സീറോ മലബാര്‍ സിനഡിനു മൗണ്ട് സെന്‍റ് തോമസില്‍ തുടക്കം

സീറോ മലബാര്‍ സിനഡിനു മൗണ്ട് സെന്‍റ് തോമസില്‍ തുടക്കം

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ഇരുപത്തേഴാമതു സിനഡിന്‍റെ രണ്ടാമത്തെ സെഷന്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആരംഭിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദിപം തെളിച്ച് സിനഡ് ഉദ് ഘാടനം ചെയ്തു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കാലവര്‍ഷക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രാര്‍ത്ഥനയോടെ അനുസ്മരിച്ചുകൊണ്ട് സാഹോദര്യത്തിലും കൂട്ടായ പരിശ്രമത്തിലും പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രൂപതകളുടെയും ഔദാര്യപൂര്‍വ്വകമായ സഹകരണം ഉണ്ടാകണമെന്ന് കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.

ദിവംഗതനായ സാത്ന രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ അബ്രാഹം ഡി. മറ്റത്തെയും സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രിബ്യുണല്‍ പ്രസിഡന്‍റായി ശുശ്രൂഷ ചെയ്തു വരവേ നിര്യാതനായ റവ. ഡോ. ജോസ് ചിറമേലിനെയും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു. സഭയിലെ ആനുകാലിക പ്രതിസന്ധി പരിഹരിക്കാന്‍ സിനഡംഗങ്ങള്‍ എല്ലാവരും ഒരേ മനസ്സോടെ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും പ്രതിസന്ധികളുടെ പരിഹാരം ഈ സിനഡില്‍ തന്നെ ഉണ്ടാവാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ ഫസ്റ്റ് കൗണ്‍സിലര്‍ മോണ്‍. മിത്യ ലെസ്കോവ സിനഡിനെ അഭിസംബോധന ചെയ്തു. പ്രളയ ദുരിതമനുഭവിക്കുന്നവരോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അനുശോചനം അദ്ദേഹം സിനഡിനെ അറിയിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് സിനഡില്‍ പ്രഥമ പരിഗണന നല്കാന്‍ തീരുമാനിച്ചു. അദിലബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍റണി പ്രിന്‍സ് പാണങ്ങാടന്‍ സിനഡിനു മുന്നോടിയായി പ്രാരംഭ ധ്യാനം നയിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മെത്രാന്മാര്‍ ഒരുമിച്ചു ദിവ്യബലിയര്‍പ്പിച്ചു. സഭയിലെ 56 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org