യുവതിക്കും ചെയ്യാന്‍ സാധിക്കും. ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാകാന്‍ യുവജനങ്ങള്‍ക്കാവണം. യുവത്വം ശക്തിയാണ്, സമ്പത്താണ്, നിധിയാണ്.

"നീ നിന്‍റെ വേരുകളെ ശ്രദ്ധിക്കുക
പൂവുകളെ ശ്രദ്ധിക്കേണ്ട
വേരുകള്‍ക്കാരോഗ്യമുണ്ടെങ്കില്‍
പൂക്കാതെയെങ്ങനെയിരിക്കും?
വേരുകള്‍ നശിച്ചാല്‍
നീ ഇപ്പോള്‍ പൂക്കുന്നില്ലെങ്കില്‍ കൂടി
എത്ര കാലം പൂക്കും."
(കെ. ജയശീലന്‍റെ 'വേരുകള്‍' എന്ന കവിതയില്‍ നിന്നും.)

ജീവിതത്തിന്‍റെ വിജയത്തിനും ജീവിതത്തിന് അര്‍ത്ഥവും വേണമെങ്കില്‍ നാം ശ്രദ്ധിക്കേണ്ടത് യുവത്വത്തെയാണ്. യുവത്വം പോലെയിരിക്കും നമ്മുടെ ഭാവിജീവിതം. കാഴ്ചപ്പാടുകളും നല്ല മനോഭാവവും വിവേചനവും എല്ലാ കഴിവുകളും രൂപപ്പെടുന്ന കാലമതാണ്. ജീവിതത്തിന്‍റെ വേരാണ് യുവത്വം. വായനാശീലവും ആത്മീയതയിലെ തീക്ഷ്ണതയും ക്രിസ്തുവിനോടുള്ള അടുപ്പവും യുവത്വമെന്ന വേരിന് ബലം നല്കുമെന്നതിന് സംശയമില്ല. ഇന്ന് ആധുനിക ലോകത്തില്‍ ഈ വേരിനെ നശിപ്പിക്കുന്ന അനേകം കാര്യങ്ങളുണ്ട്. അവ തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കി നന്മയില്‍ വേരുകളെ ഉറപ്പിക്കാം.
പലപ്പോഴും യുവജനങ്ങള്‍ക്ക് വളരാനുള്ള അവസരങ്ങള്‍ ലഭിക്കാറില്ല. ലഭിക്കുന്ന അവസരങ്ങള്‍ എല്ലാവരും ഉപയോഗിക്കാറില്ല. നാടിന്‍റെ ജീവനിണമാണ് യുവജനങ്ങള്‍. അവരെ വളര്‍ത്തുക നാടിന്‍റെ കടമയാണ്.

യുവത്വം അവസരമാണ്; പ്രയോജനപ്പെടുത്തുക.

യുവത്വം സ്വപ്നമാണ്; സാക്ഷാത്കരിക്കുക.

യുവത്വം വെല്ലുവിളിയാണ്; ഏറ്റെടുക്കുക.

യുവത്വം കടമയാണ്; പൂര്‍ത്തീകരിക്കുക.

യുവത്വം മത്സരമാണ്; കളിക്കുക.

യുവത്വം വാഗ്ദാനമാണ്; പാലിക്കുക.

യുവത്വം കഷ്ടപ്പാടാണ്; അതിജീവിക്കുക.

യുവത്വം അമൂല്യമാണ്; നശിപ്പിക്കാതിരിക്കുക.

"You only live once, but if you do it right once is enough."

വേരിനെ പരിപോഷിപ്പിക്കുക. നല്ല ഫലങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ പുറപ്പെടുവിക്കും, നമുക്ക് കാത്തിരിക്കാം. വേരിലാണ് എല്ലാം, വേരാണ് എല്ലാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org