പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം -സീറോ മലബാര്‍ സിനഡ്

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം -സീറോ മലബാര്‍ സിനഡ്

പൗരത്വ ഭേദഗതി നിയമത്തക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകളും അസ്വസ്ഥതകളും പരിഹരിക്കാന്‍ തയ്യാറാകണമെന്ന് കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സമാപിച്ച സീറോ മലബാര്‍ മെത്രാന്‍ സിനഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താന്‍ നിയമനിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്‍റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്. തിരിച്ചുപോകാന്‍ ഇടമില്ലാത്ത വിധം രാജ്യത്തുള്ള അഭയാര്‍ത്ഥികളെ മതപരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം എന്നതാണ് സഭയുടെ നിലപാടെന്ന് സിനഡാനന്തര സര്‍ക്കുലറില്‍ സഭാതലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

കേരളത്തിലെ കാര്‍ഷികരംഗം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നു നിരീക്ഷിച്ച സിനഡ് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കാനായി പൊതുസമൂഹവുമായി ചേര്‍ന്ന് സഭ സജീവമായി രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ക്രൈസ്തവര്‍ വിവേചനം അനുഭവിക്കുന്നതായി സിനഡ് വിലയിരുത്തി. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (ഇ.ഡബ്യു.എസ്.) സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം എന്ന കേന്ദ്രനിയമം നടപ്പിലാക്കുന്നതിനായി കേരള സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ സിനഡ് സ്വാഗതം ചെയ്തു. എന്നാല്‍ സംവരണത്തിനു മാനദണ്ഡമായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഭൂപരിധി സംസ്ഥാന സര്‍ക്കാര്‍ പുനര്‍നിര്‍ണ്ണയിച്ചത് അനീതിപരമാണെന്ന് സിനഡ് വിലയിരുത്തി.

ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളില്‍ സിനഡു പിതാക്കന്മാര്‍ ആശങ്ക രേഖപ്പെടുത്തി. പ്രണയക്കുരുക്കില്‍പ്പെട്ട് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണ്.

സഭയുടെ കുര്‍ബാനക്രമത്തിന്‍റെ നവീകരണത്തക്കുറിച്ച് സിനഡ് പിതാക്കന്മാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. വിവിധ രൂപതകളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ സഭയുടെ കേന്ദ്ര ലിറ്റര്‍ജി കമ്മീഷനും പ്രത്യേക ആരാധനക്രമ സമിതിയും വിശദമായി പഠിച്ചു തയ്യാറാക്കിയ പരിഷ്കരിച്ച കുര്‍ബാനക്രമമാണ് സിനഡില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. കുര്‍ബാനയുടെ പരിഷ്കരിച്ച ക്രമം സിനഡ് പിതാക്കന്മാര്‍ ഐകകണ്ഠ്യേന അംഗീകരിച്ചു. മാര്‍പാപ്പയുടെ അംഗീകാരത്തോടെ പരിഷ്കരിച്ച കുര്‍ബാനക്രമം നടപ്പില്‍ വരുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org