നമ്മുടെ കര്‍ത്താവിന്റെ കാഴ്ചവെപ്പ്: ഫെബ്രുവരി 2

നമ്മുടെ കര്‍ത്താവിന്റെ കാഴ്ചവെപ്പ്: ഫെബ്രുവരി 2

മോശയുടെ നിയമമനുസരിച്ച്, ഒരു കുഞ്ഞിനു ജന്മം നല്‍കിയ സ്ത്രീ നാല്പതുദിവസത്തേക്ക് അശുദ്ധയാണ്. അതുകൊണ്ടാണ് ക്രിസ്മസ് കഴിഞ്ഞ് നാല്പതാം ദിവസം മാതാവ് തന്റെ കടിഞ്ഞൂല്‍ പുത്രനെയുംകൊണ്ട് ജറൂസലേം ദൈവാലയത്തില്‍ എത്തിയത്.
"കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ, ശുദ്ധീകരണത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അവള്‍ കുഞ്ഞിനുവേണ്ടി ഒരു വയസ്സുള്ള ഒരു ആട്ടിന്‍കുട്ടിയെ ദഹനബലിക്കായും ഒരു ചങ്ങാലിയെയോ പ്രാവിന്‍കുഞ്ഞി നെയോ പാപപരിഹാരബലിക്കായും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ മുമ്പില്‍ കൊണ്ടുവരണം…ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍ രണ്ടു ചങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. ഒന്നു ദഹനബലിക്കും മറ്റേതു പാപപരിഹാരബലിക്കും. പുരോഹിതന്‍ അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവള്‍ ശുദ്ധയാകും." (ലേവ്യര്‍. 12:6-8)
ഈ ശുദ്ധീകരണപ്രക്രിയ കഴിഞ്ഞപ്പോള്‍ അവിടെ പ്രവചനപരമായ ഒരു രംഗം അരങ്ങേറി. ജറുസലേമില്‍ വൃദ്ധനും നീതിമാനും ദൈവഭക്തനുമായ ഒരു ശിമയോന്‍ ജീവിച്ചിരുന്നു. കര്‍ത്താവിന്റെ അഭിഷിക്തനെ കാണാതെ മരിക്കുകയില്ലെന്ന് പരിശുദ്ധാത്മാവ് അദ്ദേഹത്തിനു വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അദ്ദേഹം ദൈവാലയത്തില്‍ വന്നു. അപ്പോള്‍ മാതാവ് യേശുവിനെയുംകൊണ്ട് ദൈവാലയത്തില്‍ ചെന്ന സമയമായിരുന്നു.

ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ. സകല ജനതകള്‍ക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. അതു വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.
ലൂക്കാ 2:31-32

ഇവയെല്ലാം കേട്ട് മാതാവും യൗസേപ്പും അത്ഭുതപ്പെട്ടു. ശിമയോന്‍ മറിയത്തോടു പറഞ്ഞു: "ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും…നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും." (ലൂക്കാ. 2:34)
അതുപോലെതന്നെ, വൃദ്ധയും പ്രവാചികയുമായ അന്നയും അപ്പോള്‍തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും "ജറുസലേമിന്റെ രക്ഷ പ്രതീക്ഷിച്ചിരുന്ന എല്ലാവരോടുമായി ശിശുവിനെക്കുറിച്ചു ആവേശത്തോടെ സംസാരിക്കുകയും ചെയ്തു." (ലൂക്കാ. 2: 38)
യേശുവിനെ സംബന്ധിച്ച് ഏറ്റവും കാതലായ പ്രവചനം നടത്തിയത് ശിമയോനാണ്. 'സകല ജനതകള്‍ക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന രക്ഷ' എന്ന പ്രഖ്യാപനമാണ് ക്രിസ്തുവിനെ സംബന്ധിച്ചുള്ള ഏറ്റവും അര്‍ത്ഥവത്തായ പ്രഖ്യാപനം. യേശു ക്രിസ്ത്യാനികളുടെ ദൈവമാണെന്നും ക്രിസ്ത്യാനിക്കു മാത്രമേ രക്ഷയുള്ളു എന്നും മറ്റുമുള്ള ബാലിശമായ ആശയപ്രചാരണങ്ങളില്‍നിന്നു നമുക്കു രക്ഷ പ്രാപിക്കാന്‍ ശിമയോന്റെ വാക്കുകള്‍ കൂടെക്കൂടെ ഉരുവിടണം. മറിയത്തിന്റെ ഹൃദയം പിളര്‍ക്കുന്ന വാള്‍ മുന്‍കൂട്ടി കണ്ടതും ശിമയോന്‍ മാത്രമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org