അജപാലക പരിശീലനങ്ങളില്‍ വിശ്വാസിസമൂഹത്തിന്‍റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം: സീറോ മലബാര്‍ സിനഡ്

അജപാലക പരിശീലനങ്ങളില്‍ വിശ്വാസിസമൂഹത്തിന്‍റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം:  സീറോ മലബാര്‍ സിനഡ്

സസഭയില്‍ 'സേഫ് എന്‍വയോണ്‍മെന്‍റ് പോളിസി' നടപ്പാക്കും

വിശ്വാസിസമൂഹത്തിന്‍റെ പങ്കാളിത്തത്തോടും പ്രോത്സാഹനത്തോടും കൂടി അജപാലക പരിശീലനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണമെന്നു സീറോ മലബാര്‍ സഭ സിനഡ് അഭിപ്രായപ്പെട്ടു. കാലികമായ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക പശ്ചാത്തലങ്ങള്‍ ശരിയായി വിലയിരുത്തി സെമിനാരികളിലെ പരിശീലനങ്ങള്‍ കാലാനുസൃതമാക്കണമെന്നും സിനഡ് ഓര്‍മിപ്പിച്ചു. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സിനഡില്‍ സഭയിലെ മേജര്‍ സെമിനാരികളെക്കുറിച്ചും വൈദിക പരിശീലനത്തെക്കുറിച്ചും നടന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷമാണു സിനഡിന്‍റെ നിരീക്ഷണം.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഭാദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാവണം അജപാലകരെ ഒരുക്കുന്ന സഭാസംവിധാനങ്ങളും ക്രമീകരിക്കപ്പെടേണ്ടത്. സെമിനാരി പരിശീലനത്തില്‍ സഭാസമൂഹത്തിന് ഇടപെടാനുള്ള അവസരങ്ങള്‍ ഉണ്ടാവണം. വൈദികാര്‍ഥികളുടെ കുടുംബങ്ങള്‍ സെമിനാരി അധികാരികള്‍ സന്ദര്‍ശിക്കുന്നത് ഉചിതമാണ്. ഇവരുടെ മാതാപിതാക്കള്‍, ഇടവക വികാരിമാര്‍, അല്മായ നേതാക്കള്‍ എന്നിവര്‍ക്കും പരിശീലനത്തില്‍ സഹായിക്കാനും പ്രതീക്ഷകള്‍ പങ്കുവയ്ക്കാനും അവസരങ്ങള്‍ ഉണ്ടാകണം.

വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ സുവിശേഷാനുസൃതം കാണാനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും വൈദികാര്‍ഥികള്‍ക്കു സാധിക്കേണ്ടതുണ്ട്. സഭയിലും സമൂഹത്തിലും നേതൃത്വം വഹിക്കുന്ന അജപാലകര്‍, മനുഷ്യത്വത്തോടെ പെരുമാറുന്നവരും സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളോടു സ്നേഹപൂര്‍വം പ്രതികരിക്കുന്നവരുമാകണം. അജപാലകരുടെ ആഴമേറിയ പ്രാര്‍ഥനാജീവിതവും, സുതാര്യതയുള്ള ജീവിതശൈലിയും സമൂഹത്തിനു മാതൃകയും ബോധ്യങ്ങളുമായി മാറേണ്ടതുണ്ട്. ഇതിനു കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാവണം.

സീറോ മലബാര്‍ സഭയില്‍ 'സേഫ് എന്‍വയോണ്‍മെന്‍റ് പോളിസി' നടപ്പാക്കുമെന്നും സിനഡ് വ്യക്തമാക്കി. ദേവാലയങ്ങളിലും, സ്ഥാപനങ്ങളിലും, സന്യസ്തഭവനങ്ങളിലുമുള്ള ജീവിത, ശുശ്രൂഷാ സാഹചര്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കൂടുതല്‍ സുരക്ഷിതത്വവും സാക്ഷ്യശൈലി യും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓരോ രൂപതയിലും നടപ്പാക്കുന്ന 'സേഫ് എന്‍വയോണ്‍മെന്‍റ് പോളിസി' ലക്ഷ്യമിടുന്നത്.

സുരക്ഷിതത്വത്തോടും സന്തോഷത്തോടും കൂടി സഭയില്‍ ജീവിക്കാനും ശുശ്രൂഷ ചെയ്യാനും ഓരോ വ്യക്തികള്‍ക്കും സാഹചര്യം ഉണ്ടാകണം എന്നതാണു സഭയുടെ ആഗ്രഹം. രൂപതകളിലും ഇടവകകളിലും സന്യാസാശ്രമങ്ങളിലും സഭാസ്ഥാപനങ്ങളിലും സുരക്ഷിതമായ സാഹചര്യങ്ങളാണുള്ളത്. ഇതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണു നയരൂപീകരണത്തിന്‍റെ കാതല്‍. ഇതു സംബന്ധിച്ചു കെസിബിസി പുറപ്പെടുവിച്ച രേഖകളാണു നയത്തിന് ആധാരം.

സഭയ്ക്കകത്തു നിന്നും പുറത്തുനിന്നും സഭയുടെ പേരില്‍ ആരോപിക്കുന്ന പരാതികളില്‍ പരിഹാരമുണ്ടാക്കുന്നതിനു രൂപതകള്‍ ആവശ്യമായ സമിതികള്‍ രൂപീകരിക്കണം. അല്മായരുടെ പ്രാതിനിധ്യം ഇത്തരം സമിതികളില്‍ ഉറപ്പുവരുത്തണം. പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുകല്പിക്കാനുള്ള ആര്‍ജ്ജവവും, നീതി നടപ്പിലാക്കാനുള്ള സഭയുടെ ഉത്തരവാദിത്വവും പ്രായോഗികതലത്തിലെത്തിക്കാന്‍ ഈ സമിതികള്‍ സഹായിക്കുമെന്നു സഭ വിശ്വസിക്കു ന്നതായും സിനഡ് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org