സീറോ മലബാര്‍ പാരമ്പര്യം കൈവിടാതിരിക്കാന്‍ എക്സാര്‍ക്കേറ്റില്‍ അണിചേരണം – മാര്‍ ആലഞ്ചേരി

സീറോ മലബാര്‍ പാരമ്പര്യം കൈവിടാതിരിക്കാന്‍ എക്സാര്‍ക്കേറ്റില്‍ അണിചേരണം – മാര്‍ ആലഞ്ചേരി

പൂര്‍വികര്‍ ഊട്ടിയുറപ്പിച്ച വിശ്വാസതീവ്രതയും കൈമാറിയ പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ എക്സാര്‍ക്കേറ്റിന്‍റെ കുടക്കീഴില്‍ അണിനിരക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി കാനഡയിലെ സിറോ മലബാര്‍ സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ക്രൈസ്തവ ജീവിതസാക്ഷ്യത്തിലൂടെയാകണം ക്രിസ്തുവിലേക്ക് ആളുകളെ ആകര്‍ഷിക്കേണ്ടത്. ഇതാകണം പുതുതലമുറ ഏറ്റെടുക്കേണ്ട സുവിശേഷ ദൗത്യമെന്നും കാനഡയിലെ സിറോ മലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്കേറ്റ് നേതൃസംഗമത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബ ആരാധനാ കൂട്ടായ്മകളും വൈദികരും സന്യാസിനികളും വൈദികവിദ്യാര്‍ത്ഥികളും കത്തീഡ്രല്‍ ഉള്‍പ്പെടെ സ്വന്തമായ ദേവാലയങ്ങളുമെല്ലാമായി എക്സാര്‍ക്കേറ്റിന്‍റെ രണ്ടു വര്‍ഷത്തെ വളര്‍ച്ചയില്‍ ആഹ്ലാദം രേഖപ്പെടുത്തിയ മാര്‍ ആലഞ്ചേരി, രൂപതയെന്ന സ്വപ്നസാക്ഷാത്കാരം ഏറെ താമസിയാതെ സഫലീകരിക്കുമെന്ന പ്രത്യാശ വിശ്വാസസമൂഹവുമായി പങ്കുവച്ചു.

ആരാധനയിലും പ്രാര്‍ത്ഥനയിലും കുടുംബമൂല്യങ്ങളിലുമെല്ലാം മാതൃകയായ നമ്മുടെ പാരമ്പര്യം മുറുകെപ്പിടിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനാകണം ഊന്നല്‍ കൊടുക്കേണ്ടത്. സഭയോട് ചേര്‍ന്നു നിന്നാകണം ജീവിതം ധന്യമാക്കേണ്ടത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് തോമാശ്ലീഹയാണ് സവിശേഷമായ നമ്മുടെ വിശ്വാസത്തിന് അടിത്തറ പാകിയത്. ലോകമെമ്പാടും സാന്നിധ്യമറിയിക്കുകയാണ് നാം ഇപ്പോള്‍. ഇതിന്‍റെ ഭാഗമായ ദൈവികപദ്ധതിയാണ് കാനഡയിലെ സീറോമല ബാര്‍ എക്സാര്‍ക്കേറ്റ് രൂപീകരണമെന്നു കാലം തെളിയിക്കും. വിശ്വാസത്തിനും സഭയ്ക്കുമാകണം പ്രാധാന്യം. നാം നിര്‍മ്മിക്കുന്ന ആരാധനാലയങ്ങളും കെട്ടിടങ്ങളുമെല്ലാം ക്രിസ്തുവിലേക്ക് സമൂഹത്തെ കൂടുതല്‍ അടുപ്പിക്കുന്നതിനും സുവിശേഷദൗത്യത്തിനും ഉപകരിക്കുന്നതാവണം. മാനവശേഷിയില്‍ സമ്പന്നമാണ് സിറോ മലബാര്‍ സഭ. ഒറ്റക്കെട്ടായി മുന്നേറുകയെന്നതാണു പ്രധാനം. ഇക്കാര്യത്തില്‍ സഭാംഗങ്ങള്‍ ഓരോരുത്തരും തങ്ങളുടെ കടമ നിര്‍വഹിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് അനുസ്മരിപ്പിച്ചു.

ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, മോണ്‍. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ഫാ. ജേക്കബ് എടക്കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാന്‍സലര്‍ ഫാ. ജോണ്‍ മൈലംവേലില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി മാര്‍ട്ടിന്‍ രാജ് മാനാടന്‍, സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് നേതാക്കളായ ഷോണ്‍ സേവ്യര്‍, ആന്‍ മേരി, ഫൈനാന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജോളി ജോസഫ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്സാര്‍ക്കേറ്റ് നേതൃത്വത്തിലുള്ളവര്‍ സമാഹരിച്ച ഫണ്ട് തോമസ് കണ്ണമ്പുഴ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഏല്പിച്ചു.

എക്സാര്‍ക്കേറ്റ് രൂപീകരണശേഷമുള്ള ആദ്യ ഇടയസന്ദര്‍ശനത്തിനായി എത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന് സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. അദ്ദേഹത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. വൈദികരുടെ യോഗത്തിലും ടൊറന്‍റോ സെന്‍റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ സ്വീകരണത്തിലും കര്‍ദിനാള്‍ സംബന്ധിച്ചു.

എക്യുമെനിക്കല്‍ സഭകളില്‍ നിന്നുള്ള പതിനേഴ് ഇടവകകളിലെ വൈദികരും കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ മേജര്‍ ആര്‍ച്ചുബിഷപ് എഡ്മിന്‍റനിലെ സെന്‍റ് അല്‍ഫോന്‍സ ഫൊറോന ദേവാലയത്തിന്‍റെ കൂദാശയും വെസ്റ്റേണ്‍ റീജനല്‍ പാസ്റ്ററല്‍ സെന്‍ററിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു. മിസിസാഗ കത്തീഡ്രലിലെ പ്രഥമ തിരുനാള്‍ ആഘോഷത്തിലും അദ്ദേഹം പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org