സ്‌നാപകയോഹന്നാന്റെ ശിരഛേദനം : (ആഗസ്റ്റ് 29)

സ്‌നാപകയോഹന്നാന്റെ ശിരഛേദനം : (ആഗസ്റ്റ് 29)
Published on
മരുഭൂമിയിലായിരുന്നു സ്‌നാപകയോഹന്നാന്റെ വാസം. കാട്ടു കിഴങ്ങുകളും തേനും ഭക്ഷിച്ച് കഴിഞ്ഞു. പിന്നീട് ദൈവപുത്രനു വഴിയൊരുക്കുവാന്‍ പശ്ചാത്താപത്തിന്റെ സന്ദേശവുമായി യോഹന്നാന്‍ ജനമദ്ധ്യത്തിലെത്തി. ഈലോകജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുക്കാന്‍ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. സത്യസന്ധതയും ആത്മാര്‍ത്ഥതയും തങ്ങളെ നയിക്കണം. എല്ലാ പാപങ്ങളില്‍ നിന്നും മോചനം നേടിയെന്നു ബോധ്യപ്പെടാന്‍ പശ്ചാത്താപത്തോടെ ജ്ഞാനസ്‌നാനം സ്വീകരിക്കണം.

യോഹന്നാനില്‍നിന്നും ജ്ഞാനസ്‌നാനം സ്വീകരിക്കുവാന്‍ യേശു ഗലീലിയില്‍ നിന്നു ജോര്‍ദാനിലെത്തി. സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍നിന്നു കയറി. അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. "ഇവനെന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" എന്ന സ്വരം സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു. (മത്താ. 3:13-17)
യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പ്രാര്‍ത്ഥനയും ഉപവാസവും പഠിപ്പിച്ചുകൊണ്ടിരുന്നു. ഹെറോദേസ് രാജാവിന്റെയും തന്റെ സഹോദരന്‍ ഫിലിപ്പിന്റെ ഭാര്യയായ ഹെറോദ്യയുടെയും അവിഹിതബന്ധത്തെ യോഹന്നാന്‍ ശക്തമായി അപലപിച്ചു. രാജാവ് യോഹന്നാനെ അറസ്റ്റ് ചെയ്ത് കാരാഗൃഹത്തിലടച്ചു. ഹേറോദേസിന്റെ ജന്മദിനാഘോഷവേളയില്‍ സുന്ദരമായി നൃത്തംചെയ്ത സലോമിക്കു കൊടുത്ത വാഗ്ദാനം കരുവാക്കി യോഹന്നാനെ നശിപ്പിക്കാന്‍ സലോമിയും അമ്മ ഹെറോദ്യയും തീരുമാനിച്ചു. മകളെക്കൊണ്ട് യോഹന്നാന്റെ ശിരസ്സ് സമ്മാനമായി ചോദിപ്പിച്ചു. ഒരു പടയാളി കാരാഗൃഹത്തില്‍ ചെന്ന് സ്‌നാപകയോഹന്നാന്റെ തലവെട്ടി ഒരു താലത്തില്‍ വച്ച് സലോമിക്കു കൊടുത്തു. അവളത് അമ്മയെ ഏല്പിച്ചു. (മര്‍ക്കോ. 6: 17-29). യേശുവിന്റെ പീഡാനുഭവത്തിന്റെ ഒരു വര്‍ഷം മുമ്പാണ് ഇതെല്ലാം സംഭവിച്ചത്. ലോകത്തെ പാപവിമുക്തമാക്കുവാന്‍ ഇവയെല്ലാം ആവശ്യമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org