റോം രൂപതയിലെ തൊഴില്‍രഹിതര്‍ക്കായി മാര്‍പാപ്പ 10 ലക്ഷം യൂറോ സമാഹരിക്കുന്നു

റോം രൂപതാ മെത്രാനെന്ന നിലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോം രൂപതാതിര്‍ ത്തിയിലെ തൊഴില്‍രഹിതര്‍ക്കായി പത്തു ലക്ഷം യൂറോയുടെ നിധി സമാഹരിക്കുന്നു. കൊറോണാ പകര്‍ച്ചവ്യാധി മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കാണ് ഇതില്‍ നിന്നുള്ള സഹായം ലഭ്യമാക്കുക. സര്‍ക്കാരിന്റേയോ സ്ഥാപനങ്ങളുടേയോ സഹായം ലഭിക്കാത്തവര്‍ക്ക് ഈ പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് റോം രൂപതാ വികാരി ജനറല്‍ കാര്‍ഡിനല്‍ ആഞ്‌ജെലോ ഡി ഡൊണാറ്റിസിനയച്ച കത്തില്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. ദിവസ/മണിക്കൂര്‍ കൂലിക്കാര്‍, ഹ്രസ്വകാല കരാര്‍ ജോലിക്കാര്‍, വീട്ടുജോലിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ സംരംഭകര്‍ തുടങ്ങിയവരുടെ കാര്യം മാര്‍പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. തൊഴിലിന്റെ മഹത്വം സൂചിപ്പിക്കുന്നതിന് 'ജീസസ് ദ ഡിവൈന്‍ വര്‍ക്കര്‍ ഫണ്ട്' എന്നാണ് ഈ നിധിക്കു പേരു നല്‍കിയിരിക്കുന്നത്. റോമിനെ സാധാരണ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളില്‍ സഭ സ്വന്തമായ പങ്കുവഹിക്കണമെന്നു മാര്‍പാപ്പ നിര്‍ദേശിക്കുന്നു.

നിധിയിലേയ്ക്കു സംഭാവന നല്‍കാന്‍ റോമിലെ ജനങ്ങളോടു മാര്‍പാപ്പ അഭ്യര്‍ ത്ഥിച്ചു. മിച്ചം വരുന്ന സമ്പത്തില്‍ നിന്നല്ല, ഉള്ളതില്‍ നിന്ന് ഉദാരമായി നല്‍കുക. അയല്‍പക്കങ്ങള്‍ തമ്മിലുള്ള ഐകമത്യത്തിലൂടെ നഗരം വളരട്ടെ. സംഭാവനകള്‍ നല്‍കുവാന്‍ റോം രൂപതയിലെ പുരോഹിതര്‍ ആദ്യം മുന്നോട്ടു വരികയും ചെയ്യട്ടെ- മാര്‍പാപ്പ വികാരി ജനറലിനുള്ള കത്തില്‍ എഴുതി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org