സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു

സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കു പകരമായി ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവരെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ സ്ഥിരം സിനഡിലെ നാലാമത്തെ അംഗമായി മേജര്‍ ആര്‍ച്ച്ബിഷപ് നോമിനേറ്റ് ചെയ്തു.

സഭയുടെ വിവിധ മാധ്യമ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു സീറോ മലബാര്‍ മീഡിയ കമ്മീഷനു സിനഡ് രൂപം നല്‍കി. വാര്‍ത്താ വിനിമയരംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങള്‍ പരിഗണിച്ചാണു കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ളത്. എല്ലാ രൂപതകളിലും മീഡിയ കമ്മീഷനുകള്‍ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണു കമ്മീഷന്‍റെ ദൗത്യം.

സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ ചെയര്‍മാനായി തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരാണു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. മംഗലപ്പുഴ സെമിനാരി കമ്മീഷന്‍ ചെയര്‍മാനായി ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ്പുമാരായ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരാണു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org