വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേരിയോണെ (1884-1971) : നവംബര്‍ 26

അച്ചടി മാദ്ധ്യമത്തെ സഭ സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന കാലത്ത് സുവിശേഷ പ്രഘോഷണത്തിന് അച്ചടി മാദ്ധ്യമത്തെ വരുതിയില്‍ കൊണ്ടുവരാനാകുമെന്നു തെളിയിച്ച ഒരു അത്ഭുതം
വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേരിയോണെ (1884-1971) : നവംബര്‍ 26
ഇറ്റലിയിലെ സാന്‍ ലൊറെന്‍സോ ഡി ഫൊസ്സാനോയിലാണ് 1884 ഏപ്രില്‍ 4-ന് വാഴ്ത്തപ്പെട്ട ജയിംസ് ജനിച്ചത്. വളരെ ഭക്തിയും കഠിനാദ്ധ്വാനവുമുള്ള ഒരു കത്തോലിക്കാ കുടുംബമായിരുന്നു അത്. മൈക്കിള്‍ അല്‍ബേരിയോണിന്റെയും തെരേസ അല്ലോക്കോയുടെയും നാലാമത്തെ മകനായിരുന്നു ജയിംസ്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം, അതായത് 16-ാമത്തെ വയസ്സില്‍, നല്ല ആരോഗ്യവാനല്ലാത്ത ജയിംസ് ആല്‍ബായിലെ സെമിനാരിയില്‍ ചേര്‍ന്നു.

1900 ഡിസംബര്‍ 31 അര്‍ദ്ധരാത്രി. രണ്ടു നൂറ്റാണ്ടുകളെ തമ്മില്‍ വേര്‍തിരിക്കുന്ന മുഹൂര്‍ത്തം. ആല്‍ബാ കത്തീഡ്രലില്‍ വി. കുര്‍ബാനയുടെ മുമ്പില്‍ ഏകാഗ്രമായ പ്രാര്‍ത്ഥനയില്‍ മുഴുകി ജയിംസ് നില്‍ക്കുകയായിരുന്നു. അപ്പോള്‍ വി. കുര്‍ബാനയില്‍ നിന്ന് ദൈവികമായ അതാ ഒരു പ്രകാശം പരക്കുന്നു! കര്‍ത്താവിനുവേണ്ടി, പുതിയ നൂറ്റാണ്ടിലെ ജനതതിക്കുവേണ്ടി, പ്രത്യേകമായി എന്തെങ്കിലും താന്‍ ചെയ്യേണ്ടതുണ്ടെന്ന ഒരു ബോധ്യം ജയിംസിനുണ്ടാകുന്നു. ആ "എന്തെങ്കിലും" എന്താണെന്നു പിന്നീട് വ്യക്തമായി – "നന്മയുള്ള പ്രസ്സ്" എന്നാണ് ജയിംസ് അതിനെ നിര്‍വചിച്ചത്. അച്ചടി മാദ്ധ്യമത്തെ സഭ സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന കാലത്ത് അതൊരു അത്ഭുതമായിരുന്നു; സുവിശേഷ പ്രഘോഷണത്തിന് അച്ചടി മാദ്ധ്യമത്തെ വരുതിയില്‍ കൊണ്ടുവരാനാകുമെന്നു തെളിയിച്ച ഒരു അത്ഭുതം.
1907 ജൂണ്‍ 29-നാണ് ജയിംസ് പൗരോഹിത്യം സ്വീകരിച്ചത്. പൗലോസ് അപ്പസ്‌തോലന്റെ ഊര്‍ജ്ജസ്വലത സ്വീകരിച്ചുകൊണ്ട്, സാമൂഹിക സമ്പര്‍ക്ക മാദ്ധ്യമങ്ങളിലൂടെ വചനപ്രഘോഷണം നടത്തുവാന്‍ കര്‍ത്താവ് ജയിംസിനെ ഒരുക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയുമായിരുന്നു. 1914 ആഗസ്റ്റ് 20-ന് ഫാ. ജയിംസ്, സെന്റ് പോള്‍ സൊസൈറ്റിക്ക് തുടക്കം കുറിച്ചു. രണ്ടു സെമിനാരിക്കാരെയും കൂട്ടി, ആല്‍ബയില്‍, പ്രസ്സ് സംബന്ധിച്ച ഒരു ട്രെയിനിംഗ് സ്‌കൂളിന് അടിസ്ഥാനമിട്ടുകൊണ്ടായിരുന്നു തുടക്കം. 1915-ല്‍, ഇതേ ഉദ്ദേശ്യത്തോടുകൂടി "ഡോട്ടേഴ്‌സ് ഓഫ് സെന്റ് പോള്‍" എന്ന പ്രസ്ഥാനവും ആരംഭിച്ചു. ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ഫാ. ജയിംസ് മുദ്രാലയപ്രേഷിതത്വത്തില്‍ അല്‍മായര്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് "യൂണിയന്‍ ഓഫ് ലെ – പൗളിന്‍ കോ- ഓപ്പറേറ്റേഴ്‌സ്" എന്ന പ്രസ്ഥാനം 1917-ല്‍ ആരംഭിച്ചു.
കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കിയിരുന്ന ഫാ. ജയിംസ് ഏഴു പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കു കൂടി അടിസ്ഥാനമിട്ടു – "Pious Discples of Divine Master" (1924), Good Shepherd Sisters (1938), Institute of Queen of the Apostles (1957), Institute of Gabriel the Archangel (1958), Institute of Jesus the Priest (1959), Our Lady of the Annunciation (1960), Institute of the Holy Family (1960). ഇവയെല്ലാം കൂടുന്നതാണ് "പൗളൈന്‍ കുടുംബം."
ഫാ. ജയിംസ് ഒരിക്കല്‍ കുറിച്ചതുപോലെ, വി. കുര്‍ബാനയാണ് എല്ലാത്തിന്റെയും സ്രോതസ്, കേന്ദ്രബിന്ദു. ഒരേയൊരു ലക്ഷ്യമാണ് അവയെല്ലാറ്റിനെയും ബന്ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത്- വ്യക്തിപരമായ വിശുദ്ധീകരണവും വഴിയും സത്യവും ജീവനുമായ ക്രിസ്തുവിന്റെ പ്രഘോഷണവും. "ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്" എന്നുദ്‌ഘോഷിച്ച പൗലോസിന്റെ കാലടികള്‍ പിന്‍ചെന്ന്, ദൈവത്തിന്റെ പദ്ധതികള്‍ക്ക് സ്വയം സമര്‍പ്പിക്കുകയായിരുന്നു ഫാ. ജയിംസ്. വിശ്രമമില്ലാതെ പണിയെടുക്കുമ്പോള്‍ അദ്ദേഹം സ്വയം സമാധാനിപ്പിക്കും. "കഷ്ടപ്പാടില്ലാതെ ഒരു വിജയവുമില്ല. പഠിപ്പിക്കുകയോ പ്രസംഗിക്കുകയോ ഗ്രന്ഥരചന നടത്തുകയോ എന്തു ചെയ്താലും ചിന്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യാതെ പറ്റില്ല. അതാണ് പരിത്യാഗം അല്ലെങ്കില്‍ സമര്‍പ്പണം."
1962-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സംബന്ധിക്കാന്‍ ഫാ. ജയിംസും ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു. വചനപ്രഘോഷണത്തില്‍ സമ്പര്‍ക്കമാദ്ധ്യമങ്ങള്‍ക്കുള്ള പ്രാധാന്യത്തിന്റെ പ്രത്യക്ഷ അംഗീകാരമായിരുന്നു ആ ക്ഷണം. മുമ്പുണ്ടായിരുന്ന എതിര്‍പ്പുകളും അവിശ്വാസവും മറ്റും നമുക്ക് സൗകര്യപൂര്‍വ്വം മറക്കാം. Inter Mirifica (1963) എന്ന ഡിക്രി തന്നെ വചനപ്രഘോഷണത്തില്‍ മാദ്ധ്യമങ്ങള്‍ക്കുള്ള അംഗീകാരമാണ്. കൗണ്‍സിലിന്റെ അന്ത്യത്തില്‍, 1965 ഡിസംബറില്‍, ഫാ. ജയിംസ് ഒരു നിര്‍ദ്ദേശം മുമ്പോട്ടു വച്ചു; ഓരോ കുടുംബത്തിലെ ഓരോ അംഗത്തിനും ഒരു ബൈബിള്‍.
അന്നത്തെ പോപ്പ് പോള്‍ ആറാമന്‍ ഫാ. ജയിംസിനെ വിശേഷിപ്പിച്ചത് "നമ്മുടെ കാലഘട്ടത്തിലെ ഒരു അത്ഭുതം" എന്നാണ്. സത്യത്തില്‍ അദ്ദേഹം "മാദ്ധ്യമലോകത്തെ ഒരു അത്ഭുതം" ആയിരുന്നു. കൂടാതെ, "ആദ്ധ്യാത്മികമായ ഒരു പ്രതിഭാസ"വുമായിരുന്നു. കാരണം, നന്മകളുടെ ഒരു അവതാരമായിരുന്നു അദ്ദേഹം; പ്രാര്‍ത്ഥനയുടെ മനുഷ്യനും. ക്രിസ്തുവിനെ പ്രതിഷ്ഠിച്ച ഒരു മനസ്സിന്റെ ഉടമയായിരിക്കണം അപ്പസ്‌തോലന്‍; ദിവസവും ഏഴു മണിക്കൂറെങ്കിലും പ്രാര്‍ത്ഥനയിലും ധ്യാനത്തിലും അയാള്‍ കഴിയണം. "പ്രാര്‍ത്ഥനയെ അവഗണിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്." ദൈവവുമായി പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ ആദ്ധ്യാത്മിക ഐക്യമുണ്ടായിരുന്നതുകൊണ്ടാണ് ഇത്രയേറെ കാര്യങ്ങള്‍ അദ്ദേഹത്തിനു ശ്രദ്ധാപൂര്‍വ്വം ചെയ്യാന്‍ സാധിച്ചത്.
1971 നവംബര്‍ 26-ന് റോമില്‍ വച്ച് 87-ാമത്തെ വയസ്സില്‍ ഫാ. ജയിംസ് മരണമടഞ്ഞു. മരണത്തിനു തൊട്ടുമുമ്പ് പോപ്പ് പോള്‍ ആറാമന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. 1996 ജൂണ്‍ 25-ന് പോപ്പ് ജോണ്‍ പോള്‍ II ഫാ. ജയിംസിനെ ധന്യനും 2003 ഏപ്രില്‍ 27-ന് വാഴ്ത്തപ്പെട്ടവനുമായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org