സിറിയയിലെ ആശുപത്രികളെ സഹായിക്കാനുള്ള പദ്ധതിയുമായി പേപ്പല്‍ പ്രതിനിധി

സിറിയയിലെ ആശുപത്രികളെ സഹായിക്കാനുള്ള പദ്ധതിയുമായി പേപ്പല്‍ പ്രതിനിധി

യുദ്ധദുരിതങ്ങളില്‍ പെട്ട് ദയനീയമായ സാഹചര്യങ്ങളില്‍ കഴിയുന്ന സിറിയയിലെ ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതി സിറിയയില്‍ പേപ്പല്‍ പ്രതിനിധി കാര്‍ഡിനല്‍ മാരിയോ സെനാരി യൂറോപ്പിലെ കത്തോലിക്കാ ആശുപത്രികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നു. തുറന്ന ആശുപത്രി എന്നു പേരുള്ള പദ്ധതിക്കു സഹായം തേടി അദ്ദേഹം ആദ്യമായി റോമില്‍ സഭയുടെ ഉടമസ്ഥതയിലുള്ള ജെമെല്ലി ആശുപത്രിയിലെത്തി.
യുദ്ധത്തെയും ഭീകരാക്രമണങ്ങളെയും തുടര്‍ന്ന് സിറിയയിലെ ഒട്ടേറെ ആശുപത്രികള്‍ അടച്ചുപൂട്ടിയതായി കാര്‍ഡിനല്‍ സെനാരി പറഞ്ഞു. ദമാസ്കസ്, ആലെപ്പോ എന്നിവിടങ്ങളിലായി മൂന്ന് കത്തോലിക്കാ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു സന്യാസിനീസഭകളിലെ അംഗങ്ങളാണ് ഈ ആശുപത്രികള്‍ നടത്തുന്നത്. സര്‍ക്കാരില്‍ നിന്നുള്ള യാതൊരു ധനസഹായവും ലഭിക്കാതെ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രികള്‍ക്ക് ഇപ്പോള്‍ രോഗികളില്‍ നിന്നും ചികിത്സാചെലവ് ലഭിക്കുന്നില്ല. ജനങ്ങള്‍ തികഞ്ഞ ദാരിദ്ര്യത്തില്‍ അകപ്പെട്ടു പോയതാണ് കാരണം. ഈ സാഹചര്യത്തില്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പുറമെ നിന്നുള്ള സഹായങ്ങള്‍ അത്യാവശ്യമാണ്. ആലെപ്പോയില്‍ 20 ലക്ഷവും ദമാസ്കസില്‍ പത്തു ലക്ഷവും ജനങ്ങള്‍ ആരോഗ്യസേവനം ലഭിക്കാതെയും പണമില്ലാതെയും ദുരിതമനുഭവിക്കുന്നുണ്ട്. സാധാരണ രോഗങ്ങള്‍ക്കു പുറമെ യുദ്ധം മൂലമുള്ള കെടുതികള്‍ കൂടി അനുഭവിക്കുന്ന ജനങ്ങളെ ചികിത്സിക്കുന്നതിനായി പുതിയ ചികിത്സാവിഭാഗങ്ങളും ആരംഭിക്കേണ്ട സ്ഥിതിയാണ് ഈ ആശുപത്രികളിലുള്ളതെന്ന് കാര്‍ഡിനല്‍ സെനാരി പറഞ്ഞു. യുദ്ധഭീതി മൂലം മാനസിക നില തകര്‍ന്ന കുട്ടികള്‍, ക്രൂരമായ ബലാത്സംഗത്തിനിരകളായ സ്ത്രീകള്‍, സ്ഫോടനങ്ങളില്‍ അംഗഭംഗം വന്നവര്‍ തുടങ്ങിയവര്‍ക്ക് മാനസികവും ശാരീരികവുമായ ചികിത്സകള്‍ നല്‍കേണ്ടതുണ്ടെന്ന് കാര്‍ഡിനല്‍ പറഞ്ഞു.
2008 മുതല്‍ സിറിയയിലെ പേപ്പല്‍ പ്രതിനിധിയായി സേവനം ചെയ്തു വരുന്ന കാര്‍ഡിനല്‍ സെനാരിക്ക് മാര്‍പാപ്പ കാര്‍ഡിനല്‍ പദവി നല്‍കിയത് സിറിയയോടു കാണിക്കുന്ന പ്രത്യേക പരിഗണനയുടെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. സാധാരണ ഗതിയില്‍ വത്തിക്കാന്‍ അംബാസിഡര്‍മാര്‍ക്ക് കാര്‍ഡിനല്‍ പദവി നല്‍കാറില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org