വിശുദ്ധ അലെക്‌സിസ്  (5-ാം നൂറ്റാണ്ട്) : ജൂലൈ 17

വിശുദ്ധ അലെക്‌സിസ്  (5-ാം നൂറ്റാണ്ട്) : ജൂലൈ 17

അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എവുഫേമിയന്‍ എന്ന സമ്പന്നനായ റോമന്‍ സെനറ്ററുടെ മകനായിരുന്നു അലെക്‌സിസ്. മാതാപിതാക്കളുടെ ദാനധര്‍മ്മങ്ങള്‍ കണ്ടുവളര്‍ന്ന അലക്‌സിസിന് ഒരു കാര്യം മനസ്സിലായി, പാവങ്ങള്‍ക്കു ദാനം ചെയ്യുന്ന ധനം ഒരിക്കലും നമുക്കു നഷ്ടപ്പെടുന്നില്ല; ഭൂമിയില്‍ നമ്മള്‍ നല്‍കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അതു നമ്മുടെ പേരിലുള്ള നിക്ഷേപമായി മാറുകയാണ്. പിന്നീടത് പലിശയോടുകൂടി നമുക്കു തിരിച്ചുകിട്ടുന്നു. ചെറുപ്പത്തില്‍ത്തന്നെ അലക്‌സിസ് കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തന്റെ പക്കല്‍നിന്നു സഹായം സ്വീകരിക്കുന്നവരെ തന്റെ ഉപകാരികളെപ്പോലെ കരുതി ബഹുമാനിച്ചിരുന്നു. ജീവിതസുഖങ്ങളും ബഹുമാനങ്ങളും തന്റെ ഹൃദയത്തെ ദൈവികചിന്തകളില്‍നിന്ന് അകറ്റുമെന്നു വിചാരിച്ച് എല്ലാ ഭൗതിക സുഖങ്ങളും ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

താന്‍ വിവാഹിതനായതിന്റെ ആദ്യരാത്രിതന്നെ എന്തോ ദൈവിക പ്രേരണയാല്‍ വൈവാഹികസന്തോഷങ്ങള്‍ ആസ്വദിക്കാതെ, ഭാര്യയുടെ അനുവാദത്തോടെ അദ്ദേഹം റോമില്‍നിന്നു പുറപ്പെട്ടു. ദീര്‍ഘദൂരം യാത്രചെയ്ത് പൗരസ്ത്യദേശമായ എദേസ്സായിലെത്തി. തന്റെ കൈവശമുണ്ടായിരുന്ന സകലതും അദ്ദേഹം ദരിദ്രര്‍ക്കു ദാനംചെയ്തു. അങ്ങനെ തികച്ചും ഒരു ദരിദ്രനായിത്തീര്‍ന്ന അലെക്‌സിസ്, നഗരത്തിലെ ദൈവമാതാവിന്റെ നാമത്തിലുള്ള ദൈവാലയത്തിന്റെ സമീപം ഒരു യാചകനായി അനേകം വര്‍ഷങ്ങള്‍ ജീവിച്ചു. ഒടുവില്‍ മാതാവുതന്നെ ഈ 'ദൈവിക മനുഷ്യനെ' ജനങ്ങള്‍ക്കു വെളിപ്പെടുത്തിക്കൊടുത്തു. അതോടെ അദ്ദേഹം സ്വന്തം വീട്ടിലേക്കു തിരിച്ചുപോയി.

വീട്ടിലെത്തിയ അലെക്‌സിസിനെ സ്വന്തം പിതാവുപോലും തിരിച്ചറിഞ്ഞില്ല. ഏതോ ധര്‍മ്മക്കാരനെന്നു കരുതി സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും വീടിന്റെ സ്റ്റെയര്‍കെയിസിന്റെ അടിയില്‍ ഒരു മൂലയില്‍ താമസിക്കാന്‍ അനുവദിക്കുകയും ചെയ്തു. അങ്ങനെ, നീണ്ട പതിനേഴു വര്‍ഷം, സ്വന്തം പിതാവിന്റെയും ഭാര്യയുടെയും വീട്ടിലെ ഭൃത്യന്മാരുടെയും നിന്ദനങ്ങള്‍ സഹിച്ച് ഭിക്ഷക്കാരനായി കഴിഞ്ഞു. അങ്ങനെ, അവസാനം അദ്ദേഹം മരണത്തിനു കീഴടങ്ങി. പിന്നീട്, അദ്ദേഹത്തിന്റെ ഭാണ്ഡക്കെട്ടില്‍നിന്നു ലഭിച്ച ഒരു കത്തില്‍നിന്നാണ്, തങ്ങള്‍ സംരക്ഷിച്ച വ്യക്തി അലക്‌സിസായിരുന്നുവെന്ന് ആ വീട്ടിലുള്ളവര്‍ മനസ്സിലാക്കിയത്. അനേകം അത്ഭുതങ്ങള്‍ വഴി ദൈവം തന്റെ ദാസന്റെ വിശുദ്ധി ജനങ്ങള്‍ക്കു വ്യക്തിമാക്കിക്കൊടുത്തു. അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മരണമടഞ്ഞ അലെക്‌സിസിനെ എദേസ്സായില്‍ സംസ്‌കരിച്ചു.

അഹങ്കാരം വെറും മിഥ്യയാണ്. അസത്യമാണ്, കള്ളമാണ്. നാം വെറും നിസ്സാരരാണെന്നുള്ളത് വിശ്വാസത്തിലെ ഒരു സത്യമാണ്. സ്വയം മഹാനായി കാണുകയും അഹങ്കരിക്കുകയും ചെയ്യുന്നവന്‍ വിഡ്ഢിയാണ്; അവന്‍ തന്നെത്തന്നെ നശിപ്പിക്കുന്നു.
വിശുദ്ധ ജോണ്‍ എവുഡെസ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org