എപ്പിഫനി അഥവാ ദനഹ : ജനുവരി 6

ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം
എപ്പിഫനി അഥവാ ദനഹ : ജനുവരി 6
Published on
എപ്പിഫനി എന്ന ഗ്രീക്കുവാക്കിന്റെയും ദനഹ എന്ന സുറിയാനി വാക്കിന്റെയും അര്‍ത്ഥം പ്രത്യക്ഷീകരണം അഥവാ, ഉദയം എന്നാണ്. ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി നമ്മള്‍ ആചരിക്കുന്നുണ്ട്. പൗരസ്ത്യ റീത്തില്‍ മൂന്നാം നൂറ്റാണ്ടു മുതലാണ് ഈ ആചരണം ആരംഭിക്കുന്നത്. ഈശോ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ ജോര്‍ദ്ദാനില്‍ വച്ചു സ്വീകരിച്ച മാമ്മോദീസാ അനുസ്മരിച്ചു കൊണ്ടാണ് ഇതിന്റെ തുടക്കം.
എന്നാല്‍, ലത്തീന്‍ റീത്തില്‍, ഉണ്ണിയീശോയെ കാണാനെത്തിയ മൂന്നു ജ്യോതിഷപണ്ഡിതന്മാര്‍ക്കാണ് അഥവാ, മൂന്നു രാജാക്കന്മാര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. കാനായിലെ കല്യാണവിരുന്നില്‍ സംബന്ധിച്ച ഈശോ മാതാവിന്റെ താത്പര്യപ്രകാരം വെള്ളം വീഞ്ഞാക്കിക്കൊണ്ടു ചെയ്ത ആദ്യത്തെ അത്ഭുതത്തെ അനുസ്മരിക്കുന്നവരുമുണ്ട്. കൂടാതെ, ഈശോയുടെ ജനനം ആദ്യമായി വെളിപ്പെടുത്തിയ ആട്ടിടയന്മാരെയും നമുക്ക് അനുസ്മരിക്കാം. ചുരുക്കത്തില്‍, ക്രിസ്തു യഹൂദര്‍ക്കു മാത്രമായിട്ടല്ല, ലോകത്തിലെ സകല ജനതയുടെയും രക്ഷകനായിട്ടു പിറന്ന ദൈവപുത്രനാണെന്നാണ് ഈ പ്രത്യക്ഷപ്പെടലിന്റെ അര്‍ത്ഥം.

യഥാര്‍ത്ഥ വെളിച്ചം അന്വേഷിക്കുന്നവര്‍ക്ക് ഐസയാ പ്രവാചകന്‍ ക്രിസ്തുവിനെ തന്റെ പ്രവചനങ്ങളില്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നുണ്ട്. പാപാന്ധകാരത്തില്‍നിന്ന് യഥാര്‍ത്ഥ സത്യത്തിന്റെ വെളിച്ചത്തിലേക്ക്-ക്രിസ്തുവിലേക്ക്-നടന്നടുക്കുവാനാണ് പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നത്.
കിഴക്കുനിന്നു വന്ന മൂന്നു രാജാക്കന്മാര്‍ ജ്യോതിഷപണ്ഡിതന്മാരുമായിരുന്നു. പുരാണങ്ങളില്‍നിന്ന് ക്രിസ്തുവിന്റെ ജനനത്തെപ്പറ്റി ഗ്രഹിച്ച അവര്‍ അത്ഭുതകരമായ ഒരു നക്ഷത്രം കണ്ടാണ് യാത്ര തുടങ്ങുന്നത്. എല്ലാ തയ്യാറെടുപ്പുകളോടുംകൂടി ഒട്ടകപ്പുറത്തുള്ള അവരുടെ യാത്ര ബത്‌ലഹമിലെത്താന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവന്നിരിക്കാം. അതുകൊണ്ടായിരിക്കാം, പഴയ ക്രിസ്ത്യന്‍ പാരമ്പര്യപ്രകാരം ഒരു വയസുള്ള ഈശോയെ ദനഹാ ആചരണത്തില്‍ അവതരിപ്പിച്ചിരുന്നത്.
ഏതായാലും രാജാക്കന്മാര്‍ ഈശോയെ സന്ദര്‍ശിക്കാനെത്തിയത് കാഴ്ചദ്രവ്യങ്ങളുമായിട്ടായിരുന്നു. സ്വര്‍ണ്ണവും മീറയും കുന്തുരുക്കവും കാഴ്ചവച്ച് ഈശോയെ ആരാധിച്ചിട്ടാണ് അവര്‍ മടങ്ങിയത്. സ്വര്‍ണ്ണം ഈശോയുടെ രാജത്വത്തെയും മീറ ദൈവത്വത്തെയും കുന്തുരുക്കം മനുഷ്യത്വത്തെയുമാണ് സൂചിപ്പിക്കുന്നത്.
ഈ സംഭവത്തിന് ഒരനുബന്ധകഥ കൂടിയുണ്ട്. മൂന്നു രാജാക്കന്മാരുടെകൂടെ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നത്രെ- ആര്‍ത്തബാന്‍. അയാളുടെ കൈയിലും ഉണ്ണീശോയ്ക്കു നല്‍കാന്‍ സമ്മാനങ്ങളുമുണ്ടായിരുന്നു. പക്ഷേ ദയാലുവായ ആ മനുഷ്യന്‍ വഴിക്കുകണ്ട സഹോദരങ്ങളെ സഹായിച്ച് ബേത്‌ലഹമില്‍ എത്തിയപ്പോഴേക്കും ഈശോയെയുംകൊണ്ട് യൗസേപ്പും മാതാവും ഈജിപ്തിലേക്ക് പോയിരുന്നു. ആര്‍ത്തബാന്‍ കൈയില്‍ കരുതിയിരുന്ന സമ്മാനങ്ങള്‍ വിറ്റ് സാധുക്കളെ സഹായിക്കുകയും ചെയ്തിരുന്നു. അയാള്‍ വീണ്ടും സഞ്ചരിച്ച് ജറുസലേമില്‍ എത്തിയപ്പോഴേക്കും ഈശോയെ കുരിശില്‍ തറയ്ക്കാന്‍ ഗാഗുല്‍ത്താ മലയിലേക്കു കൊണ്ടുപോയിരുന്നു. ആര്‍ത്തബാന്‍ മലകയറാന്‍ സാധിക്കാതെ, ഈശോയെ ജീവനോടെ കാണാന്‍ സാധിക്കാത്ത ദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.

അപ്പോള്‍ ഒരു ശബ്ദം: ആര്‍ത്തബാന്‍! നീ അന്വേഷിക്കുന്ന ക്രിസ്തുവാണു ഞാന്‍.

അയ്യോ, എനിക്കങ്ങയെ ജീവനോടെ ഒന്നു കാണണമായിരുന്നു.

നീ എത്രയോ പ്രാവശ്യം എന്നെ കണ്ടുകഴിഞ്ഞു. നീ ഓരോ സഹോദരനെയും സഹായിച്ചപ്പോഴൊക്കെ എനിക്കാണ് അത് നല്‍കിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org