കൊരട്ടി പള്ളിയിലെ മുന്‍ പ്രതിനിധി യോഗാംഗങ്ങളുടെ അയോഗ്യത നീക്കം ചെയ്തു

കൊരട്ടി പള്ളിയിലെ മുന്‍ പ്രതിനിധി യോഗാംഗങ്ങളുടെ അയോഗ്യത നീക്കം ചെയ്തു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഏതാനും പേര്‍ക്ക്, ഇടവകയുടെ ഭരണസമിതികളില്‍ അംഗങ്ങളാകുന്നതിനു കല്‍പിച്ചിരുന്ന അയോഗ്യത അതിരൂപത നീക്കം ചെയ്തു. അയോഗ്യത കല്പിക്കപ്പെട്ടവര്‍ അതിരൂപത നിയമസംഹിതയനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്നിട്ടുണ്ടെങ്കിലും, വ്യക്തിപരമായി എന്തെങ്കിലും സാമ്പത്തികനേട്ടമോ പള്ളിക്കു സാമ്പത്തിക നഷ്ടമോ ഉണ്ടാക്കിയതായി കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്താത്ത സാഹചര്യത്തിലാണ് അതിരൂപത നേതൃത്വം അയോഗ്യത നീക്കം ചെയ്തത്.
ഇടവകയിലെ സാമ്പത്തികകാര്യങ്ങളെക്കുറിച്ച് ചില ഇടവകാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ കമ്മിറ്റികളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് 2018 മേയ് ആറിനാണു ഏതാനും പേര്‍ക്ക് ഭരണസമിതികളില്‍ അംഗങ്ങളാകുന്നതില്‍ അയോഗ്യത കല്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സാമ്പത്തിക കാര്യങ്ങളിലെ കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ 2014-2016, 2016-2018 കാലയളവിലെ പ്രതിനിധിയോഗാംഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേക്കും കല്പനയില്‍ സൂചിപ്പിച്ചിരിക്കുന്ന എട്ടുപേര്‍ക്ക് ഏഴുവര്‍ഷത്തേക്കുമാണ് അയോഗ്യത നിര്‍ദേശിച്ചിരുന്നത്.
ഇതിനെതിരെ ചിലര്‍ സിവില്‍ കോടതിയില്‍ പരാതികള്‍ നല്‍കിയതിന്റെ വെളിച്ചത്തില്‍ ചാലക്കുടി മുന്‍സിഫ് കോടതി ഒരു ജ്യുഡീഷല്‍ കമ്മീഷനെ വിശദമായ അന്വേഷണത്തിനായി നിയമിച്ചു. ഒരു റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയും മൂന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ഉള്‍പ്പെടുന്നതായിരുന്നു ഈ കമ്മീഷന്‍. കമ്മീഷന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അയോഗ്യരാക്കപ്പെട്ട ആരെയും കമ്മീഷന്‍ വ്യക്തിപരമായി കുറ്റക്കാരായി കണ്ടെത്താത്തതിന്റേയും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്യാത്തതിന്റേയും സാഹചര്യത്തില്‍ കോടതിയുടെ അവസാന തീര്‍പ്പ് കല്പിക്കുന്നതിനു മുമ്പുതന്നെ അവരുടെ അയോഗ്യത പിന്‍വലിച്ച് കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും അങ്ങനെ ഇടവകയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടത്താന്‍  മുന്‍കൈയെടുക്കണമെന്നും കാണിച്ച് വികാരി ഫാ. ജോസ് ഇടശേരി അതിരൂപതാ കച്ചേരിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് അതിരൂപതയുടെ പുതിയ നടപടി. സഭയുടെ സ്വത്ത് നിയമാനുസൃതം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുവാന്‍ അതിനു നിയുക്തരായവരും ഇടവകസമൂഹം മുഴുവനും ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നു.
നേരത്തെ അയോഗ്യത കല്പിക്കപ്പെട്ടവരുടെ ഇടവകയിലെ ഇതുവരെയുള്ള സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചും വിവിധതലങ്ങളില്‍ നടത്തിയ ആലോചനകളുടെ വെളിച്ചത്തിലും ഇടവക സമൂഹത്തിന്റെ പൊതുനന്മയും ഐക്യവും മുന്‍നിര്‍ത്തിയും ക്രിസ്തീയ കാരുണ്യത്തെപ്രതിയാണു അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ തീരുമാനമെന്നു വികാരി ഫാ. ജോസ് ഇടശേരി അറിയിച്ചു. തീരുമാനം കഴിഞ്ഞ ഞായറാഴ്ച ദിവ്യബലിക്കിടെ വിശ്വാസികളെ അറിയിച്ചു. അനുരഞ്ജനത്തിനും ക്രിസ്തീയ ചൈതന്യത്തിനും സഹായകമാകുന്ന അതിരൂപതയുടെ തീരുമാനത്തില്‍ ഇടവകാംഗങ്ങള്‍ സന്തുഷ്ടരാണെന്നും വികാരി ഫാ. ജോസ് ഇടശേരി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org