തെരുവുമക്കള്‍ക്ക് ഭക്ഷണവുമായി മാധ്യമ സ്ഥാപനം

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തെരുവില്‍ അലയുന്നവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കും സഹായഹസ്തം നീട്ടി നിരവധി സര്‍ക്കാര്‍ – സന്നദ്ധ സംഘടനകള്‍ രംഗത്തു വരുമ്പോള്‍ ഇന്‍ഡോറില്‍ ഒരു മാധ്യമ സ്ഥാപനവും തെരുവുമക്കള്‍ക്ക് ഭക്ഷണമെത്തിച്ച് മാധ്യമ ധര്‍മ്മത്തിലെ കരുണാര്‍ദ്ര മുഖം അനാവരണം ചെയ്യുന്നു.

ഇന്‍ഡോറിലെ 'ആത്മദര്‍ശന്‍' എന്ന ഇന്‍റര്‍നെറ്റ് ടി വി ചാനലാണ് ഭവനരഹിതരായവര്‍ക്ക് ഭക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദിവസേന അമ്പതോളം പേര്‍ക്ക് ഭക്ഷണ വിതരണം നടത്തുന്നുണ്ടെന്ന് ചാനല്‍ ഡയറക്ടര്‍ ഫാ. ആനന്ദ് ചിറയത്ത് പറഞ്ഞു. ഭാരതത്തില്‍ 1.77 ദശലക്ഷം പേര്‍ തെരുവുകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. അപ്രതീക്ഷതമായ ലോക് ഡൗണ്‍ ഇവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഭക്ഷണത്തിനു വകയില്ലാതെ അലയുന്ന ഇത്തരക്കാര്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും മുന്നോട്ടു വരുന്നത് ആശ്വാസകരമാണ് – ഫാ ചിറയത്ത് പറഞ്ഞു.

ഇക്കാര്യത്തില്‍ തങ്ങളുടെ മാധ്യമ സ്ഥാപനവും സാധ്യമായതു ചെയ്യേണ്ടതുണ്ടെന്ന് സ്റ്റാഫില്‍ ചിലര്‍ നിര്‍ദ്ദേശിച്ചത് എല്ലാവരും സ്വാഗതം ചെയ്യുകയായിരുന്നുവെന്നും തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പ്രേരണ അതാണെന്നും ഫാ. ചിറയത്ത് വിശദീകരിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ നോക്കിയുമാണ് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org