എല്ലാ ആത്മാക്കള്‍ക്കും വേണ്ടി

എല്ലാ ആത്മാക്കള്‍ക്കും വേണ്ടി

"മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു." അതിനാല്‍ മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മ്മം അനുഷ്ഠിച്ചു" (2 മക്ക 12:44-45). ഈ പ്രതീക്ഷയാണ് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. മരിച്ചവരെല്ലാം പാപവിമുക്തരല്ല. ശരിക്കു പശ്ചാത്തപിക്കാന്‍ സമയം കിട്ടാത്തവരും പശ്ചാത്താപമില്ലാത്തവരുമുണ്ട്. നമ്മുടെ പ്രത്യാശയാണ് അവരെ ശുദ്ധീകരണസ്ഥലത്തു കിടത്തിക്കൊണ്ട് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എല്ലാവരും രക്ഷപെടണമെന്ന ആഗ്രഹവും ഒരിക്കല്‍ എല്ലാവരും രക്ഷപെടുമെന്ന പ്രത്യശയുമാണ് മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കു പിന്നിലുള്ളത്.
മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ സഭയില്‍ പ്രചാരത്തില്‍ വന്നത് 998-നു ശേഷമാണ്. ക്ലൂണിസഭയുടെ ആദ്യത്തെ ആബട്ട് വി. ഒഡിലോയാണ് ആദ്യമായി തന്റെ കീഴിലുള്ള സന്ന്യാസിമാരെക്കൊണ്ട് മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിച്ചത്. അത് 998-ല്‍ ആയിരുന്നു,. ക്ലൂണിസന്ന്യാസിമാരുടെ ആചരണം ക്രമേണ യൂറോപ്പിലും ലാറ്റിനമേരിക്കയിലും പ്രചരിച്ചു.
13-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് മരിച്ചവരുടെ ഓര്‍മ്മ ആചരിക്കേണ്ട ദിവസം തീരുമാനിച്ചത്. സകല വിശുദ്ധരുടെയും ഓര്‍മ്മപ്പെരുന്നാളിന്റെ പിറ്റെ ദിവസം സകല ആത്മാക്കളുടെയും ഓര്‍മ്മത്തിരുനാളായി അംഗീകരിക്കുകയായിരുന്നു. ട്രെന്റ് സൂനഹദോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് ജീവിച്ചിരിക്കുന്ന നമ്മുടെ പ്രാര്‍ത്ഥനാസഹായം ആവശ്യമുണ്ടെന്നും, നിത്യവും പ്രാര്‍ത്ഥിക്കുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യണമെന്നും.
ഒന്നാം ലോകമഹായുദ്ധത്തില്‍ മരണമടഞ്ഞ അനേകായിരങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ 1915 ആഗസ്റ്റ് 10 ന് പോപ്പ് ബനഡിക്ട് XV വിശ്വാസികളോട് ആവശ്യപ്പെട്ടു. കൂടാതെ, ഓരോ വൈദികനും മൂന്നു കുര്‍ബാന അന്നേ ദിവസം ചൊല്ലാനുള്ള പ്രത്യേക അനുവാദവും നല്‍കപ്പെട്ടു-ഒന്ന്, വൈദികന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി; രണ്ട്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടി; മൂന്ന്, മാര്‍പാപ്പയുടെ പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടി.
ചുരുക്കത്തില്‍, സകല ആത്മാക്കളുടെ ദിനം പ്രത്യാശയുടെ ദിനമാണ്. മരണത്തോടുകൂടി വിധിയും നടപ്പാകുമെന്നു കരുതാനാണു യുക്തി നമ്മെ പ്രേരിപ്പിക്കുന്നതെങ്കിലും, ജീവിച്ചിരിക്കുന്നവരുടെ ആശ്വാസത്തിനും സംതൃപ്തിക്കും വേണ്ടി ഒരുക്കിയ ശുദ്ധീകരണ സ്ഥലത്തെ നമുക്ക് പ്രത്യാശയുടെ സങ്കേതമായി കാണാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org