ലെബനീസ് വൈദികരുടെ രക്തസാക്ഷിത്വം അംഗീകരിച്ചു

ലെബനീസ് വൈദികരുടെ രക്തസാക്ഷിത്വം അംഗീകരിച്ചു

ഓട്ടോമന്‍ സാമ്രാജ്യം വധിച്ച രണ്ടു ലെബനീസ് കത്തോലിക്കാ വൈദികരുടെ രക്തസാക്ഷിത്വം ഫ്രാന്‍സിസ് മാര്‍ പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ ഇവര്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയരും. രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് അവരുടെ മാദ്ധ്യസ്ഥത്തില്‍ അത്ഭുതം നടന്നുവെന്നു സ്ഥിരീകരിക്കേണ്ടതില്ല.
ഫാ. ലിയോനാര്‍ഡ് മെല്‍കി, ഫാ. തോമസ് സാലെ എന്നീ രണ്ടു കപ്പുച്ചിന്‍ വൈദികരാണ് ഇപ്പോള്‍ രക്തസാക്ഷികളായി പ്രഖ്യാപിക്കപ്പെടുന്നത്. 1915 ലും 1917 ലുമാണ് തുര്‍ക്കിയില്‍ ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരകളായി കൊ ല്ലപ്പെട്ടത്. 'ഇസ്ലാമായി ജീവിക്കുക, അല്ലെങ്കില്‍ ക്രിസ്ത്യാനിയായി മരിക്കുക' എന്ന തിരഞ്ഞെടുപ്പാണു ഫാ. മെല്‍കിയുടെ മുമ്പിലുണ്ടായിരുന്നതെന്നു ചരിത്രം ഓര്‍മ്മിപ്പിക്കുന്നു. വിശ്വാസം ത്യജിക്കാന്‍ തയ്യാറാകാതിരുന്ന അദ്ദേഹ ത്തെ മറ്റു നാനൂറു ക്രൈസ്തവവിശ്വാസികള്‍ക്കൊപ്പം മരുഭൂമിയിലേയ്ക്കു നടത്തുകയും അവിടെ വച്ചു കൊല്ലുകയും ചെയ്തു. അര്‍മീനിയന്‍ കത്തോലിക്കാ ആര്‍ച്ചുബിഷപ് ഇഗ്നേഷ്യസ് മലോയാനും ഇതോടൊപ്പം കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തെ 2001 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചി രുന്നു.
അര്‍മീനിയന്‍ വംശഹത്യയുടെ സമയത്ത് ഒരു അര്‍മീനിയന്‍ വൈദികന് അഭയം നല്‍കിയതിന്റെ പേരിലാണ് ഫാ. സാലെ കൊല്ലപ്പെട്ടത്. ദൈവത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മരണത്തെ തനിക്കു ഭയമില്ലെന്നും പ്രസ്താവിച്ചുകൊണ്ടാണ് ഫാ. സാലെ മരണത്തെ പുല്‍കിയത്.
ഇറ്റലിയില്‍ 1945 ല്‍ കൊല്ലപ്പെട്ട ഫാ. ലുയിജി ലെന്‍സിനി, 1982 ല്‍ ബ്രസീലില്‍ ബലാത്സംഗശ്രമം ചെറുക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട ഇരുപതുകാരിയായ ഇസബെല്‍ ക്രിസ്റ്റീന എന്നിവരെയും രക്തസാക്ഷികളായി മാര്‍പാപ്പ അംഗീകരിച്ചു. മൂന്നു സന്യാസസമൂഹങ്ങളുടെ സ്ഥാപകരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാനും നാമകരണകാര്യായലയത്തിനു മാര്‍പാപ്പ അനുമതി നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org