പ്രധാനമന്ത്രിയുമായി കര്‍ദിനാള്‍മാര്‍ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രിയുമായി കര്‍ദിനാള്‍മാര്‍ കൂടിക്കാഴ്ച നടത്തി

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ, മുബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം 45 മിനിറ്റോളം നീണ്ടുനിന്നതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജെര്‍വിസ് ഡിസൂസ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സന്ദര്‍ശനം സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമായിരുന്നുവെന്ന് കര്‍ദിനാള്‍മാര്‍ പറഞ്ഞു. വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക ക്ഷേമം തുടങ്ങിയ രംഗങ്ങളില്‍ ഭാരതത്തിലെ കത്തോലിക്കാ സഭയുടെ സേവനങ്ങള്‍ വിശദീകരിക്കപ്പെട്ടു. ഈ മേഖലകളില്‍ സര്‍ക്കാരുമായി സഹകരിച്ചു കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെക്കുറിച്ചും സംഭാഷണങ്ങള്‍ നടന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സഭ 152 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തോട് അനുഭാവപൂര്‍ണ്ണമായി പ്രധാനമന്ത്രി പ്രതി കരിച്ചതായി കര്‍ദിനാള്‍മാര്‍ സൂചിപ്പിച്ചു. ഭാരതസന്ദര്‍ശനത്തിനു അനുകൂലമായ അന്തരീക്ഷത്തില്‍ മാര്‍പാപ്പയെ ക്ഷണിക്കാമെന്ന അഭിപ്രായമാണുണ്ടായത്. കൊവിഡിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഇപ്പോള്‍ അതിനു പ്രയാസമുണ്ട്. വിദ്യാഭ്യാസത്തിലെ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചും കര്‍ദിനാള്‍മാര്‍ സൂചിപ്പിച്ചു. എന്‍ഐഎയുടെ അറസ്റ്റില്‍ കഴിയുന്ന ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനവും ചര്‍ച്ചാവിഷയമായി. മതന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്രഫണ്ടിന്റെ വിനിയോഗം സംബന്ധിച്ചു ള്ള കാര്യങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി കര്‍ദ്ദിനാള്‍മാര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org