വിശുദ്ധ സിസിലി (250) : നവംബര്‍ 22

വിശുദ്ധ സിസിലി (250) : നവംബര്‍ 22
Published on
റോമില്‍ ഒരു കുലീന കുടുംബത്തിലാണ് സിസിലി ജനിച്ചത്. അലക്‌സാണ്ടര്‍ സെവറസിന്റെ ഭരണകാലമായിരുന്നു അത്. എങ്കിലും ക്രിസ് തുവിലുള്ള വിശ്വാസത്തിലാണ് അവള്‍ വളര്‍ന്നത്. ദൈവസ്‌നേഹത്തെപ്രതി കന്യകയായി ജീവിക്കാനായിരുന്നു അവള്‍ക്കു താത്പര്യം. ഉപവാസവും പ്രാര്‍ത്ഥനയും പരസ്‌നേഹപ്രവൃത്തികളും ചെറുപ്പം മുതല്‍ ആചരിച്ചിരുന്നു.

എന്നാല്‍, അവളെ വിവാഹിതയായി കാണാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. അങ്ങനെയാണ് വലേറിയന്‍ എന്ന യുവാവുമായുള്ള വിവാഹം അവര്‍ ഉറപ്പിച്ചത്.
വിവാഹദിവസം വൈകിട്ട്, ആഘോഷങ്ങള്‍ അവസാനിക്കുന്നതിനു മുമ്പേ സിസിലി വീണ്ടും തന്റെ കന്യകാത്വം ദൈവത്തിനു വാഗ്ദാനം ചെയ്തു. കിടപ്പറയില്‍ പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ എല്ലാ ധൈര്യവും സംഭരിച്ച് സിസിലി തന്റെ ഭര്‍ത്താവിനോടു പറഞ്ഞു:

"എനിക്കൊരു രഹസ്യം താങ്കളോടു പറയാനുണ്ട്. ദൈവത്തിന്റെ ഒരു മാലാഖ എന്നെ സംരക്ഷിക്കാനായി എപ്പോഴും എന്റെ കൂടെയുണ്ട്. താങ്കള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ അയാള്‍ കോപിക്കും. എന്റെ കന്യകാത്വം നശിപ്പിക്കാതിരുന്നാല്‍, എന്നെ സ്‌നേഹിക്കുന്നതുപോലെ താങ്കളെയും അയാള്‍ സ്‌നേഹിക്കും."
ആ മാലാഖയെ കാണിച്ചുതരാമെങ്കില്‍ താന്‍ എല്ലാം സമ്മതിക്കാമെന്ന് വലേറിയന്‍ വാക്കു കൊടുത്തു.

"നിത്യവും ജീവിക്കുന്ന, യഥാര്‍ത്ഥ ദൈവത്തില്‍ വിശ്വസിച്ച് ജ്ഞാനസ്‌നാനം സ്വീകരിക്കാമെങ്കില്‍ ആ മാലാഖ പ്രത്യക്ഷപ്പെടുമെന്ന്" അവള്‍ മറുപടി നല്‍കി. വലേറിയന്‍ സമ്മതിച്ചു. ബിഷപ്പ് അര്‍ബന്റെ പക്കല്‍ പോയി വലേറിയന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാലാഖയുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന സിസിലിയെയാണ് അയാള്‍ കണ്ടത്! മാലാഖ അവരിരു വരുടെയും ശിരസ്സില്‍ പൂക്കള്‍ കൊണ്ടുള്ള ഓരോ മുടികള്‍ വച്ചിട്ട് അപ്രത്യക്ഷനായി. സന്തോഷം കൊണ്ടു നിറഞ്ഞ വലേറിയന്‍ സ്വന്തം സഹോദരനായ തിബൂര്‍ത്തിയൂസിനെയും ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

പക്ഷേ, ഈ വാര്‍ത്ത പരന്നപ്പോള്‍ ചക്രവര്‍ത്തിയുടെ പ്രീഫെക്ട് അല്‍മാക്കിം ഇരുവരെയും ശിരഛേദം ചെയ്തു വധിക്കാന്‍ കല്പന പുറപ്പെടുവിച്ചു.
അവരുടെ ശവശരീരങ്ങള്‍ ആദരപൂര്‍വ്വം സംസ്‌കരിക്കാന്‍ മുന്നിട്ടു നിന്ന സിസിലിയും പിടിക്കപ്പെട്ടു. ഭീഷണിപ്പെടുത്തിയ പ്രീഫെക്ടിനോട് അവള്‍ ചോദിച്ചു: "കര്‍ത്താവായ യേശുക്രിസ്തുവിന്റെ മണവാട്ടിയാണു ഞാനെന്ന് നിങ്ങള്‍ക്കറിയില്ലേ?" തിളച്ച വെള്ളത്തിലിട്ട് കൊല്ലാനായിരുന്നു പ്രീഫെക്ടിന്റെ കല്പന. പക്ഷേ, ഒരു പകലും ഒരു രാത്രിയും മുഴുവന്‍ തിളച്ച വെള്ളത്തില്‍ കിടന്നിട്ടും അവള്‍ മരിച്ചില്ല. പിന്നീട് അവളെ പുറത്തുകൊണ്ടു വന്ന് മഴുവിന് തലയിലും നെഞ്ചത്തും ആഴമായ മുറിവുകളുണ്ടാക്കി.

ക്രിസ്തുവിനുവേണ്ടി മരിക്കുന്നതിനേക്കാള്‍ സന്തോഷകരമായ ഒരു കാര്യം എന്റെ ജീവിതത്തിലില്ല.
വിശുദ്ധ സിസിലി

പക്ഷേ, ചോര ഒലിപ്പിച്ച് മൂന്നു ദിവസം അവള്‍ മരിക്കാതെ കിടന്നു. പ്രാര്‍ത്ഥിക്കുകയും, തന്നെ സന്ദര്‍ശിക്കുന്നവരെ ഉപദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം ദൈവത്തിനു സ്തുതിഗീതങ്ങള്‍ ആലപിച്ചുകൊണ്ട് അവള്‍ മരണം വരിച്ചു. വിവാഹ ദിവസവും പ്രശ്‌നങ്ങള്‍ മറക്കാന്‍ അവള്‍ സ്തുതിഗീതങ്ങള്‍ ആലപിച്ചിരുന്നത്രെ! ദൈവാലയ സംഗീതത്തിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായിട്ടാണ് സിസിലി അറിയപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org