നാടാര്‍ സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തുവാനുള്ള തീരുമാനം സ്വാഗതാര്‍ഹം

നാടാര്‍ സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തുവാനുള്ള തീരുമാനം സ്വാഗതാര്‍ഹം

നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം നീതിയുക്തമാണെന്നും ഏറെ നാളത്തെ നാടാര്‍ സമുദായത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ പ്രസ്താവനയിലൂടെ പറഞ്ഞു. ഹിന്ദു നാടാര്‍ വിഭാഗങ്ങള്‍ക്കും എസ്.ഐ.യു.സി. വിഭാഗങ്ങള്‍ക്കും മാത്രമാണ് ഇതുവരെ സംവരണം ഉണ്ടായിരുന്നത്. പുതിയ തീരുമാനത്തോടെ ക്രൈസ്തവസഭകളിലും മറ്റ് മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവര്‍ക്കും ഒ.ബി.സി. സംവരണം ലഭിക്കും. പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും അര്‍ഹമായ സംവരണാനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
നാടാര്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നുള്ള ദീര്‍ഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നല്കുവാനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ഈ വിഷയം പഠിക്കുവാന്‍ നിയോഗിച്ച ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ മുമ്പാകെയും സംസ്ഥാന ഗവണ്മെന്റ് മുമ്പാകെയും നാടാര്‍ ക്രൈസ്തവ വിഭാഗത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാന്‍ ചങ്ങനാശേരി അതിരൂപത നിരന്തരം ശ്രദ്ധിച്ചിരുന്നുവെന്നും കേരള ഗവണ്‍മെന്റിന്റെ ഈ തീരുമാനം സുറിയാനി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള നാടാര്‍ വിഭാഗത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും അവസരം ഒരുക്കുമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org